വാക്സിൻ സ്ലോട്ട് വേഗം അറിയാനും ബുക്ക് ചെയ്യാനും ഏഴ് വഴികൾ
മലയാളിയായ ബെർട്ടി തോമസ് വികസിപ്പിച്ച under45.in, above45.in എന്നി സൈറ്റുകൾ വഴി സ്ലോട്ടുകൾ മനസിലാക്കി ബുക്ക് ചെയ്യാവുന്നതാണ്.
ഇനിയും വാക്സിൻ സ്ലോട്ട് ലഭിക്കാത്തവരാണോ നിങ്ങൾ, എങ്കിൽ ഈ ആപ്പുകളും വെബ്സൈറ്റും വഴി ഒന്ന് ശ്രമിച്ചു നോക്കൂ. ഒഴിവുളള സ്ലോട്ടുകളുടെ വിവരം കൃത്യമായി അറിയുകയും അതനുസരിച്ച് എളുപ്പത്തിൽ ബുക്ക് ചെയ്യാനും സാധിക്കും.
1. ഫോൺപെ വഴി ഇപ്പോൾ വാക്സിനേഷൻ സ്ലോട്ട് കണ്ടെത്താൻ കഴിയും. ഹോം പേജിൽ താഴെക്ക് സ്ക്രോൾ ചെയ്താൽ സ്വിച്ച് ബാനറിനുളളിലെ കൊവിൻ ബട്ടണിൽ ടാപ്പ് ചെയ്യുക. പിന്നീട് പിൻകോഡ്, വയസ്, വാക്സിൻ എന്നി കാര്യങ്ങൾ നൽകി തിരയാം. ഇതിലൂടെ സമീപത്തെ ഒഴിവുളള വാക്സിൻ സ്ലോട്ടുകൾ കാണാൻ സാധിക്കും.
2. മലയാളിയായ ബെർട്ടി തോമസ് വികസിപ്പിച്ച under45.in, above45.in എന്നി സൈറ്റുകൾ വഴി സ്ലോട്ടുകൾ മനസിലാക്കി ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി മൊബൈലിൽ ടെലിഗ്രാം ആപ് ഇൻസ്റ്റാൾ ചെയ്ത ശേഷം 45 വയസ്സിനു താഴെയുള്ളവർ under45.in എന്ന വെബ്സൈറ്റും 45 വയസ്സിനു മുകളിലുള്ളവർ above45.in എന്നീ വെബ്സൈറ്റും ഉപയോഗിച്ച് ജില്ല തിരഞ്ഞെടുത്ത് ചാനലിൽ ജോയിൻ ചെയ്താൽ അലർട്ട് ലഭിക്കും. വാട്സാപ്പിൽ നിശ്ചിത അലർട്ടുകൾ സെറ്റ് ചെയ്യാൻ: apps.healthifyme.com/vaccinateme എന്ന ലിങ്ക് ഉപയോഗിക്കാം. അലർട്ട് ലഭിച്ചാൽ അതിനൊപ്പമുളള ലിങ്കിലൂടെ ബുക്കിങ്ങിലേക്ക് കടക്കാം. നിലവിൽ 42.53 ലക്ഷം പേരാണ് ടെലിഗ്രാം വഴി ബെർട്ടിയുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്.

3. പേടിഎം ആപ്പിവെ ഹോംസ്ക്രീനിലെ വാക്സിൻ ഫൈൻഡർ വഴിയും വാക്സിൻ അപ്പോയിൻമെൻ്റ് ബുക്ക് ചെയ്യാം. വാക്സിൻ ഫൈൻഡറിൽ നിങ്ങളുടെ പിൻ കോഡും പ്രായവും നൽകണം. വിശദാംശങ്ങൾ നൽകിയാൽ സ്ലോട്ടുകൾക്കായി തിരയാനും ബുക്ക് നൗ ബട്ടണിൽ അമർത്താനും കഴിയും. ഇതിനുശേഷം ആപ്പ് നിങ്ങളെ മറ്റൊരു സ്ക്രീനിലേക്ക് കൊണ്ടുപോകും, അവിടെ നിന്ന് വാക്സിനേഷൻ സെന്റർ തിരഞ്ഞെടുക്കാം. ലഭിച്ച ഒടിപി നൽകി ഇപ്പോൾ നിങ്ങളുടെ ഫോൺ നമ്പർ നൽകി സ്ലോട്ട് ബുക്ക് ചെയ്യാം.
4. കേരള പൊലീസും സൈബർ ഡോമും MashupStack ഉം ചേർന്ന് വികസിപ്പിച്ചെടുത്ത vaccinefind.in എന്ന വെബ്സൈറ്റാണ് വാക്സിൻ സ്ലോട്ട് കണ്ടുപിടിക്കാൻ സഹായിക്കുന്ന മറ്റൊരു സംവിധാനം. മലയാളം അടക്കം 11 ഭാഷകളിൽ ലഭ്യമായ ഈ വെബ്സൈറ്റിലൂടെ വളരെ എളുപ്പത്തിൽ ഒഴിവുളള സ്ലോട്ടുകൾ കണ്ടെത്താൻ കഴിയും. ലാപ്പിലും മൊബൈലിലും ഒരുപോലെ സഹായകരമായ ഈ സൈറ്റിലൂടെ എളുപ്പത്തിൽ ബുക്ക് ചെയ്യാനും സാധിക്കും. കൂടുതൽ വെബ്സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ മാത്രം കാണിക്കുമ്പോൾ, ഈ വെബ്സൈറ്റ് അടുത്ത രണ്ട് ആഴ്ചത്തെ വാക്സിൻ സ്ലോട്ടുകൾ നമുക്ക് കണ്ടെത്തിത്തരും. വാക്സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും.
5. ഏക കെയർ ആപ്പ് ഉപയോഗിച്ചും സ്ലോട്ട് ബുക്ക് ചെയ്യാം. ആൻഡ്രോയിഡ് ഫോണിലും ഐഫോണിലും ആപ്പ് ഡൗൺലോഡ് ചെയ്യാം. ആപ്പ് ഡൗൺ ലോഡ് ചെയ്തതിന് ശേഷം ഹോംസ്ക്രീനിൽ നൽകിയിരിക്കുന്ന ചെക്ക് വാക്സിൻ അവയബിലിറ്റി കാർഡിലേക്ക് പോയി നിങ്ങൾക്ക് വാക്സിനേഷൻ സ്ലോട്ട് ബുക്ക് ചെയ്യാം. സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് നിങ്ങളുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യണം.

6. ജിയോയുടെ മൈജിയോ ആപ്പ് ഉപയോഗിച്ചും സ്ലോട്ട് കണ്ടുപിടിക്കാം. നിങ്ങളുടെ ജിയോ നമ്പർ ഉപയോഗിച്ച് ആപ്പ് ലോഗിൻ ചെയ്ത് ഹോം സ്ക്രീനിൽ താഴേക്ക് സ്ക്രോൾ ചെയ്യണം താഴെ കോവിഡ് -19 വാക്സിൻ ഫൈൻഡർ കാണാൻ കഴിയും. ഇവിടെ ടാപ്പുചെയ്ത് പിൻ കോഡ് നൽകുക. ഇതിനുശേഷം, നിങ്ങളുടെ സമീപമുള്ള വാക്സിൻ സ്ലോട്ടുകളുടെ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സാധിക്കും. സ്ലോട്ട് കണ്ടെത്തിയ ശേഷം സ്ലോട്ട് ബുക്ക് ചെയ്യാൻ കഴിയുന്ന കൊവിൻ വെബ്സൈറ്റിലേക്ക് കയറുകയും ചെയ്യാം.
7. ഹെൽത്ത് ടെക് സ്റ്റാർട്ടപ്പ് ആയ ഹെൽത്തിഫൈമിയുടെ ആപ്പ് വഴിയും സ്ലോട്ട് ബുക്ക് ചെയ്യാം. ഇതിനായി വാക്സിനേറ്റ് മൈ കാർഡിലേക്ക് പോയി നിങ്ങളുടെ പിൻ കോഡ് നൽകി വാക്സിനുള്ള ഡോസ് തിരഞ്ഞെടുക്കുക. ഇതിനുശേഷം, നിങ്ങൾ പ്രായവും എടുക്കേണ്ട വാക്സിനും തിരഞ്ഞെടുക്കണം. ലഭ്യമായ സ്ലോട്ടുകൾ ഇതിൽ കാണിക്കും. സ്ലോട്ടിൽ ടാപ്പുചെയ്തതിനുശേഷം ബുക്ക് ബട്ടൺ അമർത്തി വാക്സിനേഷൻ സ്ലോട്ട് സ്ഥിരീകരിക്കാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!