ചെല്ലാനത്തെ ജിയോ ട്യൂബ് ടൗട്ടെ കടലാക്രമണത്തെ പ്രതിരോധിച്ചോ? സർക്കാർ പറഞ്ഞതിന് അപ്പുറം
നിലവിൽ ചെല്ലാനത്തെ വാചാക്കൽ, കമ്പനിപ്പടി, ബസാർ, വേളങ്കണി, ചെറിയകടവ് എന്നിവിടങ്ങളിലാണ് ജിയോ ട്യൂബ് കൊണ്ടുള്ള കടൽഭിത്തി നിർമ്മാണം പ്രഖ്യാപിക്കപ്പെട്ടത്. 2017ൽ ആയിരുന്നു ഇത്.
ചെല്ലാനം കൊച്ചി തീരങ്ങളിൽ ടൗട്ടെയെ തുടർന്ന് ഉണ്ടായ കടലാക്രമണത്തെ പ്രതിരോധിക്കാൻ ജിയോ ട്യൂബ് കൊണ്ടുളള സംരക്ഷണ ഭിത്തിക്ക് സാധിച്ചുവെന്ന സർക്കാരിന്റെ അവകാശവാദത്തിനെതിരെ ചെല്ലാനം ജനത. നിയമസഭയിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നൽകിയ മറുപടിയിലാണ് ഇതുവരെ ചെല്ലാനത്ത് നടപ്പാക്കാൻ കഴിയാത്ത ജിയോ ട്യൂബ് കടൽഭിത്തി ടൗട്ടെയെ നേരിടാൻ ഫലപ്രദമായി എന്നു പ്രസ്താവിച്ചത്. ചെല്ലാനത്തെ കാര്യങ്ങളെക്കുറിച്ച് നേരിട്ടറിവുളള പറവൂരിൽ നിന്നുളള നിയമസഭാംഗം കൂടിയായ വി.ഡി സതീശന്റ നേതൃത്വത്തിലുളള പ്രതിപക്ഷം ആകട്ടെ സർക്കാർ പറഞ്ഞ കാര്യങ്ങളിൽ ഒരു എതിർപ്പ് പോലും ഉന്നയിച്ചതുമില്ല.
ഓഖിക്ക് ശേഷം 2017ലാണ് ചെല്ലാനത്തെ വാചാക്കൽ, കമ്പനിപ്പടി, ബസാർ, വേളങ്കണി, ചെറിയകടവ് എന്നിവിടങ്ങളിൽ ജിയോ ട്യൂബ് കൊണ്ടുള്ള കടൽഭിത്തി നിർമ്മാണം പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ 142 ജിയോ ട്യൂബുകൾ സ്ഥാപിക്കേണ്ട ഇടത്ത് ഇതുവരെ 10 ട്യൂബ് തികച്ചും സ്ഥാപിച്ചിട്ടില്ല. ആദ്യം നിർമ്മാണം തുടങ്ങിയ വേളാങ്കണ്ണിയിൽ ആറ്-ഏഴ് ട്യൂബുകൾ നിറച്ചു വച്ചു. പക്ഷെ അതു തന്നെ വേണ്ടവിധം നിറക്കാൻ കഴിഞ്ഞിട്ടില്ല. പിന്നീട് അവിടത്തെ പണി നിറുത്തി വച്ച് വാചാക്കൽ എന്ന സ്ഥലത്ത് പണി ആരംഭിച്ചു. അവിടെയും ഒരു ട്യൂബ് ഏതാണ്ട് പകുതി നിറച്ചു വച്ചതൊഴിച്ചാൽ യാതൊരു നിർമ്മാണങ്ങളും നടന്നിട്ടില്ല. ഓരോ ട്യൂബും മണൽ നിറച്ച് കഴിയുമ്പോൾ 25 മീറ്റർ നീളവും അഞ്ച് മീറ്റർ ഉയരവും വരേണ്ടിടത്ത് ഇവിടെ 1-1.5 മീറ്റർ മാത്രമേ ഉയരം ഉള്ളൂ. ജിയോ ട്യൂബിലേക്കായി കരിങ്കൽ ഭിത്തിയുടെ വളരെ അടുത്ത് കടലിൽനിന്നും മണ്ണ് പമ്പ് ചെയ്ത് എടുത്തതിനാൽ തീരക്കടലിലെ ആഴം കൂടുകയും അതുവഴി കടലാക്രമണത്തിൻ്റെ തീവ്രത കൂട്ടാൻ മാത്രമേ ഇത് സഹായിച്ചുളളൂ. വസ്തുതകൾ ഇതാണെന്ന് ഇരിക്കെ സർക്കാരിന്റെ ഇത്തരം അവകാശവാദങ്ങളിലെ പൊളളത്തരത്തെയാണ് ചെല്ലാനം-കൊച്ചി ജനകീയ വേദി പ്രവർത്തകർ ചോദ്യം ചെയ്യുന്നത്.

കമ്പനിപ്പടിയിലാണ് ഏറ്റവും അധികം നീളത്തിൽ ജിയോട്യൂബ് കടൽഭിത്തി നിർമ്മിക്കേണ്ടത്. എന്നാൽ അവിടെ ഒരു ട്യൂബ് പോലും നിറച്ചു വച്ചിട്ടില്ല. ഇവിടെ കടൽക്ഷോഭത്തിൽ ലില്ലി ജേക്കബിന്റെ വീട് പൂർണമായും തകർന്നിരുന്നു. മറ്റ് നിരവധി വീടുകൾക്കും നാശനഷ്ടമുണ്ടായി. വേളാങ്കണ്ണി പ്രദേശത്ത് സ്ഥാപിച്ച ഏതാനും ജിയോട്യൂബുകൾ ഇതിനകം നശിച്ചു പോയിരുന്നു. വളരെ കുറച്ച് മാത്രം ജിയോ ട്യൂബ് സ്ഥാപിച്ച വാചാക്കലും വേളാങ്കണ്ണിയും ടൗട്ടെ ചുഴലിക്കാറ്റിൽ കടുത്ത കടൽകയറ്റം നേരിട്ട പ്രദേശങ്ങളാണ്. വസ്തുതകൾ ഇങ്ങനെയാണെന്ന് ഇരിക്കെ ജലവിഭവ വകുപ്പ് മന്ത്രി എന്തിനാണ് സഭയെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് ചെല്ലാനം ജനകീയ വേദി സമരത്തിനൊപ്പം നിലകൊളളുന്ന അഡ്വ. തുഷാർ നിർമ്മൽ ചോദിക്കുന്നത്.
ജിയോട്യൂബ് പണി പൂർത്തിയാകുന്നതായും ടൗട്ടെ ചുഴലി വന്നപ്പോൾ അതിനെ ഫലപ്രദമായി പ്രതിരോധിച്ചെന്നുമുളള പച്ചക്കള്ളമാണ് നിയമസഭയിൽ ഇറിഗേഷൻ വകുപ്പ് മന്ത്രി പറഞ്ഞത്. ഇതു കേട്ട പ്രതിപക്ഷവും കൈഅടിക്കുകയാണ് ചെയ്തത്. കരയിൽ പരാജയമെന്ന് തെളിഞ്ഞ ജിയോ ട്യൂബ് പദ്ധതിയെ പ്രോൽസാഹിപ്പിക്കുന്നത് എന്തിനു വേണ്ടിയാണ്? ആർക്കു വേണ്ടിയാണ്? ഇപ്പോൾ നീക്കിവച്ചെന്ന് പറയുന്ന 344.2 കോടി രൂപയും ടെട്രാപോഡ് മാഫിയകൾക്കാണോ എന്നു സംശയിക്കണമെന്നുമാണ് ചെല്ലാനത്തെ സംയുക്ത സമര സമിതി കൺവീനർ വി.ടി സെബാസ്റ്റ്യൻ പറയുന്നത്.

കൊച്ചിൻ പോർട്ടിൻ്റെ ആഴം കൂട്ടലോടെ രൂപം കൊണ്ട എതിർ കുത്തൊഴുക്കിലും ചുഴിയിലും വെള്ളത്തോടൊപ്പം തീരക്കടലിലെ മണലും വടക്കോട്ട് ഒഴുകി പോയി കടലിലെ ആഴം ക്രമാതീതമായി കൂടിയതാണ് ഇവിടത്തെ കടൽ ആക്രമണത്തിനുള്ള ഏക കാരണം. ചെല്ലാനം ഫിഷിങ്ങ് ഹാർബറിൻ്റെ പുലിമുട്ട് മണ്ണൊലിപ്പ് തടയുന്നതിനാൽ അതിന് തെക്കുവശത്ത് ആഴവും ഇല്ല, കടലാക്രമണവുമില്ല. അതുപോലെ ഐഎൻഎസ് ദ്രോണാചാര്യയിലും കടലാക്രമണ ഭീഷണിയില്ല. തീരക്കടലിൽ കൃത്രിമമായി മണൽ എത്തിച്ച് ആഴം കുറക്കാതെ പുലിമുട്ടും കടൽഭിത്തിയും എന്തെല്ലാം കൊണ്ട് നിർമ്മിച്ചാലും ഇവിടത്തെ കടലാക്രമണം തടയാനാകില്ലെന്നും സെബാസ്റ്റ്യൻ വ്യക്തമാക്കുന്നു.
ടൗട്ടെ ചുഴലിക്കാറ്റ് ചെല്ലാനത്ത് വിതച്ച വിനാശം നേരിട്ടു വന്നു കണ്ടു വിലയിരുത്തിയതാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചെല്ലാനത്തെ ജിയോ ട്യൂബ് പരീക്ഷണത്തിന്റെ അവസ്ഥയെ കുറിച്ച് നേരിട്ടറിവുള്ളവരുമാണ് കേരളത്തിലെ യുഡിഎഫ് നേതാക്കൾ. പക്ഷെ അവർപോലും ജലസേചന മന്ത്രിയുടെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയെ ചോദ്യം ചെയ്തില്ല എന്നത് തീര സംരക്ഷണത്തിൽ പ്രതിപക്ഷത്തിനുള്ള ആത്മാർത്ഥത എന്താണെന്ന് കാണിച്ചുതരുന്നുവെന്നും അഡ്വ. തുഷാർ നിർമ്മൽ പറയുന്നു.
കഴിഞ്ഞ ടൗട്ടെ ചുഴലിക്കാറ്റിന്റെ സമയത്ത് ഉണ്ടായ കടൽകയറ്റത്തെ തുടർന്ന് ചില അടിയന്തര നടപടികൾ എടുത്തതൊഴിച്ചാൽ ഒന്നൊര മാസമായി യാതൊരു പ്രവൃത്തിയും ചെല്ലാനത്ത് നടക്കുന്നില്ല. എന്നാൽ കണ്ണമാലിയും ബസാറും ജിയോ ട്യൂബ് നിർമ്മാണവും, വാചാക്കൽ, കമ്പനിപ്പടി, ചെറിയകടവ്, ബസാർ എന്നിവിടങ്ങളിൽ ജിയോബാഗ് നിർമ്മാണവും നടക്കുന്നുണ്ടെന്നാണ് ജലസേചന മന്ത്രി പറയുന്നത്. എത്രമാത്രം നിരുത്തരവാദപരമായ പ്രസ്താവനയാണ് മന്ത്രിയുടേത്.

ചുരുങ്ങിയപക്ഷം സർക്കാർ എന്ത് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത് എന്ന കാര്യമെങ്കിലും മറുപടി പറയും മുൻപ് മന്ത്രി നോക്കേണ്ടതല്ലേ. കണ്ണമാലിയിൽ ജിയോട്യൂബ് കടൽഭിത്തി നിർമ്മാണം നടക്കുന്നില്ല. അവിടെ ഏതാനും മീറ്റർ ജിയോ ബാഗ് മണൽ നിറച്ചു വച്ചു കൊണ്ട് താൽക്കാലിക തടയണയാണ് സ്ഥാപിച്ചത്. അതാകട്ടെ കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പ്രഖ്യാപിച്ചതാണ്. ഇതിനെയാണ് ജിയോട്യൂബ് കടൽഭിത്തി നിർമ്മാണമായി മന്ത്രി ചിത്രീകരിക്കുന്നത്. ജിയോ ബാഗ് നിർമ്മാണം നടക്കുന്നതായി പറയുന്ന ഇടങ്ങളിൽ യഥാർത്ഥത്തിൽ നടക്കേണ്ടിയിരുന്നത് ജിയോ ട്യൂബ് കടൽഭിത്തി നിർമാണമാണ്. അതാകട്ടെ ഇപ്പോൾ ഒരിടത്തും നടക്കുന്നുമില്ല. വാസ്തവത്തിൽ മന്ത്രിസഭയിൽ പ്രസ്താവിച്ച പ്രകാരം യാതൊരു പ്രവൃത്തിയും ഇപ്പോൾ ചെല്ലാനത്ത് നടക്കുന്നില്ലെന്നും അഡ്വ. തുഷാർ നിർമ്മൽ പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊവിഡിലും മുന്നോട്ട്, ചെല്ലാനത്തെ ജനകീയ സമരം 172ാം ദിവസം; കടൽഭിത്തി നിർമ്മാണം അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്ന് സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ
ചെല്ലാനത്തെ കടലാക്രമണം; വസ്തുതകൾക്ക് മുന്നിൽ സർക്കാർ കണ്ണടയ്ക്കുമ്പോൾ
കരിങ്കൽ ഭിത്തിക്ക് പിന്നിൽ ടെട്രാപോഡുകൾ നിരത്തുമ്പോൾ