അനുപമയുടെ കുഞ്ഞിനെ എങ്ങനെ ദത്ത് നല്കി? ശിശുക്ഷേമ സമിതി ആരോപണം നേരിടുന്നതിനുള്ള കാരണങ്ങള്‍
ആറു വര്‍ഷത്തിനിടയില്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ബാലാവകാശ കമ്മീഷനും പ്രതികൂട്ടില്‍ നില്‍ക്കേണ്ടി വന്ന സംഭവങ്ങള്‍ നിരവധിയാണ്
ശിശു സൗഹാര്‍ദ്ദ സംസ്ഥാനം എന്ന വിശേഷണത്തിന് കേരളം എത്ര കണ്ട് യോജ്യമാണന്ന സംശയം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ് അനുപമ എസ് ചന്ദ്രന് എന്ന അമ്മയുടെ പരാതി. താന്‍ പ്രസവിച്ച കുട്ടിയെ തന്റെ അനുവാദമില്ലാതെ ദത്ത് നല്‍കിയെന്ന പരാതി അനുപമ സ്വന്തം മാതാപിതാക്കള്‍ക്കെതിരേ ഉയര്‍ത്തുമ്പോള്‍, അവിടെ പ്രതികൂട്ടില്‍ നില്ക്കുന്നവരില് സര്‍ക്കാര്‍ സംവിധാനമായ ശിശുക്ഷേമ സമിതിയുമുണ്ട്.
ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ ആറു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ബാലാവകാശ കമ്മീഷനുമൊക്കെ ഇത്തരത്തില്‍ പ്രതികൂട്ടില്‍ നില്‍ക്കേണ്ടി വന്നിരിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. കേരളം മാസങ്ങളോളം ചര്‍ച്ച ചെയ്ത പല കേസുകളും, ഉദ്ദാഹരണത്തിന്, കൊട്ടിയൂര്‍ പീഡനക്കേസ്, വാളയാര്‍ കേസ്, പാലത്തായി കേസ് എന്നിവ. മുഖ്യധാര ചര്‍ച്ച ചെയ്തതിന്റെ പതിന്മടങ്ങ് ഇരട്ടിയാണ് ചര്‍ച്ചയാകാതെ പോയവ. ഇവിടെയെല്ലാം കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും അവകാശങ്ങള്‍ക്കും വേണ്ടി രൂപം കൊടുത്തിട്ടുള്ള വിവിധ സമിതികള്‍ കൂട്ടുപ്രതികളായി നില്‍ക്കുന്നുണ്ട്. കേരളത്തില്‍ ഏറ്റവും നിര്‍ജ്ജീവവും നിഷ്ഫലവുമായി സര്‍ക്കാര്‍ വകുപ്പുകള്‍ ഏതൊക്കെയാണെന്നു ചോദിച്ചാല്‍ വനിത-ശിശുക്ഷേമ, സാമൂഹ്യനീതി വകുപ്പുകളാണെന്ന് പറയാന്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തെ സംഭവങ്ങള്‍ മാത്രം മതി.
അനുപമയുടെ വിഷയത്തില്‍ കഴിഞ്ഞ ദിവസം വനിത-ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞത് ശിശുക്ഷേമ സമിതിക്ക് യാതൊരു വീഴ്ച്ചയും പറ്റിയിട്ടില്ലെന്നാണ്. അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിനെ ദത്ത് നല്‍കിയത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്നും ശിശുക്ഷേമ സമിതിയില്‍ ലഭിക്കുന്ന കുഞ്ഞിനെ മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെങ്കില്‍ ദത്ത് നല്‍കാവുന്നതാണെന്നും ഈ കുഞ്ഞിനെ നിശ്ചിത ദിവസം കഴിഞ്ഞും ആരും അന്വേഷിച്ച് വരാതിരുന്നതിനെ തുടര്‍ന്നാണ് ദത്ത് നല്‍കിയതെന്നുമാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ വാദത്തിലെ പൊരുത്തകേടുകളാണ് ബാലാവകാശപ്രവര്ത്തകര് ചൂണ്ടിക്കാണിക്കുന്നത്.
അനുപമയുടെ മാതാപിതാക്കള്‍ കൊണ്ടു വന്ന കുഞ്ഞിനെ യാതൊരു അന്വേഷണവും നടത്താതെ, നടപടികളും പാലിക്കാതെ കൈയേറ്റു വാങ്ങാന്‍ ശിശുക്ഷേമ സമിതി പ്രതിനിധികള്‍ തയ്യാറായത് തെറ്റാണെന്ന് ബോധ്യം വന്നതുകൊണ്ടാകണം വകുപ്പ് തല അന്വേഷണത്തിന് തയ്യാറായിരിക്കുന്നത്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിനും മുന്നേ ശിശുക്ഷേമ സമിതി തെറ്റായതൊന്നും ചെയ്തിട്ടില്ലെന്ന് നിയമസഭയില്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തികള്‍ സര്‍ക്കാരിനുമേല്‍ അവിശ്വാസം ഉണ്ടാക്കുകയാണെന്നും ബാലാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
ശിശുക്ഷേമ സമിതിയെ ന്യായീകരിക്കാന്‍ നിരത്തുന്ന വാദങ്ങള്‍ക്കിടയില്‍ മന്ത്രി വിട്ടുപോകുന്ന ചില യാഥാര്ത്ഥ്യങ്ങളുമുണ്ടെന്നും കേരളത്തിലെ ബാലാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശിശുക്ഷേമ സമിതി ഒരു കുഞ്ഞിനെ സ്വീകരിക്കുന്നത് അത്ര ലാഘവം നിറഞ്ഞൊരു പ്രക്രിയ അല്ലെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് പുലര്‍ച്ചെ 12.45നും രാത്രി 9 നും രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയില്‍ ലഭിക്കുകയായിരുന്നു. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആണ് പരിഗണിക്കുന്നത്. അത് അനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിര്‍വഹിച്ചത് എന്നാണ് മന്ത്രി വീണാ ജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞത്.
അമ്മതൊട്ടിലില്‍ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിക്കുന്ന കുട്ടികളായി പരിഗണിച്ചാണ് ശിശുക്ഷേമ സിമിതി സ്വീകരിക്കുന്നതെന്നും അതിനനുസരിച്ചുള്ള നിയമപരമായ കാര്യങ്ങള്‍ സമിതി ചെയ്തിരുന്നുവെന്നും മന്ത്രി പറയുമ്പോള്‍, അത്തരത്തില്‍ എല്ലാ കാര്യങ്ങളും നിയമപരമായി നടന്നിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ അനുപമ ഉയര്‍ത്തുന്ന പരാതികള്‍ക്കോ ആരോപണങ്ങള്‍ക്കോ യാതൊരു പ്രസക്തിയും ഉണ്ടാകില്ലെന്നാണ് ബാലാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. കാരണം, അനുപമയുടെ കുട്ടിയെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നിലയില്‍ അല്ല ശിശുക്ഷേമ സമിതിക്ക് ലഭിക്കുന്നത്. പകരം അനുപമയുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയില്‍ കുട്ടിയെ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്. ശിശുക്ഷേമ സമിതി അതിന്റെ പ്രഖ്യാപിത നിയമങ്ങള്‍ അനുസരിച്ചിരുന്നുവെങ്കില്‍ അനുപമയുടെ മാതാപിതാക്കള്‍ ഏല്‍പ്പിച്ച അനുപമയുടെ കുട്ടിയെ സ്വീകരിക്കില്ലെന്നാണ് ബാലാവകാശ പ്രവര്‍ത്തകയും മഹിള സമാക്യ മുന്‍ സംസ്ഥാന കോര്ഡിനേറ്റുമായിരുന്ന പി ഇ ഉഷ ചൂണ്ടിക്കാണിക്കുന്നത്. അനുപമയും അജിത്തും നിയമപ്രകാരം വിവാഹം കഴിച്ചിരുന്നില്ല എന്നതിനാല്‍ അജിത്തിന്റെ സാന്നിധ്യം ആവിശ്യമില്ലെങ്കിലും കുട്ടിയെ കൈമാറുമ്പോള്‍ അമ്മയെന്ന നിലയില്‍ അനുപമയുടെ സാന്നിധ്യം അവിടെ ഉണ്ടാകണമായിരുന്നു. പകരം, അമ്മയായ അനുപമ ഒപ്പിട്ട സമ്മതപത്രം ഉണ്ടെന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്നാണ് ഉഷ പറയുന്നത്.
സാധാരണ ആബാന്ഡന്റ് ആയും സര്‍ണ്ടര്‍ ആയുമാണ് ശിശുക്ഷേമ സമിതിയില്‍ കുട്ടികളെത്തുന്നത്. പ്രസവിച്ച കുഞ്ഞിനെ വളര്‍ത്താനുള്ള സാഹചര്യമില്ലാത്തവര്‍, പലവിധ കാരണങ്ങളാല്‍ കുട്ടിയെ ഉപേക്ഷിക്കാന്‍ നിര്ബന്ധിതരാകുന്നവര് അജ്ഞാതരായി നിന്നുകൊണ്ട് കുട്ടിയെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ വിട്ടിട്ടു പോകാം. ഇത്തരം കുട്ടികളെയാണ് അബാന്ഡന്റ് ആയി പരിഗണിക്കുന്നത്. ഇങ്ങനെയൊരു കുട്ടിയെ കിട്ടുമ്പോഴും ശിശുക്ഷേമ സമിതി പുലര്‍ത്തേണ്ട ചില നിയമങ്ങളുണ്ടെന്ന് പി ഇ ഉഷ പറയുന്നു. വിവരം പൊലീസിനെ അറിയിക്കുക. കുട്ടി ഉപേക്ഷിക്കപ്പെടാനുള്ള സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തുക. കുട്ടിയുമായി ബന്ധപ്പെട്ട ഒരു സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക, കുട്ടിയുടെ മാതാപിതാക്കളെയോ മാതാവിനെയോ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവരെ കൗണ്‍സിലിംഗിന് വിധേയമാക്കുക, അവരോട് കാര്യങ്ങള്‍ ചോദിച്ചറിയുക എന്നൊക്കെയുള്ള നടപടികള്‍ കൈക്കൊള്ളണം.
കുട്ടികളെ സര്‍ണ്ടര്‍ ചെയ്യുന്ന രീതിയുമുണ്ട് (ഇവിടെയും പലപ്പോഴും മാതാപിതാക്കള്‍ അജ്ഞാതരായി നില്‍ക്കാനുള്ള സാഹചര്യമാണ് കൂടുതല്‍). സറണ്ടര്‍ ചെയ്യുമ്പോള്‍ തീര്‍ച്ചയായും കുട്ടിയുടെ മാതാവിന്റെയോ മാതാപിതാക്കളുടെയോ സാന്നിധ്യം ഉണ്ടായിരിക്കണം. മാതാവില്‍ നിന്നും (പിതാവ് ഉണ്ടെങ്കില്‍ രണ്ടുപേരില്‍ നിന്നും) ആണ് കുട്ടിയെ ഏറ്റു വാങ്ങുന്നത്. അതല്ലാതെ, അമ്മയുടെ മാതാപിതാക്കള്‍ക്കോ അച്ഛന്റെ മാതാപിതാക്കള്‍ക്കോ ഇരുവരുടെയും മറ്റു ബന്ധുക്കള്‍ക്കോ കുട്ടിയെ കൊണ്ടു വന്ന് ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കാന്‍ സാധ്യമല്ല. അത്തരം സാഹചര്യത്തില്‍ വരുന്ന കുട്ടികളെ കണ്ണുംപൂട്ടി സ്വീകരിക്കാന്‍ ശിശുക്ഷേമ സമിതി തയ്യാറാകരുത് എന്നാണ് പി ഇ ഉഷ വ്യക്തമാക്കുന്നത്.
അനുപമയുടെ കുഞ്ഞിന്റെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രകാരമുള്ള യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നതാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ദത്ത് നല്കിയതും അതിനുവേണ്ടി സ്വീകരിച്ച നടപടികളും മന്ത്രിക്ക് ന്യായീകരിക്കാമെങ്കിലും ആ കുഞ്ഞിനെ ശിശുക്ഷേമ സമിതി എങ്ങനെ സ്വീകരിച്ചു എന്ന കാര്യത്തില്‍ മന്ത്രി ആവശ്യമായ വിശദീകരണം നല്‍കിയിട്ടുമില്ല, ഇതുവരെ പറഞ്ഞതൊന്നും ന്യായീകരണം ആകുന്നുമില്ലെന്നാണ് വിമര്‍ശനം.
കുട്ടിയെ കിട്ടുമ്പോള്‍ തന്നെ വിവരം ശിശുക്ഷേമ സമിതി പൊലീസില്‍ അറിയിക്കേണ്ടതുമുണ്ട്. അനുപമയുടെ കാര്യത്തില്‍ അങ്ങനെയൊരു നടപടിക്രമവും പാലിക്കപ്പെട്ടിട്ടില്ല. അതെന്തുകൊണ്ടെന്ന കാര്യത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി വിശദീകരണം നല്‍കിയിട്ടില്ല. പൊലീസിനെ വിവരം അറിയിച്ചിരുന്നുവെങ്കില്‍, പൊലീസ് കൃത്യമായി ഇടപെടല്‍ നടത്തിയിരുന്നുവെങ്കില്‍ ആ കൈമാറ്റത്തില്‍ അനുപമ എന്ന അമ്മയുടെ സാന്നിധ്യം ഉറപ്പാകുമായിരുന്നു. അങ്ങനെ അനുപമ ശിശുക്ഷേമ സമിതിക്കു മുന്നില്‍ വന്നിരുന്നുവെങ്കില്‍ (വരാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ അനുപമ എവിടെയാണോ ഉള്ളത് അവിടെ പോയി ശിശുക്ഷേമ സമിതിയോ പൊലീസോ അനുപമയോട് സംസാരിക്കുകയോ മൊഴിയെടുക്കുകയോ വേണം. അങ്ങനെയാണ് നിയമം) ശിശുക്ഷേമ സമിതിയുടെ ഇതുവരെയുള്ള നടപടികളില്‍ ആര്‍ക്കും കുറ്റം ആരോപിക്കാന്‍ കഴിയുമായിരുന്നില്ല. നിയമപ്രകാരം വിവാഹിതരായിരുന്നില്ല എന്നതിനാല്‍ കുട്ടിയുടെ അച്ഛനായ അജിത്തിന് കുട്ടിക്കുവേണ്ടി നിയമപ്രകാരമുള്ള അവകാശം ഉന്നയിക്കാനും സാധിക്കില്ല. അത്തരത്തിലൊന്നും ഉണ്ടായിട്ടില്ല എന്നതിനാല്‍ ഇപ്പോള്‍ അനുപമ പറയുന്ന പരാതികള്‍ക്ക് തന്നെയാണ് പ്രാധാന്യം.
കേരളത്തിലെ ബാല-വനിത സമിതികളെല്ലാം തന്നെ രാഷ്ട്രീയ-മത നോമിനികളാണ് നിയന്ത്രിക്കുന്നത്. ശിശുക്ഷേമ സമിതിയുടെയതാണെങ്കിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെതാണെങ്കിലും ബാലാവകാശ കമ്മീഷന്റെതാണെങ്കിലും, അവയുടെയെല്ലാം പ്രധാന നിര്‍വഹണ സ്ഥാനങ്ങളില്‍ രാഷ്ട്രീയക്കാരും മതപ്രതിനിധികളുമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന്മാര് വില്ലന്മാരായി മാറിയ എത്രയോ കേസുകളുണ്ട്.
കൊട്ടിയൂരില്‍ റോബിന് വടക്കാഞ്ചേരി എന്ന വൈദികന് പ്രായപൂര്‍ത്തിയായാകാത്ത പെണ്‍കുട്ടിയെ ലൈംഗീക ചൂഷമത്തിന് ഇരയാക്കുകയും ആ പെണ്‍കുട്ടി പ്രസവിക്കുകയും ചെയ്തശേഷം നടന്ന തിരിമറികളില്‍ മുഖ്യ പ്രതികളായവര്‍ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും അംഗങ്ങളുമായിരുന്നു. അന്നത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും ഒരു വൈദികനായിരുന്നു. വൈദികരോ, അനാഥലയം നടത്തി പരിചയമുള്ളവരോ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന്മാരാകാന് യോഗ്യരാണെന്നാണ് സര്‍ക്കാര്‍ നിലപാട്്. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാര്‍ ലൈംഗീക ചൂഷണത്തിന് ഇരകളാവുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത കേസിലെ പ്രതികളിലൊരാള്‍ക്ക് വേണ്ടി കോടതിയില്‍ കേസ് വാദിച്ചത് പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു.
ക്രിമിനല്‍ ലോയര്‍ എന്ന ഒരൊറ്റ യോഗ്യത മുന്‍നിര്‍ത്തി നടത്തിയ രാഷ്ട്രീയ നിയമനമായിരുന്നു ആ ചെയര്മാന് സ്ഥാനം. ഇപ്പോഴിതാ അനുപമയുടെ കേസിലും ആരോപണവിധേയനായിരിക്കുന്നവരില് ഒരാള്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി; അതും രാഷ്ട്രീയ നിയമനം. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ഉണ്ടാക്കിയിരിക്കുന്ന സമിതികളില്‍ രാഷ്ട്രീയവും മതവും യോഗ്യതയാക്കാതെ നിയമനങ്ങള്‍ നടത്തണമെന്ന ആവശ്യം സാമൂഹ്യ നീതി- വനിത-ശിശുവികസന വകുപ്പുകള്‍ക്കു മുന്നില്‍ വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എന്നിട്ടും യാതൊരു അനക്കവും ആ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി നേരിടുന്ന ആരോപണങ്ങള്‍ വ്യക്തമാക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!