ഭക്ഷണത്തില്‍ വര്‍ഗീയത കലര്‍ത്തുന്നവര്‍ ഒരു വ്യവസായത്തെയാണ് നശിപ്പിക്കുന്നത്; സര്‍ക്കാര്‍ ഇടപെടണമെന്ന് ഹോട്ടലുടമകള്‍
ഹിന്ദുത്വ സംഘടനകള്‍ കഴിഞ്ഞ കുറച്ചുകാലങ്ങളിലായി ഹലാല്‍ ഹോട്ടലുകളെ ലക്ഷ്യം വച്ച് വ്യാപകമായ പ്രചാരണങ്ങള്‍ നടത്തി വരുന്നുണ്ട്.
കേരളത്തില്‍ വര്‍ഗീയ പ്രചാരണത്തിന് ഭക്ഷണത്തെ ആയുധമാക്കുന്നതിന്റെ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഹലാല്‍ ഭക്ഷണത്തിനെതിരെ നടക്കുന്ന പ്രചാരണം മുസ്ലിം സ്ഥാപനങ്ങള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമാണെന്ന് കരുതുന്നവര്‍ ഏറെയാണ്. വര്‍ഗീയ ശക്തികള്‍ രാജ്യത്തിന്റെ പലയിടത്തും നടത്തുന്ന ഭക്ഷണത്തിനെതിരായ പ്രചാരണമാണ് ഇപ്പോള്‍ കേരളത്തിലും ആരംഭിച്ചിരിക്കുന്നതെന്നാണ് ഇവര്‍ നല്കുന്ന മുന്നറിയിപ്പ്. കോവിഡിന്റെ തീവ്ര വ്യാപനത്തിന് ശേഷം പിടിച്ചുകയറാന്‍ ശ്രമിക്കുന്ന സാമ്പത്തിക മേഖലയെ തളര്‍ത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുമെന്നാണ് ഇവര്‍ ആരോപിക്കുന്നത്
ഒപ്പുമുണ്ടായിരുന്ന ഇരുപത്തിയഞ്ചോളം പേരാണ്, ആത്മഹത്യ ചെയതത്. അതിന്റെ ഇരട്ടിയിലേറെ പേര് ആത്മഹത്യയുടെ വക്കിലാണ്. എല്ലാം പോയിടത്തു നിന്നും വീണ്ടും പിച്ചവച്ചു തുടങ്ങുന്നതേയുള്ളൂ, ഇനിയും ഞങ്ങളെ തകര്‍ക്കരുത്'- കണ്ണൂരിലെ ബോംബെ ഹോട്ടല്‍ ഉടമയും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് ട്രഷററുമായ ബാലകൃഷ്ണ പൊതുവാളിന്റെ വാക്കുകളില്‍ നിഴലിക്കുന്നത് ആശങ്കയാണ്. കോവിഡിന് ശേഷം മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന ഹോട്ടല്‍ വ്യവസായത്തിന് ഇപ്പോഴത്തെ പ്രചാരണങ്ങള്‍ തിരിച്ചടിയാകുമ്പോള്‍ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് പ്രതിസന്ധിയിലാകുന്നത്.
ഹിന്ദുത്വ സംഘടനകള്‍ കഴിഞ്ഞ കുറച്ചുകാലങ്ങളിലായി ഹലാല്‍ ഹോട്ടലുകളെ ലക്ഷ്യം വച്ച് വ്യാപകമായ പ്രചാരണങ്ങള്‍ നടത്തി വരുന്നുണ്ട്. 'നോണ്‍-ഹലാല്‍' ഹോട്ടലുകള്‍ ഒരുക്കിയും ഹലാല്‍ ബോര്‍ഡുകളുള്ള ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കരുതെന്നുമുള്ള പ്രചാരണം വിജയിച്ചില്ല. എന്നാല്‍, കഴിഞ്ഞ ദിവസം വടക്കന്‍ കേരളത്തില്‍നിന്നുള്ള ഒരു വൈറല്‍ വീഡിയോയാണ് ഹിന്ദുത്വ പ്രചാരകര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. പാകം ചെയ്ത ബിരിയാണിയില്‍ ഒരാള്‍ മന്ത്രിച്ച് ഊതുകയും അത് വിതരണം ചെയ്യുന്നതിന്റെയും വീഡിയോയാണ് പുറത്തുവന്നത്. ഹലാല്‍ ഹോട്ടലുകളില്‍ വിളമ്പുന്നത് തുപ്പല് കലര്‍ന്ന ഭക്ഷണമാണെന്നതിന്റെ തെളിവായാണ് വര്‍ഗീയ പ്രചാരകര്‍ ഇതിനെ ഉപയോഗിച്ചു. ഭക്ഷണത്തില്‍ ഊതുന്നത് ശുചിത്വമില്ലായ്മയായി തന്നെ കാണേണ്ടി വരുമെന്നും കോവിഡ് കാലത്ത് ഇത്തരം പ്രവൃത്തികള്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് ഡോക്ടര്‍മാര്‍ അടക്കം ചൂണ്ടിക്കാണിക്കുന്നത്. മാസ്ക് ധരിച്ചും, അകലം പാലിച്ചും കോവിഡിനെതിരെയുള്ള പ്രതിരോധം ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ഒരു വ്യക്തി ഭക്ഷണ പദാര്‍ത്ഥത്തിലേക്ക് ഊതുന്നതിലൂടെ രോഗവ്യാപനത്തിന് സാധ്യതയുണ്ടാവുകയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പ്രകടിപ്പിക്കുന്ന ആശങ്ക.
എന്നാല്‍, ശുചിത്വസംബന്ധമായ ആശങ്കകളല്ല മറിച്ച് വര്‍ഗീയപ്രചാരണത്തിന് ഒരായുധം കിട്ടിയെന്നതാണ് ഹിന്ദുത്വ ശക്തികളെ ആവേശം കൊള്ളിച്ചത്. നോണ്‍ ഹലാല്‍ ഹോട്ടലുകളുടെ ലിസ്റ്റുകള്‍ പ്രചരിപ്പിക്കുക, മുസ്ലിം മതവിഭാഗക്കാര്‍ നടത്തുന്ന ഹോട്ടലുകളും റെസ്റ്ററന്റുകളും ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നതിലൂടെ ഒരു വ്യവസായത്തെ തകര്‍ക്കുകയാണ് ചെയ്യുന്നതെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് ആരോപിച്ചു.
'വിദ്യാഭ്യാസവും വിവേകവുമുള്ള മനുഷ്യരാണിവിടെയുള്ളത്. ഇപ്പോഴത്തെ പ്രചാരണങ്ങള്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനുവേണ്ടി സര്‍ക്കാരും സമൂഹവും ഇടപെടണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്'; കെ എച്ച് ആര് എ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി പറഞ്ഞു നോട്ട് നിരോധനം ഹോട്ടല്‍ വ്യവസായത്തിന് തിരിച്ചടി യായിരുന്നു, പിന്നീട് ജിഎസ്ടി തകര്‍ച്ചയുടെ ആക്കം കൂട്ടി. പിന്നെ പ്രളയങ്ങള്‍ വന്നു. കഴിഞ്ഞ രണ്ടു കൊല്ലം എല്ലാം നിശ്ചലമാക്കിയ കോവിഡും ലോക് ഡൗണും. പിടിച്ചുനില്ക്കാമെന്ന് കരുതിയപ്പോഴാണ് ഹലാലിന്റെ പേരില്‍ വിവാദവുമായി ഒരു സംഘം ഇറങ്ങിയിരിക്കുന്നത്.'
ഇക്കാര്യത്തില്‍ സമൂഹം നിശബ്ദരാകരുതെന്നാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമാണ് നടക്കുന്നത്. വ്യാപരമേഖലകളില്‍ ഇത്തരം വര്‍ഗീയ വിഭജനങ്ങള്‍ സൃഷ്ടിക്കുന്നത് നാടിനാകെയാണ് ആപത്ത്. ഇപ്പോള്‍ നടക്കുന്ന ഹലാല്‍ വിവാദം തന്നെ പടിപടിയായി വലിയ പ്രത്യാഘതങ്ങള്‍ സൃഷ്ടിക്കാം. അതിലേക്ക് പോകാതെ നോക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനും ഒപ്പം ഇവിടുത്തെ സമൂഹത്തിനും ഉണ്ട്'' ജയപാല്‍ ഓര്‍മിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇടപെടല്‍ എത്രയും പെട്ടെന്ന് ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നൂറു കണക്കിന് സ്ഥാപനങ്ങള്‍ കഴിഞ്ഞ കാലത്തെ പ്രതിസന്ധികളില്‍പെട്ട് പ്രവര്‍ത്തനം നിര്്ത്തിപോയിട്ടുണ്ട്. എങ്ങനെയെങ്കിലും നടത്തികൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലരും പ്രതിസന്ധിയിലാണ്. കോവിഡിന് ശേഷം ആളുകള്‍ ഹോട്ടലുകളിലേക്കും റസ്റ്ററന്റുകളിലേക്കും എത്തി തുടങ്ങുന്നതേയുള്ളൂ. സംസ്ഥാനത്ത് ഏകദേശ ഒരു ലക്ഷത്തോളം ചെറുതും വലുതമായ ഹോട്ടലുകളുണ്ട്. ഏതാണ്ട് പത്തുലക്ഷത്തോളം പേര് പ്രത്യക്ഷത്തിലും അത്ര തന്നെയാളുകള്‍ പരോക്ഷമായും ഹോട്ടല്‍ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുണ്ട്. ഹലാല്‍ വിവാദമൊക്കെ ഉയര്‍ത്തിപ്പിടിച്ചു വരുന്നവര്‍, എത്രമാത്രം മനുഷ്യരാണ് ഈയൊരു വ്യവസായം കൊണ്ട് ജീവിച്ചു പോകുന്നതെന്നും കൂടിയോര്‍ക്കണം'- ബാലകൃഷ്ണ പൊതുവാളിന്റെ വിശദീകരിച്ചു
ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് രൂപീകരിച്ചിട്ട് 57 വര്‍ഷമായി. ഏതെങ്കിലും മതത്തോടോ രാഷ്ട്രീയത്തോടോ അനുഭാവം സംഘടനയ്ക്കില്ലെന്ന് ഭാരവാഹികള്‍ പറയുന്നു.
ആഹാരത്തില്‍ ജാതിയോ മതമോ രാഷ്ട്രീയമോ കലര്‍ത്തി തങ്ങളുടെ കൂട്ടത്തിലാരും തന്നെ വിളമ്പാറിലെന്നും അവര്‍ പറയുന്നു.
' പല മത വിശ്വസികള്‍ നമ്മോടൊപ്പമുണ്ട്. രുചികരമായ ഭക്ഷണം കൊടുക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം''- മൊയ്തീന്‍കുട്ടി ഹാജിയുടെ വാക്കുകള്‍. ഈ വാക്കുകള്‍ ശരിവച്ചുകൊണ്ടാണ് ജയപാലും സംസാരിക്കുന്നത്. ' നല്ല ഭക്ഷണം, വൃത്തിയുള്ള അന്തരീക്ഷത്തില്‍ കിട്ടിയാല്‍, അത് മുസ്ലീമിന്റെയാണോ ഹിന്ദുവിന്റെയാണോ ക്രിസ്ത്യാനിയുടെയാണോ എന്നു നോക്കിയല്ല ആളുകള്‍ കഴിക്കാന്‍ കയറുന്നത്. ഹലാല്‍ വേണ്ടവര്‍ അത് കഴിക്കട്ടെ, വേണ്ടാത്തവര്‍ കഴിക്കേണ്ടാ. ഹലാല്‍ ഫുഡ്, വെജിറ്റേറിയന്‍ ഫുഡ്, നോണ്‍-വെജിറ്റേറിയന്‍ എന്നൊക്കെ പലതരം ബോര്‍ഡുകള്‍ കാണുമായിരിക്കും, അതൊക്കെ ബിസിനസിനു വേണ്ടിയാണ്. ഇവിടെ എത്രയോ ബ്രാഹ്മിണ്‍സ് ഹോട്ടലുകളുണ്ട്. അവിടെയൊക്കെ കയറുന്നത് ബ്രാഹ്മണര്‍ മാത്രമാണോ, അല്ലെങ്കില്‍ ഹിന്ദുക്കള്‍ മാത്രമാണോ? - ജയപാല്‍ പറഞ്ഞു
കേരളത്തിലെ ഒരു ഹോട്ടലിലും മതമോ രാഷ്ട്രീയമോ ജാതിയോ നോക്കി ജീവനക്കാരെ തെരഞ്ഞെടുക്കാറില്ല, നന്നായി ഭക്ഷണം ഉണ്ടാക്കാന്‍ അറിയുമോ എന്നു മാത്രമാണ് നോക്കുന്നത്. ഒരു ഹിന്ദുവിന്റെ ഹോട്ടലില്‍ മുസ്സിം ഭക്ഷണം ഉണ്ടാക്കുന്നുണ്ട്, തിരിച്ചും നടക്കുന്നുണ്ട്. ക്രിസ്ത്യാനികളുടെ ഹോട്ടലില്‍ വയ്ക്കുന്നതും വിളമ്പുന്നതും ആ മതക്കാര്‍ തന്നെയാണെന്ന് നിങ്ങള്‍ക്ക് അനുഭവമുണ്ടായിട്ടുണ്ടോ? വിശക്കുന്നവന് മതമോ ജാതിയോ ആല്ല, ഭക്ഷണമാണ് വലുത്. ആഹാരം കഴിക്കുമ്പോള്‍ വര്‍ഗീയതയും രാഷ്ട്രീയവുമൊന്നും ആരും ഓര്‍ക്കാറില്ല. ഒരിടയ്ക്ക് നടന്ന പ്രചാരണം ഉത്തരേന്ത്യന്‍ തൊഴിലാളികളെ ജോലിക്കെടുക്കരുത്, അവര്‍ ജോലി ചെയ്യുന്ന ഹോട്ടലുകളില്‍ കയരി ഭക്ഷണം കഴിക്കരുതെന്നായിരുന്നു. അങ്ങനെ തീരുമാനിച്ചാല്‍ കേരളത്തിലെ എത്ര ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പറ്റും? ഹോട്ടലുടമകള്‍ ചോദിക്കുന്നു.
ഹലാല്‍ വിരുദ്ധ പ്രചാരണത്തിനെതിരെ സിപിഎം രംഗത്തുവന്നുകഴിഞ്ഞു. വര്‍ഗീയ പ്രചാരണം അനുവദിക്കില്ലെന്നാണ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരിബാലകൃഷ്ണന് പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെതായി ഒരു നിലപാടും ഇതുവരെ വ്യക്തമാക്കിയിട്ടില്ല
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!