സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമോയെന്ന് ആശങ്ക
വരുമാന സാധ്യത അടയുമ്പോള്‍ പുതിയത് എങ്ങനെ കണ്ടെത്തും എന്ന് നിര്‍ദേശിക്കാന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍.
സംസ്ഥാനത്തിന്റെ മോശം സാമ്പത്തിക അവസ്ഥ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമോ എന്ന് ആശങ്ക. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് ധനമന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തിലാണ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് എവിടെ നിന്ന് പണം കണ്ടെത്തുമെന്ന ചോദ്യം ഉയരുന്നത്. അടുത്ത വര്‍ഷം ജിഎസ്ടി ഏര്‍പ്പെടുത്തിയത് മൂലം കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന വിഹിതം നിലയ്ക്കുന്നതോടെ കേരളത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ വര്‍ധിക്കുമെന്ന ആശങ്കയാണ് സര്‍ക്കാരും സാമ്പത്തിക വിദഗ്ദരും നല്‍കുന്നത്.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അങ്ങേയറ്റം രൂക്ഷമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്നെ സമ്മതിച്ചുകഴിഞ്ഞു. പ്രതിസന്ധിയുടെ കാരണങ്ങളും മന്ത്രി വിശദീകരിക്കുന്നുണ്ട്. കോവിഡും ജിഎസ്ടി വിഹിതം നിലയ്ക്കുന്നതും ആണ് പ്രശനത്തിന്റെ അടിയന്തര കാരണങ്ങളായി മന്ത്രി ചൂണ്ടിക്കാട്ടുന്നത്.
ജിഎസ്ടിയിലേക്ക് മാറിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നികുതിവരുമാനത്തിലെ കുറവ് നികത്താനായിരുന്നു ജിഎസ്ടി വിഹിതം. അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിന് ഈയിനത്തില്‍ മാത്രം 13,000 കോടി നഷ്ടമാകും. റവന്യു കമ്മി ഗ്രാന്റ് ഈ വര്‍ഷം കിട്ടിയത് 19000 കോടിയായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷമാകുമ്പോള്‍ ഇത് 15000 കോടി മാത്രമാകും. 2023-24സാമ്പത്തിക വര്‍ഷം നാലായിരം കോടിയും.
ശമ്പളം, പെന്ഷന് വര്‍ധനവില്‍ മാത്രം ഒരു വര്‍ഷം കേരളത്തിന് അധിക ബാധ്യത 14,000 കോടിയാണ്. വരുമാനത്തില്‍ 20000കോടി വായ്പാ തിരിച്ചടവിനും മാറ്റി വയ്ക്കണം. ഈ കണക്കുകളാണ് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നത്. എന്നാല്‍ പ്രശ്നം കോവിഡ് മാത്രമല്ലെന്നും കേരളം പിന്തുടര്‍ന്ന വികസന സമീപനങ്ങളാണെന്നും ചില സാമ്പത്തിക വിദഗ്ദര്‍ പറയുന്നു
കോവിഡ് രണ്ടാം തരംഗത്തിന്റെ ഗുരുതര ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആ്ന്‍ഡ് ടാക്സേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തരമായി നടപ്പാക്കേണ്ടവയ്ക്കായിരിക്കും ഊന്നല്‍. ഒന്നാം തരംഗത്തെതുടര്‍ന്ന് വിവിധ സമിതികള്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതുപ്രകാരം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വര്‍ധിപ്പിച്ചും കാര്‍ഷിക, വ്യാവസായിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കിയും സ്ഥിതി മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
മഹാമാരിയുടെ പ്രതിസന്ധിക്കു പുറമെ കേന്ദ്ര സര്‍ക്കാര്‍ നികുതിഘടനയിലടക്കം വരുത്തിയ മാറ്റങ്ങള്‍ കേരളത്തിന് തിരിച്ചടിയായി. ജിഎസ്ടി വിഹിതം നല്‍കുന്നതിലടക്കം വിവേചനവുമുണ്ടായി. എന്ന ആരോപണവും സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുണ്ടായി ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ കടമെടുപ്പ് പരിധി 36,410 കോടി രൂപയാണ്. ഇതില്‍ 10,000 കോടി കുറയാനാണ് സാധ്യത. ഇതോടെയാണ് സംസ്ഥാനം തുടരുന്ന ക്ഷേമപദ്ധതികള്‍ എത്രനാള്‍ തുടരുമെന്ന ചോദ്യം ഉയരുന്നത്.
ഉത്പാദന മേഖലയില്‍ ഊന്നാതെയുള്ള വികസനത്തിന് പ്രധാന്യം കൊടുത്ത രാഷ്ട്രീയമാണ് യഥാര്‍ത്ഥ പ്രതിയെന്ന് സാമ്പത്തിക വിദ്ഗ്ദനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനുമായിരുന്ന ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. കേരളത്തിന്റെ വികസന സമീപനമാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് അദ്ദേഹം പറയുന്നത്. ഉത്പാദന കേന്ദ്രീകൃത വികസനമായിരുന്നില്ല, മറിച്ച് ഉപഭോഗ കേന്ദ്രീകൃത വികസനമാണ് കേരളത്തില്‍ നടന്നതെന്ന് അദ്ദേഹം പറയുന്നു.
2016-ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം ഒന്നരലക്ഷം കോടി രൂപയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിരുത്തരവാദിത്വത്തെ വിമര്‍ശിച്ച് തുടങ്ങിയ ഇടതു സര്‍ക്കാര്‍ വലിയ വാഗ്ദാനങ്ങളാണ് അന്ന് നല്‍കിയത്. നികുതി വരുമാനം കൂട്ടുമെന്നായിരുന്നു അതിലൊന്ന്. പ്രധാന വരുമാനമാര്‍ഗ്ഗമായിരുന്ന വില്‍പ്പന നികുതി ജിഎസ്ടി നടപ്പിലായതോടെ ഇല്ലാതായി. പകരം ഏര്‍പ്പെടുത്തിയ ജി.എസ്.ടിയുടെ 50 ശതമാനം മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്തിനു കിട്ടുന്നത്.
ജിഎസ്.ടിയില്‍നിന്നുള്ള വരുമാനം, വില്‍പ്പന നികുതിയില്‍നിന്നുള്ള വരുമാനത്തേക്കാള്‍ കുറവാണെങ്കില്‍ അത് അഞ്ച് വര്‍ഷം കേന്ദ്രം നികത്തും എന്നാണു കരാര്‍. അതനുസരിച്ച് 2022 ജൂലൈ കഴിഞ്ഞാല്‍ അതും നില്ക്കും. അതോടെ ഇപ്പോള്‍ അനുവദിച്ചു കിട്ടുന്ന തുക കൂടി ഇല്ലാതാകും. മൂന്നര ലക്ഷം കോടിയാണ് ഇപ്പോഴത്തെ പൊതുകടം. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ബാധ്യത ഇരട്ടിയായി. അമ്പതുകൊല്ലം കൊണ്ടുണ്ടായ കടം അഞ്ച് വര്‍ഷം കൊണ്ടുണ്ടായി. ആളോഹരി കടം 46,000 രൂപയില്‍നിന്ന് 80,000 രൂപയായി. വരുമാനം കിട്ടുന്നതാകട്ടെ മദ്യം, ലോട്ടറി, പെട്രോളിയം ഉല്പന്നങ്ങള് എന്നിവയില്‍നിന്നു മാത്രം. 50 ശതമാനം റവന്യൂ വരുമാനം ഇങ്ങനെയാണ് കിട്ടുക. ഭൂനികുതിയും കുത്തകപാട്ടവും ക്വാറികളുമൊക്കെയാണ് പിന്നെ സംസ്ഥാനത്തിനുള്ള വരുമാന മാര്‍ഗ്ഗങ്ങള്‍. ഇതൊക്കെ തുച്ഛമാണെന്നാണ് കഴിഞ്ഞവര്‍ഷങ്ങളിലെ കണക്കുകള്‍ കാണിക്കുന്നത്. അവ കൂടുതല്‍ പിരിച്ചെടുക്കാനുള്ള നടപടികള്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഇല്ലാതാകുന്നുവെന്നാണ് ഉയരുന്ന വിമര്‍ശനം.
നികുതി കുടിശ്ശിക പിരിച്ചെടുക്കുകയായിരുന്നു വരുമാന വര്‍ദ്ധനവുണ്ടാക്കാന്‍ മറ്റൊരു മാര്‍ഗ്ഗം. ക്വാറികളെല്ലാം സര്‍ക്കാരിന് ഏറ്റെടുക്കാമായിരുന്നു. എന്നാല്‍ 2016 ആ തെരഞ്ഞെടുപ്പ് വാഗ്്ദാനം പിന്നീട് ആവര്‍ത്തിച്ചില്ല. പാട്ടത്തിന് കൊടുത്ത തോട്ടങ്ങള്‍ ഏറ്റെടുക്കാമായിരുന്നു. പാട്ടക്കുടിശ്ശിക പിരിക്കാമായിരുന്നു. എന്നാല്‍, ഇതൊന്നും കഴിഞ്ഞ അഞ്ച് വര്ഷക്കാലയളവിലുണ്ടായില്ല. പിന്നെ ആകെയുള്ളത് സ്റ്റാംപ് ഡ്യൂട്ടിയാണ്. ഭൂമിയുടെ ക്രയവിക്രയത്തിലൂടെയും ഇടപാടുകളിലൂടെയും കിട്ടുന്ന നികുതി വരുമാനം തുച്ഛമാണ്. അരദശാബ്ദമായി പ്രവാസികളുടെ വരുമാനമായിരുന്നു സര്‍ക്കാരിന് ആശ്വാസം. വലിയ തോതില്‍ അവര്‍ സര്‍ക്കാരിനെ ആശ്രയിച്ചിരുന്നില്ല. തൊണ്ണൂറുകള്‍ മുതല്‍ 2000 വരെ ആഭ്യന്തര ഉല്പാദനത്തിന്റെ മുപ്പതു ശതമാനമായിരുന്നു പ്രവാസി വരുമാനം. 2020 മേയ് മുതല്‍ 2021 ജനുവരി വരെ 5.5 ലക്ഷം പ്രവാസികളാണ് തൊഴില്‍ നഷ്ടപ്പെട്ടു സംസ്ഥാനത്ത് തിരിച്ചെത്തിയിരിക്കുന്നത്. ഇതിന് പുറമെയാണ് പ്രവാസികളുടെ വന്‍ തോതിലുള്ള തിരിച്ചുവരവ്. ഇവരുടെ പുനരധിവാസ ചെലവ് വേറെ.
കോവിഡ് കാലത്ത് തൊഴില്രഹിതതരായി 6.31 ലക്ഷം പ്രവാസികള്‍ കേരളത്തില്‍ തിരിച്ചെത്തിയതായാണ് കണക്ക്. നോര്‍ക്കയുടെ കണക്ക് പ്രകാരം 2020 ജനുവരി മുതല്‍ 2021 ജനുവരി 21 വരെ തൊഴില്‍ രഹിതരായി 6,31,276 പേരാണ് തിരിച്ചെത്തി എന്നാണ് പറയുന്നത്. ഇതേ കാലയളവില്‍ 65, 000ഓളം പേരാണ് തിരിച്ചുപോയത്. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ പോയിട്ടുണ്ടാകാമെങ്കിലും ഗള്‍ഫിലെ സാഹചര്യങ്ങളും തൊഴിലിനെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. തിരിച്ചുപോകാനാവാത്തവര്ക്ക് തുടര്‍ ജീവിത സാഹചര്യങ്ങള്‍ കണ്ടെത്തുക എന്നതും സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളിയാണ്.
ശമ്പളവും പെന്‍ഷനും വായ്പകളുടെ പലിശയും ഉള്‍പ്പെടെയുള്ള റവന്യു ചെലവ് 70 ശതമാനം വരും. സംസ്ഥാനത്തിന്റെ ആകെ വരുമാനവും ആകെ ചെലവും ഓരോ രൂപയായി കണക്കാക്കിയാല്‍ സംസ്ഥാനം ഒരു രൂപ ചെലവഴിക്കുമ്പോള്‍ 15.1 പൈസ കടം തിരിച്ചടവിനും പലിശയ്ക്കുമായി കൊടുക്കുന്നു. 64 ശതമാനത്തോളം വരുമാനം ഇതിനായി (ശമ്പളം, പെന്ഷന്, പലിശ) നീക്കി വയ്ക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
ബാക്കിയുള്ള 36 ശതമാനമാണ് ബാക്കി മേഖലകള്‍ക്ക് ലഭിക്കുക. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നിങ്ങനെയുള്ള പ്രധാന മേഖലകളിലേക്കുള്ള നീക്കിയിരിപ്പ് ഇതില്‍ നിന്നാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള നീക്കിയിരിപ്പും സ്വാഭാവികമായും കുറയും. വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ച തുക 2019-നെ അപേക്ഷിച്ച് ഇത്തവണ കുറവാണ്. 2019-ല്‍ സര്‍ക്കാരിന്റെ ആകെ ചെലവിന്റെ 54.97 ശതമാനമായിരുന്നു വികസന ചെലവുകള്‍. ഇത്തവണ അത് 52.86 ശതമാനമായി കുറഞ്ഞു. ഇതില്‍ ഇനിയും കുറവുണ്ടാകുമെന്ന ആശങ്കയും ഉണ്ട്. കോവിഡ് ലോക്ഡൗണ്‍ നീണ്ടുപോയതാണ് വരുമാനത്തില്‍ വലിയ ശോഷണമുണ്ടാകാന് മറ്റൊരു കാരണം.
ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് കേരളത്തിന്റെ ക്ഷേമ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുക എന്ന ചോദ്യമാണ് ഉയരുന്നത്. കേരളത്തിന്റെത് ജനസംഖ്യയില്‍ വളരെ കുറച്ചുമാത്രമുള്ള സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും കേന്ദ്രീകരിച്ചുളള ധനവിനിയോഗമാണ് സംസ്ഥാനത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ജോസ് സെബാസ്റ്റിയന് പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണം കിട്ടുന്നത് വലിയ തോതില്‍ വിപണിയില്‍ എത്തുന്നുണ്ടെന്ന് കരുതാന്‍ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതിന് പകരം കോവിഡ് കാലത്ത് തൊഴില്‍ നഷ്ടമായവര്‍ക്ക് പ്രതിമാസം ആറായിരം രൂപ കൊടുക്കാനായിരുന്നു സര്‍ക്കാര്‍ തയ്യറാവേണ്ടിയിരുന്നത്. ആറ് മാസം എങ്കിലും ഇങ്ങനെ പണം നല്കിയാല് അത് വിപണിയെ ഉണര്‍ത്തുമെന്നും അദ്ദേഹം പറയുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ശക്തമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ ചിലത് മൊണിറ്റൈസ് ചെയ്യുകയാണ് ഇതിന് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. സര്‍ക്കാരിന്റെയും പൊതുമേഖല സ്ഥാപനങ്ങളുടെ കൈയിലുള്ള ഭൂമി വിറ്റിട്ടും സര്‍ക്കാരിന് പണം കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി രാഷ്ട്രീയ നേതൃത്വത്തിന് ഇല്ലെന്നും ജോസ് സെബാസ്റ്റിയന് കുറ്റപ്പെടുത്തുന്നു.
കോവിഡും കേരളത്തില്‍ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന പകര്‍ച്ച വ്യാധികളും ആരോഗ്യ രംഗത്ത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യ രംഗം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്ന് പറയുമ്പോഴും ഈ മേഖലയില്‍ അടിസ്ഥാന നിക്ഷേപം വര്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ രംഗത്തുളളവര്‍ പറയുന്നത്. എന്നാല്‍ സമീപകാലത്തായി ആരോഗ്യ രംഗത്ത് അത്തരത്തില്‍ കാര്യമായ നിക്ഷേപം വര്‍ധിക്കാന്‍ സംസ്ഥനത്തിന് കഴിയുന്നില്ല. ഇത്് ദീര്‍ഘകാലടിസ്ഥാനത്തില്‍ കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തെ ബാധിക്കുമെന്ന ആശങ്കയും ഈ മേഖലയിലുള്ളവര്‍ പങ്കുവെയ്ക്കുന്നു. ഉന്നത് വിദ്യാഭ്യാസ മേഖലയിലും കാര്യമായി പൊതുനിക്ഷേപം വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ മനുഷ്യവിഭവ ശേഷിയുടെ ഗുണ നിലവാരത്തില്‍തന്നെ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ട്്.
ഇന്നത്തെ അവസ്ഥയില്‍ മുന്നോട്ടു പോയാല്‍ ഇപ്പോള്‍ തുടരുന്നത് പോലുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ കഴിയാത്ത സാഹചര്യമാണ് സംജാതമാകുകയെന്ന ആശങ്കയാണ് സാമ്പത്തിക വിദ്ഗദര്‍ പങ്കുവെയ്ക്കുന്നത്. കടമെടുക്കാനുള്ള പരിധി കൂട്ടുക, ജി എസ് ടി നഷ്ടപരിഹാരം നല്‍കുന്നത് ഏതാനും വര്‍ഷങ്ങളിലേക്ക് കൂടി നീട്ടുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ ഇതു കൊണ്ട് മാത്രം ശാശ്വത പരിഹാരം സാധ്യമാവില്ലെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. അതിന് സമീപന രീതിയില്‍ മാറ്റം വരുത്തണമെന്നും അവര്‍ പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!