കോവിഡ് പശ്ചാത്തലത്തിൽ വരുമാനം നിലച്ചതിനെ തുടർന്നാണ് സ്വയം തൊഴിലെന്ന നിലയിൽ മദ്യം വീടുകളിൽ എത്തിച്ചു നൽകുമെന്നു പരസ്യം നൽകിയതെന്നു മോൻസി പറഞ്ഞു.
സ്വന്തമായി മദ്യത്തിന്റെ ഹോം ഡെലിവറി ആരംഭിച്ച എറണാകുളം സ്വദേശി പിടിയിൽ. ഓൺലൈൻ പേയ്മെന്റിലൂടെ പണം നൽകി ഓർഡർ ചെയ്താൽ മദ്യം വീട്ടിലെത്തിക്കാമെന്നു കാണിച്ച് കാർഡ് അച്ചടിച്ചു വിതരണം ചെയ്തതോടെയാണ് ഇയാൾ അറസ്റ്റിലായത്.
എറണാകുളം കടവന്ത്ര ഗാന്ധിനഗർ സ്വദേശി മോൻസി ജോർജാണ് എക്സൈസിന്റെ പിടിയിലായത്. ലോക്ഡൗണിൽ അടഞ്ഞുകിടന്ന മദ്യശാലകൾ തുറന്നതോടെയാണ് മോൻസി മദ്യത്തിന്റെ ഓൺലൈൻ ഡെലിവറി ആരംഭിച്ചത്. ക്യൂ നിന്നു മദ്യം വാങ്ങുന്നതിനു ബുദ്ധിമുട്ടുള്ളവർക്കായി എറണാകുളം നഗരപരിധിയിൽ മദ്യം വീട്ടിലെത്തിച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം.
ഒരു ഡെലിവറിക്ക് 100 രൂപ സർവീസ് ചാർജായി ഈടാക്കിയായിരുന്നു മദ്യവിതരണം. ഇത് അധികം നൽകണമെന്നും പ്രിന്റ് ചെയ്ത പരസ്യ കാർഡിൽ പറയുന്നു. എക്സൈസ് ചട്ടം അനുസരിച്ച് മദ്യത്തെക്കുറിച്ച് പരസ്യം നൽകുന്നത് കുറ്റകരമാണ്. അതിനാൽ അബ്കാരി ആക്ട് 55 എച്ച് വകുപ്പു ചുമത്തിയാണ് നടപടി.
ഇയാൾ പരസ്യത്തിനായി അച്ചടിച്ചിറക്കിയ കാർഡുകൾ പിടിച്ചെടുക്കുകയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. മദ്യം സമ്മാനം നൽകുന്നതു പോലും വിൽപനയായി പരിഗണിക്കുമെന്നിരിക്കെ മദ്യം വാങ്ങി എത്തിച്ചു നൽകുന്നത് കുറ്റകരമാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വരുമാനം നിലച്ചതിനെ തുടർന്നാണ് സ്വയം തൊഴിലെന്ന നിലയിൽ മദ്യം വീടുകളിൽ എത്തിച്ചു നൽകുമെന്നു പരസ്യം നൽകിയതെന്നു മോൻസി മനോരമ ഓൺലൈനിനോട് പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!