സർട്ടിഫിക്കെറ്റ് നിബന്ധനകൾ സാധാരണക്കാർക്ക് തിരിച്ചടിയാകുമ്പോൾ
ബാങ്കിൽ എത്തിയപ്പോഴാണ് വാക്സിൻ സർട്ടിഫിക്കെറ്റ് ഉണ്ടോ എന്നത് അടക്കമുളള ചോദ്യങ്ങൾ ഒന്നൊന്നായി വരുന്നത്, സ്ലോട്ട് കിട്ടാത്തതിനാൽ വാക്സിൻ ലഭിച്ചിട്ടില്ല, അതുകൊണ്ട് തന്നെ സർട്ടിഫിക്കെറ്റും ഇല്ല, കൊവിഡാണേൽ ഇതുവരെ വന്നിട്ടുമില്ല. പിന്നെയുളളത് ആർടിപിസിആർ ടെസ്റ്റ് നടത്തി അതിന്റെ റിസൽട്ട് കാണിച്ചാൽ മാത്രമാണ് അതിനകത്തേക്ക് ഒന്ന് കയറാൻ സാധിക്കുക.
വീട്ടിലേക്ക് അത്യാവശമായി കുറച്ചധികം പണം വേണം, മറ്റ് വഴികളൊന്നും ഇല്ലാത്തതിനാലാണ് അയാൾ സ്വർണം പണയം വെക്കാം എന്ന് തീരുമാനിച്ച് ബാങ്കിലേക്ക് എത്തുന്നത്. പുറത്ത് കൊടുക്കുന്നതിനെക്കാൾ കുറഞ്ഞ തുക പലിശയായി നൽകിയാൽ മതി എന്നതും വിശ്വസിക്കാമെന്നതുമാണ് ബാങ്കിലേക്ക് തന്നെ സ്വർണവുമായി ഓടിയെത്താൻ കാരണവും. എന്നാൽ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്, ബാങ്കിൽ എത്തിയപ്പോഴാണ് വാക്സിൻ സർട്ടിഫിക്കെറ്റ് ഉണ്ടോ എന്നത് അടക്കമുളള ചോദ്യങ്ങൾ ഒന്നൊന്നായി വരുന്നത്, സ്ലോട്ട് കിട്ടാത്തതിനാൽ വാക്സിൻ ലഭിച്ചിട്ടില്ല, അതുകൊണ്ട് തന്നെ സർട്ടിഫിക്കെറ്റും ഇല്ല, കൊവിഡാണേൽ ഇതുവരെ വന്നിട്ടുമില്ല. പിന്നെയുളളത് ആർടിപിസിആർ ടെസ്റ്റ് നടത്തി അതിന്റെ റിസൽട്ട് കാണിച്ചാൽ മാത്രമാണ് അതിനകത്തേക്ക് ഒന്ന് കയറാൻ സാധിക്കുക. ആർടിപിസിആർ ടെസ്റ്റ് നടത്തിയാൽ റിസൽട്ട് അടുത്ത ദിവസം മാത്രമാണ് ലഭിക്കുന്നത്. ആളുകളുടെ സർട്ടിഫിക്കെറ്റുകൾ പരിശോധിച്ച് കയറ്റിവിടാനായി ബാങ്ക് നിയോഗിച്ച ജീവനക്കാരനാണേൽ, മറ്റൊന്നും കേൾക്കാൻ തയ്യാറാകുന്നില്ല. സർക്കാർ നിർദേശ പ്രകാരം മാത്രം ആളുകളെ കടത്തിവിടാനാണ് തന്നോട് പറഞ്ഞതെന്നാണ് മറുപടിയായി ലഭിക്കുന്നത്.
കൊവിഡ് കാലത്ത് മറ്റ് വഴികൾ എല്ലാം അടഞ്ഞതിനാൽ വളരെ പെട്ടെന്ന് വലിയ തുക ആവശ്യമായി വന്ന വണ്ടാനത്തെ ഗോപിയുടെ അവസ്ഥയാണ് വിവരിച്ചത്. കുറഞ്ഞ പലിശയ്ക്ക് സ്വർണം പണയം വെക്കാൻ ചെന്ന എസ്ബിഐയിൽ സർട്ടിഫിക്കെറ്റുകൾ ഇല്ലാത്തിനാൽ കടത്തിവിട്ടില്ല. അന്ന് തന്നെ പണം വേണ്ടതിനാൽ പിന്നീട് കഴുത്തറപ്പൻ പലിശയ്ക്ക് നാട്ടിലെ സ്വകാര്യ സ്ഥാപനത്തിൽ ഒന്നര പവനോളം വരുന്ന ആ സ്വർണം പണയം വെക്കേണ്ടി വന്നുവെന്നും ഗോപി പറഞ്ഞു. ഭർത്താവ് ഗൾഫിൽ നിന്ന് അയച്ച പണം എടുക്കാനും അതിൽ നിന്ന് ബന്ധുക്കൾക്ക് കുറച്ച് തുക അയച്ചുകൊടുക്കാനും എത്തിയ റമീലത്തിനും ഇതേ അനുഭവമാണ് ബാങ്കിൽ നിന്ന് ഉണ്ടായത്. മൂന്ന് നിബന്ധനകളിൽ പറയുന്ന പ്രകാരം രേഖകൾ ഉണ്ടെങ്കിൽ മാത്രമാണ് അകത്തേക്ക് പോകാനുളള അനുമതി ലഭിക്കുക. അതിനാൽ എടിഎമ്മിൽ നിന്ന് പണമെടുത്തിട്ട് വാക്സിന്റെ ആദ്യ ഡോസ് എടുത്ത മറ്റൊരാൾ വഴിയാണ് ബന്ധുക്കൾക്ക് തുക അയക്കാൻ കഴിഞ്ഞതെന്നും റമീലത്ത് വ്യക്തമാക്കി.
ഇളവുകൾ കൂടുതലായി അനുവദിച്ചപ്പോൾ നിർബന്ധമാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും ബാങ്കുകൾ, ബിവറേജുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സർട്ടിഫിക്കെറ്റ് ആവശ്യപ്പെടുന്ന രീതി ഗോപിയെയും റമീലത്തിനെയും പോലെ നിരവധി പേരെയാണ് വലക്കുന്നത്. ജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങളെ മനസിലാക്കാതെയാണ് ഇത്തരം നിബന്ധനകൾ സർക്കാർ കൊണ്ടുവരുന്നതെന്നാണ് വലിയ വിമർശനം. ഓണം കൂടി വരുന്ന സാഹചര്യത്തിൽ കച്ചവട സ്ഥാപനങ്ങളൊക്കെ ഈ നിയമങ്ങൾ കർശനമാക്കിയാൽ വലിയ പ്രതിഷേധമായിരിക്കും ഉണ്ടാകുക. രണ്ട് ഡോസ് വാക്സീൻ എടുത്ത സർട്ടിഫിക്കെറ്റ്, രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് എടുത്തതിന്റെ സർട്ടിഫിക്കെറ്റ്, 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഒരു മാസം മുൻപ് കൊവിഡ് പോസിറ്റീവായതിന്റെ സർട്ടിഫിക്കെറ്റ് എന്നിവ ആലപ്പുഴ ജില്ലയിലെ പല മദ്യവിൽപ്പന ശാലകളിലും ആവശ്യപ്പെട്ടിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ നേരിട്ട് എത്തി തന്നെ പലയിടത്തും ജീവനക്കാരെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.
ആലപ്പുഴ പിച്ചു അയ്യർ ജംക്ഷനിലെ ബിവ്റേജസ് കോർപ്പറേഷനിൽ മദ്യം വാങ്ങാൻ ചെന്ന തന്നോട് ഇത്തരം സർട്ടിഫിക്കെറ്റുകൾ ആവശ്യപ്പെട്ടെന്നും വലിയ ബഹളം വെച്ചിട്ടും കടത്തിവിട്ടില്ലെന്നും അറവുകാട് സ്വദേശിയായ തിലകൻ പറഞ്ഞു. ആലപ്പുഴയിലെ വാർക്കപ്പണി നേരത്തെ കഴിഞ്ഞ് തിരികെ വരുന്നേരമാണ് മദ്യം വാങ്ങാനായി ചെന്നത്. വലിയ ക്യുവാണ് ഉളളതും. സെക്യൂരിറ്റിക്കാരൻ കടും പിടുത്തം പിടിച്ചതോടെ പുറത്ത് നിന്ന് വാക്സിൻ എടുത്തൊരാൾക്ക് 100 രൂപ കൂലിയായി നൽകിയാണ് അവസാനം മദ്യം വാങ്ങാൻ കഴിഞ്ഞത്. വാക്സിൻ എടുത്താൽ പിന്നെ കുറച്ച് നാളത്തേക്ക് മദ്യപിക്കരുത് എന്നാണ് എല്ലാവരും പറയുന്നത്. ഇവിടെയാണേൽ വാക്സിൻ എടുത്ത സർട്ടിഫിക്കെറ്റുമായി വന്നാൽ മദ്യം തരാമെന്നും പറയുന്നു. ഇതെന്ത് നിയമമാണെന്ന് എനിക്ക് മനസിലാകുന്നില്ല. സർക്കാരിന് വലിയ വരുമാനം നൽകുന്ന മദ്യപാനികളെ ഇങ്ങനെ വലയ്ക്കരുതെന്നും അത് തിരിച്ചടിയാകുമെന്നുമാണ് തിലകന്റെ വിലയിരുത്തൽ.
ജില്ലയിലെ മദ്യവിൽപ്പനശാലകളിലൊക്കെ ഇത്തരം നോട്ടീസുകൾ പതിച്ചിട്ടുണ്ടെങ്കിലും എല്ലായിടത്തും ഇത് നിർബന്ധമാക്കിയിട്ടില്ല. പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുളള പരിപാടിയാണ് മദ്യം വാങ്ങാനായി വരുന്നവരോട് സർട്ടിഫിക്കെറ്റ് ചോദിക്കലും പരിശോധിക്കലും. കാരണം ഇത് പലപ്പോഴും തർക്കങ്ങൾക്കും ബഹളങ്ങൾക്കും കാരണമാകും. തിരക്ക് നിയന്ത്രിക്കാൻ ഇത്തരം നിയമം സഹായിച്ചേക്കും. പക്ഷേ മദ്യവിൽപ്പനശാലകളിലെ ജീവനക്കാർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കൂടി പരിഗണിക്കേണ്ടതാണെന്നാണ് പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞ് ആലപ്പുഴയിലെ ഒരു ജീവനക്കാരൻ വ്യക്തമാക്കിയത്.
ബാങ്കുകളിൽ ചെക്ക് ഉപയോഗിച്ചുളള വിനിമയങ്ങൾക്കും സ്വർണ പണയ ഇടപാടുകൾ പോലുളള മറ്റ് കാര്യങ്ങൾക്കും അക്കൗണ്ടുളള ആൾക്ക് പകരമായി മറ്റൊരാളെ അനുവദിക്കാത്ത സാഹചര്യത്തിൽ പുതിയ സർട്ടിഫിക്കെറ്റ് നിബന്ധനകൾ ഏറെ ബുദ്ധിമുട്ടാണ് ഇടപാടുകാർക്ക് ഉണ്ടാക്കുന്നത്. ബാങ്കിൽ സമയം മെനക്കെടുത്തി ആരും സഹായിക്കാൻ തയ്യാറാകാത്തപ്പോൾ ബിവറേജിലാകട്ടെ നമ്മൾ സർട്ടിഫിക്കെറ്റില്ലാതെ മദ്യം കിട്ടാതെ വിഷമിച്ച് നിൽക്കുന്നത് കണ്ടാൽ വാങ്ങിത്തരാം, എന്തേലും തന്നാൽ മതി എന്ന് സമീപിക്കുന്നവരുടെ എണ്ണം മുൻപത്തെക്കാൾ കൂടുതലുണ്ടെന്നാണ് വണ്ടാനം സ്വദേശിയായ ചിക്കു പറയുന്നത്. ഒരു സർട്ടിഫിക്കെറ്റും കയ്യിൽ ഇല്ലേലും ബിവറേജസിൽ പോയാൽ മദ്യം ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ചിക്കു പറഞ്ഞു. ഓണത്തിരക്ക് കൂടി വരുമ്പോൾ ഇത്തരം സർട്ടിഫിക്കെറ്റ് നിബന്ധനകൾ കർശനമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചാൽ വാക്സിൻ ലഭിക്കാത്ത, ആഴ്ച തോറും ആർടിപിസിആറിന് പണം മുടക്കാൻ കഴിയാത്ത സാധാരണക്കാരെയാകും ഇതേറെ ബാധിക്കുക.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!