മരണമെന്നത് മധുരം, മാലിക് ക്ലൈമാക്സിലെ റഹീമുൻ അലീമുൻ പാട്ട് പറയുന്നത്
ബീമാപളളി വെടിവെപ്പും ചെറിയതുറയെയും ഒക്കെ കഥയുടെ കേന്ദ്രമായി അനുസ്മരിപ്പിക്കുന്ന ചിത്രത്തിനെതിരെ നിരവധി രാഷ്ട്രീയ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇതോടൊപ്പം എടുത്ത് പറയേണ്ടതാണ് ചിത്രത്തിലെ ഗാനങ്ങൾ.
ഫഹദ് ഫാസിൽ നായക വേഷത്തിൽ എത്തിയ മാലിക് സിനിമ ആമസോൺ പ്രൈമിൽ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ബീമാപളളി വെടിവെപ്പും ചെറിയതുറയെയും ഒക്കെ കഥയുടെ കേന്ദ്രമായി അനുസ്മരിപ്പിക്കുന്ന ചിത്രത്തിനെതിരെ നിരവധി രാഷ്ട്രീയ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇതോടൊപ്പം എടുത്ത് പറയേണ്ടതാണ് ചിത്രത്തിലെ ഗാനങ്ങൾ. അൻവർ അലി രചിച്ച് സുഷിൻ ശ്യാം സംഗീതം നൽകിയ തീരമേ എന്ന ഗാനം സിനിമയ്ക്ക് മുമ്പെ ഹിറ്റായിരുന്നു. കെ.എസ് ചിത്രയും സൂരജ് സന്തോഷും ചേർന്ന് ആലപിച്ച ഗാനത്തിന്റെ വീഡിയോ യു ട്യൂബിൽ മാത്രം പത്തുലക്ഷം പേർ ഇതിനകം കണ്ടുകഴിഞ്ഞു. ചിത്രം റിലീസായ ശേഷം സിനിമയിലെ മറ്റൊരു ഗാനം കൂടി ശ്രദ്ധ നേടുകയാണ്. ക്ലൈമാക്സ് സീനുകളിൽ ആവർത്തിച്ച് വരുന്ന അറബിയിലുളള നാല് വരികളാണ് വാട്സാപ്പ് സ്റ്റാറ്റസുകളിലും ഫോർവേഡുകളിലും നിറയുന്നത്.
മലയാള പിന്നണി ഗായകനും സൂഫി മിസ്റ്റിക് സംഗീതധാരയിലൂടെ ശ്രദ്ധേയനുമായ സമീർ ബിൻസി ഒരുക്കിയ റഹീമുൻ അലീമുൻ എന്ന പാട്ടാണത്. തീരമേ എന്ന ഗാനത്തിലും കോറസ് പാടിയ സമീര്‍ ബിന്‍സിയും സുഹൃത്തും സൂഫി ഗായകനുമായ ഇമാം മജ്ബൂര്, മിഥുലേഷ് ചോലക്കല്‍ എന്നിവർക്കൊപ്പം ഹാദി, സിനാന് എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റേതാണ് സംഗീതം. റമദാപളളിയുടെ എല്ലാമെല്ലാമായ ഫഹദ് അവതരിപ്പിക്കുന്ന സുലൈമാൻ മാലിക് എന്ന കഥാപാത്രവുമായി ചേർന്ന് ക്ലൈമാക്സിലാണ് ഈ ഗാനം പശ്ചാത്തലത്തിൽ കേൾക്കാനാകുക.
സമീര്‍ ബിന്‍സി ആ വരികളുടെ അർത്ഥം വിശദീകരിക്കുന്നത് ഇങ്ങനെയാണ്
1 - റഹീമുൻ അലീമുൻ ഗഫാറുൻ സത്താറുൻ
ഹകീമുൻ ശകൂറുൻ ഖുദ്ദൂസുൻ സുബ്ബൂഹുൻ
2 - അൽ മൗതു ഫീ അംനിസ്സ്വദ് രി ഹലാവ:
അസ്സയ്റു ലിൽ ഹഖി ഫിസ്സയ്റി ഹബീബ:
വിശുദ്ധ ദിവ്യനാമങ്ങൾ - കരുണ, അറിവ്, പൊറുക്കൽ, ഗൂഢത, ജ്ഞാനം, വിശുദ്ധി, ഐശ്വര്യം) +
ഉൾനെഞ്ച് നിർഭയത്വത്തിലായിരിക്കെ മരണമെന്നത് മധുരം !
പൊരുളിലേക്കുള്ള പ്രയാണമെന്നാൽ, പ്രണയിയുടെ യാത്ര(യിൽ) തന്നെയാകുന്നു.."
മഹേഷ് നാരായണന്റെ തിരക്കഥയിലും സംവിധാനത്തിൽ ഒരുങ്ങിയ മാലിക് തിയറ്റർ റിലീസായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് പ്രതിസന്ധി നീണ്ടുപോകുന്നതോടെ നിർമ്മാതാവായ ആന്റോ ജോസഫ് ഒടിടി റിലീസിന് നിർബന്ധിതനായി. 27 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചത്. ടേക്ക് ഓഫിന് ശേഷം സംവിധായകന് മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മാലിക്. നിമിഷ സജയനാണ് മാലിക്കിലെ നായിക. ചിത്രത്തിനായി ഫഹദ് 15 കിലോയോളം ശരീരഭാരം കുറച്ചിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിച്ച ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, രാജേഷ് ശര്‍മ, അമല്‍ രാജ്. സനല്‍ അമന്, പാര്‍വതി കൃഷ്ണ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിങ്ങനെ നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഫ്രഷാണ്, കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രം; ട്രാന്‍സിനെക്കുറിച്ച് ഫഹദും നസ്രിയയും പറയുന്നു
മോട്ടിവേഷണല്‍ ട്രെയിനറായി ഫഹദ്, വിനായകന്റെ ടൈറ്റില്‍ ട്രാക്ക്, ട്രാന്‍സിന്റെ പ്രത്യേകതകള്‍ അറിയാം
കനലെരിയുന്ന കണ്ണുകളുമായി, പ്രായം ചെന്ന ഫഹദ്; മാലിക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഒരുങ്ങുന്നത് ഷോര്‍ട്ട് ഫിലിം, ചിത്രീകരണം മൊബൈലില്‍; പുതിയ സിനിമയെക്കുറിച്ച് നിര്‍മ്മാതാക്കളെ ഫഹദ് അറിയിച്ചു