സെമിയിലെ തോൽവി, ഇനി വെങ്കലപ്രതീക്ഷകൾ; ഛക് ദേ ഇന്ത്യ
നേരത്തെ മത്സരം ജയിച്ചുവരാനായി ഛക് ദേ ഇന്ത്യയിലെ കഥാപാത്രത്തെ ഓർമിപ്പിച്ചുകൊണ്ടുള്ള ഷാരൂഖ് ഖാന്റെ ട്വീറ്റും വൈറലായിരുന്നു.
ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രമായ ഛക് ദേ ഇന്ത്യയിലേതിനു സമാനമായി ഇന്ത്യ ഒളിംപ്ക്സിൽ ഹോക്കി സ്വർണ മെഡൽ നേടുമെന്ന് മോഹിച്ച ആരാധകർക്ക് നിരാശയോടെ മടക്കം. ടോക്കിയോ ഒളിമ്പിക്സ് സെമി ഫൈനലില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബെല്‍ജിയം ഇന്ത്യയ്ക്കെതിരെ ജയിച്ചുകയറി. ഇനി ലൂസേഴ്സ് ഫൈനലിൽ വെങ്കലപ്രതീക്ഷകളാണ് ഇന്ത്യയ്ക്കു മുന്നിൽ.
ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും ബെല്‍ജിയവും നാലാം ക്വാര്‍ട്ടര്‍ ആരംഭിച്ചത് (2-2). പക്ഷെ അലക്സാണ്ടര്‍ ഹെണ്ട്രിക്സ് രണ്ടു തവണ വില്ലനായപ്പോള്‍ ഇന്ത്യ പതറി. 48, 53, 59 മിനിറ്റുകളില്‍ വീണ മൂന്ന് ഗോളുകളില്‍ ഇന്ത്യയുടെ തോല്‍വി എഴുതപ്പെട്ടു. ഇതോടെ ഒളിമ്പിക്സ് സ്വര്‍ണമെന്ന മോഹവും തകരുകയായിരുന്നു.
രണ്ടാം മിനിറ്റില്‍ത്തന്നെ ഇന്ത്യയുടെ വലയ്ക്കുള്ളില്‍ പന്തെത്തിക്കാന്‍ ബെല്‍ജിയത്തിന് സാധിച്ചു. പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍. എന്നാൽ തിരിച്ചടിച്ച ഇന്ത്യ ഏഴാം മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി. ആദ്യ ഗോളിന്റെ ആരവം തെല്ലൊന്നടങ്ങും മുന്‍പേതന്നെ ബെല്‍ജിയത്തെ ഞെട്ടിച്ച് ഇന്ത്യ വീണ്ടും വല കുലുക്കി. എട്ടാം മിനിറ്റില്‍ മന്ദീപ് സിങ്ബെല്ജിയത്തിന്റെ വലയില്‍ പന്തടിച്ചുകയറ്റി. 19 ആം മിനിറ്റില്‍ മത്സരത്തിലെ ആദ്യ പെനാല്‍റ്റി കോര്‍ണര്‍ തൊടുത്ത അലക്സാണ്ടര്‍ ഹെണ്ട്രിക്ക്സ് ഡ്രാഗ് ഫ്ളിക്കിലൂടെ ഗോള്‍ കണ്ടെത്തുകയായിരുന്നു.
പിന്നീടാണ് മത്സരത്തിന്റെ ഗതി നിയന്ത്രിച്ച മൂന്ന് ഗോളുകൾ 11 മിനിറ്റുകളുടെ ഇടവേളകളിൽ ബെൽജിയം നേടിയത്. നേരത്തെ മത്സരം ജയിച്ചുവരാനായി ഛക് ദേ ഇന്ത്യയിലെ കഥാപാത്രത്തെ ഓർമിപ്പിച്ചുകൊണ്ടുള്ള ഷാരൂഖ് ഖാന്റെ ട്വീറ്റും വൈറലായിരുന്നു.
