ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിൽ വാഹനം ഓടിക്കാവുന്ന 15 രാജ്യങ്ങൾ
മഞ്ഞ് മൂടിയതും കൂറ്റൻ പാറക്കെട്ടുകളുമുളളതായ വലിയ പർവതങ്ങൾ കണ്ട് ഡ്രൈവ് ചെയ്യാമെന്നതാണ് കാനഡയുടെ പ്രത്യേകത. ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് 60 ദിവസം വരെ ഇവിടെ വാഹനം ഓടിക്കാം.
വിദേശത്ത് ചെല്ലുമ്പോൾ ആ രാജ്യങ്ങളെ കണ്ടറിയണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഏറെപേരും. അവിടുത്ത പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് നമ്മുടെ സൗകര്യത്തിന് സ്ഥലങ്ങൾ കാണാൻ പറ്റുന്നില്ലെങ്കിലോ? നമുക്ക് ഏറെയിഷ്ടം സുഹൃത്തുക്കളുടെയോ മറ്റോ വാഹനം സ്വന്തമാക്കി സ്വയം ഡ്രൈവ് ചെയ്താ പോകാനോ, അല്ലെങ്കിൽ വാടകയ്ക്ക് വണ്ടിയെടുത്ത് ഓടിച്ചുപോകാനോ ആയിരിക്കും. പക്ഷേ അന്നേരമുളള കുഴപ്പം നമ്മുടെ കയ്യിൽ ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസ് മാത്രമേയുളളൂ എന്നതാണ്. അമേരിക്കയിലോ, സിംഗപ്പൂരിലോ, ന്യൂസിലൻഡിലോ ഒക്കെ ആണേൽ കാര്യങ്ങൾ എളുപ്പമായി. നമ്മുടെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് അവിടെ വാഹനം ഓടിക്കാം. ഇത്തരത്തിൽ ഇന്ത്യയുടെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ കഴിയുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1. സ്വീഡൻ
വടക്കൻ യൂറോപ്പിൽ ആയിരക്കണക്കിന് ദ്വീപുകൾ അടങ്ങിയ മനോഹരമായ രാജ്യമാണ് സ്വീഡൻ. ഇവിടെ എത്തുന്ന ഇന്ത്യക്കാർക്ക് കാലാവധി കഴിയാത്ത ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ വാഹനം ഓടിക്കാവുന്നതാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്വീഡിഷ്, ഡാനിഷ് എന്നിവയിൽ ഏതിലെങ്കിലും ഭാഷയിൽ തയ്യാറാക്കിയതായിരിക്കണം ലൈസൻസ്. കൂടാതെ ഫോട്ടോഗ്രാഫും തിരിച്ചറിയൽ കാർഡും കയ്യിലുണ്ടായിരിക്കണം.
2. ഹോങ്കോങ്
വിദേശസഞ്ചാരികള്ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്സ് ഉപയോഗിച്ച് 12 മാസം വരെ വാഹനമോടിക്കാനുള്ള അനുമതി ഹോങ്കോങ്ങിലുണ്ട്. മറ്റ് തിരിച്ചറിയൽ രേഖകളും കയ്യിലുണ്ടായിരിക്കണം.
3. ഓസ്ട്രേലിയ
ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഡ്രൈവ് ചെയ്യാവുന്ന മറ്റൊരു രാജ്യമാണ് ഓസ്ട്രേലിയ. പക്ഷേ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലേക്ക് നമുക്ക് ഇതിന് അനുവാദമില്ല. ഇടതുവശത്താണ് ഡ്രൈവിംഗ് സീറ്റ്. റോഡ് ട്രിപ്പിന് പറ്റിയ ഇടമായ ഓസ്ട്രേലിയയിൽ പരമാവധി മൂന്ന് മാസമാണ് ഇത്തരത്തിൽ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഡ്രൈവ് ചെയ്യാൻ കഴിയുക.
4. സിംഗപ്പൂർ
സിംഗപ്പൂരിലും ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉളളവർക്ക് വാഹനം ഓടിക്കാവുന്നതാണ്.
5. അമേരിക്ക
അമേരിക്കയിൽ പോകുന്ന ഇന്ത്യക്കാർക്കും ലൈസൻസ് ഉണ്ടെങ്കിൽ അവിടെ വാഹനം ഓടിക്കാവുന്നതാണ്. ലൈസൻസും തിരിച്ചറിയൽ രേഖകൾക്കുമൊപ്പം എന്നാണ് അമേരിക്കയിൽ എത്തിയതെന്ന് വ്യക്തമാക്കുന്ന I-94 ഫോമും കയ്യിലുണ്ടാകണം. ഇതിന് പുറമെ ഓരോ സംസ്ഥാനങ്ങളിലും നിയമങ്ങളിൽ വ്യത്യാസമുളളതിനാൽ വളരെ സൂക്ഷിക്കേണ്ടതുമാണ്. ചില സംസ്ഥാനങ്ങളിൽ അവരുടേതായ തിരിച്ചറിയൽ രേഖകൾ നൽകി മാത്രമേ ഡ്രൈംവിഗ് അനുവദിക്കൂ.

6. ന്യൂസിലൻഡ്
അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളുളള, സാഹസിക വിനോദങ്ങൾക്ക് പേരുകേട്ട നാടാണ് ന്യൂസിലൻഡ്. ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഇവിടെ ഒരു വർഷം വരെ വാഹനം ഓടിക്കാം. ലൈസൻസ് ഇംഗ്ലീഷിലുളളതും ഫോട്ടോയും ഒപ്പും ഉണ്ടായിരിക്കണമെന്നും നിർബന്ധമാണ്. കൂടാതെ വാഹനം വാടകയ്ക്ക് എടുക്കുന്നതിനായി മറ്റ് തിരിച്ചറിയൽ രേഖകളും ഉണ്ടായിരിക്കണം.
7. ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കയിൽ വാഹനങ്ങളുടെ വലതുവശത്താണ് സ്റ്റിയറിങ് എന്നതിനാൽ ഇന്ത്യക്കാർക്ക് കൂടുതൽ സൗകര്യമാണ് ഡ്രൈവിംഗ്. കൂടാതെ ഫോട്ടോയും ഒപ്പും വ്യക്തമായിട്ടുളള, ഇംഗ്ലീഷിൽ തയ്യാറാക്കിയ ലൈസൻസാണ് ഇവിടെ വാഹനം ഓടിക്കാൻ വേണ്ടത്.
8. ബ്രിട്ടൺ
ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുളളവർക്ക് യുകെയിലെ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ടലൻഡ് എന്നിവയിൽ അടക്കം ഡ്രൈവ് ചെയ്യാം. ഒരു വർഷത്തേക്കായിരിക്കും ഇതിന് അനുമതി. കൂടാതെ പ്രത്യേക കാറ്റഗറിയിലുളള വാഹനങ്ങൾ മാത്രമേ ഇന്ത്യൻ ലൈസൻസിൽ ബ്രിട്ടണിൽ ഉപയോഗിക്കാൻ കഴിയൂ.
9. സ്പെയിൻ
സ്പെയിനിലും ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഡ്രൈവ് ചെയ്യാം. പക്ഷേ അതിന് മുൻപ് സ്വന്തം പേരിൽ നിങ്ങൾ താമസിക്കുവാനുളള സ്ഥലം ബുക്ക് ചെയ്തിരിക്കണം. ഇംഗ്ലീഷിലുളള ഡ്രൈവിംഗ് ലൈസൻസിന് പുറമെ മറ്റൊരു ഐഡി പ്രൂഫ് കൂടി ഉണ്ടായിരിക്കണം. ആറ് മാസമാണ് ഇവിടെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ സാധിക്കുക.
10. കാനഡ
മഞ്ഞ് മൂടിയതും കൂറ്റൻ പാറക്കെട്ടുകളുമുളളതായ വലിയ പർവതങ്ങൾ കണ്ട് ഡ്രൈവ് ചെയ്യാമെന്നതാണ് കാനഡയുടെ പ്രത്യേകത. ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് 60 ദിവസം വരെ ഇവിടെ വാഹനം ഓടിക്കാം. ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി റോഡിന്റെ വലതുവശത്ത് കൂടിയാണ് നമ്മൾ യാത്ര ചെയ്യേണ്ടത്.

11. ഫിൻലൻഡ്
ഫിൻലൻഡിലേക്ക് എത്തിയാൽ നമുക്ക് ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധമാണ്. ഈ ഇൻഷ്വറൻസ് മുൻനിർത്തിയാണ് അവിടെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നതിന് അനുമതി നൽകുന്നത്. ആറ് മാസം മുതൽ ഒരു വർഷം വരെ ഇത്തരത്തിൽ അനുമതി ലഭിക്കും.
12. ഭൂട്ടാൻ
ഭൂട്ടാനിലും ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാവുന്നതാണ്. അതിനുളള അനുമതി അധികാരികളിൽ നിന്ന് നേടണമെന്നത് നിർബന്ധമാണ്. ടൂവീലറും ഫോർ വീലറുമാണ് ഉപയോഗിക്കാൻ കഴിയുക.
13. ഫ്രാൻസ്
ഫ്രഞ്ചിലേക്ക് വിവർത്തനം ചെയ്ത ഡ്രൈവിങ് ലൈസൻസിന്റെ കോപ്പിയാണ് ഇവിടെ വാഹനം ഓടിക്കാൻ വേണ്ടത്. ഒരു വർഷം വരെ ഇത്തരത്തിൽ സഞ്ചാരികൾക്ക് ഫ്രാൻസിൽ വണ്ടി ഓടിക്കാനുളള അനുമതിയുണ്ട്.
14. മലേഷ്യ
മലേഷ്യൻ റോഡുകളിലൂടെ വാഹനം ഓടിക്കാൻ, ഇംഗ്ലീഷിലോ, മലയയിലോ ഉളള ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. കൂടാതെ ലൈസൻസ് മലേഷ്യയിലെ ഇന്ത്യൻ എംബസി അടക്കം പരിശോധന നടത്തിയ ശേഷം മാത്രമായിരിക്കും ഡ്രൈവിംഗിനുളള അനുമതി നൽകുക.
15. ജർമ്മനി
ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി റോഡിന്റെ വലത് വശത്ത് കൂടിയാണ് ജർമ്മനിയിൽ വാഹനം ഓടിക്കേണ്ടത്. കൂടാതെ ലൈസൻസിന്റെ ജർമ്മൻ പകർപ്പ് കൈവശം വേണം. തദ്ദേശീയമായ ട്രാഫിക് നിയമങ്ങൾ അനുവദിക്കുകയും വേണം. പ്രാദേശികമായി അധികൃതരുടെ അനുമതി സ്വന്തമാക്കിയാൽ മാത്രമാണ് ഇന്ത്യൻ ലൈസൻസിൽ ഇവിടെ വാഹനം ഓടിക്കാൻ ആറുമാസം വരെ സാധിക്കുക.

ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!