സ്വതന്ത്ര നിലപാടുകളുമായി വലിയ ലക്ഷ്യത്തിലൂടെ മുന്നോട്ടുപോയ കേരളദേശം പത്രത്തെ തളര്ത്തിയതില് അടിയന്തരാവസ്ഥ പ്രധാന കാരണമായിരുന്നു.
കേരളദേശം തികച്ചും സെന്‍സേഷണലായ ഒരു പത്രമായിരിക്കണമെന്ന കാര്യത്തില്‍ മാനേജ്മെന്റെ് ഉറച്ചുനിന്നു. ഒപ്പം പത്രത്തെക്കുറിച്ച് വായനക്കാര്‍ക്ക് നല്ല മതിപ്പുണ്ടാകണം. അതിന് ഇവരുടെ മുന്നിലെ ഏക മാതൃക ബ്രിട്ടണിലെ 'ദി ഡെയ്ലി മിറര്‍' ആയിരുന്നു.
Also Read: നസീറിന്റെ പിണക്കം, കേരളദേശത്തിന്റെ പിറവി; കൃഷ്ണസ്വാമി റെഡ്യാര്‍ ഏറ്റെടുത്ത വെല്ലുവിളി| Media Roots 33

അതിവിപുലമായ പിന്തണ വായനക്കാരില്‍നിന്ന് ആ പത്രത്തിന് ലഭിച്ചിരുന്നു. തികച്ചും ജനാധിപത്യപരമായി, മൂല്യവത്തായ പൊതുസേവനമെന്ന നിലയില്‍ പ്രധാനപ്പെട്ട വാര്‍ത്തകളുടെയും കാഴ്ചപ്പാടുകളുടെയും സെന്‍സേഷണല്‍ അവതരണത്തില്‍ ഡെയ്ലി മിറര്‍ വിശ്വസിച്ചുപോരുന്നു. സംഭവങ്ങളുടെ ഉജ്ജ്വലവും നാടകീയവുമായ അവതരണമാണ് വായനക്കാരന്റെ മനസ്സില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നത്'' ആ തിരിച്ചറില്‍ നിന്നാണ് കേരളദേശം ടീം ഇങ്ങനെയൊരു നിലപാടിലെത്തിച്ചേര്ന്നത്.

1903-ല്‍ ആരംഭിച്ച ദി ഡെയ്ലി മിറര്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ബ്രിട്ടീഷ് പത്രങ്ങളുടെ ഗതി മാറ്റുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയ ചരിത്രമൊക്കെ കേരളദേശം ടീമിനെ ആവേശം കൊള്ളിച്ചിരുന്നു. അതിന്റെ തൊഴിലാളിവര്‍ഗ വീക്ഷണങ്ങള്‍ കൃഷ്ണസ്വാമി റെഡ്യാര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരുകാലത്ത് ഡെയ്ലി മിറര്‍ പ്രതിദിനം 4.5 ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിച്ചിരുന്നു.

ഏത് പ്രതിബന്ധങ്ങളേയും തരണം ചെയ്ത് കേരളദേശം ഡെയ്ലി മിററിനെപ്പോലെ കേരളമണ്ണില്‍ നിലനിര്‍ത്തണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതിനാല്‍ എല്ലാ സന്നാഹങ്ങളോടും കൂടിയാണ് പത്രത്തിന് തുക്കമിട്ടത്. പിടിഐ, റോയിട്ടര്‍, യുഎന്‍ഐ, ഏപി തുടങ്ങിയ വാര്‍ത്താ ഏജന്‍സികള്‍. പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്വന്തം ലേഖകന്മാര്, ബെസ്റ്റ് ഫോട്ടോഗ്രാഫര്‍മാര്‍. പ്രതിദിനം ഒരുപേജ് സിനിമയ്ക്ക് മാത്രമായി നീക്കിവച്ചു. നിരവധി വാര്‍ത്താ ചിത്രങ്ങള്‍, കാര്ട്ടൂണുകള്, സ്ഥലനാമ ചരിത്രം. ദിവസേന തുടര്‍ നോവല്‍. വില 25 പൈസ മാത്രമാണിട്ടിരുന്നത്. അഞ്ചുവര്‍ഷക്കാലത്തേക്ക് യാതൊരു ലാഭവുമില്ലെങ്കിലും പത്രം നടത്തിക്കൊണ്ടുപോകാമെന്നുള്ള ഉറപ്പും കൃഷ്ണസ്വാമിറെഡ്യാര്‍ നല്‍കിയിരുന്നു. ഒന്നാന്തരമൊരു ലൈബ്രറിയും കേരളദേശത്തിനുണ്ടായിരുന്നു.
1947ലെ ഇന്ത്യ-പാകിസ്ഥാന് വിഭജനകാലത്ത് ജനങ്ങളുടെ ഇരുരാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റവും അവരുടെ തിക്താനുഭവങ്ങളും പശ്ചാത്തലമാക്കി ഖുശ്വന്ത് സിങ് രചിച്ച നോവലാണ് ട്രെയിന്‍ റ്റു പാകിസ്ഥാന്. ഈ നോവലില്‍ നിരവധി കഥാപാത്രങ്ങളെ വായനക്കാരന് അടുത്തറിയാനാകുന്ന തരത്തില്‍ വിവര്‍ത്തനം ചെയ്ത് ദിവസേന പത്രത്തില്‍ കൊടുക്കാന്‍ തീരുമാനിച്ചത് ഒരു വിജയം തന്നെ ആയിരുന്നു.

എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്മാനായണ് പി. സി കുട്ടികൃഷ്ണമേനോന് (ഉറുബ്) നിയമിതനാകുന്നത്. കൃഷ്ണസ്വാമി റെഡ്യാര്‍ക്ക് പ്രിയപ്പെട്ട വ്യക്തിയായ കെ. എന്‍ പി കുറുപ്പ് പ്രത്യേക റിപ്പോര്‍ട്ടറായി കേരളദേശത്തിലുണ്ടായിരുന്നു.

കെവിഎസ് ഇളയതായിരുന്നു പുതിയ പുതിയ പംക്തികള്‍ കണ്ടെത്തി അതിനുപറ്റിയവരെ അണിനിരത്തിക്കൊണ്ടിരുന്നത്. സ്ഥലനാമ ഗവേഷണത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് വിളക്കുടി രാജേന്ദ്രനെ ആയിരുന്നു.
അതേക്കുറിച്ച് വിളക്കുടി രാജേന്ദ്രന് 2020 മാര്‍ച്ച് 15ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എന്‍ഗുരു എന്ന ലേഖനത്തിത്തില്‍ എഴുതിയിരിക്കുന്നതിങ്ങനെ:
'കേരളദേശം പത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പത്രാധിപര്‍ കെവിഎസ് ഇളയത് എനിക്കുനല്കിയ ജോലിയാണ് 'സ്ഥലഗവേഷണം'. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥലഗവേഷണത്തിലെത്താനും ഡോ. പുതുശേരി സാറിനെപ്പോലെ ഒരാചാര്യന്റെ കീഴില്‍ ഇതേ വിഷയത്തില്‍ ഗവേഷണം നടത്താനും ഭാഗ്യമൊരുക്കിയത് ഇളയതിന്റെ ഇടപെടലാണ്.'

കേരളദേശത്തിന്റെ കരുത്തനായ മറ്റൊരു പത്രപ്രവര്‍ത്തകനാണ് പ്രഭാകരന് പുത്തൂര്‍. അദ്ദേഹത്തെ കൊണ്ടുവരാന്‍ തീരുമാനിച്ചത് ഇളയതിന്റെ ഭാര്യ എന്‍. ശാന്തകുമാരി ടീച്ചറുടെ അഭ്യര്‍ത്ഥനപ്രകാരമായിരുന്നു.
കെവിഎസ് ഇളയത് അങ്ങനെയാണ്. ഏതൊരുകാര്യത്തില്‍ ഏര്‍പ്പെട്ടാലും ആമേഖലയില്‍ കഴിവുള്ളവരെ കണ്ടെത്തി അവരെ പൂര്‍ണമായി വിശ്വസിച്ച് ഓരോ കാര്യങ്ങള്‍ ഏല്‍പ്പിക്കും. ചാട്ടുളിപോലെ തുളച്ചുകയറുന്ന അതിശക്തമായൊരു ശൈലിയാണ് കെവിഎസ് ഇളയതിന്റേത്. അഴിമതിയെക്കുറിച്ചുള്ള ഏതെങ്കിലും തരത്തിലുള്ള ഒരുവിവരം ലഭിച്ചു എന്നിരിക്കട്ടെ. പിന്നെ ഊണും ഉറക്കവും ഉപേക്ഷിച്ച് അതിന്റെ നിജസ്ഥിതി അന്വേഷിച്ചിറങ്ങുകയായി. അഴിമതിക്കഥ പൂര്‍ണ്ണമായും പുറത്തുകൊണ്ടുവന്നാലല്ലാതെ അദ്ദേഹം അടങ്ങുകയില്ല. തൂലിക പടവാളാക്കുമെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ടെങ്കിലും അക്ഷരം പ്രതി അത് നടപ്പില്‍ വരുത്തുന്ന അപൂര്‍വ്വം പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു ഇളയത്. ഉന്നത ഉദ്യോഗസ്ഥന്മാരുടേയോ, ഭരണാധികാരികളുടേയോ വരുതിയില്‍ നില്ക്കുന്ന അളുമായിരുന്നില്ല അദ്ദേഹം.

എന്തിനേറെ നല്ല പ്രായത്തില്‍ വിവാഹം കഴിക്കാന്‍ പോലും മറന്നുപോയൊരു മനുഷ്യന്..! ദീപികയുടെ റിപ്പോര്‍ട്ടര്‍ കെ സി സെബാസ്റ്റ്യനും ഹിന്ദു ദിനപത്രത്തിലെ സമ്പത്തും മറ്റൊരു പത്രപ്രവര്‍ത്തകനായ കെ. ആര് രവിയും മറ്റും അവിവാഹിതരായിരുന്നു. അവര്‍ക്കൊന്നും വിവാഹത്തെക്കുറിച്ച് വലിയ താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ അവസാന കാലത്ത് ഏകനായതിനാല്‍ ശുശ്രൂഷിക്കാന്‍ ആരുമില്ലാതായ വിശേഷങ്ങളൊക്കെ അന്ന് പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. അക്കാലത്ത് ഇളയത് തന്റെ അധ്യാപകന് കുറ്റിപ്പുഴ കൃഷ്ണപിള്ളയുമായി നേരില്‍ കാണാനിടയായി. ഉടന്‍ തന്നെ വിവാഹം കഴിക്കണം എന്ന അദ്ദേഹത്തിന്റെ ഉപദേശവും മറ്റും ഇളയതിനെ ഏറെ സ്വാധീനിച്ചു. അങ്ങനെയാണ് വിവാഹത്തിന് തയ്യാറായത്. തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്ന എന്‍. ശാന്തകുമാരി എന്ന കോളേജ് അധ്യാപികയുടെ ആലോചനചില പരിചയക്കാര് വഴി വന്നു. അങ്ങനെ അവര്‍ തമ്മിലുള്ള വിവാവും നടന്നു. ഈ ദമ്പതികള്‍ക്ക് ഹരിശങ്കര്‍. അഞ്ജന ശങ്കര്‍ എന്നിങ്ങെ രണ്ട് മക്കളുമുണ്ടായി.
പത്തനംതിട്ടയ്ക്കടുത്തുള്ള മലയാലപ്പുഴയില്‍ നമ്പ്യാതിരിയുടെയും പാപ്തിക്കുട്ടി അന്തര്‍ജനത്തിന്റെയും ഏക മകളാണ് ശാന്തകുമാരി. അവരുടെ പിതാവ് ഔപചാരിക വിദ്യാഭ്യാസം നേടാനാകാത്തതിന്റെ ദുഃഖം പേറി നടക്കുന്നവനായിരുന്നു. അതുകൊണ്ടുതന്നെ മകള്‍ക്ക് പരമാവധി വിദ്യാഭ്യാസം കൊടുക്കണം എന്നുറപ്പിച്ചിരുന്നു. അത് സഫലമാകുകയും ചെയ്തു.

തിരുവനന്തപുരം മഹാത്മഗാന്ധി കോളേജില്‍ ശന്തകുമാരി ടീച്ചറുടെ പ്രിയ ശിക്ഷ്യനായിരുന്നു പ്രഭാകരന് പുത്തൂര്‍. അവിടെ പഠിക്കുന്ന കാലത്ത് എഴുത്തുമത്സരത്തിലൂടെ കോളേജ് മാഗസിന് എഡിറ്റര്‍ ഒക്കെയായി ശോഭിച്ച മിടുക്കന്. ജേണലിസം പഠിച്ചശേഷം ദേശാഭിമാനിയില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശാന്തകുമാരി ടീച്ചറാണ് ഇളയതിനെ അറിയിച്ചത്.
ദേശാഭിമാനിയില്‍ നിന്ന് പ്രഭാകരനെ കേരളദേശത്തിലേക്ക് കൊണ്ടുവരേണ്ട ചുമതല ഇളയത് സെബാസ്റ്റ്യന്‍ നെടുവേലിയെ ഏല്‍പ്പിച്ചു. അവധിക്ക് നാട്ടിലെത്തിയ നെടുവേലി ആദ്യം പോയത് കലൂര്‍ ദേശാഭിമാനി പത്രം ഓഫീസിലേക്കാണ്. അവിടെ രണ്ടര വര്‍ഷത്തെ സര്‍വ്വീസുള്ള പ്രഭാകരനെ ചാടിച്ചെടുത്തു നെടുവേലി.
പ്രഭാകരന് പുത്തൂര്‍
കൊട്ടാരക്കര താലുക്കിലെ പുത്തൂരില്‍ കെ. എന്‍ ശങ്കരപ്പിള്ളയുടേയും ഭവാനിയമ്മയുിടേയും മകനായി ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം. എ കഴിഞ്ഞ് 22-ാമത്തെ വയസില്‍ ബോംബെയിലെ ഭാരതിയ വിദ്യാപീഠത്തില്‍ നിന്ന് പത്രപ്രവര്‍ത്തനപരിശീലനം നേടിയ പ്രഭാകരന് സജീവ പാര്ട്ടിപ്രവര്ത്തനത്തില് മുഴുകി. കെ എസ് വൈ എഫ് കൊട്ടാരക്കര താലൂക്ക് സെക്രട്ടറി ആയിരിക്കുമ്പോള്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് എന്‍. ശ്രീധരന് എന്ന സഖാവ് വഴി ചീഫ് എഡിറ്റര്‍ പി. ഗോവിന്ദപ്പിള്ളയാണ് ദേശാഭിമാനിയില്‍ എടുത്തത്. അച്ചടിയില്‍ തല്പരനായ പ്രഭാകരന് ജനിച്ചപ്പോഴെ അച്ചടിയന്ത്രവുമായുള്ള അടുപ്പം തുടങ്ങിയതാണ്. വിജയാപ്രസ്സ് എന്ന പുത്തൂരിലെ ആദ്യകാല പ്രസ്സ് ഇദ്ദേഹത്തിന്റെ പിതാവിന്റെതായിരുന്നു. അതുകൊണ്ടുതന്നെ അച്ചടിയിലെ സകല അഭ്യാസങ്ങളും നന്നേ ചെറുപ്രായത്തില്‍ തന്നെ ഇദ്ദേഹം കരഗതമാക്കിയിരുന്നു. കേരളദേശത്തിലേക്ക് അച്ചടികാര്യങ്ങളില്ക്കൂടി പരിചയസമ്പന്നനായ പ്രഭാകരന് എത്തിയതോടെ ലേ ഔട്ടിലൊക്കെ കുറേക്കൂടി പുതുമ കൊണ്ടുവരാന്‍ കഴിഞ്ഞു.

ടാബ്ലോയിഡ് മോഡല്‍ നല്ലതാണെങ്കിലും അതിന് ഒട്ടേറെ പരിമിതികളുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടൊരു കാര്യം പത്രങ്ങള്‍ക്കുവേണ്ടി അക്കാലത്ത് പരസ്യങ്ങളുടെ ബ്ലോക്ക് തയ്യാറാക്കി നല്‍കുകയായിരുന്നു പതിവ്. പ്രഭാതപത്രങ്ങള്‍ എല്ലാം തന്നെ എട്ട് കോളമുള്ള ബ്രോഡ് ഷീറ്റായിട്ടാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്. കേരളദേശത്തിനു മാത്രമായി ബ്ലോക്കുണ്ടാക്കി പരസ്യക്കാര് നല്കില്ലല്ലോ. ഏജന്റുമാരാണെങ്കില് തുടക്കംമുതലേ ടാബ്ലോയിഡിനോട് (കുട്ടിപ്പത്രം)എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടെയിരുന്നു. ഒടുവില്‍ കേരളദേശവും ബ്രോഡ് ഷീറ്റിലേക്ക് മാറി.

നല്ലൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ കെവിഎസ് ഇളയതിനും കൂട്ടര്‍ക്കും കഴിഞ്ഞിരുന്നു. എല്ലാവരും തന്നെ മാസ്റ്റര്‍ ഡിഗ്രി എടുത്തവരും റാങ്ക് ജേതാക്കളുമൊക്കെയായിരുന്നു. അവര്‍ ഒരേ മനസ്സോടെ വാര്‍ത്തകളോടും ജനങ്ങളോടും കൂറുപുലര്‍ത്തി. നല്ലൊരു ഞായറാഴ്ചപ്പതിപ്പും കേരളദേശം ഇറക്കാന്‍ തുടങ്ങി. പത്രത്തിന്റെ പ്രചാരം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു.

അടിയന്തിരാവസ്ഥയും കേരളദേശവും
1975 ജൂണ്‍ 26-ാംതിയതി. കേരളദേശം ഓഫീസ് പതിവുപോലെ സജീവമായിരുന്നു. കുമ്മനം രാജശേഖരന് ഓഫീസിലുണ്ടെങ്കില്‍ വാര്‍ത്താ ഏജന്‍സിയുടെ ടെലിപ്രിന്ററിന് ചുറ്റുമായി കാണും. രാജ്യത്തു നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയണമെന്നത് ഒരു വാശിപോലെ കൊണ്ടുനടന്ന മനുഷ്യന്. അന്ന് ടെലിപ്രിന്ററില്‍ നോക്കിയ അദ്ദേഹം അല്പം ഉച്ചത്തില്‍തന്നെ വിളിച്ചുകൂകി. ' അടിയന്തരാവസ്ഥ ...എമര്‍ജന്‍സി..!' സെബാസ്റ്റ്യനും പ്രഭാകരനും ഓടി ടെലിപ്രിന്ററിനടുത്തെത്തി.
കുമ്മനം സഗൗരവത്തില്‍ വീണ്ടും പറഞ്ഞു. ശ്രീമതി ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. വാര്‍ത്തകള്‍ ഫ്ളാഷ്..ഫാളാഷ് എന്ന അറിയിപ്പോടെ കട...കട ശബ്ദമുണ്ടാക്കി വന്നുകൊണ്ടേയിരുന്നു.
1975 ജൂണ്‍ 25-ാംതീയതി അര്‍ദ്ധരാത്രിയിലാണ് ഇന്ദിരാഗാന്ധി ഇന്ത്യയുടെ മേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അപ്പോഴേക്കും കെവിഎസ് ഇളയതും എത്തി. അതുവരെ ടെലിപ്രിന്ററില്‍ നിന്നും കീറിയെടുത്ത വാര്‍ത്തകളത്രയും അദ്ദേഹം ഓടിച്ചുവായിച്ചു. ജയപ്രകാശ് നാരായണനുള്‍പ്പെടെ ഒരു പറ്റം നേതാക്കളെ അറസ്റ്റ് ചെയ്ത വാര്‍ത്തകളും വന്നുകൊണ്ടിരുന്നു. അവയ്ക്കൊപ്പം (എംബാര്‍ഗോ) എന്നുകൂടിയുണ്ട്.
'അതൊന്നും നിങ്ങള്‍ കണക്കാക്കേണ്ട. എല്ലാം അതിവേഗം മലയാളത്തിലാക്കി കമ്പോസിങ്ങിന് വിട്.' ഇളയതിന്റെ നിര്‍ദ്ദേശം കിട്ടിയതോടെ എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഫോര്മാന് ശിവദാസന്‍ പിള്ള കമ്പോസിറ്റര്‍മാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി. പിറ്റേന്നിറങ്ങിയ പത്രത്തില്‍ തടഞ്ഞുവച്ച വാര്‍ത്തകളത്രയും ചേര്‍ക്കുകയും എഡിറ്റോറിയലിന് ചുറ്റും തടിച്ച കറുത്ത വര കൊടുക്കുകയും ചെയ്തു. വരും വരായ്കകളെക്കുറിച്ചൊന്നും ചെറുപ്പത്തിന്റെ തിളപ്പുകൊണ്ട് ആരും ചിന്തിച്ചില്ലെന്നുതന്നെ പറയാം..!
തുടര്‍ന്നുള്ള ദിവസങ്ങളിലും പോലീസിന്റെ അതിക്രമങ്ങളെക്കുറിച്ചും അറസ്റ്റുചെയ്തവരുടെ പട്ടിക നിരത്തിയും കേരളദേശം മുന്നേറിക്കൊണ്ടിരുന്നു. അല്പദിവസത്തിനു ശേഷം കേരളദേശത്തിനൊരു ഇണ്ടാസ് കിട്ടി.
ആഭ്യന്തരമന്ത്രി പത്രക്കാര്‍ക്കായി പ്രത്യേക യോഗം വിളിച്ചിരിക്കുന്നു. പത്രസമ്മേളനമല്ല, പത്രാധിപന്മാരുടെയും, പത്ര ഉടമകളുടെയും യോഗമാണ്. ആ യോഗത്തില്‍ കേരളദേശത്തെ പ്രതിനിധീകരിച്ച് പോയത് കെവിഎസ് ഇളയതും പ്രഭാകരന് പുത്തൂരുമായിരുന്നു. ഇരുവരും സധൈര്യം സെക്രട്ടറിയേറ്റിലേക്ക് പോയി. പ്രമുഖരായ പത്ര ഉടമകളും പത്രാധിപര്‍മാരും ഉണ്ടായിരുന്നു യോഗത്തിന്. കെ. കരുണാകരനാണ് അന്നത്തെ ആഭ്യന്തര മന്ത്രി. യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഒട്ടുമുക്കാലാളുകളേയും അദ്ദേഹത്തിന് നേരിട്ടറിയാം.

അന്ന് തിരുവനന്തപുരത്തെ പത്രക്കാര്‍ക്കിടയില്‍ അത്ര പരിചിതനല്ലാത്ത പ്രഭാകരനെ കെവിഎസ് ഇളയത് പരിചയപ്പെടുത്താന്‍ തുടങ്ങി. ഉടന്‍ ഒരു കടലാസ് വലിച്ചെടുത്ത് അതില്‍ നോക്കി കരുണാകരന് പറഞ്ഞു:
പ്രഭാകരന് പുത്തൂര്‍, നല്ല കമ്മ്യൂണിസ്റ്റുകാരന്. കുറെനാള്‍ ദേശാഭിമാനിയിലും ഉണ്ടായിരുന്നു അല്ലേ..?
പെട്ടെന്ന് ഇളയത് പ്രഭാകരനെ ഒന്നു നോക്കി.
'കുറേ കൂടുതലാണ്. നിരോധിച്ച വാര്‍ത്തകള്‍ കൊടുക്കണമെന്ന് വലിയ നിര്‍ബന്ധമാണല്ലേ..?
കരുണാകരന് അക്കാലത്ത് തിരുവനന്തപുരത്തുള്ള എല്ലാ പത്രക്കാരെക്കുറിച്ചും നന്നായി അറിയാമായിരുന്നു. സര്‍ക്കാര്‍ നയത്തോട് എല്ലാവരും സഹകരിക്കണമെന്ന് വളരെ കര്‍ക്കശ സ്വരത്തില്‍തന്നെ അദ്ദേഹം പറഞ്ഞു. ഇളയതിനെപ്പോലുള്ള ചിലര്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചു. അതൊക്കെ തികഞ്ഞ ക്ഷമയോടെ അദ്ദേഹം കേട്ടിരുന്നു.
'എല്ലാവരം സര്‍ക്കാര്‍ നയത്തോട് സഹകരിക്കണം. എന്നെപ്പറ്റി നിങ്ങള്‍ എന്തുവേണമെങ്കിലും എഴുതിക്കൊള്ളു. പാവം പോലീസുകാരെ വിട്ടേക്ക്.,' അങ്ങനെ പറഞ്ഞുകൊണ്ടാണ് കരുണാകരന് യോഗം അവസാനിപ്പിച്ചത്.
അതനിടെ ഒരു പോലീസുകാരന് പ്രഭാകരന് പുത്തൂരിന്റെ ചെവിയില്‍ പറഞ്ഞു: 'നിര്‍ബന്ധമായും ഹോം മിനിസ്റ്ററെ കണ്ടിട്ടേ പോകാവു.'
പ്രഭാകരന്റെ ചങ്കിടിച്ചുപോയി...! ഇളയത് പറഞ്ഞു: 'പേടിക്കേണ്ട. പിടിച്ച് ജയിലില്‍ ഇടുന്നെങ്കില്‍ ഇടട്ടെ. ധൈര്യമായിട്ട് ചെല്ല്. ഞങ്ങളൊക്കെ ഇവിടെ ഇല്ലേ..? '
അപ്പോഴേക്കും ഭൂരിപക്ഷം ആളുകളും പിരിഞ്ഞിരുന്നു. എന്തുംവരട്ടെ എന്നുകരുതി പ്രഭാകരന് കരുണാകരന്റെ മുന്നിലേക്ക് നടന്നുവെങ്കിലും അടി മുതല്‍ മുടിവരെ ഒരു വിറയല്‍.
ഇതുകണ്ട ഇളയത് വീണ്ടും ധൈര്യം കൊടുത്തു. രണ്ടും കല്പിച്ച് കരുണാകരന്റെ മുന്നിലെത്തി.
ഇരിക്കാന്‍ പറഞ്ഞെങ്കിലും പ്രഭാകരന് ഇരിക്കാനായില്ല. അപ്പോള്‍ അദ്ദേഹം കണ്ണിറുക്കിക്കൊണ്ട് 'ഇരിക്കാനല്ലേ പറഞ്ഞത്.' പ്രഭാകരന് അറിയാതെതന്നെ ഇരുന്നുപോയി.
പുത്തൂരാണ് സ്ഥലം അല്ലേ..? ഒരു കാര്യം പറയാനാണ് വിളിപ്പിച്ചത്. ആ ഇളയതുണ്ടല്ലോ ഒരുപ്പോക്കനാണ്. കണ്ണും മൂക്കുമില്ലാതെ എഴുതിക്കളയും. അത് നല്ലൊരു പത്രപ്രവര്‍ത്തകന്റെ ലക്ഷണമാണ്. ഷാര്പ്പായിട്ടെഴുതണം. എന്നാല്‍ ഉത്തരവാദിത്വം മറക്കരുത്. താന്‍ ചെറുപ്പമല്ലേ, എടുത്തുചാട്ടമൊന്നും വേണ്ട. നിയമം വിട്ടുള്ള കളിയും വേണ്ട. എന്നെ വിമര്‍ശിച്ചോളു. പക്ഷേ, നിയമത്തെ നിഷേധിക്കാന്‍ പാടില്ല. ഒരു താക്കീതെന്നപോലെ കരുണാകരന് പറഞ്ഞു. (ഇതേക്കുറിച്ചൊക്കെ പ്രഭാകരന് പുത്തൂര്‍ പത്രപ്രവര്‍ത്തനം തൊഴിലും കലയും എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.)

പുറത്ത് ആകാംക്ഷയോടെ പ്രഭാകരനേയും കാത്ത് ഇളയത് നില്ക്കുന്നുണ്ടായിരുന്നു. അവിടെ നടന്ന കാര്യങ്ങള്‍ അപ്പോള്‍ തന്നെ പ്രഭാകരന് അറിയിക്കുകയും ചെയ്തു. ഇളയത് ഒന്നൂറിച്ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
പത്രപ്രവര്‍ത്തനം ഏതാണ്ടിരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നാളുകള്‍. അടിയന്തിരാവസ്ഥക്കാലത്ത് രാജ്യത്ത് ആദ്യമായി ഒരു പത്രപ്രവര്ത്തകന് അറസ്ററിലായത് കൊച്ചിയിലായിരുന്നു. മാതൃഭൂമിയുടെ റിപ്പോര്‍ട്ടറായ പി. രാജനെയാണ് തടങ്കലിലാക്കിയത്. അത് മാതൃഭൂമിയിലെഴുതിയതിനായിരുന്നില്ല. എം. എ ജോണിന്റെ 'നിര്‍ണയ'ത്തിന് വേണ്ടി എഴുതിയുണ്ടാക്കിയ 'ഇന്ദിരയുടെ അടിയന്തിരം'എന്ന ലഘുലേഖയുടെ പേരിലാണ് രാജനെ അറസ്റ്റ് ചെയ്തത്.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കിടയിലും തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകര്‍ ഐക്യത്തോടെയാണ് നീങ്ങിയിരുന്നത്. അവര്ക്കൊത്തുകൂടാന് മാത്രമല്ല കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്കൊരു ആസ്ഥാനമന്ദിരമുണ്ടാക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്തിരുന്നു. അങ്ങനെയാണ് തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്റെ ആസ്ഥാനമായ കേസരി സ്മാരകമന്ദിരത്തിന്റെ പണി തുടങ്ങിയത്. കേരളദേശത്തിലെ പത്രപ്രവര്‍ത്തകരെല്ലാം സജീവമായി അതില്‍ പങ്കാളികളാവുകയും ചെയ്തു. അപ്പോഴും ഓരോ ദിവസവും അടിയന്തിരാവസ്ഥയെ ചുറ്റിപ്പറ്റി ഞട്ടിക്കുന്ന എന്തെങ്കിലും വാര്‍ത്ത ഉണ്ടായിരിക്കും.
അങ്ങനെയിരിക്കെ ഒരു ഞാറാഴ്ച. കൃത്യമായിപ്പറഞ്ഞാല്‍ 1975 ആഗസ്റ്റ് 15ന് രാവിലെ പ്രഭാകരനും കുമ്മനവും ഒരു സിനിമയുടെ പ്രിവ്യൂവിന് പ്രത്യേകം ക്ഷണം ലഭിച്ചതുപ്രകാരം പോയി. ഇടവേള നേരത്ത് കുമ്മനം പുറത്തുപോയി. പെട്ടെന്ന് തന്നെ തിരിച്ചുവന്നു പറഞ്ഞു: 'ബംഗ്ലാദേശില്‍ കൂട്ടക്കൊല നടന്നെന്ന്. മുജിബൂര്‍ റഹിമാനെയും കുടുംബത്തെയും വധിച്ചിരിക്കുന്നു. ഇപ്പോള്‍ റേഡിയോ വാര്‍ത്തയുണ്ടായിരുന്നു. വാ നമുക്ക് ഓഫീസിലേക്ക് പോകാം. കുമ്മനമാണത് പറഞ്ഞത്. പുറത്തിറങ്ങിയ ഉടന്‍ പ്രഭാകരന് ഒരു ഐഡിയ തോന്നി. നമുക്കെന്തുകൊണ്ട് ഈ വാര്‍ത്തവച്ച് ഒരു സപ്ലിമെന്റ് ഉണ്ടാക്കിക്കൂടാ..?
അന്നൊക്കെ ഞായറാഴ്ച ദിവസം പത്രമോഫീസെല്ലാം അവധിയാണ്.
കമ്പോസിറ്റര്മാരെയോ പ്രിന്ററെയോ ഒന്നും കിട്ടാന്‍ സാധ്യതയില്ല. വാര്‍ത്ത എഴുതിയുണ്ടാക്കിയാല്‍ തന്നെ അത് കമ്പോസുചെയ്യാന് ആളുകള്‍ വേണം. പിന്നെ ഫ്ളോങ്ങെടുക്കണം, ബ്ലോക്ക് എടുക്കണം, പ്രിന്റ് ചെയ്യണം. അങ്ങനെ പല ജോലികള്‍.
കേരളദേശത്തിലെ ജോലിക്കാര്‍ മിക്കവരും ഓഫീസിനടുത്തു തന്നെയാണ് താമസം. മനസുവച്ചാല്‍ സംഗതി നടന്നേക്കുമെന്നു തോന്നി. ഉടനെ പ്രഭാകരന് ഒരു ടെലിഫോണ്‍ ബൂത്തില്‍ കയറി മാനേജര്‍ എം. സി വാസുദേവനേയും പത്രാധിപര്‍ ഇളയതിനേയും വിളിച്ച് കാര്യം പറഞ്ഞു. ആശയം കൊള്ളാം. താനിതാ എത്തിക്കഴിഞ്ഞു എന്നാണ് പത്രാധിപര്‍ പറഞ്ഞത്. മാനേജര്‍ക്ക് സംഗതി ഇഷ്ടപ്പെട്ടെങ്കിലും തൊഴിലാളികള്‍ തയ്യാറാകുമോ എന്നൊരു ശങ്ക..! ഒടുവില്‍ ഒരു ശ്രമം നടത്താമെന്ന് അദ്ദേഹം സമ്മതിച്ചു.
ഉടനെ ഇരുവരും പത്രമാപ്പീസിലെത്തി. അപ്പോഴേക്കും മൂന്ന് ജോലിക്കാര്‍ റെഡിയായി വന്നു. മാനേജര്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നിരിക്കുന്നു. ആഞ്ഞുശ്രമിച്ചാല്‍ വൈകുന്നേരം അഞ്ചുമണിക്കെങ്കിലും പത്രം അച്ചടിച്ചിറക്കാം.
പ്രഭാകരന് കഴിയുന്നത്ര മാറ്റര്‍ തയ്യാറാക്കാന്‍ ഇരുന്നപ്പോഴേക്കും സെബാസ്റ്റിയന് നെടുവേലിയുമെത്തി. ലൈബ്രറിയില്‍ പഴയ 'ലിങ്ക്' മാസികയുടെ ബയന്റ് ചെയ്ത കോപ്പികള്‍ ഉണ്ടായിരുന്നു. കുമ്മനം മുജീബുര്‍ റഹ്മാന്റെ ഫോട്ടോകള്‍ അതില്‍ നിന്നു തപ്പിയെടുത്തു. കുടുംബസമേതം അത്യാവശ്യയാത്രക്ക് തയ്യാറായിരുന്നു ഇളയത് അതുപേക്ഷിച്ച് ഓഫീസിലെത്തി. ഒരു സപ്ലിമെന്റിറക്കുമ്പോള് രണ്ടുപേജെങ്കിലും വേണമല്ലോ. ഒരു പേജില്‍ മാറ്റര്‍ നിറച്ചിട്ട് മറുപുറം ശൂന്യമായി ഇടാന്‍ പറ്റില്ലല്ലോ എന്നായി പത്രാധിപര്‍.

തലേദിവസത്തെ പത്രത്തിന്റെ പേജ് ചെയ്യാതിരിക്കുന്നുണ്ടിവിടെ. ഫോര്മാന് ശിവദാസന്‍ പിള്ള പറഞ്ഞു അതിലൊരു പേജ് നമുക്ക് ഉപയോഗപ്പെടുത്തിയാലോ എന്ന പ്രഭാകരന്റെ ആശയം എല്ലാവര്ക്കും തൃപ്തികരമായിരുന്നു. വൈകീട്ട് അഞ്ചരയ്ക്ക് തന്നെ 'കേരളദേശ'ത്തിന്റെ ഒരു ഷീറ്റ് വലുപ്പമുള്ള സപ്ലിമെന്റ് തയ്യാറാക്കിക്കഴിഞ്ഞു. പത്രം കണ്ടതോടെ എല്ലാവര്ക്കും ആവേശമായി.
തികച്ചും ദുഃഖകരമായ വാര്‍ത്തയായിരുന്നു അത്. പക്ഷേ കേരളദേശത്തെ സംബന്ധിച്ചിടത്തോളം ആ ദുഃഖമായരുന്നില്ല പ്രധാനം. അന്ന് വൈകിട്ട് തിരുവനന്തപുരം നഗരത്തിലിറങ്ങിയ 'കേരളദേശം' സപ്ലിമെന്റിന് വലിയ ഡിമാന്റായിരുന്നു. ഇതറിഞ്ഞപ്പോള്‍ അതിന്റെ പിന്നില്‍ പ്രവര്ത്തിച്ചവര്ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുമായിരുന്നില്ല. പിറ്റേ ദിവസം കൃഷ്ണസ്വാമി റഡ്യാര്‍ എല്ലാവരേയും വിളിച്ച് അഭിനന്ദിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്തു.

അടിയന്തിരാവസ്ഥ വന്നതോടെ പത്രം വിചാരിച്ചമാതിരി കൊണ്ടുപോകാന്‍ കഴിയുകയില്ല എന്ന് കൃഷ്ണ സ്വമി റഡ്യാര്ക്ക് മനസ്സിലായി തുടങ്ങിയിരുന്നു. പത്രത്തില്‍ വരുന്ന വാര്‍ത്തകളെ ചൊല്ലി പലരും നിരന്തരമായി പരാതി പറയുന്നു. അതിനിടെ ഉറൂബ് മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപത്യം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. അതോടെ കേരളദേശത്തിനും കുങ്കുമത്തിനും പുതിയ പത്രാധിപര്‍ ആവശ്യമായി വന്നു. അതിന് പറ്റിയ ആളെ തീരുമാനിക്കാന്‍ റെഡ്യാര്‍ ഉറൂബിനെതന്നെ ചുമതലപ്പെടുത്തി. എന്‍. വി കൃഷ്ണവാര്യരുടെ പേര് വന്നതങ്ങിനെയാണ്. അന്ന് മധുരയില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന എന്‍. വിയുമായി ഉറൂബ് ഇക്കാര്യം സംസാരിച്ചു. അതേത്തുടര്‍ന്നാണ് കേരളദേശത്തിന്റേയും കുങ്കുമത്തിന്റേയും ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് എന്‍. വി കൃഷ്ണവാര്യര്‍ വരുന്നത്.
അങ്ങനെയിരിക്കെ കേരളദേശത്തില്‍ ചില തൊഴില്പ്രശ്നങ്ങള് ഉണ്ടായി. ഫോര്മാന് ശിവദാസന്‍ പിള്ളയും കൂട്ടരുമാണ് അതിന്റെ മുന്നില്‍ നിന്നിരുന്നത്. അതോടെ കൃഷ്മസ്വാമി റഡ്യാര്‍ പത്രം അടച്ചുപൂട്ടി. പത്രപ്രവര്‍ത്തകയൂണിയന്റെ അന്നത്തെ ജില്ലാ പ്രസിഡന്റ് ജി. നീലാംബരനൊക്കെ ഇടപെട്ടു. പ്രഭാകരന് പുത്തൂര്‍, വിളക്കുടി രാജേന്ദ്രന്, മധുസൂദനന്, മുരളി , നരേന്ദ്രന് എന്നിവരൊക്കെ രാജി കോടുത്ത് പിരിഞ്ഞു.

ആനുകൂല്യങ്ങള്‍ക്കുവേണ്ടി മാനേജ്മെന്റുമായി ചര്‍ച്ചയ്ക്ക് മുന്നില്‍ നിന്നത് കുമ്മനം രാജശേഖരനായിരുന്നു. അന്ന് ടി.വി.തോമസായിരുന്നു വ്യവസായമന്ത്രി. വക്കം പുരുഷോത്തമന് തൊഴില്‍ മന്ത്രിയും. പത്രപ്രവര്‍ത്തക ഇതര ജീവനക്കാര്‍ക്കായി ചര്‍ച്ചയ്ക്കെത്തിയത് സിപിഐ നേതാവ് സി. ദിവാകരനായിരുന്നു. ചര്‍ച്ചകളിലൊന്നില്‍ ആനുകൂല്യം സംബന്ധിച്ചു ധാരണയായി. സെക്രട്ടേറിയറ്റില്‍ ചര്‍ച്ച കഴിഞ്ഞിറങ്ങുമ്പോള്‍ കൃഷ്ണസ്വാമിറെഡ്യാര്‍ പറഞ്ഞത് 'ഇതൊക്കെ നേരത്തേ ചോദിച്ചാല്‍ ഞാന്‍ സന്തോഷത്തോടെ തരില്ലായിരുന്നോ?'എന്നായിരുന്നു.
എന്തായാലും വലിയ ലക്ഷ്യത്തോടെ തുടങ്ങിയ കേരളദേശം പത്രം അങ്ങിനെ അവസാനിച്ചു. പിന്നീട് ഇതേ പേരില്‍ കെവിഎസ് ഇളയതിന്റെ തന്നെ പത്രാധിപത്യത്തില്‍ വാരികയായി കേരളദേശം പ്രസിദ്ധീകരിച്ചെങ്കിലും അതും അല്പ്പായുസായിപ്പോയി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!