Euro 2020: മ്യൂണിക് ത്രില്ലറിനൊടുവിൽ പറങ്കികളെ കീഴടക്കി ജർമനി!
മ്യൂണിക്കിൽ നടന്ന 94 മിനിറ്റ് ത്രില്ലറിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജർമനി പോർച്ചുഗലിനെ കീഴടക്കിയത്. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ ഫ്രാൻസ് പോർചുഗലിനേയും ജർമ്മനി ഹംഗറിയേയും നേരിടും.
യൂറോപ്പ കപ്പിലെ മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് എഫിലെ ആവേശകരമായ മത്സരത്തിൽ നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ ജർമ്മനിയോട് പരാജയപ്പെട്ടു. മ്യൂണിക്കിൽ നടന്ന 94 മിനിറ്റ് ത്രില്ലറിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജർമനി പോർച്ചുഗലിനെ കീഴടക്കിയത്.
ആവേശകരമായ മത്സരത്തിൽ ആദ്യ ഗോൾ കണ്ടെത്തിയത് പോർച്ചുഗലാണ്. 15 മിനിറ്റിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിൽ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഗോൾ നേടി. ബ്രൂണോ ഫെർണാണ്ടസ് മനോഹരമായ ചിപ്പ് ചെയ്ത പന്ത് കൈവശപ്പെടുത്തിയ ദിയാഗോ ജോട്ട ക്രിസ്റ്റ്യാനോയ്ക്ക് ഗോളിനുള്ള വഴിയൊരുക്കുകയായിരുന്നു.
മുപ്പത്തിയഞ്ചാം മിനിറ്റിൽ ജർമനിയുടെ മികച്ചൊരു മുന്നേറ്റം പോർച്ചുഗൽ പ്രതിരോധ താരം റൂബൻ ഡയസിന്റെ ക്ലിയറൻസ് ശ്രമത്തിനിടയിൽ ഓൺ ഗോളായി അവസാനിച്ചു. കായ് ഹവാർട്സിന്റെ ഇടപെടലാണ് ഗോളിനുള്ള വഴിയൊരുക്കിയത്. നാല് മിനിറ്റ് പിന്നിടുമ്പോൾ സമാനമായൊരു മുന്നേറ്റത്തിലൂടെ പോർച്ചുഗൽ രണ്ടാം ഓൺ ഗോൾ വഴങ്ങി. റാഫേൽ ഗുരേരോ ആയിരുന്നു ഇത്തവണത്തെ ദുർഭാഗ്യവാൻ.
മത്സരം പിന്നിലായി ആരംഭിച്ച ജർമനി ആദ്യ പകുതിക്ക് പിരിയുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ. രണ്ടാം പകുതി ആരംഭിച്ച് ആറു മിനിറ്റ് പിന്നിടുമ്പോൾ കായ് ഹവാർട്സ് തന്റെ പേരും സ്കോർ ഷീറ്റിൽ എഴുതിച്ചേർത്തു. ഇടത് വിങ്ങിൽ നിന്ന് റോബിൻ ഗോസൻസ് നൽകിയ പാസാണ് കായ് ഹാവെർട്ടസ് മുതലെടുത്തത്. അംത്തിയൊമ്പതാം മിനിറ്റിൽ ഗോസൻസും സ്കോർ ഷീറ്റിൽ ഇടംനേടി. ജോഷ്വാ കിമ്മിക് നൽകിയ ക്രോസിൽ ഗോസൻസ് കണ്ടെത്തിയ ഹെഡ്ഡറാണ് പോർച്ചുഗീസ് ഗോൾകീപ്പറെ മറികടന്നത്.

അറുപത്തിയേഴാം മിനിറ്റിൽ ഒരു തിരിച്ചുവരവിന്റെ പ്രതീക്ഷ നൽകികൊണ്ട് പോർച്ചുഗലിന്റെ രണ്ടാം ഗോൾ. ജർമൻ ഗോൾകീപ്പർ മാനുവൽ നോയറിനെ മറികടന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹെഡ്ഡറിനെ ഡിയാഗോ ജോട്ട ജർമൻ പോസ്റ്റിലേക്ക് ഫിനിഷ് ചെയ്യുകയായിരുന്നു. മത്സരത്തിന്റെ ആവേശം ഒട്ടും കെടാത്ത മിനിറ്റുകളായിരുന്നു തുടർന്നത്.
എഴുപത്തിയഞ്ച് മിനിറ്റ് പിന്നിടുമ്പോൾ പോർച്ചുഗീസ് മധ്യനിരതാരം റെനാറ്റോ സാഞ്ചസ് കണ്ടെത്തിയ ലോങ്ങ് റേഞ്ചർ പ്രതിരോധിച്ചത് ജർമൻ പോസ്റ്റാണ്. മിനിറ്റുകൾക്കുള്ളിൽ ജർമൻ താരം ഗ്രോയെറ്റ്സ്കയുടെ മറ്റൊരു ലോങ്ങ് റേഞ്ചർ ശ്രമവും പോസ്റ്റുകളിൽ നിന്ന് ഇഞ്ചുകൾ വ്യത്യാസത്തിൽ കടന്നുപോയി. 90 മിനിറ്റ് കഴിഞ്ഞുള്ള അധികസമയത്തിൽ ക്രിസ്റ്റ്യാനോയുടെ ഒരു മുന്നേറ്റവും ജർമനിയെ സമ്മർദ്ദത്തിലാക്കി.
ഗ്രൂപ്പ് എഫിൽ നടന്ന മറ്റൊരു മത്സരത്തിൽ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ ഹംഗറി സമനിലയിൽ കുരുക്കി. ഇരു ടീമുകളും ഓരോ ഗോളുകൾ വഴങ്ങി പിരിഞ്ഞതോടെ വരുന്ന ഗ്രൂപ്പ് മത്സരം കൂടുതൽ നിർണായകമായി. ഫ്രാൻസിനെതിരായ ആദ്യ മത്സരത്തിൽ ജർമനി പരാജയപ്പെട്ടിരുന്നു. ഹംഗറിയെ നേരിട്ട പോർച്ചുഗൽ ജയിക്കുകയും ചെയ്തു. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ ഫ്രാൻസ് പോർചുഗലിനേയും ജർമ്മനി ഹംഗറിയേയും നേരിടും.
ഫോട്ടോ: യുവേഫ-ട്വിറ്റർ
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!