ഇന്ത്യയ്ക്കും വിദേശത്തുമായി തൊഴിലെടുക്കുന്ന മലയാളികൾ വീട്ടിലെ വയോജനങ്ങളെ വിശ്വാസത്തോടെ പാർപ്പിക്കുന്ന ഇടങ്ങളാണ് റിട്ടയർമെന്റ് ഹോമുകൾ. ഒരു മനുഷ്യായുസ്സിന്റെ സമ്പാദ്യം മുടക്കി റിട്ടയർമെന്റ് ഹോമുകളിലും കഴിയുന്നവരുടെ സ്ഥിതിയെന്താണ്? ഏഷ്യാവിൽ അന്വേഷിക്കുന്നു.
ഏറെ പ്രവാസികളുള്ള കേരളം പോലൊരു പ്രദേശത്തിന്റെ സാമൂഹിക ഘടനയിൽ അവിഭാജ്യമായ പങ്കുവഹിക്കുന്ന സ്ഥാപനങ്ങളാണ് വൃദ്ധ സദനങ്ങൾ. കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്ക് മാറിയ സമൂഹം ഇന്ന് നേരിട്ടും അല്ലാതെയും ഇത്തരം പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുവരുന്നുണ്ട്. മറ്റു ദേശങ്ങളിൽ തൊഴിൽ തേടി പോകുന്ന മലയാളിക്ക് തങ്ങളുടെ രക്ഷിതാക്കളെയും ബന്ധുമിത്രാദികളെയും കരുതലോടെ ഏൽപ്പിക്കുന്നത് ഇത്തരം സ്ഥാപനങ്ങളിലാണ്. നാളെ എല്ലാം മതിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോൾ ശേഷമുള്ള ജീവിതം ബുദ്ധിമുട്ടുകളില്ലാതെ തള്ളിനീക്കാനുള്ള റിട്ടയർമെന്റ് ഹോമുകൾ എന്ന ആശയത്തിലേക്കും ഇത്തരം പ്രസ്ഥാനങ്ങൾ വളർന്നു തുടങ്ങിയിട്ടുണ്ട്. അത്തരത്തിലൊരു സ്ഥാപനമാണ് എറണാകുളം ജില്ലയുടെ വടക്ക് കിഴക്കായുള്ള മുളന്തുരുത്തിയിലുള്ള ഗ്രേസ്ലാൻഡ് ഫൗണ്ടേഷൻ.
എറണാകുളം ജില്ലയിലെ മികച്ച റിട്ടയർമെന്റ് ഹോം എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന ഏറ്റവും മികച്ച റേറ്റിങ്ങുള്ള സ്ഥാപനങ്ങളിലൊന്നാണിത്. 3.5 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ചാൽ ഒരിടത്ത് പോലും അതൊരു വൃദ്ധസദനമാണെന്ന് വിശേഷിപ്പിക്കുന്നില്ല. മുതിർന്ന പൗരന്മാർക്കായി ലോകോത്തര നിലവാരമുള്ള റിട്ടയർമെന്റ് ഹോമുകൾ എന്നാണ് അവർ അവകാശപ്പെടുന്നത്. വിരമിച്ച ശേഷമുള്ള ജീവിതം റിസോട്ട് നിലവാരത്തിലേക്ക് ഉയർത്താമെന്ന് പരസ്യപ്പെടുത്തിയാണ് ഗ്രേസ്ലാൻഡ് താമസക്കാരെ ക്ഷണിക്കുന്നത്.
രണ്ടു തരത്തിലുള്ള താമസസൗകര്യങ്ങളാണ് ഈ സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്. നാല് സെന്ററിൽ പണിത ആയിരം ചതുരശ്രയടിയുള്ള വില്ലകളും 600 ചതുരശ്രയടിയുള്ള അപ്പാർട്മെന്റുകളും. ഇതിൽ വില്ലകൾ വാങ്ങാൻ ശരാശരി 54 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. അപ്പാർട്ട്മെന്റുകൾ വാങ്ങുന്നതിന് ശരാശരി 30 ലക്ഷം രൂപ ചെലവാക്കണം. ഒരു ഹാളും ബെഡ്റൂമും അടങ്ങുന്നതാണ് അപാർട്മെന്റ്. വില്ലയിലാകട്ടെ രണ്ടു ബെഡ് റൂമും അതിന് പുറമെ സിറ്റ് ഔട്ടുമുണ്ട്. പ്രവാസികളായതോ മക്കൾ വിദേശത്തുള്ളതോ ആയ മുതിർന്ന പൗരന്മാരെ സംബന്ധിച്ച് സൗകര്യപ്രദവും മികച്ചത് എന്നും തോന്നിക്കുന്ന സേവനങ്ങൾ ഒരുപാട്.

ഇങ്ങനെ വില്ലകളും അപ്പാർട്ട്മെന്റും വാങ്ങിയവർക്കൊക്കെയും മറ്റു പല സേവനങ്ങളും വാഗ്ദാനം ചെയ്താണ് ഗ്രേസ്ലാൻഡ് കെട്ടിടങ്ങൾ വിൽക്കുന്നത്. മികച്ച വൈദ്യസേവനം, ക്ലബ്ബ് ഹൌസ്, ആയുർവ്വേദ ചികിത്സാകേന്ദ്രം, വായനശാല, മിനി തിയേറ്റർ, ഗെയിം റൂം, യോഗാ റൂം തുടങ്ങി സേവനങ്ങൾ പൊതു ഉപയോഗത്തിനുള്ളതാണെന്ന് വിൽപ്പന കരാറിലടക്കം പറഞ്ഞിട്ടുണ്ട്. ഗ്രേസ്ലാൻഡിൽ എത്തുന്ന എല്ലാവർക്കും ആജീവനാന്തം ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താമെന്നും കേവലം ഒരു ബാഗുമായി വന്നാൽ മതിയാകുമെന്നാണ് വാങ്ങുന്നതിന് മുൻപ് ലഭിച്ച വാഗ്ദാനം.
എന്നാൽ ബിൽഡിങ് ഡെവലപ്പേഴ്സ് നൽകിയ ഈ വാഗ്ദാനങ്ങൾ പൊള്ളയായിരുന്നുവെന്നും. വിൽപ്പന എന്ന ഒരൊറ്റ ഉദ്ദേശത്തിൽ തങ്ങളെ പറഞ്ഞുപറ്റിക്കുകയുമാണ് ചെയ്തതെന്ന് ഇവിടത്തെ അന്തേവാസികളായ പലരും കുറ്റപ്പെടുത്തുന്നു.
“ആദ്യകാലത്ത് ഒരു അഭിപ്രായമുണ്ടാക്കാൻ വേണ്ടി ഭേദപ്പെട്ട സേവനങ്ങൾ തന്നിരുന്നു. പിന്നീടത് കുറഞ്ഞു വളരെ മോശം അവസ്ഥയിലായി. ഞങ്ങൾ വാങ്ങുന്നതിന് മുൻപ് അവർ പറഞ്ഞത് കെട്ടിടത്തിന്റെ നിർമാതാക്കാൾ തന്നെ ഇവിടെ താമസിക്കുന്നുണ്ടെന്നാണ്. എന്നാൽ നമ്മൾ ഇവിടേക്ക് സ്ഥലംമാറിയപ്പോൾ അതൊന്നും കണ്ടില്ല. ഏതെങ്കിലും വിധത്തിൽ ഇത് വിൽക്കുക എന്നത് മാത്രമായിരുന്നു അപ്പോൾ അവരുടെ ലക്ഷ്യം,” ഗ്രേസ്ലാൻഡിലെ താമസക്കാരനായ ടിവി ജോർജ് ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു.
ടെലിഫോൺസിലെ ജീവനക്കാരനായ ടിവി ജോർജിന് 81ന് മുകളിൽ പ്രായമുണ്ട്. ആരോഗ്യം വളരെ മോശമാണ്. ജോർജിന്റെ ഭാര്യയും നൂറു വയസ് പിന്നിട്ട അമ്മയും ഇതേ സ്ഥലത്താണ് താമസിക്കുന്നത്. കൈയിലുണ്ടായിരുന്ന എല്ലാം വിറ്റുപെറുക്കിയാണ് ഇവിടെ താമസസ്ഥലം വാങ്ങിച്ചത്. എന്നാൽ തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ജോർജ് പരാതിപ്പെടുന്നു.
ചോർന്നുപോയ ലോകനിലവാരം
നിലവിൽ ഗ്രേസ്ലാൻഡ് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റുകളിൽ നാൽപത് യൂണിറ്റും, രണ്ടുപേർക്ക് താമസിക്കാവുന്ന വില്ലയായുള്ള 32 യൂണിറ്റുമാണ് വിറ്റു പോയിട്ടുള്ളത്. ഒരു നിക്ഷേപമായി കരുതി വാങ്ങിയാൽ പിന്നീട് വിൽക്കാം എന്നൊക്കെ പറഞ്ഞായിരുന്നു ആൾക്കാരെ കാൻവാസ് ചെയ്തത്. എറണാകുളത്തിന്റെ നഗര പ്രദേശത്ത് നിന്ന് ഏറെ മാറിയുള്ള മുളന്തുരുത്തിയിലെ ഈ സ്ഥലത്ത് സെന്റിന് അമ്പതിനായിരം രൂപ വരെ വില വരില്ല. പക്ഷെ തങ്ങൾക്ക് തന്നിരിക്കുന്ന വില സെന്റിന് 12 ലക്ഷം രൂപയാണെന്ന് ഗ്രേസ്ലാൻഡിലെ ഒരു താമസക്കാരൻ പറഞ്ഞു.
റോഡും കെട്ടിടങ്ങളുമൊക്കെ നിർമിക്കാനൊരു തുക ചെലവ് വന്നു കാണും. എന്നാൽ പോലും ഭീമമായൊരു ലാഭമാണ് ഫൗണ്ടേഷൻ പറ്റിയത്. നാല് അപ്പാർട്ട്മെന്റാണുള്ളതാണ് ഒരു യൂണിറ്റ്. അങ്ങനെ ഒരു യൂണിറ്റ് വിൽക്കുമ്പോൾ രണ്ടു കോടിയോളം രൂപ ഫൗണ്ടേഷൻ ലാഭമെടുത്തിട്ടുണ്ടെന്ന് ജോർജ് ചൂണ്ടിക്കാട്ടി.
ജോർജ് ജോൺ എന്നൊരാളാണ് ഗ്രേസ്ലാൻഡ് ഫൗണ്ടേഷൻ എന്ന ആശയത്തിന് പിന്നിൽ. എറണാകുളത്ത് താമസിക്കുന്ന ജേക്കബ് തോമസ് എന്നയാൾളായിരുന്നു നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച സിവിൽ എഞ്ചിനീയർ. തങ്ങളുടെ വെബ്സൈറ്റിലടക്കം ലോകോത്തര നിലവാരത്തിൽ നിർമിച്ചതെന്നാണ് ഫൗണ്ടേഷൻ പരസ്യം ചെയ്യുന്നത്. ഒറ്റനോട്ടത്തിൽ അങ്ങനെ തോന്നിയേക്കാം. എന്നാൽ ഗ്രേസ്ലാൻഡിൽ താമസം ആരംഭിച്ച ശേഷം മാത്രമേ അതിന്റെ നിലവാരക്കുറവ് മനസ്സിലാക്കാനായുള്ളൂവെന്ന് ടിവി ജോർജ് പറഞ്ഞു.
“കെട്ടിടങ്ങളുടെ കൂര ആസ്ബസ്റ്റോസ് പോലത്തെ ഷീറ്റ് കൊണ്ട് നിർമിച്ചതാണ്. എന്നിട്ട് ഫാൾസ് സീലിങ് നൽകിയാണ് കോൺക്രീറ്റിന്റെ പ്രതീതി സൃഷ്ടിച്ചത്. വാതിലിനും ജനലിനും മറ്റും ഉപയോഗിച്ചത് ഗുണമേന്മ കുറഞ്ഞ മരങ്ങളാണ്. അടുക്കളയിലെ ഷെൽഫും കബോഡും അടക്കമുള്ള ഫർണിച്ചറുകൾ മാത്രമാണെന്ന് തോന്നിക്കുമെങ്കിലും വിലകുറഞ്ഞ എംഡിഎഫും മറ്റും ഉപയോഗിച്ചാണ് നിർമിച്ചത്. നാല് വർഷമാവുമ്പോഴേക്കും പല സ്ഥലങ്ങളിലും ഫ്ലോർ പൊളിഞ്ഞുപോയിട്ടുണ്ട്. മഴ പെയ്താൽ ജനലിൽ കൂടെ വെള്ളം ഒലിച്ചിറങ്ങുന്നു. കുളിമുറിയിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഓരോ കുളി കഴിയുമ്പോഴും അത് അടിച്ചു കളയണം. മാത്രമല്ല, വയസ്സായവർക്ക് ഏറ്റവും ആവശ്യം വഴുക്കാത്ത നിലമാണ്. അത് അല്ലാത്തതിനാൽ ഒത്തിരിപ്പേർ ഇതിനോടകം തന്നെ ഫ്ലോറിങ് മാറ്റിയിട്ടുണ്ട്. കുളിമുറിയിൽ പിടിക്കാനായി ഒരു കമ്പി വച്ചിട്ടുണ്ട്. അത് മാത്രമാണ് വയോജനങ്ങൾക്ക് സുഹാർദപരമെന്ന് എടുത്തുപറയാവുന്ന ഒരേയൊരു നിർമാണ പ്രവർത്തി,” ടിവി ജോർജ് കുറ്റപ്പെടുത്തി.
ട്രസ്റ്റ് നിർമാണം ചട്ടങ്ങൾ മറികടക്കാനോ?
കേന്ദ്രസർക്കാർ 2019ൽ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശരേഖ പ്രകാരം റിട്ടയർമെന്റ് ഹോമുകൾ റിയൽ എസ്റ്റേറ്റ് നിയമാവലി പാലിക്കാൻ ബാധ്യസ്ഥരാണ്. അതിനാൽ തന്നെ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങൾ പാലിച്ചു മാത്രമേ ഗ്രേസ്ലാൻഡ് അടക്കമുള്ള സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുവാദമുള്ളൂ.
കേരള സർക്കാർ 2016ൽ പുറത്തിറക്കിയ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (റെറ) ഗസറ്റ് പ്രകാരം ഒരു പ്രോപ്പർട്ടിയുടെ പകുതി വിൽക്കുമ്പോഴേക്ക് താമസക്കാരുടെ ഒരു അസോസിയേഷൻ ഉണ്ടാക്കുകയും അവർക്ക് നടത്തിപ്പവകാശം കൈമാറുകയും ചെയ്യാൻ ബിൽഡർമാർ ബാധ്യസ്ഥരാണ്. എന്നാൽ ഗ്രേസ്ലാൻഡ് ഫൗണ്ടേഷന്റെ നിർമാതാക്കൾ വളരെ ആസൂത്രിതമായാണ് ഇത് തകിടംമറിച്ചതെന്ന് താമസക്കാരും അവരുടെ ബന്ധുക്കളും ആരോപിക്കുന്നു.

“ഇവിടെ പ്രോജക്റ്റ് തുടങ്ങി ഒരു കൊല്ലം കഴിയുമ്പോൾ വിൽപന പകുതിയാകുന്നതിന് മുൻപ് തന്നെ ബിൽഡേഴ്സ് ഒരു അസോസിയേഷൻ
രൂപീകരിച്ചു. എന്നിട്ട് ഗ്രേസ്ലാൻഡ് ഫൗണ്ടേഷൻ വില്ല ആൻഡ് അപ്പാർട്ട്മെന്റ് അസോസിയേഷൻ എന്ന പേരിൽ അവരൊരു ബാങ്ക് അകൗണ്ട് ആരംഭിക്കുകയും തുടർന്നുള്ള ക്രയവിക്രയങ്ങൾ ഈ അകൗണ്ട് വഴി നടത്തുകയുമാണ് ചെയ്തത്. താമസക്കാരായ ഒരാൾ പോലും ഇതിൽ ഭാഗമല്ല. അവരുടെ പങ്കാളികൾ, ഇവിടത്തെ തന്നെ ജീവനക്കാർ എന്നിവർ മാത്രമാണ് ആ അസോസിയേഷനിൽ അംഗങ്ങളായത്,” ഗ്രേസ്ലാൻഡിലെ താമസക്കാരനായ ശ്രീധരൻ ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു.
സ്ഥാപകനായ ജോർജ് 2019ൽ മരിച്ചതോടെ ഗ്രേസ്ലാൻഡിന്റെ നടത്തിപ്പ് പ്രോജക്ടിന് നേതൃത്വം നൽകിയ ജേക്കബ് തോമസിലേക്ക് വന്നുചേർന്നു. ഗ്രേസ് ലാന്ഡ് ഫൗണ്ടേഷന് സ്ഥാപന് ജോര്ജിന്റെ ഭാര്യയായ മിനു ജോർജാണ് രേഖകളിലുള്ളതെങ്കിലും അവർക്ക് ദൈനംദിന പ്രവൃത്തികളില് വലിയ പങ്കില്ല. വീട്ടമ്മയായി കഴിയുന്ന മിനു ജോർജിനെ മറയായി വച്ചുകൊണ്ടാണ് ജേക്കബ് ആസൂത്രണം ചെയ്ത പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് ഗ്രേസ്ലാൻഡിലെ താമസക്കാരന്റെ സഹോദരി സ്വപ്ന ജയകുമാർ ചൂണ്ടിക്കാണിച്ചു.
ഈ വർഷം ഫെബ്രുവരി 26നാണ് ഗ്രാസ്ലാൻഡ് ഫൗണ്ടേഷൻ ഒരു ട്രസ്റ്റായി രൂപീകരിക്കുന്നത്. താമസക്കാരോട് ചോദിക്കാതെയും അവരെ വിശ്വാസത്തിലെടുക്കാതെയുമായിരുന്നു ഈ പദ്ധതി. നേരത്തെ വിൽപന കരാറിൽ പറഞ്ഞിരിക്കുന്ന ഉറപ്പുകൾ ലംഘിച്ചുകൊണ്ടാണ് ട്രസ്റ്റ് കൊണ്ടുവരുന്നത്. ട്രസ്റ്റ് രൂപീകരിച്ചതായി അറിയിക്കുന്ന വിൽപത്രത്തിൽ ഗ്രേസ്ലാൻഡിന്റെ നടത്തിപ്പവകാശം ഇനി മുതൽ അവർക്കാണ്.
“ ട്രസ്റ്റ് നിർമിച്ചതോടെ അസോസിയേഷൻ അസാധുവായെന്നാണ് ഞങ്ങളെ അറിയിച്ചത്. ട്രസ്റ്റിൽ അവർക്ക് സ്വീകാര്യരായിട്ടുള്ളവർക്ക് മാത്രമാണ് അംഗത്വം നൽകിയത്. വിറ്റുപോയ 67 യൂണിറ്റിൽ നിന്ന് മൂന്നുപേരാണ് ഈ ട്രസ്റ്റിലെ അംഗങ്ങൾ. ബാക്കിയുള്ള നാലുപേർ ഡെവലപ്പേഴ്സിന്റെ നോമിനികളാണ്. വിൽക്കാനുള്ളതൊക്കെ ഏതാണ്ട് വിറ്റു. ഇനി അമ്പതുപേർക്ക് ഭക്ഷണം കൊടുക്കുന്നതിൽ പോലും തങ്ങൾക്ക് ലാഭം വേണം എന്ന ചിന്തയിലാണവർ. ഇത് ചോദ്യംചെയ്തപ്പോൾ ഇവിടത്തെ ഭൂരിപക്ഷംപേരും വയസ്സരാണ്. അവർക്ക് തങ്ങളുടെ കാര്യങ്ങൾ നോക്കാനാകില്ല. അതുകൊണ്ട് നമ്മൾ ഇവിടെ നിലനിന്ന പോകണമെന്നാണ് പൊതു അഭിപ്രായമെന്ന മറുപടിയാണ് ലഭിച്ചത്. അസോസിയേഷന് ഇനി എന്താണ് റോളെന്നും നമ്മളോട് ചോദിക്കാതെ എങ്ങനെയാണ് നമ്മളുടെ പേരിൽ ട്രസ്റ്റ് ഉണ്ടാക്കുക എന്നും ചോദിച്ചപ്പോൾ മറുപടി ലഭിച്ചില്ല. ഈ ട്രസ്റ്റ് നിയമവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ ഇപ്പോൾ കേസ് കൊടുത്തിരിക്കുകയാണ്,” ടിവി ജോർജ് പറഞ്ഞു.
ഗ്രേസ്ലാൻഡ് ഫൗണ്ടേഷനില് ആരോപിക്കപ്പെടുന്ന ക്രമവിരുദ്ധമായ കാര്യങ്ങള്
പുറത്തുകൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് ഇവിടത്തെ താമസക്കാരനായശ്രീധരൻ. തങ്ങൾ ചോദ്യംചെയ്യപ്പെടും എന്ന് കണ്ടതുമുതൽ ഫൗണ്ടേഷന്റെ പ്രൊമോട്ടര്മാർ ശത്രുതാപരമായാണ് ഇടപെടുന്നതെന്ന് ശ്രീധരൻ പറഞ്ഞു. വൃദ്ധരായ താമസക്കാരെ പലതരത്തിൽ മാനസികമായി തളർത്തുന്നതാണ് പ്രൊമോട്ടര്മാരുടെ സമീപനം എന്ന് താമസക്കാര് പറയുന്നു
. അതേസമയം ബിൽഡർമാരോട് സൗഹാർദ്ദമുള്ള ട്രസ്റ്റികളായ താമസക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്താനും പ്രൊമോട്ടർമാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ ആരോപണങ്ങളെല്ലാം പ്രൊമോട്ടർമാർ നിഷേധിക്കുന്നു.
‘ട്രസ്റ്റികളെ നിയമിച്ചത് പ്രമോട്ടർമാരല്ല!’
കാര്യങ്ങളുടെ നടത്തിപ്പ് സുഗമമാക്കാനാണ് ആദ്യം ഒരു റെസിഡൻഷ്യൽ അസോസിയേഷൻ രൂപീകരിച്ചത്. വിൽപന പൂർത്തിയാകുമ്പോൾ പ്രൊമോട്ടേഴ്സിന്റെ ഒരു ബോഡിയാകും ഭാവി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോകുന്നത് എന്ന നിബന്ധനയോടെയായിരുന്നു അസോസിയേഷൻ രൂപീകരണമെന്ന് ജേക്കബ് തോമസ് ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു.
“ഇതിനെ തുടർന്നാണ് 2019 ഡിസംബർ 27ന് താമസക്കാരെ പങ്കെടുപ്പിച്ച് ഒരു ജനറൽ ബോഡി യോഗം വിളിക്കുന്നത്. അസോസിയേഷൻ വേണോ മറ്റ് ഏതെങ്കിലും രീതിയിൽ മുന്നോട്ട് പോകണോ എന്ന് അന്ന് ആലോചിച്ചെങ്കിലും ഒരു തീരുമാനത്തിലെത്താനായില്ല. അങ്ങനെ വന്നപ്പോൾ ജനാധിപത്യപരമായി ഒരു ഏഴംഗ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു. ആ കമ്മറ്റിയിൽ ഒരു അദ്ധ്യക്ഷനും മറ്റു ആറംഗങ്ങളുമാണുള്ളത്. അവരാണ് മൂന്ന് മാസത്തിന് ശേഷം 2020 മാർച്ചിൽ ഒരു തീയതി നിശ്ചയിക്കുന്നത്. എങ്ങനെ മുന്നോട്ട് പോകണമെന്ന് അന്ന് തീരുമാനിക്കും എന്നാണ് അഡ്ഹോക് കമ്മറ്റി തീരുമാനിച്ചത്. എന്നാൽ കൊറോണയും തുടർന്നുള്ള ലോക് ഡൗണും മറ്റും കാരണം മാർച്ചിൽ യോഗം നടന്നില്ല. പിന്നെ ഒക്ടോബർ 2020ൽ അവർ ഒരു തീരുമാനത്തിലേക്കെത്തി. ഒരു ട്രസ്റ്റാണ് ഏറ്റവും നല്ലതെന്നാണ് അവർ നിർദ്ദേശിച്ചത്. ഞങ്ങൾക്ക് അതിലൊരു ധാരണയുമുണ്ടായിട്ടില്ല. അവരുടെ നിർദേശപ്രകാരമായിരുന്നു ട്രസ്റ്റ് നിർമിച്ചത്. ട്രസ്റ്റാകുമ്പോൾ സർക്കാരിന് കൂടുതൽ നിയന്ത്രണമുണ്ട്. എല്ലാവരും അതിൽ അംഗങ്ങളാണ്. യാതൊരു വ്യത്യാസവുമില്ല. അസോസിയേഷൻ എന്ന് പറഞ്ഞാൽ എന്ത് ചെയ്താലും ആർക്കും അത് നിയന്ത്രിക്കാൻ കഴിയില്ല. ഇതൊരു ചാരിറ്റബിൾ ട്രസ്റ്റാണ്. ആർക്കും ഒരു ലാഭവുമുണ്ടാകില്ല. ശമ്പളം പോലും എടുക്കാനാകില്ല എന്നൊക്കെ ഈ കമ്മറ്റിയാണ് തീരുമാനിച്ചത്,” ജേക്കബ് തോമസ് പറഞ്ഞു.
ഏഴുപേരുള്ള അഡ്ഹോക് കമ്മറ്റിയിൽ ബിൽഡേഴ്സിന്റെ ഭാഗത്ത് നിന്ന് രണ്ടുപേരും ബാക്കിയുള്ളവർ താമസക്കാരുമായിരുന്നു എന്ന് ജേക്കബ് തോമസ് വിശദീകരിച്ചു. ബാക്കിയുള്ള അഞ്ചുപേരും താമസക്കാരായിരുന്നു എന്നാണ് ജേക്കബ് തോമസ് പറയുന്നത്.
എന്നാൽ ജേക്കബ് തോമസിന്റെ വാദങ്ങളിൽ സത്യമില്ലെന്ന് ശ്രീധരൻ മേനോൻ ആരോപിക്കുന്നു. ജേക്കബ് പറയുന്ന ജനറൽ ബോഡി യോഗത്തിൽ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഉണ്ടാക്കുകയായിരുന്നു അജണ്ടയെന്നാണ് ശ്രീധരൻ സമർത്ഥിക്കുന്നത്.

“അക്കാലത്ത് ട്രസ്റ്റിനെ പറ്റി ചിന്തിച്ചിട്ടേയില്ല. ഈ അഡ്ഹോക് കമ്മറ്റിയിൽ ബിൽഡേഴ്സിന് ഭൂരിപക്ഷമില്ല എന്ന് പറയുന്നത് തെറ്റാണ്. ഏഴിൽ നാലുപേരെ നിർദേശിച്ചത് അവരായിരുന്നു. ആ നാലുപേർ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളല്ല, ഇതിന്റെ പ്രൊമോട്ടർമാരാണ്,” ശ്രീധരൻ പറഞ്ഞു.
ബിൽഡിങ്ങുകൾ വിറ്റ ശേഷം അസോസിയേഷൻ ഉണ്ടാകുമെന്നാണ് രേഖകളിൽ പറഞ്ഞിട്ടുള്ളത്. ട്രസ്റ്റിന്റെ കാര്യം എവിടെയും പറയുന്നില്ല. അത് മാത്രമല്ല, ആദ്യമായി നിർമിച്ച റസിഡൻഷ്യൽ അസോസിയേഷനിൽ അംഗത്വം ചോദിച്ചപ്പോൾ അത് തരാനാകില്ലെന്നാണ് ബിൽഡർമാർ പറഞ്ഞത്.
“ഇത് നിങ്ങൾക്ക് വേണ്ടിയിട്ടുള്ളതല്ല. ഇത് കാശ് വാങ്ങിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നാണ് അവർ പറഞ്ഞത്. ഞങ്ങൾക്ക് വേണ്ടിയാണ് അസോസിയേഷന്റെ ബൈലോ ഒക്കെ ഉണ്ടാക്കിയത്. അങ്ങനെയൊരു ബൈലോ എഴുതിയെങ്കിലും ഇവിടെ താമസിക്കുന്ന ഒരാൾ പോലും അതിൽ അംഗമല്ലെന്ന് ഓർക്കണം. അന്ന് അസോസിയേഷനിൽ ഉണ്ടായിരുന്ന ഏഴുപേരിൽ അവരും അവരുടെ ജോലിക്കാരും മാത്രമായിരുന്നു അംഗങ്ങൾ ,” ശ്രീധരൻ ആരോപിച്ചു.
നിസ്സഹായത ചൂഷണംചെയ്യപ്പെടുമ്പോൾ
സ്വപ്ന ജയകുമാർ അമേരിക്കയിൽ മാധ്യമപ്രവർത്തകയാണ്. സ്വപ്നയുടെ സെമി ഓട്ടിസ്റ്റിക്കായ സഹോദരൻ ഗ്രേസ്ലാൻഡിലെ താമസക്കാരനാണ്. മാതാപിതാക്കൾ മരിച്ചതോടെ സഹോദരന്റെ രക്ഷാകർത്തൃത്വം തന്റെ ചുമതലയാകുന്നതെന്ന് പറഞ്ഞ സ്വപ്ന ഏറെ അങ്കലാപ്പോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. സ്വന്തം അനുഭവം സ്വപ്ന ഏഷ്യാവില്ലിനോട് പറഞ്ഞു.
ഗ്രേസ്ലാൻഡ് ട്രസ്റ്റ് രൂപീകരിക്കുന്നതിന് ഭാഗമായി പ്രൊമോട്ടർമാർ തന്റെ സഹോദരനെ സമീപിക്കുകയും ഏതാനും കടലാസുകളിൽ ഒപ്പിടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് സ്വപ്ന പറഞ്ഞു. ഇക്കാര്യം സഹോദരനിൽ നിന്ന് അറിഞ്ഞതോടെയാണ് സ്വപ്ന ചിത്രത്തിലേക്ക് കടന്നുവരികയും സ്വതന്ത്രമായി കാര്യങ്ങൾ തിരക്കുകയും ചെയ്യുന്നത്. ജേക്കബ് എന്ന പ്രൊമോട്ടറുടെ ഇടപെടലുകളിൽ സംശയം തോന്നിയതോടെ അതിനോടകം നിർമിച്ച ട്രസ്റ്റിന്റെ ഭാരവാഹികളുമായി വീഡിയോ കോൺഫറൻസ് വഴിയും ഫോൺ വഴിയും ബന്ധപ്പെട്ടു. ആദ്യമൊക്കെ സഹകരിച്ച പ്രൊമോട്ടർമാർ പിന്നീട് നിലപാട് മാറ്റി. ഒടുവിൽ വിളിച്ചപ്പോൾ ജേക്കബ് തോമസ് കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയായിരുന്നെന്ന് സ്വപ്ന പറഞ്ഞു.
“ ഗ്രേസ്ലാൻഡ് ഒരു ട്രസ്റ്റായി മാറുന്നതോട് കൂടി വിൽപന കരാറിൽ പറഞ്ഞിട്ടുള്ള പലതിന്മേലും താമസക്കാർക്കുള്ള അവകാശം കുറയും. ഇതുവരെ എല്ലാവരും ഉപയോഗിച്ചിരുന്ന പൊതു അവകാശമായ ഇടങ്ങൾ വീണ്ടും ബിൽഡർമാരുടെ കൈവശം തന്നെ വന്നുചേരുകയാണ്. നാളെ ഇവർക്ക് മറ്റൊരു പ്രോജക്ട് തുടങ്ങണമെങ്കിൽ ഇതേ സംവിധാനങ്ങൾ ഉപയോഗപെടുത്താം. ആരുടേയും സമ്മതമില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്താം. നികുതിയിൽ പോലും ഇളവ് ലഭിക്കും. വലിയ വിശ്വാസത്തിൽ ഇവിടെയെത്തിയവരെ എങ്ങനെയൊക്കെ ചൂഷണം ചെയ്യാം എന്ന് മാത്രമാണ് അവർ ചിന്തിക്കുന്നത്,” സ്വപ്ന ജയകുമാർ ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു.
എങ്ങനെയും പണമുണ്ടാക്കുക എന്നൊരു ചിന്ത മാത്രമേ ഗ്രേസ്ലാൻഡിലെ പ്രമോട്ടർമാർക്ക് നേരത്തെയും ഉണ്ടായിട്ടുള്ളൂവെന്ന് ജോർജ് ആരോപിച്ചു.പൊതുവുപയോഗത്തിന് എന്ന് പരസ്യം ചെയ്ത ക്ലബ്ബ് ഹൌസ് ഉപയോഗിക്കാൻ ഒരു ലക്ഷം രൂപയാണ് യൂസർ ഫീ എന്ന് പറഞ്ഞു ഈടാക്കിയത്.
“ഞങ്ങളുടെ കാശ് കൊണ്ടാണ് പണിതതെന്ന് ഓർക്കണം. അതിന്റെ കണക്ക് ചോദിച്ചപ്പോൾ നിങ്ങ പോവുമ്പോൾ അത് തിരികെ തരാം എന്നാണ് മറുപടി ലഭിച്ചത്. ഭക്ഷണവും മെയ്ന്റെനൻസും അടക്കം രണ്ടുപേരുള്ള ഒരു യൂണിറ്റിന് മാസം പതിനെട്ട് മൂതൽ ഇരുപതിനായിരം വരെ രൂപയാണ് ചെലവാകുന്നത്. ഉള്ളതൊക്കെ വിറ്റുപെറുക്കി അമ്പത് ലക്ഷത്തോളം നൽകിയിട്ട് ഇനി സ്വസ്ഥമായി കഴിയാമെന്ന് വിചാരിച്ചവരാണ് പിന്നീട് മാസാമാസം ഈ പണം കണ്ടെത്തേണ്ടിവരുന്നത്. കേസിന് പോകാമെന്ന് വച്ചാൽ പോലും അതിനുള്ള പണമോ ആരോഗ്യമോ ഇല്ലാത്തവരാണ് ഇവിടെ കൂടുതലും. ഞങ്ങൾക്ക് ഇതിന്റെ പേരിലൊരു യുദ്ധത്തിനിറങ്ങാനൊന്നും താത്പര്യമുണ്ടായിട്ടല്ല. ഇവിടെയുള്ളവരുടെ ശരാശരി പ്രായം 75 ഒക്കെയാണ്. അത് തന്നെയാണ് ഡെവലപ്പേഴ്സും കാണുന്നത്. ഈ വയസ്സന്മാർ മിണ്ടാതിരുന്നോളും എന്നാണവർ കരുതുന്നത്,” ടിവി ജോർജ് പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!