14 വര്‍ഷമായി ഒരേ മരുന്ന്, ഒരേ അളവില്‍', ന്യൂറോളജിസ്റ്റിനായും സമരം ചെയ്യേണ്ടിവരുന്നവര്‍
ദുരിത ജീവിതത്തിന് ആശ്വസം കിട്ടാനുള്ള നപടികള്‍ക്ക് വേണ്ടി നിരന്തരം സമരം ചെയ്യേണ്ടി വന്ന ജനത കൂടിയാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍.
എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്ന കാസര്‍കോടെ നിരവധി പഞ്ചായത്തുകളില്‍ ഒന്നാണ് പുല്ലൂര്‍- പെരിയ. (11 പഞ്ചായത്തുകളിലാണ് രോഗികള്‍ ഏറെയും). ഇവിടെ കോളിത്തടം എന്ന സ്ഥലത്തെ 30 വയസ്സുകാരിയായ, സംസാരിക്കാനും കേള്‍ക്കാനും വയ്യാത്ത രോഗിക്ക് 14 വര്‍ഷമായി ഒരേ മരുന്ന് ഒരേ അളവിലാണ് കൊടുക്കുന്നത്. 14 വര്‍ഷം മുമ്പ് വിദഗ്ദ ചികില്‍സയ്ക്ക് പോയപ്പോള്‍ അന്ന് നല്കിയ മരുന്നാണിത്. ഇപ്പോഴും പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈ യുവതിയെ കാണിക്കാറുണ്ട്. എല്ലാതവണയും അവിടെയുള്ള ഡോക്ടര്‍മാര്‍ പഴയ മരുന്ന് അതേ പോലെ ആവര്‍ത്തിക്കാനാണ് ആവശ്യപ്പെടാറുള്ളത്. മറ്റൊന്നും ചെയ്യാനില്ലാത്ത രക്ഷിതാക്കള്‍ ആ മരുന്ന് തന്നെ ആ യുവതിയ്ക്ക് കൊടുക്കുന്നു. അവരുടെ ആരോഗ്യം കൂടുതല്‍ കൂടുതല്‍ മോശമായി വരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. മരുന്നില്‍ എന്തെങ്കിലും മാറ്റം വരുത്താനോ, പുതിയവ നിര്‍ദ്ദേശിക്കാനോ ഇവിടുത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. പരിസരത്തൊന്നും വിദഗ്ദ ഡോക്ടര്‍മാരുമില്ല. എന്ഡോസല്ഫാന് മേഖലയിലെ ദുരിത ബാധിതര്‍ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളിലൊന്നാണിത്.

കിടപ്പിലായ മറ്റൊരു രോഗിക്ക് കോവിഡ് പ്രതിരോധ മരുന്ന് എടുക്കണേെമാ എന്ന കാര്യത്തില്‍ പോലും വ്യക്തമായി നിര്‍ദ്ദേശം നല്കാന് പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
രോഗികളായവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികില്‍സ നല്‍കുന്നുണ്ട്. മംഗലാപുരത്ത് ചികില്‍സിച്ചാലും അര്‍ഹരായവര്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പുവരുത്തുന്ന സംവിധാനമുണ്ട്. എന്നാല്‍ ഇതിലൊക്കെ സംഭവിക്കുന്ന പ്രായോഗിക പ്രശ്നങ്ങള്‍ വലിയ മാനസിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. മംഗലാപുരം കെഎംസിയില്‍ ചികില്‍സയ്ക്ക് പോയ ഒരു രോഗിയുടെ കഥ ഇതിന്റെ ഉദാഹരണമാണ്. അവര്‍ക്ക് ഒരു സര്‍ജറി ചെയ്യണമായിരുന്നു. എല്ലാ പരിശോധനകളും പൂര്‍ത്തിയായി. എന്നാല്‍ ഓപ്പറേഷന് തിയേറ്ററില്‍ രോഗിയെ കൊണ്ട് പോകുന്നതിന് തൊട്ടുമുമ്പ് അവര്‍ എന്തൊക്കെയോ കാരണങ്ങള്‍ പറഞ്ഞ് ഓപ്പറേഷന് മാറ്റിവെയ്ക്കുകയായിരുന്നു എന്നാണ് ആക്ഷേപം. കേരള സര്‍ക്കാരില്‍നിന്നുള്ള പണം കിട്ടാന്‍ വൈകുമെന്ന തോന്നലാണ് ഇങ്ങനെയൊരു തീരുമാനം അവരെ കൊണ്ട് എടുപ്പിച്ചതെന്നാണ് നാട്ടുകാര്‍ കരുതുന്നത്.
ഇങ്ങനെ രോഗികളും ബന്ധുക്കളും നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്നത് കാസര്‍കോട് ഒരു വിദഗ്ദ ചികില്‍സ കേന്ദ്രം കൊണ്ടുവരികയെന്നാണ്. ഇപ്പോള്‍ ആകെയുള്ളത് ജില്ലാ ആശുപത്രിയാണ്. കോവിഡ് തുടങ്ങിയപ്പോള്‍ ആ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഭാഗത്തുനിന്നുണ്ടായ കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
ഇത്രയധികം ആരോഗ്യ വെല്ലുവിളികള്‍ നേരിടുമ്പോഴും സര്‍ക്കാറിന്റെ പ്രതികരണം പലപ്പോഴും യാഥാര്‍ഥ്യവുമായി ബന്ധമുള്ളതല്ലെന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ പ്രവര്‍ത്തകര്‍ പറയുന്നത്. സാമൂഹ്യ നീതിവകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞത് എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളിലെല്ലാം ഡോക്ടര്‍മാര്‍
പരിശോധന നടത്തുന്നുണ്ടെന്നാണ്. ഇത് ശരിയല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 'പരിശോധനയൊന്നും ഇപ്പോള്‍ നടക്കുന്നില്ല'. ഉദ്യോഗസ്ഥന്മാര് മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സംശയവും ഇവര്‍ ഉന്നയിക്കുന്നു.
2012 ല്‍ കാസര്‍കോട് ഒരു മെഡിക്കല്‍ കോളെജിന് തറക്കല്ലിടുന്നത്. 2016 ഓടുകൂടി 300 കിടക്കയുളള മെഡിക്കല്‍ കോളെജ് ആശുപത്രി പ്രവര്‍ത്തന ക്ഷമമാകുമെന്നായിരുന്നു അധികാരികളുടെ വാഗ്ദാനം. ഇപ്പോഴും രോഗങ്ങളുടെ നിത്യ ദുരന്തത്തില്‍ കഴിയുന്ന എന്ഡോള്ഫാന്കാര്ക്ക് പ്രയോജനപെടുന്ന തരത്തില്‍ ഒരു ആശുപത്രി ഇവിടെ ഉണ്ടായിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ മുഖ്യപ്രശ്നങ്ങളിലൊന്ന് ന്യൂറോളജിസ്റ്റ് ഇവിടെ ഇല്ലെന്നതാണ്. ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരം എന്നായിരുന്നു ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചത്. കോവിഡ് വന്നതോടെ അനിവാര്യമായി ചികില്‍സ കിട്ടേണ്ടവര്‍ക്ക് മംഗലാപുരത്തോ പരിയാരത്തോ തിരുവനന്തപുരത്തോ പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ നിത്യ രോഗികളുടെ അവസ്ഥ കൂടുതല്‍ ദുരിതത്തിലായി. കോവിഡ് കാലമായതോടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുമായി ബന്ധപ്പെട്ട എല്ലാപ്രശ്നങ്ങളും കൂടുതല്‍ തീവ്രമായിരിക്കുകയാണെന്ന് രോഗികളുടെ ബന്ധുക്കള്‍ പറയുന്നു.

'രണ്ട് വര്‍ഷമായി എന്റെ മോളെ ഡോക്ടറെ കാണിച്ചിട്ട്. അവള്‍ക്ക് 18 വയസ്സായി. എന്നാല്‍ രണ്ട് വയസ്സിന്റെ പോലും മാനസ്സിക വളര്‍ച്ചയില്ല. ഡോക്ടറെ കാണിക്കണമെങ്കില്‍ മംഗലാപുരത്തോ പരിയാരത്തോ പോകണം. മാസ്ക് പോലും ഇടാന്‍ കുട്ടി സമ്മതിക്കില്ല. വല്ലാത്ത രീതിയിലാണ് പെരുമാറ്റം. ന്യൂറോളജി വിഭാഗത്തിലെ ഡോക്ടറെയാണ് കാണിക്കേണ്ടത്. ഇവിടെ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ പുറത്തുകൊണ്ടുപോകാനും സാധിക്കുന്നില്ല. കോവിഡ് കാലത്ത് ഇത്തരം അവസ്ഥയിലുള്ള കുട്ടിയേയും കൂട്ടിയുള്ള യാത്ര അപകടം പിടിച്ചതാണ്. നമുക്കൊരു ന്യൂറോളജി ഡോക്ടറെയും പരിശോധനയ്ക്ക് ആവശ്യമായ സംവിധാനവുമായിരുന്നു വേണ്ടത്. ഉടന്‍ പരിഗണിക്കുമെന്ന ആരോഗ്യ മന്ത്രി പറയുന്നെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. പലപ്പോഴും രാത്രി മുഴുവന്‍ ഉറങ്ങാതിരിക്കേണ്ട അവസ്ഥയാണ്. ഇത് എന്റെ മാത്രം സ്ഥിതിയല്ല, പലരും ഇങ്ങനെ തന്നെയാണ്. ' രോഗിയായ കുട്ടിയുടെ അമ്മ ചന്ദ്രവതി പറയുന്നു. ഓണത്തിന് മുമ്പ് പെന്ഷന് കിട്ടാന്‍ പോലും വലിയ സമരം നടത്തേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ അത് കിട്ടുന്നുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു
എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് പെന്ഷന് തുകയില്‍ കുറവു വന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നാം കാറ്റഗറിയില്‍ പെടുന്ന രോഗിയെന്ന നിലയില്‍ അവരുടെ മകള്‍ക്ക് 2200 രൂപയായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍ വികലാംഗ പെന്ഷന് കൂടി കൈപ്പറ്റുന്നുവെന്ന് പറഞ്ഞ് 1700 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് അവര്‍ പറയുന്നു. ഇത് പക്ഷെ കുറച്ചു വര്‍ഷങ്ങളായി തുടരുന്ന പ്രശ്നമാണ്്. ഇതിനൊക്കെ നല്കുന്ന വിശദീകരണങ്ങള്‍ പോലും നാട്ടുകാര്‍ക്ക് ബോധ്യമാകുന്നില്ല
മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ദുരിതബാധിതര്‍ക്ക് ആദ്യം 2000 രൂപയും പിന്നീട് 2014 ലെ സമരത്തിന്റെ ഭാഗമായി 2200 രൂപയും ദുരിതാശ്വാസം നല്‍കിയത്. . ഇതാണ് പിന്നീട് 1700 ആയി കുറച്ചത്. പൂര്‍ണമായും കിടപ്പിലായ കുട്ടികളെ പരിചരിക്കുന്ന അമ്മമാര്‍ക്ക് 'ആശ്വാസ കിരണം' പദ്ധതിയിലൂടെ ലഭിക്കുന്ന പെന്ഷന് 700 രൂപയാണ്. ഇതും പലപ്പോഴും മുടങ്ങാറുണ്ടെന്നും രോഗികളുടെ ബന്ധുക്കള്‍ പറയുന്നു.
ഇങ്ങനെ നിരവധി യാതനകളിലൂടെയാണ് എന്‍ഡോസള്‍ഫാന്‍ രോഗികളും അവരുടെ ബന്ധുക്കളും കടന്നു പോകുന്നത്. കോവിഡ് അവരുടെ ദുരിതം വര്‍ധിപ്പിക്കുമ്പോഴും അധികാരികള്‍ പുലര്‍ത്തുന്ന നിസ്സംഗത രോഗികളെയും ബന്ധുക്കളെയും കൂടുതല്‍ അലട്ടുന്നു.
എന്‍ഡോസള്‍ഫാന്‍ വിക്റ്റിംസ് റീലീഫ് റെമഡിയേഷന്‍ സെല്ലിന്റെ യോഗം ചേരാത്തതാണ് ഇപ്പോള്‍ ഇവിടുത്തെ ഇരകളും കുടുംബങ്ങളും നേരിടുന്ന പ്രധാന പ്രശ്നം. സെല്ലിന്റെ യോഗം ഒരു വര്‍ഷത്തോളമായി ചേര്ന്നിട്ട്്. ' സെല്ലിന്റെ യോഗം ചേരാത്തതു കൊണ്ട് കോവിഡ് കാലത്ത് പ്രത്യേകമായി അനുഭവിക്കുന്ന ദുരന്തങ്ങളും വെല്ലുവിളികളും ശ്രദ്ധിയില്‍ പെടുത്തി നടപടിയി ഉണ്ടാക്കാന്‍ കഴിയുന്നില്ല' ചന്ദ്രാവതി പറഞ്ഞു
എന്‍ഡോള്‍ഫാന്‍ ഇരകളുടെ പ്രശ്നങ്ങളില്‍ ഇടപ്പെട്ട് തീരുമാനമുണ്ടാക്കേണ്ട സമിതിയാണ് വിക്റ്റിംമ്സ് റിലീഫ് റെമഡിയേഷന്‍ സെല്‍. എന്റോസള്ഫാന് മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റും സാമുഹ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സമിതിയുടെ ചെയര്മാന് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് അന്നത്തെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനായിരുന്നു. പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നതിന് ശേഷം ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ സമിതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഇല്ലാതായി.
'ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനം തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും സമിതിയുടെ അംഗീകാരം വേണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അത് എത്ര ചെറിയ സാങ്കേതിക കാര്യങ്ങളാണെങ്കിലും. അങ്ങനെയുള്ളപ്പോഴാണ് കഴിഞ്ഞ ഒക്ടോബറിന് ശേഷം സമിതി യോഗം ചേരാതിരിക്കുന്നത്. ഒരു കാര്യവും അതുകൊണ്ട് നടക്കുന്നില്ല' സമിതിയിലെ അംഗവും എന്റോസള്ഫാന് പീഡിത ജനകീയ മുന്നണിയുടെ പ്രവര്‍ത്തകയുമായ മുനീസ അമ്പലത്തറ പറഞ്ഞു
ഇരകള്‍ക്ക് കിട്ടേണ്ട പൈസ പോസ്റ്റ്മാന് അടിച്ചുമാറ്റുന്ന സംഭവം പോലും ഉണ്ടായി. ചിലരുടെ പണം ബാങ്ക് അക്കൗണ്ടുകള്‍ വഴി അയക്കുന്നതിന് പകരം പോസ്റ്റ് ഓഫീസ് വഴി വന്നപ്പോഴായിരുന്നു അത് സംഭവിച്ചത്. പണം തിരിച്ചുകിട്ടിയെങ്കിലും ഇതൊക്കെ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി അവര്‍ പറയുന്നു
സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ എങ്ങനെയാണ് ഇരകളെയും അവരുടെ കുടുംബങ്ങളെയും കൂടുതല്‍ ദുരിതത്തിലാക്കുന്നതെന്നതിന്റെ ഉദാഹരണങ്ങള്‍ ഇവര്‍ നിരത്തുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ ദുരിത ബാധിതര്‍ക്ക് സായ് ട്രസ്റ്റ് വീടു വെച്ചു നല്കുന്നപദ്ധതിയുണ്ട്. ഇതില്‍ പല വീടുകളുടെയും പണി പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ താക്കോല്‍ കൈമാറ്റം മാത്രം നടക്കുന്നില്ല. അതിന് കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത് സമിതിയുടെ യോഗം നടന്ന് അതിന്റെ അംഗീകാരത്തോടെ മാത്രമെ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കഴിയുവെന്നാണ്. 'ഇവിടെ 17 വീടുകളുടെയെങ്കിലും പണി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്' മനീസ പറഞ്ഞു. യോഗം ചേരാതായതോടെ ഇതുമായി ബന്ധപ്പെട്ട ഓഫീസിന്റെ പ്രവര്‍ത്തനവും അലംഭാവത്തിലായി എന്ന് ഇവര്‍ ആക്ഷേപിക്കുന്നു. പുതിയ ആവശ്യങ്ങളൊന്നും തങ്ങള്‍ ഉന്നയിക്കുന്നില്ല. സുപ്രീം കോടതിയും അതുപോലെ മനുഷ്യാവകാശ കമ്മീഷനും നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ എങ്കിലും സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. എന്നാല്‍ അക്കാര്യത്തില്‍ ഒരു നീക്കവും കാണുന്നില്ല'
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേരളത്തിലെ സര്‍ക്കാരുകള്‍ നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ടുവെയ്ക്കാറുണ്ടെങ്കിലും അവയൊന്നും ഫലപ്രദമായി നടപ്പിലാക്കാറില്ലെന്ന് രോഗികളുടെ ബന്ധുക്കളില്‍ ചിലര്‍ പറയുന്നു. ഇതില്‍ ചില ഉദ്യോഗസ്ഥരുടെ സമീപനത്തെയാണ് ഇവരില്‍ പലരും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.
എന്‍ഡോസള്‍ഫാന്‍ വിഷയം കേരളത്തില്‍ നിരന്തരം വലിയ ചര്‍ച്ച ആയെങ്കിലും ദുരിതാശ്വാസ നടപടികളില്‍ വലിയ അനാസ്ഥ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നതിന് എത്രയോ തെളിവുകള്‍ ഉണ്ട് ഡി.വൈ.എഫ്ഐ കൊടുത്ത കേസില്‍ 2017 ലെ സുപ്രീം കോടതി 6727 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് ചെയ്യാത്തതിനെ തുടര്‍ന്ന് പലരും കോടതി അലക്ഷ്യത്തിന് ഹര്‍ജി സമര്‍പ്പിച്ചപ്പോഴാണ് പണം ലഭ്യമാക്കിയത്. അതിന് പറ്റാത്തവര്‍ക്ക് പണം കിട്ടിയുമില്ല.
2010 ലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളില്‍ ഇടം പിടിക്കുന്നത്. 2010 ല്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്കെത്തിയ രോഗികളെ പരിശോധിച്ചതില്‍ 4182 പേരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണ്ടെത്തുകയായിരുന്നു. ഇതേ സമയത്താണ് 2010 ല്‍ ദേശീയ മനുഷ്യാവകാശ കമീഷന് കാസര്‍കോടെത്തി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് കലക്ട്രേറ്റിന് മുന്നില്‍ അമ്മമാര്‍ക്ക് സമരം നടത്തേണ്ടി വന്നു. ഇങ്ങനെ ദുരിത ജീവിതത്തിന് ആശ്വസം കിട്ടാനുള്ള നപടികള്‍ക്ക് വേണ്ടി നിരന്തരം സമരം ചെയ്യേണ്ടി വന്ന ജനത കൂടിയാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍.
ഇപ്പോള്‍ ന്യൂറോളജിസ്റ്റിനെ സര്‍ക്കാര്‍ നിയമിക്കണമെന്നാവശ്യപ്പെട്ടുപോലും അവര്‍ക്ക് സമരം ചെയ്യേണ്ടി വരുന്നു. അതും ആരോഗ്യരംഗത്തെ കേരളത്തിന്റെ മികവിനെ ചൊല്ലിയുള്ള കഥകളാല്‍ മാധ്യമങ്ങള്‍ നിറയുമ്പോള്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ശബരിമല ബില്‍: വോട്ട് ആചാരത്തിനോ നീതിക്കോ?
കൊറോണ ദുരന്തം വിതച്ച രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കും, ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ മലേറിയ മരുന്ന് കയറ്റുമതി നിരോധനം പിന്‍വലിച്ച് ഇന്ത്യ
സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ റാങ്ക് ഇടിഞ്ഞതിന് മൂന്ന് കാരണങ്ങളുണ്ട്
ആസാദിന്റെ ആരോഗ്യ നിലയില്‍ ആശങ്ക, ജയിലില്‍ ചികിത്സ നിഷേധിക്കുന്നു; മനുഷ്യാവകാശ ലംഘനമെന്ന് ഡോക്ടര്‍