താറാവുകൾ ചത്തൊടുങ്ങിയിട്ട് മൂന്ന് മാസം, നഷ്ടപരിഹാരമില്ലെന്ന് കർഷകർ
മൂന്നരലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. ചത്ത താറാവുകളുടെ സാംപിളുകൾ പരിശോധിച്ചപ്പോൾ വൈറസ് ബാധയാണ് മരണകാരണമെന്നാണ് കണ്ടെത്തിയത്. കഞ്ഞിപ്പാടത്തെ അശോക് കുമാറിനാകട്ടെ താറാവുകൾ പക്ഷിപ്പനി വന്ന് മരിച്ചിട്ടും ഇതുവരെ നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല.
പക്ഷിപ്പനിയും വൈറസ് ബാധയും മൂലം താറാവുകൾ ചത്തൊടുങ്ങിയിട്ട് നഷ്ടപരിഹാരം ലഭിക്കാത്ത കേസുകൾ ആലപ്പുഴയിൽ കൂടുന്നു. കഴിഞ്ഞ പക്ഷിപ്പനി കാലം മുതൽ മൂന്ന് മാസം മുൻപ് വരെയുളള വൈറസ് ബാധയിൽ താറാവുകൾ ചത്തൊടുങ്ങിയിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത നിരവധി പേരാണ് ജില്ലയിലുളളത്. തലവടി പഞ്ചായത്തിലെ കറുകപ്പറമ്പിൽ ബിജു, നിരണത്ത് കൊച്ചുമോൻ, കഞ്ഞിപ്പാടം സ്വദേശി അശോക് കുമാർ, വെട്ടിക്കരിയിലെ ജോസഫ് എന്നിവരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബിജു, കൊച്ചുമോൻ എന്നിവരുടെ 1700 ഓളം താറാവുകളാണ് ചത്തത്. മൂന്നരലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇവർക്ക് മാത്രം ഉണ്ടായത്.
പൂർണവളർച്ച എത്തിയ താറാവുകൾ മൂന്നുദിവസം കൊണ്ടാണ് പിടഞ്ഞുവീണ് ചത്തത്. സാംപിളുകൾ പരിശോധനയ്ക്കായി അയച്ചപ്പോൾ വൈറസ് ബാധയാണെന്ന് കണ്ടെത്തിയിരുന്നു. മാസങ്ങളോളം നീണ്ട അദ്ധ്വാനമാണ് പെട്ടെന്ന് ഇല്ലാതായതെന്നും ബിജു ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു. കുഞ്ഞുങ്ങളെ കൊണ്ടുവന്നും മുട്ട വിരിയിച്ചും ഉണ്ടായ താറാവുകളായിരുന്നു എല്ലാം. വളർത്ത് കൂലി അടക്കം നല്ലൊരു തുക കയ്യിന്ന് ഇറങ്ങുകയും ചെയ്തിരുന്നു. താറാവുകൾ ചത്ത സമയത്ത് എല്ലാവരും എത്തിയാണ് നഷ്ടപരിഹാരമൊക്കെ കണക്കാക്കിയത്. മൃഗ സംരക്ഷണ വകുപ്പ് അധികൃതർ, എംഎൽഎ തോമസ് കെ തോമസ്, മറ്റ് ജനപ്രതിനിധികൾ എന്നിങ്ങനെ എല്ലാവരും വന്നിരുന്നു. കൂടാതെ തിരുവല്ലയിലുളള പക്ഷി നിരീക്ഷണ കേന്ദ്രത്തിലും പാലോടുളള ലാബിലുമായി രണ്ട് പരിശോധനകൾ നടത്തുകയും ചെയ്തു. എന്നിട്ടും ഇതുവരെ നഷ്ടപരിഹാരം നൽകാൻ മാത്രം നടപടി ഉണ്ടായില്ലെന്നും ബിജു വ്യക്തമാക്കി.
2020 നവംബർ, ഡിസംബർ മാസങ്ങളിലാണ് ആലപ്പുഴ ജില്ലയിലെ ചില മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. ക്രിസ്മസ് സമയത്തെ കച്ചവടത്തെ തുടർന്ന് കർഷകർ ഇത് അവഗണിച്ച് വിൽപ്പന തുടർന്നു. എന്നാൽ ഒരു കർഷകന്റെ 7,000 താറാവുകൾ വരെ ചത്തൊടുങ്ങി. പ്രാഥമിക പരിശോധനയിൽ ബാക്ടീരിയൽ ബാധയാണെന്നും പിന്നീട് വിദഗ്ധ പരിശോധനയിൽ പക്ഷിപ്പനിയാണെന്നും സ്ഥിരീകരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ അഞ്ച് പഞ്ചായത്തുകളിലായി പക്ഷിപ്പനി കണ്ടെത്തി. ഇതോടെ ഈ പ്രദേശത്തെ രോഗബാധ സ്ഥിരീകരിച്ചതും അല്ലാത്തതുമായ താറാവുകളെയും ഒരു കിലോമീറ്റർ ചുറ്റളവിലെ അലങ്കാരപക്ഷികൾ അടക്കം മറ്റ് പക്ഷികളെയും കൊന്നൊടുക്കി. സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും പക്ഷിപ്പനി മൂലം ചത്തതും കൊന്നതുമായ പക്ഷികളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. രണ്ട് മാസത്തിൽ അധികം പ്രായമായ പക്ഷികൾക്ക് 200 രൂപയും രണ്ടുമാസത്തിൽ താഴെ പ്രായമുളളവയ്ക്ക് 100 രൂപയും നശിപ്പിച്ച മുട്ടകൾക്ക് അഞ്ച് രൂപ വീതവുമാണ് നിശ്ചയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഏപ്രിൽ, മെയ് മാസങ്ങളിലായി വീണ്ടും അപ്പർ കുട്ടനാട്ടിൽ താറാവുകൾ ചത്തത്. ആദ്യം പക്ഷിപ്പനി ആയിരുന്നെങ്കിൽ രണ്ടാമത് വൈറസ് ബാധയാണ് കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. വൈറസ് ബാധയായത് കൊണ്ടാണ് നഷ്ടപരിഹാരം വൈകുന്നതെന്നാണ് അനൗദ്യോഗികമായി ഇവർക്ക് ലഭിച്ച മറുപടി.

കഴിഞ്ഞ പക്ഷിപ്പനി കാലത്ത് കണ്ടുമുട്ടിയ കഞ്ഞിപ്പാടം സ്വദേശി അശോക് കുമാറിന് നാല് വർഷങ്ങൾക്ക് മുൻപ് പക്ഷിപ്പനി മൂലം കൊന്ന് കത്തിച്ച് കളഞ്ഞ താറാവുകളുടെ നഷ്ടപരിഹാരം ലഭിച്ചോ എന്നറിയാൻ വിളിച്ചപ്പോൾ ഇതുവരെ തുക ലഭിച്ചില്ലെന്നായിരുന്നു മറുപടി. 20 വര്‍ഷമായി താറാവ് കൃഷി ചെയ്യുന്ന അശോക് കുമാർ 2017-2018ലെ പക്ഷിപ്പനിയ്ക്ക് താറാവുകൾ ചത്തതിന്റെ നഷ്ടപരിഹാരവും തേടിയാണ് കോടതിയെ സമീപിച്ചത്. 4,210 താറാവിനെ കൊന്ന കേസിൽ വിധി വന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനക്കമൊന്നും ഇല്ല. കോടതി വിധി പ്രകാരം 5.47 ലക്ഷം രൂപ ലഭിക്കാനുണ്ട്. നാല് വർഷമായി, അതുപോലും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല. പക്ഷിപ്പനി വരുമ്പോള്‍ ഞങ്ങളുടെ താറാവിന്റെ മൂല്യം അനുസരിച്ചുളള കാശോ, അല്ലേല്‍ ഞങ്ങള്‍ക്ക് ജീവിക്കാനുളള വകയോ, വാക്സിനേഷനോ, മരുന്നോ എന്തെങ്കിലും എത്തിച്ചാല്‍ മതി. അല്ലാതെ ഞങ്ങള്‍ക്ക് ഒരുപാട് കാശ് വേണമെന്ന് ഒന്നും പറയുന്നില്ല. ഞങ്ങളുടെ സാധനം നഷ്ടപ്പെട്ട് പോകാതെ സംരക്ഷിക്കേണ്ട കടമ ഈ നാടിനും സര്ക്കാരിനുമുളളതാണെന്നും അശോക് പറയുന്നു. നിലവിൽ പക്ഷിപ്പനി മൂലവും മറ്റ് കാരണങ്ങൾ കൊണ്ടും താറാവുകൾ ചാകുന്ന അവസരത്തിൽ അടിയന്തര സഹായവും മൂന്ന് മാസത്തിനുളളിൽ നഷ്ടപരിഹാരവും നൽകുന്നുണ്ട്. എന്നിട്ടും നാലുവർഷത്തിന് ശേഷവും ഇതുവരെ അശോകിന് നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ല.
താറാവ് കർഷകരുടെ ശരിക്കുളള ബുദ്ധിമുട്ടുകൾ ആരും മനസിലാക്കുന്നില്ല, അതുകൊണ്ടാണ് തങ്ങളോട് ഇത്തരം അലംഭാവമെന്ന് കൊച്ചുമോൻ പറയുന്നു. 500 താറാവിനെ വളർത്തുകയാണേൽ തീറ്റയായി തന്നെ ഒന്നൊന്നര ക്വിന്റൽ അരി വേണം. താറാക്കൂട്ടത്തെ നോക്കാനായി രണ്ടുപേരെ വെച്ചാൽ അവർക്ക് കൂലി കൊടുക്കണം, കൂടാതെ കക്ക അടക്കമുളള തീറ്റകളും വേണം. ഇതിനെല്ലാം ഇടയിൽ എല്ലാ വർഷവും ഇപ്പോൾ പക്ഷിപ്പനിയോ, വൈറസ് ബാധയോ ഉണ്ടാകുകയും ചെയ്യും. വളർച്ച എത്തിക്കഴിഞ്ഞ ശേഷമാണ് ഇതെങ്ങാനും വരുന്നതെങ്കിൽ വലിയ നഷ്ടമാണ് സംഭവിക്കുക. മുൻപത്തെ നഷ്ടപരിഹാരം പോലും ഇപ്പോഴും കിട്ടാത്ത സാഹചര്യമാണെന്ന് ഓർക്കണമെന്നും കൊച്ചുമോൻ വ്യക്തമാക്കി.
സർക്കാരിന്റെ നഷ്ടപരിഹാരത്തുക നിർണയിക്കലും നടപ്പാക്കലുമൊക്കെ ഒരു ചടങ്ങാണെന്നാണ് വെട്ടിക്കരിയിലെ കർഷകനായ ജോസഫ് പറയുന്നത്. മുൻപ് പ്രളയത്തിന് താറാവുകൾ നഷ്ടപ്പെട്ടവർക്ക് എല്ലാവർക്കും ഒരേ തുകയാണ് വിതരണം ചെയ്തത്. 100 താറാവിനെ നഷ്ടമായവർക്കും 2,000 താറാവിനെ നഷ്ടമായവർക്കും അയ്യായിരം രൂപ വീതമാണ് സർക്കാർ നൽകിയത്. എല്ലാ രേഖകളും കൊടുത്തിട്ടും ഒരു രക്ഷയും ഇല്ലായിരുന്നു. നിരന്തരമായ അവഗണനയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെങ്കിൽ നിലവിലുളള കർഷകരൊക്കെ ഈ ജോലി ഉപേക്ഷിക്കുകയും പുതിയ ആളുകൾ കടന്നുവരാൻ മടിക്കുകയും ചെയ്യും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!