21 മിനിറ്റിൽ മൂന്ന് ഗോൾ; ഛേത്രിയുടെ പിൻഗാമി ഇവിടെയുണ്ട്!
അന്താരാഷ്ട്ര തലത്തിൽ കളിച്ച അനുഭവസമ്പത്തും പ്രതിഭയും ഒരു പക്ഷെ ഇഷാനെ ഛേത്രിയുടെ പിൻഗാമിയാക്കും. ടീം സെലക്ടർമാർ കാലങ്ങളായി തേടുന്ന സമസ്യയുടെ ഉത്തരം ഇവിടെയുണ്ട്!
നായകൻ സുനിൽ ഛേത്രിക്ക് പകരംവെക്കാൻ മറ്റൊരു സ്ട്രൈക്കറില്ല എന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ ഫുട്ബോൾ കടന്നുപോകുന്ന വലിയ പ്രതിസന്ധിയാണ്. ജെജെ, ബൽവന്ത് സിങ് തുടങ്ങിയ അനുഭവസ്ഥരെ മുതൽ ഫാറൂഖ് ചൗധരിയും മൻവീർ സിങ് തുടങ്ങിയ യുവനിരയെ വരെ മാറി മാറി പരീക്ഷിച്ചിട്ടും ഗോൾമുഖത്ത് അത്ഭുതങ്ങൾ തീർക്കാൻ സാധിക്കുന്ന ഒരു താരത്തെ കണ്ടെത്താൻ ഇന്ത്യയ്ക്കായിട്ടില്ല. ഇന്ത്യൻ ഫുട്ബോളിന്റെ ഈ സ്ട്രൈക്കർ ക്ഷാമത്തിന് മറുപടിയാകുകയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയ്ക്ക് വേണ്ടി കളിക്കുന്ന ഒരു ഇരുപത്തിരണ്ടുകാരൻ.
ഇഷാൻ പണ്ഡിത എന്നത് കഴിഞ്ഞ സീസൺ വരെ ഇന്ത്യൻ ഫുട്ബോളിന് അധികം പരിചയമില്ലാത്ത പേരാണ്. ഡൽഹിയിൽ ജനിച്ച കാശ്മീരി സ്വദേശി ഇന്ത്യൻ ഫുട്ബോൾ നിരീക്ഷകരുടെ റഡാറിൽ ആദ്യമായി കടന്നുകൂടുന്നത് 2014ലാണ്. തന്റെ പ്രതിഭ വികസിപ്പിക്കാനായി പതിനാറാം വയസിൽ സ്പെയിനിലേക്ക് ഒരു പറിച്ചുനടൽ. അൽക്കോബെൻഡസ് അക്കാദമിയിലെത്തിയ താരം വൈകാതെ തന്നെ സെലക്ടര്മാരുടെയും കണ്ണിൽപ്പെട്ടു. ലാ ലീഗ സെക്കൻഡ് ഡിവിഷൻ ക്ലബായ അൽമേറിയയിലെത്തിയ താരത്തിന് ടീമിൽ അവസരം കിട്ടാഞ്ഞത് പതിനെട്ട് വയസ്സ് തികയാത്തതിന്റെ പേരിൽ. എന്നാൽ ഇഷാന്റെ കരിയർ ഗ്രാഫ് അവിടെ നിന്നില്ല.
ഇഷാനെ തേടി പിന്നീട് വന്നത് ലാ ലീഗ ക്ലബ്ബായ ലെഗനെസ് ആയിരുന്നു. 2016ൽ ലേഗനസിന്റെ അണ്ടർ 19 ടീമിൽ കളിക്കുമ്പോൾ സ്പാനിഷ് ടോപ് ഡിവിഷൻ ക്ലബിന് വേണ്ടി ബൂട്ടണിഞ്ഞ ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോഡും ഇഷാന്റെ പേരിൽ. പിന്നെയും ഒന്നിലേറെ സ്പാനിഷ് ക്ലബ്ബുകൾ. ഒടുവിൽ 2019ൽ തേർഡ് ഡിവിഷൻ ക്ലബ്ബായ ലോർകയ്ക്ക് വേണ്ടി കളിച്ചത് 26 മത്സരങ്ങൾ. നേടിയത് ആറ് ഗോളുകൾ. ക്ലബ്ബിന്റെ 2019-20 സീസണലെ ടോപ്സ്കോററായി ഇഷാൻ. അങ്ങനെയിരിക്കെയാണ് കൊറോണ വന്നതും ഇഷാനിന് നാട്ടിലേക്ക് മടങ്ങി വരേണ്ടിവരുന്നതും. രണ്ടു സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ചുകൊണ്ട് ഇഷാൻ പണ്ഡിത വാങ്ങിക്കയറിയത് ഗോവയിലേക്കാണ്.
ഹുവാൻ ഫെറൻഡോ എന്ന നാല്പതുകാരനായ പരിശീലകന് കീഴിൽ മികച്ച സീസണിലൂടെ കടന്നുപോകുന്ന ഗോവയിൽ ഇഷാൻ പണ്ഡിറ്റ ഇതുവരെ കളിച്ചത് 21 മിനിറ്റ് മാത്രം. പക്ഷെ കണ്ടെത്തിയത് മൂന്ന് ഷോട്ട്, അത് മൂന്നും ഗോളുകൾ! പ്രതിഭാധനർ നിരന്ന എഫ്സി ഗോവയിൽ ഇഷാന് മത്സരം ഏറെയാണ്. ദേശീയ ടീം സെലക്ടർമാരും ഇഷാനെ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. കൂടുതൽ അവസരം കിട്ടുകയാണെങ്കിൽ ഇന്ത്യൻ ഫുട്ബോൾ തേടുന്ന പരമ്പരാഗത 'നമ്പർ 9' ആണ് ഇഷാൻ പണ്ഡിറ്റ. അന്താരാഷ്ട്ര തലത്തിൽ കളിച്ച അനുഭവസമ്പത്തും പ്രതിഭയും ഒരു പക്ഷെ ഇഷാനെ ഛേത്രിയുടെ പിൻഗാമിയാക്കും. ടീം സെലക്ടർമാർ കാലങ്ങളായി തേടുന്ന സമസ്യയുടെ ഉത്തരം ഇവിടെയുണ്ട്!
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!