താളം തെറ്റിയ വാക്സിനേഷന്, കുളമ്പുരോഗം വീണ്ടും; ആശങ്കയില്‍ ക്ഷീര കര്‍ഷകര്‍
ജനിച്ച കാലം മുതല്‍ പശുവിനെ വളര്‍ത്തുന്നതാണ് ഞാന്‍. 2009ലും 2013ലും ഇതിന് മുമ്പ് കുളമ്പ് രോഗം വന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇങ്ങനെ സംഭവിച്ചിട്ടില്ല. 2013ല്‍ നാക്കിലെ തൊലി വരെ കുളമ്പ് പനി വന്നിട്ട് ഊരിയിരുന്നു. നാക്കില്‍ മരുന്നൊക്കെ പുരട്ടി കൊടുത്തിരുന്നു, അതിന് ശേഷം ഈ വക അസുഖങ്ങളൊന്നും ഇല്ലാതിരിക്കുവായിരുന്നു. ഇത്തവണയാണ് ഇത്രമേല്‍ കടുത്ത് വന്നത്.
മനുഷ്യര്‍ക്ക് ഇടയില്‍ കൊവിഡ്, ഡെങ്കിപ്പനി എന്നിവ പടരുന്നതിനിടെയാണ് ആലപ്പുഴയില്‍ നേരത്തെ പക്ഷിപ്പനി എത്തിയത്. ഇപ്പോള്‍ ഇതാ നിയന്ത്രണ വിധേയമായി എന്ന് കരുതിയ കുളമ്പുരോഗമാണ് ഇരുന്നൂറോളം പശുക്കളില്‍ ബാധിച്ചതായി കണ്ടെത്തിയത്. രണ്ട് മാസം മുന്‍പ് പുന്നപ്ര, പറവൂര്‍, കഞ്ഞിപ്പാടം, കുറവന്തോട് എന്നിവിടങ്ങളിലായിരുന്നു ആദ്യം രോഗബാധ കണ്ടെത്തിയത്. ഇപ്പോഴാകട്ടെ മാവേലിക്കരയില്‍ ബുധനൂര്‍, പാണ്ടനാട്ട്, തഴക്കര എന്നി പഞ്ചായത്തുകളിലെ നിരവധി പശുക്കളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പറവൂരും പുന്നപ്രയിലുമെല്ലാം കര്‍ഷകര്‍ മൃഗസംരക്ഷണ വകുപ്പിനെതിരെയായിരുന്നു ആദ്യം രംഗത്ത് എത്തിയത്. സമാന സാഹചര്യമാണ് മാവേലിക്കരയിലും. കൊവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷമായി കുളമ്പുരോഗത്തിനായുളള വാക്സിന് വിതരണം കൃത്യമായി നടന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. മൃഗാശുപത്രിയില്‍ പോയി ബഹളം ഉണ്ടാക്കേണ്ട അവസ്ഥയിലേക്കും ചിലയിടത്ത് കാര്യങ്ങള്‍ എത്തി.
പറവൂരിലെ ക്ഷീര കര്‍ഷകനായ സുനിയുടെ അഞ്ചുമാസം ചെനയുളള കിടാവ് അടക്കം നാലുപശുക്കളാണ് ഒന്നരമാസത്തിനുളളില്‍ ചത്തത്. ഒന്നേകാല്‍ ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുമൂലം തനിക്ക് ഉണ്ടായതെന്നും അദ്ദേഹം ഏഷ്യാവില്‍ മലയാളത്തോട് പറഞ്ഞു. അഞ്ച് മാസം ചെനയുളള കിടാവിന് മാത്രം എങ്ങനെ നോക്കിയാലും നമുക്ക് അറുപതിനായിരം രൂപ വിറ്റിരുന്നേല്‍ കിട്ടിയേനെ. കൂടാതെ ഒമ്പത് ലിറ്റര്‍ പാല് കിട്ടുന്നൊരു പശു, ഒമ്പത് മാസം പ്രായമുളള കിടാവ് എന്നിവയും നഷ്ടമായതില്‍ ഉള്‍പ്പെടും. ഇതിന്റെ പ്രധാന കാരണം കൊവിഡ് മൂലം മൃഗാശുപത്രിയില്‍ നിന്ന് വാക്സിനേഷന് നടത്താന്‍ വന്നിരുന്നില്ല എന്നത് തന്നെയാണ്.

ജനിച്ച കാലം മുതല്‍ പശുവിനെ വളര്‍ത്തുന്നതാണ് ഞാന്‍. 2009ലും 2013ലും ഇതിന് മുമ്പ് കുളമ്പ് രോഗം വന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇങ്ങനെ സംഭവിച്ചിട്ടില്ല. 2013ല്‍ നാക്കിലെ തൊലി വരെ കുളമ്പ് പനി വന്നിട്ട് ഊരിയിരുന്നു. നാക്കില്‍ മരുന്നൊക്കെ പുരട്ടി കൊടുത്തിരുന്നു, അതിന് ശേഷം ഈ വക അസുഖങ്ങളൊന്നും ഇല്ലാതിരിക്കുവായിരുന്നു. ഇത്തവണയാണ് ഇത്രമേല്‍ കടുത്ത് വന്നത്. കഞ്ഞിപ്പാടം ഭാഗത്തൊക്കെ ഒരുപാട് നഷ്ടം വന്നു. ക്ഷീര വികസന വകുപ്പില്‍ നിന്ന് ഒരു കിടാവിന് നഷ്ടപരിഹാരം കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. അപേക്ഷ കൊടുത്തതിന് പ്രകാരം 15,000 രൂപ ലഭിക്കുമെന്നാണ് അവര്‍ അറിയിച്ചത്. ബാക്കി ചത്ത മൂന്നിനും നഷ്ടപരിഹാരമൊന്നും കിട്ടില്ല. നാല് പശുക്കളെ നഷ്ടമായെങ്കിലും സ്ഥിരമായി പാല്‍കൊടുക്കുന്നത് മുടങ്ങണ്ടാ എന്ന് കരുതി വീണ്ടും മൂന്ന് പശുക്കളെ കൂടി വാങ്ങിയിട്ടുണ്ട്. അങ്ങനെ ആകെ ഏഴ് കറവ പശുക്കള്‍ ഇപ്പോഴുണ്ട്. 13 അമ്പലങ്ങളില്‍, മാസ പൂജയ്ക്ക് അടക്കം ഞാന്‍ പാല് കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പശുക്കള്‍ ഇല്ലാതായാല്‍ നമ്മളെ അത് വലുതായി ബാധിക്കും.
2018ലെ പ്രളയ സമയത്ത് ആട്, താറാവ്, കോഴി, പശു, പട്ടി അടക്കം 124 ജീവികളുമായിട്ടാണ് ഞാന്‍ പറവൂര്‍ സ്കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ എത്തുന്നത്. 19 ദിവസം അവിടെ താമസിച്ച ശേഷം വെളളം ഇറങ്ങിയോ എന്നറിയാനായി ഞാന്‍ വീട്ടിലെത്തിയപ്പോള്‍, ഉയരത്തില്‍ തയ്യാറാക്കി വെച്ചിരുന്ന കോഴിക്കൂടിലെ 31 കോഴികളും വെളളപ്പൊക്കത്തില്‍ ചത്തുപോയി. ഇതില്‍ ഒരെണ്ണത്തിന് തന്നത് 50 രൂപ, ആകെ ലഭിച്ചത് 1,550 രൂപ. നല്ല രീതിയില്‍ പറഞ്ഞാല്‍ അതുകൊണ്ട് മൂന്ന് കോഴിയെ വാങ്ങാന്‍ കഴിയില്ല, അതാണ് സര്‍ക്കാരില്‍ നിന്നുളള സഹായം. അതിന്റെ കഥകള്‍ പറയാതിരിക്കുന്നതാണ് ഭേദമെന്നും സുനി പറയുന്നു.

മൂന്ന് മാസം മുന്‍പ് ജില്ലയിലെ പല പഞ്ചായത്തുകളിലും കുളമ്പ് രോഗം വ്യാപകമായിരുന്നു. ഇതില്‍ നിന്നും കര്‍ഷകര്‍ മോചിതരായി വരുമ്പോഴാണ് വീണ്ടും വൈറസ് ബാധ എത്തുന്നത്. പശു, എരുമ, പന്നി, ആട്, ചെമ്മരിയാട്, ആന എന്നി മൃഗങ്ങളെയാണ് സാധാരണയായി പിക്കാര്ണോ വൈറിഡേ എന്ന ജനുസിലെ രോഗകാരണമായ വൈറസ് ബാധിക്കുക. വായുവിലൂടെയും തീറ്റ, പുല്ല്, വെളളം എന്നിവയിലൂടെയും കുളമ്പ് രോഗം പശുക്കളില്‍ പകരും. ശക്തമായ പനി, മൂക്കിലൂടെയുളള നീരൊലിപ്പ്, തീറ്റയെടുക്കാതിരിക്കല്‍, അയവെട്ടാതിരിക്കല്‍, പാല്‍കുറയല്‍ എന്നിവയാണ് കുളമ്പ് രോഗം മനസിലാകാനുളള ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കാണിച്ച് രണ്ടുദിവസത്തിന് ശേഷം വായ്, മൂക്ക്, കുളമ്പ്, അകിട് എന്നിവയ്ക്ക് അരികില്‍ ചെറിയ കുമിളകള്‍ ഉണ്ടാകുകയും അത് പൊട്ടി വ്രണമാകുകയും ചെയ്യും.
കുളമ്പ് രോഗം വന്ന കന്നുകാലികളെ പരിചരിക്കുമ്പോള്‍ അവയെ പ്രത്യേകം മാറ്റിപ്പാര്‍ക്കാന്‍ ശ്രദ്ധിക്കണം. ഓരോ തവണയും അതിനെ പരിചരിക്കുന്നവര്‍ കൈയ്യും കാലും അണുവിമുക്തമാക്കണം. രോഗമുളളവയെ തീറ്റക്കായി പുറത്ത് കൊണ്ടുപോകരുത്. ബുധനൂര്‍ പഞ്ചായത്തില്‍ 160ഓളം പശുക്കള്‍ക്ക് രോഗമുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. പാണ്ടനാട്ടിലും രണ്ടുമാസത്തിനിടെ 160 പശുക്കള്‍ക്കാണ് കുളമ്പുരോഗം വന്നത്. ഇതില്‍ 85 പശുക്കളും ബാക്കി കിടാവുകളുമാണ്. തഴക്കര പഞ്ചായത്തിലെ 14 പശുക്കളിലാണ് പുതിയതായി രോഗം കണ്ടെത്തിയത്. കാലിന്റെ കുളമ്പ് വ്രണം ബാധിച്ച് വീര്‍ത്ത നിലയിലാണ്. അതിലൂടെ ചോരയൊലിക്കുന്നു, പുഴുവരിക്കുന്നവയുമുണ്ട്. ഉളളിലെ വ്രണം കാരണം തീറ്റയെടുക്കാനാകാതെ പല പശുക്കളും തളര്‍ന്ന് കിടക്കുകയാണ്.

വാക്സിന് അല്ലാതെ കുളമ്പ് രോഗത്തിന് പ്രത്യേകമായി മരുന്നൊന്നും ഇല്ലെന്ന് യുവകര്‍ഷകനായ അപ്പു പറയുന്നു. ഓരോ ലക്ഷണങ്ങള്‍ക്കും ഓരോന്നായി അതിനുളള നടപടികള്‍ ചെയ്യും. വായിലെ തൊലി പോകുന്നേരം അതിനുളള മരുന്ന്, അകിട്ടിലെ തൊലി പോകുന്നേരം അതിനുളള ഓയില്‍മെന്റ്, തീറ്റ എടുക്കാതിരിക്കുന്നേരം ഇതിനുളള മരുന്ന് അങ്ങനെയാണ് നല്‍കുക.
വായിലാണ് വരുന്നതെങ്കില്‍ തീറ്റ എടുക്കാന്‍ പറ്റാതെ പശു ചത്ത് പോകും. പിന്നെ ചിലതിന്റെ കുളമ്പില്‍ വരും. കാല് പഴുത്ത്, അതില്‍ മുട്ട ഇട്ട് കുളമ്പ് ഊരി പോകും. അകിടിന് വന്നാല്‍ തൊലി പോയി കറക്കാന്‍ പറ്റില്ല. അന്നേരം അത് അകിട് വീക്കം ആയി മാറും. അങ്ങനെ ഓരോ രീതിയിലാണ് വരുന്നത്. വായിക്കകത്ത് വരുന്നതാണ് കൂടുതല്‍ അപകടം. അത് വന്നാലാണ് തീറ്റ എടുക്കാതെ ചാകുന്നത്. രോഗം ബാധിച്ച പശുക്കളില്‍ നിന്നുളള പാലിന്റെ അളവും കുറയും. രണ്ട്-മൂന്ന് ലിറ്റര്‍ പാല് മാത്രെ കിട്ടു. കൊവിഡ് എന്ന കാരണം പറഞ്ഞ് പറവൂര്‍ മൃഗാശുപത്രിയില്‍ നിന്നുളള വാക്സിനേഷന് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പിന്നീട് സംഘത്തിലുളള എല്ലാവരും കൂടി പോയി ബഹളം ഉണ്ടാക്കിയ ശേഷമാണ് അവര്‍ വാക്സിനേഷന് നല്‍കാനായി എത്തിതുടങ്ങിയത്. ആരോഗ്യമുളള പശുക്കളെ മാത്രമേ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാവു എന്നാണ്. വാക്സിനേഷന് എടുത്താലും കുളമ്പ് രോഗം രണ്ടാഴ്ചയ്ക്കുളളില്‍ വരാനും വരാതിരിക്കാനും സാധ്യതയുണ്ട്. ആറ് മാസത്തില്‍ ഒരിക്കലാണ് വാക്സിനേഷന് നല്‍കേണ്ടത്. കുളമ്പ് രോഗഭീഷണി വന്നതിന് ശേഷം ഒരു ചാക്ക് കാലിത്തീറ്റ മാത്രമാണ് സംഘത്തില്‍ നിന്ന് ലഭിച്ചതെന്നും അപ്പു വ്യക്തമാക്കി.

പാണ്ടനാട്ടെ കര്‍ഷകര്‍ കുളമ്പുരോഗത്തിനെതിരെ ഒരു പ്രകൃതി ചികിത്സയും പരീക്ഷിക്കുന്നുണ്ട്. തമിഴ്നാട് സ്വദേശിയായ വെറ്ററിനറി സര്ജന് പുണ്യമൂര്‍ത്തി പ്രചരിപ്പിച്ചതാണ് ഈ പ്രകൃതി ചികിത്സ. ജീരകം, ഉലുവ എന്നിവ കുതിര്‍ത്തശേഷം കുരുമുളക്, ഒരു ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, നാല് അല്ലി വെളുത്തുളളി, അരമുറി തേങ്ങാപ്പീര, ശര്‍ക്കര എന്നിവ ചേര്‍ത്ത് ചതച്ച് ചെറുനാരങ്ങ വലുപ്പത്തില്‍ മൂന്ന് നേരം വീതം അഞ്ച് ദിവസം പശുക്കള്‍ക്ക് നല്‍കുന്നതാണ് ഈ ചികിത്സാ വിധി.
കുറവന്തോട് കിഴക്കുളള ഉഷയുടെ രണ്ട് മാസം പ്രായമായ കിടാവാണ് കുളമ്പ് രോഗത്തെ തുടര്‍ന്ന് ചത്തത്. ചര്ത്തലയിലുളള ഒരു കച്ചവടക്കാരന്റെ കയ്യില്‍ നിന്നും വാങ്ങിയ തളളയും കുഞ്ഞുമായിരുന്നു. ഇതില്‍ തളളപ്പശുവിന് നമ്മള് കുത്തിവെപ്പ് എടുത്തിരുന്നു. എന്നാല്‍ കുഞ്ഞിന് എടുത്തിരുന്നില്ല. കുഞ്ഞ് കുളമ്പുരോഗം വന്ന് ചത്തു. കുഞ്ഞിനെ കൊണ്ടുവന്നപ്പോഴെ അസുഖം ഉണ്ടായിരുന്നുവെന്നാണ് പിന്നീട് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത്. സൊസൈറ്റിയില്‍ നിന്നും 700 രൂപ മാത്രമാണ് പിന്നീട് കിട്ടിയത്. ക്ഷീര വികസന വകുപ്പില്‍ നിന്നും കിട്ടുമെന്ന് പറഞ്ഞു. എന്നാല്‍ ഇതുവരെ ധനസഹായം ഒന്നും ലഭിച്ചിട്ടില്ലെന്നും ഉഷ പറഞ്ഞു.
ഈ വര്‍ഷം രണ്ടുഘട്ട വാക്സിനും ലഭ്യമായില്ലെന്ന് ചില കര്‍ഷകര്‍ പറയുന്നു. പ്രതിരോധ വാക്സിന് ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്നാണ് അധികൃതരും സൂചിപ്പിക്കുന്നത്. ബുധനൂര്‍, പാണ്ടനാട് പഞ്ചായത്തുകളില്‍ കുളമ്പുരോഗം വ്യാപകമായിട്ടും മൃഗസംരക്ഷണ വകുപ്പ് ഒഴിഞ്ഞുമാറുന്നതില്‍ പ്രതിഷേധിച്ച് ക്ഷീരകര്‍ഷകര്‍ സമരത്തിലേക്ക് നീങ്ങുകയുമാണ്. ബുധനൂര്‍, പാണ്ടനാട് പഞ്ചായത്തുകളിലായി 15 കന്നുകാലികളാണ് ഒരാഴ്ചയ്ക്കുളളില്‍ ചത്തത്. ഒരു വര്‍ഷമായി വാക്സിനേഷന് മുടങ്ങിയിട്ടെന്നും കുറച്ച് മരുന്ന് കൊണ്ടുവന്ന് തന്നതല്ലാതെ മറ്റൊരു സേവനവും മൃഗാശുപത്രികളില്‍ നിന്നും ലഭിക്കുന്നില്ലെന്നുമാണ് കര്‍ഷകരുടെ പരാതി. കുളമ്പ് രോഗം തൊട്ട് അടുത്ത പ്രദേശത്തേക്ക് വ്യാപിക്കുന്നത് തടയാന്‍ വെറ്ററിനറി അധികൃതര്‍ സജീവമായി ഇടപെടണമെന്നും വാക്സിനേഷന് നടത്തണമെന്നുമാണ് ക്ഷീരകര്‍ഷകരുടെ ആവശ്യം. കൊവിഡ് ദുരിതകാലത്ത് പലരുടെയും ആകെയുളള വരുമാനമാണ് പശുവളര്‍ത്തലും പാല് കച്ചവടവും. കുളമ്പ് രോഗത്തിന്റെ പിടിയില്‍ ഓരോ പ്രദേശങ്ങള്‍ പെടുന്നതോടെ പാല് കുറയുന്നത് മുതല്‍ കന്നുകാലികളുടെ മരണം വരെ വലിയ തിരിച്ചടിയാണ് കര്‍ഷകര്‍ക്ക് സമ്മാനിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കെഇഎന്‍ അഭിമുഖം| രാമസഭ, രാമക്ഷേത്രം, സ്വാതന്ത്ര്യസമരം: ഭരണകൂടം കൂട്ടിക്കെട്ടുന്ന വൈരുധ്യങ്ങള്‍
പാസഞ്ചറുകളില്ല, പോക്കറ്റ് കീറുന്ന ടിക്കറ്റ് നിരക്കും; പാളം തെറ്റുന്ന കുടുംബ ബജറ്റ്