അറബിക്കടലില്‍ അമേരിക്കന്‍ കമ്പനി: മത്സ്യതൊഴിലാളി സംഘടനകള്‍ എന്തുകൊണ്ട് എതിര്‍ക്കുന്നു?
ആഴക്കടല്‍ മേഖലയിലാണ് 400 ബോട്ടുകള്‍ ആദ്യം നിര്‍മ്മിച്ച് ഇറക്കുക എന്നാണ് ഇവര്‍ പറയുന്നത്. ഇന്ത്യയിലെ ആഴക്കടലില്‍ 2.3 ലക്ഷം ടണ്‍ ചൂരയും 6.2 ലക്ഷം ടണ്‍ കണവയും പിടിക്കപ്പെടേണ്ടതായിട്ടുണ്ടെന്നാണ് 2019ല്‍ ഇന്ത്യാ സര്‍ക്കാര്‍ വിലയിരുത്തിയത്. ഇത് പിടിച്ചെടുക്കാന്‍ ഇന്ത്യയില്‍ മൊത്തത്തില്‍ 270 യാനങ്ങള്‍ മതിയാകുമെന്നാണ് ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങള്‍ വിലയിരുത്തുന്നത്.
കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം വീണ്ടുമൊരു വലിയ സമരത്തിലേക്ക് ഇറങ്ങുകയാണ്. മുഖ്യമന്ത്രിയുടെ നേരിട്ടുളള നിയന്ത്രണത്തിന് കീഴിലുളള കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയും ചേര്‍ന്ന് അറബിക്കടലില്‍ നാന്നൂറോളം ട്രോളറുകള്‍ ഇറക്കുവാന്‍ ധാരണാപത്രം ഒപ്പുവെച്ചതിനെ തുടര്‍ന്നാണ് സമരമുഖം തുറന്നത്. മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞെന്ന വിവിധ പഠനങ്ങള്‍ നിലവിലുളളപ്പോള് വീണ്ടും നൂറ് കണക്കിന് ട്രോളറുകള്‍ അതും വിദേശകമ്പനിയുടെ കീഴില്‍ കടലില്‍ ഇറക്കാനുളള തീരുമാനം മത്സ്യമേഖലയെ അടിമുടി തകര്‍ക്കുന്നതാണെന്നാണ് വിവിധ മത്സ്യത്തൊഴിലാളി സംഘടനകളും സമുദ്രവുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തിയിട്ടുളള വിദഗ്ധരും വ്യക്തമാക്കുന്നത്.
പാരിസ്ഥിതകമായും സാമ്പത്തികമായും തൊഴില്‍പരമായും വലിയ നഷ്ടമുണ്ടാക്കുന്ന ഈ പദ്ധതിയില്‍ ഒപ്പുവെക്കുന്നതിന് മുന്‍പ് ഫിഷറീസ് ഡിപ്പാര്ട്ടുമെന്റുമായിട്ടോ, ക്യാബിനറ്റിലോ, മേഖലയിലെ വിദഗ്ധരോടോ, ഗവേഷണ സ്ഥാപനങ്ങളോടോ ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഏറെ ദുരൂഹതകളാണ് ഈ കരാറിന് പിന്നിലുളളതെന്നും മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതാക്കന്മാര് ഏഷ്യാവില്‍ മലയാളത്തോട് പറഞ്ഞു.

400 ട്രോളറുകള്‍, 25,000 തൊഴില്‍ അവസരങ്ങള്‍-വിവാദ പദ്ധതി എന്ത് ?
സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി ആദ്യം സംഘടിപ്പിച്ച അസന്‍ഡ് നിക്ഷേപ സമാഹരണ പരിപാടിയിലാണ് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയും ചേര്‍ന്ന് 2,950 കോടിയുടെ പുതിയ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ട്രോളറുകളുടെ നിര്‍മ്മാണം, ഇവ ഉപയോഗിച്ച് മത്സ്യബന്ധനം, തുറമുഖ വികസനം, മത്സ്യസംസ്കരണം, കയറ്റുമതി എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. കേരളതീരത്ത് മത്സ്യബന്ധനം നടത്താനായി 400 ട്രോളറുകളാണ് കെഎസ്ഐഎന്‍സിയുടെ സഹായത്തോടെ ഇഎംസിസി ഇവിടെ നിര്‍മ്മിക്കുക. രാജ്യാന്തര തലത്തിലുളള ഒരു ട്രോളര്‍ നിര്‍മ്മിക്കുവാനായി ഏകദേശം രണ്ടുകോടി രൂപയാണ് ചെലവാകുന്നത്. ഇത്തരത്തില്‍ ട്രോളറുകള്‍ നിര്‍മ്മിച്ച് നിലവിലുളള മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറുമെന്നാണ് പറയുന്നത്.
ഇത്രയും ട്രോളറുകള്‍ മത്സ്യബന്ധനം നടത്തി തിരിച്ചെത്തുമ്പോള്‍ അവയ്ക്ക് അടുക്കാന്‍ നിലവില്‍ കേരളത്തിലെ ഹാര്‍ബറുകളില്‍ ആവശ്യത്തിന് സൗകര്യമില്ല. അതിനായി പുതിയ ഹാര്‍ബറുകളും കെഎസ്ഐഎന്‍സി വികസിപ്പിക്കും. കൂടാതെ ആഴക്കടല്‍ മത്സ്യബന്ധനത്തിലൂടെ ശേഖരിക്കുന്ന മത്സ്യങ്ങള്‍ സംസ്കരിക്കുന്നതിനായി ഇഎംസിസി കേരളത്തില്‍ യൂണിറ്റുകള്‍ തുറക്കും. ഇവിടെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണന. കേരളത്തില്‍ തുറക്കുന്ന 200 ഔട്ലെറ്റുകള് വഴി സംസ്കരിച്ച മത്സ്യം വിറ്റഴിക്കുന്നതിനൊപ്പം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും ഇഎംസിസി പ്രസിഡന്റായ ഷിജു വര്‍ഗീസ് പറയുന്നു.
ഇഎംസിസിയുടെ കടന്നുവരവോടെ 25000ല്‍പരം തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കെഎസ്ഐഎന്‍സി എംഡി എന്‍. പ്രശാന്ത് വ്യക്തമാക്കുന്നത്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) ഒരു ട്രോളര്‍ സൗജന്യമായി നല്‍കും. സിഎംഎഫ്ആര്‍ഐയുടെ ഗവേഷണത്തെ അടിസ്ഥാനമാക്കി പ്രകൃതിക്ക് കോട്ടം തട്ടാത്ത മത്സ്യബന്ധനമാണ് ലക്ഷ്യം. ഇതിലൂടെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ.

മല്‍സ്യത്തൊഴിലാളികള്‍ക്കായി ആശുപത്രികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കുന്നതിനും പദ്ധതിയില്‍ പണം വകയിരുത്തിയിട്ടുണ്ട്. ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്ന ഈ മത്സ്യബന്ധന പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഈ മേഖലയില്‍ പൂര്‍ണമായും കേരളത്തിന്റെ കയ്യൊപ്പ് പതിയും. കേരളത്തിലെ ഏറ്റവും വലിയ വിദേശനിക്ഷേപങ്ങളിലൊന്നായി ഈ പദ്ധതി മാറുമെന്നും കെഎസ്ഐഎന്‍സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ക്ക് ഓര്‍ഡറാണിതെന്നും പ്രശാന്ത് പറയുന്നു. എന്നാല്‍ കെഎസ്ഐഎന്‍സിയും ഇഎംസിസിയും പറയുന്ന കാര്യങ്ങള്‍ അടിമുടി ദുരൂഹത നിറഞ്ഞതാണെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നത്. സമുദ്രത്തിലെ മത്സ്യലഭ്യതയുടെയും മത്സ്യബന്ധന യാനങ്ങളുടെയും കണക്കുകള്‍ നിരത്തിയാണ് ഇത്തരമൊരു പദ്ധതിയെ എന്തുകൊണ്ടാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് ഇവര്‍ വിശദീകരിക്കുന്നത്.
എന്തുകൊണ്ടാണ് പദ്ധതി എതിര്‍ക്കപ്പെടേണ്ടത്, ചാള്‍സ് ജോര്‍ജ് പറയുന്നു
ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്പ്പറേഷന് ഒപ്പിട്ട കരാര്‍ പ്രകാരം 2,950 കോടി രൂപ മുതല്‍മുടക്കില്‍ മത്സ്യബന്ധനം, വിപണനം. കയറ്റുമതി, ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ അടങ്ങിയ മേഖലയിലാണ് നിക്ഷേപ പദ്ധതി വരുന്നത്. കേരളത്തിലെ ഫിഷറീസ് വകുപ്പിനെയോ, ഫിഷറീസ് മന്ത്രിയെയോ അറിയിക്കാതെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുളള ഈ പദ്ധതി നടപ്പാക്കപ്പെടുന്ന പക്ഷം സമുദ്ര മത്സ്യ ബന്ധന മേഖല സമ്പൂര്‍ണമായ തകര്‍ച്ചയെയാണ് നേരിടേണ്ടി വരിക. ബിഒഒടി പ്രകാരമാണ് ഈ പദ്ധതി വരിക. കടലുമായോ, സീ ഫുഡുമായോ ബന്ധമില്ലാത്ത, ഗോള്‍ഫ് കോഴ്സുകള്‍ നടത്തുന്ന കമ്പനിയാണ് ഇഎംസിസി എന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയായ ചാള്‍സ് വ്യക്തമാക്കുന്നു.
ആഴക്കടല്‍ മേഖലയിലാണ് 400 ബോട്ടുകള്‍ ആദ്യം നിര്‍മ്മിച്ച് ഇറക്കുക എന്നാണ് ഇവര്‍ പറയുന്നത്. ഇന്ത്യയിലെ ആഴക്കടലില്‍ 2.3 ലക്ഷം ടണ്‍ ചൂരയും 6.2 ലക്ഷം ടണ്‍ കണവയും പിടിക്കപ്പെടേണ്ടതായിട്ടുണ്ടെന്നാണ് 2019ല്‍ ഇന്ത്യാ സര്‍ക്കാര്‍ വിലയിരുത്തിയത്. ഇത് പിടിച്ചെടുക്കാന്‍ ഇന്ത്യയില്‍ മൊത്തത്തില്‍ 270 യാനങ്ങള്‍ മതിയാകുമെന്നാണ് ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങള്‍ വിലയിരുത്തുന്നത്. കേരളത്തിലാകട്ടെ 37 ട്യൂണ ലോംഗ് ലൈനറുകളും 11 സ്ക്വിഡ് ജിഗ്ഗറുകളും അടക്കം കേവലം 48 യാനങ്ങള്‍ മതിയാകുമെന്ന് മത്സ്യ ഗവേഷണ സ്ഥാപനങ്ങളും വിലയിരുത്തിയിട്ടുണ്ട്. ട്രോളറുകള്‍ ഈ മേഖലയില്‍ ആവശ്യം ഇല്ലെന്നിരിക്കെ 400 ട്രോളറുകളും തീരക്കടലിലോ തൊട്ട് അടുത്തുളള പുറംകടലിലോ ആയിരിയ്ക്കും പ്രവര്‍ത്തിക്കുക. നിലവില്‍ പ്രവര്‍ത്തിക്കുന്ന ട്രോളറുകള്‍ തന്നെ ഇവിടെ അധികമാണ്. കേരളത്തിലെ 10 ലക്ഷത്തോളം വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനത്തിന് തന്നെ ഇത് ഭീഷണിയാകും.

കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കായി 10 ആഴക്കടല്‍ ബോട്ടുകള്‍ ബോട്ടുകള്‍ നിര്‍മ്മിക്കുന്നതിന് ഫിഷറീസ് വകുപ്പ് കൊച്ചിന് ഷിപ്പ് യാര്‍ഡുമായി ധാരണയില്‍ എത്തിയത് അടുത്തിടെയാണ്. സംസ്ഥാന ബജറ്റിലും ഈ തുക വകയിരുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം ഇതോടെ അപ്രസക്തമാകും. രണ്ട് വര്‍ഷം മുമ്പ്തന്നെ സഹകരണ മേഖലയില്‍ 47 യാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള പദ്ധതി സംസ്ഥാനം തയ്യാറാക്കി കേന്ദ്രത്തിന് അയച്ചുകൊടുത്തിരുന്നതാണ്. 2000 കോടി രൂപയുടെ ഈ കേന്ദ്രപദ്ധതി പ്രകാരം കേരളത്തിന് 74 കോടി രൂപ അനുവദിച്ച് കിട്ടേണ്ടതായിരുന്നു. എന്നാല്‍ തമിഴ്നാടിന് 800 കോടി രൂപ നല്കിയ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഒരു രൂപപോലും അനുവദിച്ചില്ല. സംസ്ഥാന ബഡ്ജറ്റില്‍ ഈ സാഹചര്യത്തിലാണ് തുക നീക്കിവെച്ചത്. പുതിയ പദ്ധതി വരുന്നതോടെ ഇതിന്റെ അവസ്ഥ എന്താകുമെന്ന് പറയാന്‍ കഴിയില്ല.
ആഴക്കടല്‍ എന്നുപറയും, പിടികൂടുക ഉപരിതല മത്സ്യങ്ങളെ, ജാക്സണ് പൊളളയില്‍
ഒരു ഇടതുപക്ഷ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഈ കരാറെന്നും ഇതില്‍ വലിയ അഴിമതിയുണ്ടോ എന്ന് സംശയിക്കപ്പെടേണ്ടി ഇരിക്കുന്നുവെന്നാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതാവായ ജാക്സണ് പൊളളയില്‍ വ്യക്തമാക്കുന്നത്. കാരണം നമ്മുടെ സിഎംഎഫ്ആര്‍ഐയ്ക്ക്, ഗവേഷണ ആവശ്യത്തിനായി ഒരു കപ്പല്‍ വെറുതെ കൊടുക്കുമെന്ന് കരാറില്‍ പറഞ്ഞിട്ടുണ്ട്. പോകാന്‍ പോകുന്ന പോക്കില്‍ ഇത്തരം ഒരു കരാറില്‍ ഒപ്പുവെക്കുന്നതില്‍ വലിയ ഉദ്ദേശ ലക്ഷ്യങ്ങളുണ്ട്. അപ്പോള്‍ അവരുടെയും മൗനാനുവാദം ഇതിനുണ്ട്. ഇത്തരമൊരു സംരംഭം വന്നുകഴിഞ്ഞാല്‍ നമ്മുടെ ഉപരിതല മത്സ്യങ്ങളും ഇവര്‍ പിടികൂടും. കാരണം ലോക്കലായി തന്നെ ചില സ്വകാര്യ സംരംഭകര്‍ ഇത്തരത്തിലേക്ക് മാറിയിട്ടുണ്ട്.
ആഴക്കടല്‍ മത്സ്യങ്ങളെ മാത്രം പിടിക്കാനുളള യന്ത്രവത്കൃത ബോട്ടുകള്‍ പലപ്പോഴും ഉപരിതല മത്സ്യങ്ങളെ പിടികൂടാനായി തീരത്തേക്ക് വരാറുണ്ട്. ഇപ്പോള്‍ ചൈനീസ് എന്ജിന് ഉപയോഗിച്ച് കൊണ്ട് ഒരു ഗിയറില്‍ തന്നെ ഉപരിതലത്തിലെയും മധ്യത്തിലെയും ആഴക്കടലിലെയും മൂന്ന് തലങ്ങളിലെയും മത്സ്യങ്ങളെ ഒരുപോലെ പിടിക്കാന്‍ കഴിയുന്ന സംവിധാനം ചില യന്ത്രവത്കൃത ബോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരികയും ചെയ്തു. എന്നാല്‍ ഇതേ സര്‍ക്കാര്‍ തന്നെയാണ് അമേരിക്കന്‍ കമ്പനിയുടെ കൈ പിടിച്ച് വരുന്നതെന്നതാണ് ഇതിലെ വിരോധാഭാസം.

ഒരു വിദേശ കപ്പലിന് നേരിട്ട് ഇവിടെ ഡീപ്പ് സീ ഫിഷിങ്ങിന് അനുവാദം ഇല്ലാത്തതിനാല്‍, സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നാണ് ഈ സംരംഭം. ഇതിന്റെ ലൈസന്‍സും കാര്യങ്ങളുമെല്ലാം സര്‍ക്കാരിന്റെ പേരിലായിരിക്കുമ്പോള് മീന്പിടിക്കാനുളള സാങ്കേതിക വിദ്യയും എല്ലാ ഓപ്പറേഷനുകളും അമേരിക്കന്‍ കമ്പനിയുടെ നേതൃത്വത്തിലായിരിയ്ക്കും. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ഇതിനെതിരെ ശക്തമായി രംഗത്തുണ്ട്. കടലില്‍ നിലവില്‍ മത്സ്യസമ്പത്ത് കുറവാണ്.
ആഴക്കടലിലും തീരക്കടലിലും മത്സ്യം കുറവാണ്. അതുകൊണ്ട് തന്നെ മത്സ്യമേഖലയിലെ പരമ്പരാഗത സെക്റ്ററുകള്‍ തന്നെ സംഘര്‍ഷങ്ങളിലാണ്. മത്സ്യത്തിന്റെ ലഭ്യത കുറവും എല്ലാവരും മത്സരബുദ്ധിയോടെ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രാദേശിക തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇങ്ങനെയൊരു വിദേശ സംരംഭം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്നത്. കടലില്‍ വെച്ച് തന്നെ മീന്‍ സംസ്കരിക്കുന്നതിനും പൊടിക്കുന്നതിനും അത് കോഴിത്തീറ്റയും മറ്റ് വളങ്ങളുമായി മാറ്റുന്നതിനുമുളള സാങ്കേതിക വിദ്യകളായിരിയ്ക്കും ഇതിലുണ്ടാകുക.മൊത്തത്തില്‍ മത്സ്യമേഖലയെ തകര്‍ക്കുന്ന ഒരു കരാറാണിതെന്നും ജാക്സണ് പറയുന്നു.
കേരളത്തിലെ പത്ത് ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തെ ദുരിതത്തിലാഴ്ത്തുന്ന പദ്ധതിയ്ക്കെതിരെ ഇതിനകം തന്നെ വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ യോജിച്ചും അല്ലാതെയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കേരളത്തിന്റെ കടലോരവും മത്സ്യസമ്പത്തും കച്ചവടമാക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ദേശീയ മത്സ്യബന്ധന നയത്തെ അതേപടി അംഗീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും ചെയ്യുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. പ്രതീകാത്മകമായി കപ്പല്‍ കത്തിച്ചുളള പ്രതിഷേധം അടക്കം വിവിധ സമരങ്ങള്‍ക്കാണ് സംഘടനകള്‍ ഒരുങ്ങുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!