ഏറെ സാങ്കേതിക തികവുള്ള പ്രതിഭകൾ അണിനിരക്കുബോഴും ഒരു ടീമായി കളിക്കുവാനും പരിമിതികളെ തരണം ചെയ്യാനുള്ള തന്ത്രങ്ങൾ മെനയാനും ഇംഗ്ലണ്ട് പരാജയപ്പെട്ടു.
യൂറോ കപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ആരാധകർക്ക് ഏറെ പ്രിയങ്കരനായ ഇംഗ്ലണ്ട് പ്രതിസന്ധിയിലാണ്. താരപ്പകിട്ടുള്ള ഒരു സ്ക്വാഡുമായി എത്തിയിട്ടും മൈതാനത്ത് അത്ഭുതങ്ങൾ തീർക്കാനാകാതെ കഷ്ടപ്പെടുകയാണ് ഇംഗ്ലണ്ട്. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് രണ്ടാം മത്സരത്തിൽ സ്കോട്ലൻഡിനോട് ഗോൾ രഹിത സമനില വഴങ്ങി.
ഹാരി കെയ്ൻ, റഹീം സ്റ്റെർലിംഗ്, ഫിൽ ഫോഡൻ, മേസൺ മൗണ്ട്, കാൽവിൻ ഫിലിപ്സ്, ഡെക്ലാൻ റൈസ്, ജോൺ സ്റ്റോൺസ്, ട്രിപ്പിയർ, ടൈറോൺ മിങ്സ്, കൈൽ വാൾക്കർ തുടങ്ങിയ പ്രതിഭകൾ അണിനിരക്കുന്ന ഒരു ടീമുമായാണ് ശനിയാഴ്ച ലണ്ടനിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഇറങ്ങിയത്. എന്നാൽ കടലാസിൽ തങ്ങളേക്കാൾ ഏറെ പുറകിലായ സ്കോട്ലൻഡിനെ ഒരവസരത്തിൽ പോലും സമ്മർദ്ദത്തിലാക്കാൻ ഇംഗ്ലീഷ് പടയ്ക്ക് സാധിച്ചില്ല.
പന്തടുക്കത്തിൽ 61 ശതമാനവുമായി സ്കോട്ലൻഡിനെ പുറകിലാക്കിയെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇംഗ്ലണ്ട് നന്നേ പുറകിലായി. ഇംഗ്ലണ്ട് ഒമ്പത് ഷോട്ടുകൾ കണ്ടെത്തിയ മത്സരത്തിൽ സ്കോട്ലൻഡ് 11 ഷോട്ടുകൾ എടുത്തു. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ തങ്ങളാണ് കൂടുതൽ അപകടകാരികളെന്ന പ്രതീതി സൃഷ്ടിക്കാൻ സ്കോട്ട്ലാൻഡിനായി.
ലോകോത്തരരായ മുന്നേറ്റനിരയും ചെറിയ അവസരങ്ങൾ പോലും തങ്ങൾക്ക് അനുകൂലമാക്കാൻ മികവുള്ള മധ്യനിരയും ഗോളുകൾ കണ്ടെത്താൻ ക്വാളിറ്റിയുള്ള പ്രതിരോധനിരയും പാടേ പരാജയപ്പെട്ടപ്പോൾ ഇംഗ്ലീഷ് സ്ക്വാഡിന്റെ ദൗർബല്യങ്ങളാണ് വെളിപ്പെടുന്നത്. ഏറെ സാങ്കേതിക തികവുള്ള പ്രതിഭകൾ അണിനിരക്കുബോഴും ഒരു ടീമായി കളിക്കുവാനും പരിമിതികളെ തരണം ചെയ്യാനുള്ള തന്ത്രങ്ങൾ മെനയാനും ഇംഗ്ലണ്ട് പരാജയപ്പെട്ടു. പകരക്കാരായി ഇറങ്ങിയ ഗ്രീലിഷും റാഷ്ഫോഡും താളം കിട്ടാതെ വലഞ്ഞു.
രണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഒരു ഗോളിന്റെ വ്യത്യാസത്തിൽ ചെക്ക് റിപ്പബ്ലിക്കാണ് നിലവിൽ ഗ്രൂപ്പിലെ ഒന്നാമൻ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'നിറമേതുമാവട്ടെ, ഇത് ഫുട്ബോളാണ്' വർണവെറിയന്മാർക്ക് ഡച്ച് ടീമിന്റെ മറുപടി: വീഡിയോ
'അന്ന് ഞാൻ അൽപം മദ്യപിച്ചിരുന്നു," ക്രിസ്ത്യാനോ റൊണാൾഡോ പറയുന്നു
യൂറോ കപ്പ് ഗ്രൂപ്പ് എ: നിർണായക ശക്തിയാവാൻ സ്വിറ്റ്സർലൻഡ്
യൂറോ കപ്പ് ഗ്രൂപ്പ് എ: കളിയഴകുമായി കളംനിറയാൻ യുവ തുർക്കികൾ!