ഒരു എഴുത്തും മോതിരവും നൽകിയാണ് പ്രണയം അറിയിച്ചത്, നസ്രിയ യെസും നോയും പറഞ്ഞില്ല; ഹൃദയഹാരിയായ കുറിപ്പുമായി ഫഹദ്
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഏഴ് വർഷമായി. ഞാനിപ്പോഴും ടിവിയുടെ റിമോട്ട് ബാത്ത്റൂമിൽ മറന്നുവെയ്ക്കുമ്പോൾ നിങ്ങൾ ആരാണെന്നാണ് നിങ്ങളുടെ വിചാരമെന്ന ആ ചോദ്യം നസ്രിയ ആവർത്തിക്കും.
നസ്രിയയുമായുളള പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഹൃദയഹാരിയായ രീതിയിൽ വിവരിച്ച് നടൻ ഫഹദ് ഫാസിൽ. മലയൻ കുഞ്ഞ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ചും മാലിക്കിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടുമുളള കുറിപ്പിലാണ് നസ്രിയയോട് തന്റെ പ്രണയം അറിയിച്ചതും ഇപ്പോഴുളള ജീവിതത്തെക്കുറിച്ചും ഫഹദ് വിവരിക്കുന്നത്. ഫഹദിന്റെ കുറിപ്പിൽ നിന്നുളള ഭാഗങ്ങൾ താഴെ വായിക്കാം.
ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ ഏഴാം വാർഷികമാണ്. നസ്രിയയെ പ്രണയിച്ചതും ഒരുമിച്ചൊരു ജീവിതം ആരംഭിച്ചതും അടക്കം ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിക്കുന്നു ആ ചിത്രം. എന്റെ കയ്യക്ഷരത്തിലുളള ഒരു കത്തും കൂടെ മോതിരവും നൽകിയാണ് ഞാൻ നസ്രിയയോട് എന്റെ പ്രണയം അറിയിച്ചത്. യെസ് എന്നോ, നോ എന്നോ നസ്രിയ പറഞ്ഞില്ല.
മറ്റ് രണ്ട് ചിത്രങ്ങൾക്കൊപ്പമാണ് ഞാൻ ബാംഗ്ലൂർ ഡേയ്സിൽ അഭിനയിച്ചിരുന്നത്. മൂന്ന് സിനിമകളിൽ ഒരേ സമയം അഭിനയിക്കുക എന്നത് ആത്മഹത്യാപരമാണ്. അന്നൊക്കെ ഞാൻ ബാംഗ്ലൂർ ഡേയ്സിന്റെ ലൊക്കേഷനിലേക്ക് തിരികെ ചെല്ലാനാണ് ആഗ്രഹിച്ചിരുന്നത്, നസ്രിയയ്ക്കൊപ്പം സമയം ചെലവഴിക്കാൻ ഞാനേറെ ഇഷ്ടപ്പെട്ടു. എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് നസ്രിയയ്ക്ക് ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ എന്ന അലട്ടിയപ്പോൾ നസ്രിയ പറയും, "hello, method actor, who do you think you are? It's just one simple life. pack your bags with everyone and everything you need". ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഏഴ് വർഷമായി. ഞാനിപ്പോഴും ടിവിയുടെ റിമോട്ട് ബാത്ത്റൂമിൽ മറന്നുവെയ്ക്കുമ്പോൾ നിങ്ങൾ ആരാണെന്നാണ് നിങ്ങളുടെ വിചാരമെന്ന ആ ചോദ്യം നസ്രിയ ആവർത്തിക്കും. ഞാൻ അർഹിക്കുന്നതിനെക്കാൾ കൂടുതൽ പിന്തുണ ലഭിച്ചു കഴിഞ്ഞ ഏഴുവർഷവും. ഒന്നിച്ചു ജോലി ചെയ്യുകയും പരസ്പരം പിന്തുണയ്ക്കുകയും ഒരു കുടുംബമായി ഞങ്ങൾ നിൽക്കുകയും ചെയ്യുന്നു.
ഇപ്പോഴുണ്ടായ അപകടത്തിൽ എന്റെ മൂക്കിൽ മൂന്ന് സ്റ്റിച്ചിന്റെ പാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ അപകടത്തിലുണ്ടായ ഏറ്റവും ചെറിയ മുറിവുകളാണത്. ചിലപ്പോൾ കുറച്ചുകാലം, അല്ലെങ്കിൽ എല്ലാക്കാലവും അത് അവിടെ ഉണ്ടാകും. എപ്പോഴും പഠിച്ചുകൊണ്ടിരിക്കുക എന്നതാണ് ഞാൻ ജീവിതത്തിൽ സ്വീകരിച്ചിട്ടുളള രീതി. എനിക്കറിയില്ല എന്ന് തുറന്നുപറയാൻ ധൈര്യം തന്നതും അതാണ്. നസ്രിയയ്ക്കൊപ്പം ജീവിതം ആരംഭിച്ചശേഷമാണ് എനിക്ക് നേട്ടങ്ങൾ ഉണ്ടായി തുടങ്ങിയത്. ഇതൊന്നും ഞാൻ ഒറ്റയ്ക്ക് ചെയ്തതല്ല. നസ്രിയയ്ക്ക് ഞങ്ങളെ കുറിച്ച് അത്രമേൽ ഉറപ്പ് ഇല്ലായിരുന്നുവെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഞാൻ ഓർക്കുന്നു.
