Video | ആദ്യം ഞങ്ങള്‍ക്കൊരു പുലിമുട്ട് തരൂ, പറവൂരിലെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു
ആലപ്പുഴ ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പണിയില്ലാതെ ആയിട്ട് മൂന്ന് മാസത്തോളമാകുന്നു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വളളങ്ങള്‍ക്ക് കടലില്‍ പോകാന്‍ കഴിയുന്നില്ല. നീട്ടുകാരും പൊന്തുവളളക്കാരും മാത്രമാണ് നിലവില്‍ തീരത്ത് നിന്ന് വളളം തളളി കടലിലേക്ക് മീന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ പോകുന്നത്.
സംസ്ഥാനത്ത് വിശാലമായ തീരപ്രദേശമുളള ജില്ലയാണ് ആലപ്പുഴ. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് മത്സ്യബന്ധനവും അതിനോട് അനുബന്ധിച്ച തൊഴിലുകളും ചെയ്ത് ജീവിക്കുന്നത്. എല്ലാവര്‍ഷവും കുറെ മാസങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വറുതിയുടെ കാലമാണ്. കടല്‍ ക്ഷോഭവും വളളമിറക്കി പോയാല്‍ മീന്‍ കിട്ടാത്ത അവസ്ഥയുമാണ് ഇതിന് കാരണം. കടല്‍ ക്ഷോഭമുളള സമയങ്ങളില്‍ വളളം പിടിക്കാനും മത്സ്യബന്ധനത്തിന് സഹായകരമാകുന്ന രീതിയിലും ഒരു പുലിമുട്ട് വേണമെന്നാണ് ജില്ലയിലെ വാടയ്ക്കല്‍, പറവൂര്‍, പുന്നപ്ര, വണ്ടാനം പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ വര്‍ഷങ്ങളായുളള ആവശ്യം.
പറവൂരില്‍ പുലിമുട്ട് വരുമെന്ന് പറഞ്ഞ് പഠനം നടത്തിയിട്ട് വര്‍ഷങ്ങളാകുന്നു. എന്നാല്‍ ഇതുവരെ പുലിമുട്ട് അനുവദിക്കപ്പെട്ടിട്ടില്ല. ഈ കാലയളവില്‍ തോട്ടപ്പളളിയിലും അര്‍ത്തുങ്കലിലും പുലിമുട്ട് വന്നു. വാടയ്ക്കല്‍, പറവൂര്‍ പ്രദേശത്തോട് ചേര്‍ന്നൊരു പുലിമുട്ട് വരുന്നത് ഏറെ ഗുണകരമാകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. തോട്ടപ്പളളിയിലെയും ചെത്തിയിലെയും പുലിമുട്ടുകളുടെ നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയുണ്ടെന്നും കൂടുതല്‍ വളളങ്ങള്‍ കയറാന്‍ പറ്റുന്നില്ലെന്നും തങ്ങള്‍ക്ക് അത് ഗുണകരമായില്ലെന്നും ഇവര്‍ പറയുന്നു. പറവൂരില്‍ പുലിമുട്ട് വരികയാണെങ്കില്‍ കടലിനുളളിലേക്ക് ഒരു കിലോമീറ്ററിലേറെ ദൂരത്തിലെങ്കിലും നീളത്തില്‍ ആയിരിക്കണം ഇത് നിര്‍മ്മിക്കേണ്ടതെന്നും മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നു. വീഡിയോ കാണാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!