അർജന്റീനയുടെ ചോരാത്ത കൈ, ഫുൾ പവറിൽ എമിലിയാനോ; മെസിക്കൊപ്പം ചരിത്രമെഴുതി ഗോൾഡൻ ഗ്ലൗ നേട്ടവും
ആദ്യമായി ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഗോൾകീപ്പറായ എമിലിയാനോയെ തേടി സ്വപ്ന തുല്യമായ നേട്ടമാണ് അവസാനം എത്തിയത്. ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർക്കുളള ഗോൾഡൻ ഗ്ലൗ പുരസ്കാരം.
കോപ്പ നേട്ടത്തിൽ ആരാധകർ മെസിയെയും അർജന്റീനയെയും നെഞ്ചേറ്റുമ്പോൾ മറക്കാൻ കഴിയാത്തൊരു പേരുണ്ട്. ഏറെ നിർണായകമായ സെമി ഫൈനലിലും ഫൈനലിലും ബുളളറ്റ് വേഗമുളള ടൺ കണക്കിന് ഭാരമുളള ഷോട്ടുകളെ തട്ടിത്തെറിപ്പിച്ച എമിലിയാനൊ മാർട്ടിനെസ് എന്ന ഗോൾകീപ്പറാണത്. അർജന്റീന ടീമിലെ ഫ്രാങ്കോ അർമാനിയെന്ന പരിചയ സമ്പന്നനായ ഫസ്റ്റ് ഗോൾ കീപ്പറിന് പകരമാണ് പരിശീലകൻ സ്കലോനി എമിലിയാനോയെ കളത്തിലിറക്കിയത്. ആ തീരുമാനം നൂറ് ശതമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു പ്രകടനവും.

ആദ്യമായി ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഗോൾകീപ്പറായ എമിലിയാനോയെ തേടി സ്വപ്ന തുല്യമായ നേട്ടമാണ് അവസാനം എത്തിയത്. ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർക്കുളള ഗോൾഡൻ ഗ്ലൗ പുരസ്കാരം. ആദ്യമായാണ് ഒരു അർജന്റീന ഗോൾകീപ്പർ കോപ്പയിലെ ഈ പുരസ്കാരത്തിന് അർഹനാകുന്നത്. ടൂർണമെന്റിൽ സെമി ഫൈനലിലെ മൂന്നെണ്ണം അടക്കം നാല് പെനാൽറ്റികളാണ് എമിലിയാനോ സേവ് ചെയ്തത്. കൂടാതെ ഗോളെന്നുറച്ച നാല് അവസരങ്ങളിൽ അണുവിട തെറ്റാതെയുളള നീക്കത്തിൽ ബോൾ തട്ടിത്തെറിപ്പിച്ച് ടീമിനെ രക്ഷിക്കാനും എമിലിയാനോയ്ക്ക് സാധിച്ചു.
കൊളംബിയയ്ക്ക് എതിരായ ഷൂട്ടൗട്ടിൽ ഏറെ പരിചയ സമ്പത്തൊന്നും ഇല്ലാത്ത എമിലിയാനൊ മൂന്ന് കിക്കുകളാണ് തടുത്തിട്ടത്. ഇത് അർജന്റീനയുടെ ഫൈനൽ പ്രവേശനം എളുപ്പത്തിലാക്കി. മത്സരശേഷം നായകൻ മെസി പറഞ്ഞത് എമിലിയാനോ ഒരു പ്രതിഭാസമാണ്, അവനിൽ ഞങ്ങൾ വിശ്വാസം അർപ്പിച്ചിരുന്നു എന്നാണ്. ബ്രസീലിനെതിരെയുളള ഫൈനൽ മത്സരം ആ വാക്കുകൾ അർത്ഥവത്താക്കുന്ന പോരാട്ടം കൂടിയായിരുന്നു എമിലിയാനോ ഗോൾപോസ്റ്റിൽ നടത്തിയത്. ഗോളെന്നുറച്ച ബ്രസീലിന്റെ രണ്ട് അവസരങ്ങളാണ് അർജന്റീന ഗോളി തട്ടിയകറ്റിയത്.
രണ്ടാം പകുതിയില്‍ റോബര്‍ട്ടോ ഫിര്‍മിനോയെ കളത്തിലിറക്കി ബ്രസീല്‍ ആക്രമണം ശക്തമാക്കിയപ്പോൾ 54ാം മിനിറ്റില്‍ റിച്ചാര്‍ലിസന്റെ അപകടകരമായ മുന്നേറ്റവും പിന്നാലെ താരത്തിന്റെ ഗോളെന്നുറച്ച ഷോട്ടും എമിലിയാനോ സേവ് ചെയ്തു. കളി കയ്യാങ്കളിയിലേക്കും പരുക്കൻ അടവുകളിലേക്കും നീങ്ങിയ അവസാന നിമിഷങ്ങളിൽ ഗബ്രിയേല്‍ ബാര്‍ബോസയുടെ 87ാം മിനിറ്റിലെ ഗോളെന്നുറച്ച വോളിയാണ് അവിശ്വസനീയമായി എമിലിയാനോ തട്ടിത്തെറിപ്പിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രസീൽ ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് വിളിച്ചതും എമിലിയാനോയ്ക്കും അർജന്റീനയ്ക്കും തുണയായി. കൊളംബിയയ്ക്ക് എതിരെ ഉണ്ടായിരുന്ന ഫുൾ പവറിലാണ് എമിലിയാനോ ഇന്നും ഗോൾവല കാത്തത്.

