ഹാരി കെയ്ന്റെ നിര്ണായക പെനാൽറ്റിക്കിടെ ഡെന്മാർക്ക് ഗോളിക്ക് നേരെ ലേസർ പ്രയോഗമോ? യൂറോയിലെ വിവാദം ഇങ്ങനെ
ഇംഗ്ലണ്ടിലെ ഏറെ പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു മത്സരം. 55 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് വലിയൊരു ടൂർണമെന്റിന്റെ മേജർ ഫൈനലിൽ പ്രവേശിക്കുന്നതും. അതുകൊണ്ട് തന്നെ ആർത്തുവിളിച്ച ആരാധകരായിരുന്നു ഇംഗ്ലണ്ടിന്റെ ഊർജവും.
യൂറോയിലെ നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ട് ആരാധകരിൽ നിന്നും ഡെൻമാർക്ക് ഗോളി കാസ്പർ ഷിമൈക്കേലിന് നേരെ ലേസർ പ്രയോഗം നടന്നതായി റിപ്പോർട്ടുകൾ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായപ്പോൾ എക്സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടിരുന്നു. എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ടിന് ലഭിച്ച പെനാൽറ്റി നേരിടുന്നതിനിടെയാണ് ഡെൻമാർക്ക് ഗോൾകീപ്പർക്ക് നേരെ ലേസർ പ്രയോഗം നടന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നെടുത്ത പെനാൽറ്റി ഗോളാകുകയും മത്സരത്തിൽ 2-1ന് ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തിരുന്നു.
എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 104ാം മിനിറ്റിലാണ് ഇംഗ്ലണ്ടിന് പെനാൽറ്റി ലഭിക്കുന്നത്. നായകൻ ഹാരി കെയ്നെടുത്ത കിക്ക് ഡെൻമാർക്ക് ഗോളി കാസ്പർ തട്ടിമാറ്റിയെങ്കിലും റീബൗണ്ടിലാണ് ഗോളാകുന്നത്. ഈ കിക്ക് നേരിടുമ്പോഴാണ് പച്ച നിറത്തിലുളള വെളിച്ചം ഡെച്ച് ഗോൾകീപ്പറുടെ മുഖത്ത് പതിക്കുന്നത്.

ഇംഗ്ലണ്ടിലെ ഏറെ പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു മത്സരം. 55 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് വലിയൊരു ടൂർണമെന്റിന്റെ മേജർ ഫൈനലിൽ പ്രവേശിക്കുന്നതും. അതുകൊണ്ട് തന്നെ ആർത്തുവിളിച്ച ആരാധകരായിരുന്നു ഇംഗ്ലണ്ടിന്റെ ഊർജവും. അറുപതിനായിരത്തോളം ഗാലറി ശേഷിയുള്ള വെംബ്ലിയിൽ 5,800 ടിക്കറ്റുകൾ മാത്രമായിരുന്നു ഡെൻമാർക്ക് ആരാധകർക്കായി മാറ്റി വച്ചിരുന്നത്. കൊവിഡ് യാത്രാനിയന്ത്രണങ്ങൾ ഉളളതിനാൽ ഇതിൽ നിരവധി പേർക്ക് എത്താൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്.
1966 ലോകകപ്പിൽ വെംബ്ലിയിൽ കിരീടം നേടിയ ശേഷം ഇതുവരെ യൂറോയിലും ലോകകപ്പുകളിലും ഇംഗ്ലണ്ട് ഫൈനൽ കളിച്ചിട്ടില്ല. നാലുവട്ടം സെമിഫൈനലുകളിൽ തോൽക്കുകയും ചെയ്തു. ഏറെ പ്രശസ്തരായ നിരവധി താരങ്ങൾ മുൻപുണ്ടായിരുന്നിട്ടും അവർക്ക് സാധിക്കാതിരുന്നത് ഹാരി കെയ്ന്റെ നേതൃത്വത്തിലുളള ഇംഗ്ലണ്ട് ടീം ഇത്തവണ സാധ്യമാക്കി.
