നമ്മുടെ സമൂഹം ട്രാൻസ് മനുഷ്യരിൽ ഉണ്ടാക്കിയത് ആഴമുളള ഉണങ്ങാത്ത മുറിവുകൾ | ഡോ. വീണ ജെ.എസ്
ട്രാൻസ് വുമണായ അനന്യയുടെ മരണത്തെ തുടർന്ന് ട്രാൻസ് സമൂഹം നേരിടുന്ന പ്രശ്നങ്ങളും സെക്സ് റീ അസൈൻമെന്റ് സർജറി, ഹോർമോണൽ ചികിത്സ എന്നിവ സംബന്ധിച്ച് വലിയ ചർച്ചകൾ നടക്കുകയാണ്. ക്വീർ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഡോക്ടർ കൂടിയായ വീണ ജെ.എസ് ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിക്കുന്നു.
കേരളത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയിട്ട് ആറ് വർഷങ്ങൾ കഴിഞ്ഞു. ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സംസ്ഥാനത്തിൽ ട്രാൻസ്ജെൻഡർ പോളിസി നടപ്പിലാക്കുന്നത് കേരളത്തിലാണ്. എന്നാൽ ഇത്രയും വർഷങ്ങൾക്ക് ശേഷവും കേരളത്തിൽ ട്രാൻസ്, എൽജിബിടി സമൂഹത്തിന് നേരിടേണ്ടി വരുന്ന ആക്രമണങ്ങൾക്കോ, സാമൂഹികമായ തിരസ്കാരത്തിനോ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ട്രാൻസ് വുമണായ അനന്യയുടെ മരണത്തെ തുടർന്ന് ട്രാൻസ് സമൂഹം നേരിടുന്ന പ്രശ്നങ്ങളും സെക്സ് റീ അസൈൻമെന്റ് സർജറി, ഹോർമോണൽ ചികിത്സ എന്നിവ സംബന്ധിച്ച് വലിയ ചർച്ചകൾ നടക്കുകയാണ്. ക്വീർ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഡോക്ടർ കൂടിയായ വീണ ജെ.എസ് ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിക്കുന്നു.
1. ഹോർമോൺ ട്രീറ്റ്മെന്റ്, നിരന്തരം കൗൺസിലിങ്, എസ്ആർഎസ് അടക്കമുളള ശസ്ത്രക്രിയകൾ, നമ്മുടെ മെഡിക്കൽ ഫീൽഡ് എത്രത്തോളം ക്വീർ സെൻസിറ്റീവ് അല്ലേൽ ട്രാൻസ് സെൻസിറ്റീവാണ്? പൊതുസമൂഹം അങ്ങനെ അല്ലെങ്കിൽ പോലും ഡോക്ടർമാർ അങ്ങനെയല്ലല്ലോ ആകേണ്ടത്? അൺ എത്തിക്കലായി പെരുമാറുന്നവരുണ്ടെന്ന് കേൾക്കുന്നത് കൊണ്ടാണ്?
ഹോർമോൺ ചികിത്സ ആണെങ്കിലും സർജറി ആണെങ്കിലും അത് വളരെ സ്ട്രിക്റ്റായി തന്നെ കേരളത്തിൽ നടത്തേണ്ടതുണ്ട്. അന്താരാഷ്ട്ര തലത്തിലുളള പ്രോട്ടോക്കോളിന്റെ ഒരു വകഭേദം ആയതുകൊണ്ട് തന്നെ കേരളത്തില്‍ അതിന് അനുസരിച്ച് വളരെ സെന്സിബിളായിട്ടുളള ആളുകള്‍ അതിന്റെ പിന്നാലെ നടക്കേണ്ടതുണ്ട്. അത് പ്രത്യേകം പറയാന്‍ കാരണം മെഡിക്കൽ ഫീൽഡിൽ അടക്കം എത്രത്തോളം സെന്സിബിളായിട്ടുളള ആളുകള്‍ ആണെന്ന് നമുക്ക് തോന്നുന്നവര്‍, ഇന്ക്ലൂഡിങ് ജെന്‍ഡര്‍ ഫാക്വല്‍റ്റീസ് ആണെങ്കില്‍ പോലും ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ കാര്യങ്ങള്‍ കൃത്യമായിട്ട് അവര്‍ക്ക് അറിയണമെന്നില്ല. ട്രാൻസ് സമൂഹം കടന്നുപോകുന്ന വിവിധതരം പ്രശ്നങ്ങളെ അവർ മനസിലാക്കണമെന്നില്ല.
ഹോര്‍മോൺ ട്രീറ്റ്മെന്റ് എടുക്കുന്നത് കൊണ്ട് തന്നെ, വളരെ ഭീകരമായ മാനസിക അവസ്ഥകളിലൂടെ ആയിരിക്കും ഇവർ കടന്നുപോകുക. സ്വന്തം ശരീരത്തിലുളള ഹോർമോൺ ആയിട്ടും പീരിഡ്സ് സമയത്തും ഗര്‍ഭ സംബന്ധമായിട്ടും, ആര്‍ത്തവ വിരാമത്തിന്റെ കാലഘട്ടത്തില്‍ ആണെങ്കില്‍ പോലും അതിഗുരുതരമായിട്ടുളള മാനസിക പ്രശ്നങ്ങളുടെ കാലഘട്ടങ്ങളിലൂടെയാണ് നമ്മുടെ സ്ത്രീകൾ കടന്നുപോകുന്നത്. അപ്പോൾ പുറമെ നിന്നും ഈസ്ട്രജൻ ട്രാൻസ് വുമണിലേക്ക് കയറ്റുമ്പോഴോ? ഈസ്ട്രജന് ചില പാര്‍ശ്വഫലങ്ങള്‍ ഉളളതാണ്. പ്രത്യേകിച്ചും സ്ട്രെസ്ഫുളളായിട്ടുളള കാര്യങ്ങള്‍ ഉണ്ടാക്കുന്നൊരു ഹോര്‍മോണാണ്.

ഈ ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് എടുക്കുന്ന ആളുകള്‍ക്കെല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ മാനസികമായിട്ടുളള ഒരു കൗണ്‍സിലിങ്, അവര്‍ക്ക് വേണ്ടുന്ന ഹെല്‍പ്പ് നല്‍കേണ്ടതുണ്ട്. നമ്മള്‍ക്ക് ഇതിനെ ഒന്നൊന്നായി തരം തിരിക്കുകയാണെങ്കില്‍ ആദ്യമായി വരുന്നത് മാനസികമായിട്ടുളള കാര്യം തന്നെയാണ്. അതിന് ട്രാന്‍സ് ഫ്രണ്ട്ലി ആയിട്ടുളള ഡോക്ടര്‍മാരുടെ ഒരു പിന്തുണയാണ് നമുക്ക് വേണ്ടത്. എന്നാൽ സയന്റിഫിക് വിദ്യാഭ്യാസം ലഭിച്ചിട്ടും ട്രാൻസ് മനുഷ്യരെ ഉൾക്കൊളളാൻ കഴിയാത്ത ആരോഗ്യ പ്രവർത്തകരും നമുക്ക് ചുറ്റുമുണ്ട്.
മെന്റല്‍ ഹെല്‍ത്ത് റിലേറ്റഡായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഇടയില്‍ പോലും ജെന്‍ഡര്‍ എന്താണ്? സെക്സ് എന്താണ്? അല്ലേല്‍ റീ കണ്‍സ്ട്രക്ഷന്‍ സര്‍ജറി എന്തിനാണ്? അത് ചെയ്യാന്‍ പാടില്ല എന്ന ഒരുപാട് അബദ്ധ ധാരണകൾ വെച്ച് പുലർത്തുന്നവരുണ്ട്. ഇവര്‍ ആരും തന്നെ ഇന്റര്‍നാഷണല്‍ പ്രോട്ടോക്കോള്സിനെ സ്റ്റിക്ക് ഓണ്‍ ചെയ്യാത്തതിന്റെ വലിയ പ്രശ്നമുണ്ട്. അതിന്റെ കാരണം എന്താണെന്ന് വെച്ചാല്‍ വളരെ ചെറിയ ക്ലാസുകളില്‍ തന്നെ ഇതിനോട് സെന്‍സിറ്റീവ് ആയിട്ടില്ലെങ്കില്‍ അത് നമ്മുടെ ഒരു ബിഹേവിയറല്‍ ചെയ്ഞ്ച് പോലെ തന്നെയാണ് ഇത്തരം മനസിലാക്കലുകളും. എത്രത്തോളം സയന്റിഫിക് എജ്യുക്കേഷന്‍ കിട്ടിക്കഴിഞ്ഞാലും മാറാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് ആയിപ്പോകും. ഇത്തരം ഡോക്ടർമാർ അവർക്ക് ലഭിക്കുന്ന പ്രിവിലേജുകളും വേദികളും ഉപയോഗിച്ച് ട്രാൻസ് സമൂഹത്തെ കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ വെച്ചുപുലർത്തുന്നൊരു സമൂഹത്തെ കൂടുതൽ തെറ്റിദ്ധാരണകളിലേക്ക് കൊണ്ടുപോകും.
2. എൽജിബിടി സമൂഹത്തെക്കുറിച്ച് സ്കൂൾ, കോളെജ് സിലബസുകളിലും മെഡിക്കൽ പാഠപുസ്തകങ്ങളിലും ഉൾപ്പെടുത്തേണ്ടതല്ലേ? ശാസ്ത്രീയമായും നിയമപരമായും ഇതിനെക്കുറിച്ചുളള അറിവ് നിർബന്ധമായും പകർന്ന് കൊടുക്കണ്ടേ?
നമ്മള് ഇത് എവിടെ തുടങ്ങണമെന്ന് ചോദിച്ചുകഴിഞ്ഞാല്‍ സ്കൂളുകളില്‍ നിന്ന് തന്നെ തുടങ്ങണം. സ്കൂളുകളില്‍ ആഴ്ചയില്‍ ഒരു ദിവസം, അല്ലെങ്കിൽ വര്‍ഷത്തിൽ ഒരു ദിവസം പോയി സൗഹൃദ ക്ലബ്ബുകളില്‍ കുട്ടികളെ ബോധവത്കരിക്കുന്നതിന് പകരമുളള വലിയ നടപടികളാണ് വേണ്ടത്. സൗഹൃദ ക്ലബ്ബിലൊക്കെ കൊടുത്തിട്ടുളള ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന്റെ സിലബസ് പിഡിഎഫ് നോക്കിക്കഴിഞ്ഞാല്‍ ആണ്‍കുട്ടികളുടെ പ്രശ്നങ്ങള്‍ എന്ന് പറഞ്ഞിട്ടുളള തലക്കെട്ടിന് താഴെയാണ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന പദം തന്നെ കൊടുത്തിരിക്കുന്നത്. ഇതൊക്കെ മാറേണ്ടതുണ്ട്. ട്രാൻസ് കമ്മ്യൂണിറ്റിയെ കുറിച്ചുളള കാര്യങ്ങള്‍ വളരെ ചെറുതില്‍ തന്നെ സ്കൂളിലെ കുട്ടികളുടെ ടെക്സ്റ്റ് ബുക്കുകളില്‍ പാഠം ആയിട്ട് അല്ലെങ്കില്‍ അത് എക്സാം ബേസ്ഡായിട്ട് നല്‍കേണ്ടതുണ്ട്.
കുട്ടികളെ പരിശീലിപ്പിക്കുന്നതിന് അപ്പുറത്തേക്ക് ഇത്തരത്തിലുളള കാര്യങ്ങള്‍ ബിഎഡ്, അല്ലെങ്കില്‍ ടിടിസി തലങ്ങളിലുളള അല്ലെങ്കില്‍ ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തലങ്ങളിലുളള ടീച്ചേഴ്സിന് കൂടി പകർന്ന് നൽകണം. ഇതൊരു ഓപ്ഷണല്‍ സബ്ജക്റ്റ് ആക്കാതെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട വിഷയമായി മാറണം.

ജെന്‍ഡര്‍ എന്ന് മാത്രമല്ല, മെഡിക്കലായിട്ടും ലീഗലായിട്ടും ഒരു മനുഷ്യന്റെ ശരീരത്തില്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ ഒരു ഡോക്ടര്‍ ആണെങ്കില്‍ പോലും നമ്മുടെ ശരീരത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?, അവിടെ നമ്മള്‍ക്ക് എന്തൊക്കെ അവകാശങ്ങൾ ഉണ്ട്?, നമ്മളുടെ അവകാശങ്ങൾ അല്ലെങ്കില്‍ നമ്മള്‍ക്ക് ചെറിയൊരു ഡിസ്കംഫര്‍ട്ട് വരുകയാണെങ്കില്‍ നമ്മള്‍ക്ക് പ്രതികരിക്കാമോ? അത് എങ്ങനെയാണ്. എവിടെയാണ് നമ്മള് പരാതിപ്പെടുന്നത് എന്നുളള കാര്യങ്ങള്‍ വളരെ വിശദമായി തന്നെ സിലബസുകളിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
ബാക്കി എല്ലാ വിഷയങ്ങളും പഠിച്ചാലും പഠിച്ചില്ലെങ്കിലും നമ്മള്‍ക്ക് എന്നെങ്കിലുമൊക്കെ പഠിച്ചെടുക്കാന്‍ പറ്റുന്ന കാര്യമാണ്. പക്ഷേ നമ്മളുടെ സ്വന്തം ജീവന് നിലനിര്ത്താനായിട്ടുളള കാര്യങ്ങള്‍ ഓപ്ഷണലായിട്ട് പറ്റുകയേ ഇല്ല. തീര്‍ച്ചയായും ഉള്‍പ്പെടുത്തുന്ന ഒരു രീതിയിലേക്ക് വേണം വിദ്യാഭ്യാസ സമ്പ്രദായം മാറ്റേണ്ടത്. ഇപ്പോള്‍ ഈയൊരു അവസ്ഥയില്‍ ഒന്നാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ ഇത് ഉള്‍പ്പെടുത്തി കഴിഞ്ഞാലും ഇപ്പോഴുളള ജനറേഷനെ നമ്മള് എങ്ങനെ നേരിടും എന്നുളള വലിയൊരു ഇഷ്യു ഉണ്ട്.
അത് മെഡിക്കല്‍ കോളെജുകള്‍ ആണെങ്കില്‍ പോലും കൃത്യമായിട്ടുളള പ്രോട്ടോക്കോള്‍സ് വേണം. എന്തൊക്കെ സംസാരിക്കാന്‍ പാടില്ല എന്നത് അടക്കം. നമ്മള് എപ്പോഴും ഗൈഡ് ലൈന്‍സ് ഉണ്ടാക്കുമ്പോള്‍ അല്ലേല്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീങ് പ്രൊസിജിയേഴ്സ് ഒക്കെ പറയുമ്പോള്‍ എന്തൊക്കെ ചെയ്യണം എന്നുളള കാര്യമാണ് പറയുക. പക്ഷേ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങള്‍ ഇത്രയും കാലം അനുഭവിച്ചത് വെച്ച് നമ്മള് നോക്കുമ്പോള്‍ എന്തൊക്കെ ചെയ്യാന്‍ പാടില്ല, എന്തൊക്കെ പറയാന്‍ പാടില്ല, എന്താണ് ഹരാസ്മെന്റ് എന്ന് കൃത്യമായി വിശദീകരിച്ച് നമ്മളുടെ സെക്ഷ്വല്‍ ഹരാസ്മെന്റ് അറ്റ് വര്‍ക്ക്പ്ലേസ് പോലെയുളള ഒരു നിയമാവലിയും ഉണ്ടാക്കണം.

3. ട്രാൻസ് സമൂഹത്തിൽ തന്നെ ശസ്ത്രക്രിയ, ഹോർമോൺ ട്രീറ്റ്മെന്റ് ഇതിനൊക്കെ മെഡിക്കൽ, ലീഗൽ തലത്തിൽ നിന്ന് സാങ്കേതികമായി വേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്?
ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് പരിഗണിച്ചാൽ, അത് 18 വയസിന് മുകളിലുളളവർക്കാണ് നൽകുന്നത്. അവിടെ ട്രാന്‍സ് വിഭാഗം നേരിടുന്ന ഒരു പ്രത്യേക പ്രശ്നം എന്താണെന്ന് വെച്ചാല്‍, ഉദാഹരണത്തിന് ട്രാന്‍സ് വിമണിന്റെ കാര്യം എടുക്കാം, ആണായി ജനിച്ച് സ്ത്രീയായി മാറണമെന്ന് ആഗ്രഹിക്കുന്നവര്‍, അവരെ സംബന്ധിച്ച് 18 വയസിന് ശേഷമേ ഹോര്‍മോണ്‍ കിട്ടുകയുളളൂ എന്നുപറയുമ്പോൾ, ഓള്‍റെഡി ടെസ്റ്റോസിറോണ്‍ അവരില്‍ നിര്‍മ്മിക്കപ്പെടുന്നത് കൊണ്ട് അത് പേശികള്‍ക്ക് ആണെങ്കിലും എല്ലുകള്‍ക്ക് ആണെങ്കിലും ഒരു മെയില്‍ പാറ്റേണ്‍ എന്ന് നമ്മള് വിളിക്കുന്ന, ഡെവലപ്പ്മെന്റിലേക്ക് അവരുടെ ശരീരത്തെ നയിക്കും. പ്രത്യേകിച്ച് വളർച്ചയുടെ പ്രധാനപ്പെട്ട കാലഘട്ടമായതിനാൽ. അതിന് മുന്നെ ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് കൊടുക്കാന്‍ പറ്റുമോ എന്നതാണ് നമ്മൾ കാര്യമായി അന്വേഷിക്കേണ്ടത്. അങ്ങനെയാണേല്‍ ഇവര്‍ക്ക് ഇഷ്ടമുളള ഒരു രീതിയിലുളള ശരീരത്തിലേക്ക് കൂടുതല്‍ ട്രോമകളില്ലാതെ കടന്നുപോകാൻ സാധിച്ചേക്കും. രക്ഷകര്‍ത്താക്കള്‍ സമ്മതിക്കുന്ന ആളുകള്‍ക്ക് എങ്കിലും നമ്മള്‍ക്ക് അത് പ്രായപൂർത്തിയാകുന്നതിന് മുൻപ് കൊടുക്കാൻ സാധിക്കുമോ എന്ന് അന്താരാഷ്ട്ര തലത്തിലുളള ചര്‍ച്ചകള്‍ നമ്മള് ശ്രദ്ധിച്ചിട്ട് അതിന് വേണ്ടിയുളള നീക്കങ്ങള്‍ നടത്തണം. ഹോര്‍മ്മോണ്‍ ട്രീറ്റ്മെന്റില്‍ ഇതാണ് എനിക്ക് ഒന്നാമതായിട്ട് പറയാനുളളത്.
ഇപ്പോഴത്തെ നിയമം വെച്ച് നമ്മൾക്ക് മെഡിക്കല്‍ ബോര്‍ഡൊക്കെ കൂടിയിട്ടേ ചെയ്യാന്‍ പറ്റുകയുളളൂ എന്നുളള വലിയ പ്രശ്നം ഉണ്ടെങ്കില്‍ പോലും ഡോക്ടര്‍മാര്‍ക്ക് അതില്‍ ഒരുപാട് ഇന്‍വോള്‍വ് ചെയ്യാന്‍ പറ്റും. അതിനായി ആദ്യം സെന്സിബിളായിട്ടുളള ഡോക്ടര്‍മാരെ കണ്ടുപിടിക്കുക, അവരുടെ പാനല്‍ വെച്ചിട്ട് ഇതില്‍ എന്താണ് നമ്മള്‍ക്ക് ചെയ്യാന്‍ പറ്റുക എന്നത് നോക്കുക. ഏത് പാനല്‍ ഡിസ്കഷന് ആണെങ്കിലും മന്ത്രി ഉള്‍പ്പെടുന്ന ഒരു ഉന്നത തല യോഗം ആണെങ്കില്‍ പോലും അവിടെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ഉള്‍പ്പെടുന്ന പാനല്‍ മാത്രമേ സംഭവിക്കാവു എന്നുളളതാണ് നമ്മള് ഏറ്റവും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ട്രാന്‍സ് ജെന്ഡറായിട്ടുളള മനുഷ്യര്‍ക്കെ അവരുടെ പ്രശ്നങ്ങള്‍ അറിയുകയുളളൂ.

സര്‍ജറിയിലേക്ക് പോകുമ്പോള്‍ ഈ സർജറി ചെയ്യുന്ന ഡോക്ടർമാരുടെ, അവരുടെ സർട്ടിഫിക്കെറ്റ് കോഴ്സുകളുടെ വിവരങ്ങൾ പ്രദർശിപ്പിക്കേണ്ടതാണ്. ഉദാഹരണമായി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം നിര്‍ണയിക്കരുത് എന്ന് നമ്മൾ എല്ലായിടത്തും എഴുതിവെച്ചിട്ടുണ്ട്. അത്രയും സെന്‍സിറ്റീവായി നമ്മള് പരിഗണിക്കേണ്ട കാര്യമാണിത്. ഈ സര്‍ട്ടിഫിക്കെറ്റ് കോഴ്സ്, അതായത് ഇന്ന പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്ന ഡോക്ടര്‍, എവിടെ നിന്നാണ് ഇത് പഠിച്ചിട്ടുളളത് എന്നത് പ്രദര്‍ശിപ്പിക്കണം. ഇപ്പോള്‍ വജൈനോ പ്ലാസ്റ്റി ചെയ്യുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ മെയിൽ റീ കണ്‍സ്ട്രക്ഷൻ ചെയ്യാന്‍ പറ്റിയെന്ന് വരില്ല. അപ്പോള്‍ അയാളുടെ സ്പെഷ്യലൈസേഷൻ എന്തിലാണ് എന്നതും പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്.
പിന്നെ ഒരേ ഡോക്ടര്‍ തന്നെ, ഇപ്പോള്‍ ഒരു പ്ലാസ്റ്റിക് സര്ജന് കേറിയിട്ട് വജൈനോപ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നു, ഫിമെയിൽ റീ കണ്‍സ്ട്രക്ഷന്‍ ചെയ്യുന്നു, അപ്പോള്‍ അയാള്‍ക്ക് എക്സല്‍ ചെയ്യാനുളള ഒരു രീതി കൂടിയാണ് നമ്മള് നഷ്ടപ്പെടുത്തുന്നത്. അതുകൊണ്ട് ഇതിനൊരു നിയന്ത്രണം വേണം. കാരണം ഇതൊരു സാധാരണ സര്‍ജിക്കല്‍ പ്രൊസിജീയര്‍ പോലെ, ലഘുവായ ഒന്നല്ല. മുറിച്ച് മാറ്റി റീ കണ്‍സ്ട്രക്ഷന്‍ ചെയ്യുന്നൊരു പ്രൊസിജീയറാണ്. ഇതില്‍ എത്രകാലം നമ്മള്‍ക്ക് സ്പെഷ്യലൈസേഷന് ഉണ്ടോ, അത്രകാലം നമ്മള് എക്സല്‍ ചെയ്യുകയേ ഉളളൂ. അപ്പോള്‍ എല്ലാ സര്‍ജറിയും ഒരാള്‍ തന്നെ ചെയ്തോ, ചെയ്യു എന്നുളള ഒരു പ്രോട്ടോക്കോള്‍ വെക്കുന്നതിന് പകരം രണ്ട് സര്‍ജറികള്‍ എന്നോ, അല്ലെങ്കില്‍ ഒരു നമ്പറോ വെക്കാം. ഇത്ര സര്‍ജറി മാത്രമേ ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുകയുളളൂ. അത് അല്ലെങ്കില്‍ അതില്‍ അയാള്‍ വീണ്ടും ഒരു വര്‍ഷത്തേക്കുളള സ്പെഷ്യലൈസേഷന് ട്രെയിനിങ് ചെയ്തിട്ട് മാത്രമേ അടുത്ത സര്ജറിയിലോട്ട് പോകാവൂ. അതിലും മികവ് തെളിയിക്കുകയും വേണം.
എന്റെ അഭിപ്രായത്തില്‍ ഈ പറഞ്ഞ മനുഷ്യര്‍ എല്ലാം തന്നെ വളരെ ചെറുപ്പത്തിൽ തന്നെ വീട്ടില്‍ നിന്ന് പുറംതളളപ്പെടുകയും അവരിൽ പലരും സെക്സ് വര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങളിലാണ് ജീവിക്കുന്നതും. അവര്‍ ചെയ്യുന്ന ഓരോ ചെറിയ ജോലിയിൽ നിന്ന് വരെ ലഭിക്കുന്ന പണമെല്ലാം കൂട്ടി വെച്ചാണ് ലക്ഷക്കണക്കിന് രൂപ സെക്സ് റീ കണ്‍സ്ട്രക്ഷന്‍ സര്‍ജറിക്കായി ഇവർ കണ്ടെത്തുന്നത്. അപ്പോള്‍ അത്രയും കാശ് അവരുടെ കയ്യില്‍ നിന്നും വാങ്ങുന്നത് സ്റ്റേറ്റ് അവരോട് ചെയ്യുന്ന നീതിയില്ലായ്മ ആണ്. അപ്പോള്‍ അത് നിര്‍ത്തലാക്കിയിട്ട് സര്‍ക്കാരിന്റെ കീഴില്‍ തന്നെ, ഗവണ്മെന്റ് ആശുപത്രികളില്‍, അറ്റ്ലീസ്റ്റ് കുറച്ച് സെന്ററുകളില്‍ എങ്കിലും സര്‍ജറീസ് ഉണ്ടാകേണ്ടതാണ്. ബ്രസ്റ്റ് റീ കണ്‍സ്ട്രക്ഷന്‍ അല്ലേല്‍ ബ്രസ്റ്റ് റിമൂവല്‍ ഉള്‍പ്പെടെയുളള സര്‍ജറികള്‍ ഉണ്ടാവേണ്ടതാണ്.

ഈ ബ്രസ്റ്റ് റീ കണ്‍സ്ട്രക്ഷന്‍ പറഞ്ഞപ്പോഴാണ് കേരളത്തില്‍ ബ്രെസ്റ്റ് റിമൂവല്‍ അല്ലേൽ റീ കൺസ്ട്രക്ഷൻ നടത്തപ്പെടുന്ന സ്ത്രീകള്‍ക്ക് എത്രത്തോളം അവരുടെ പഴയ ശരീരത്തിലേക്ക്, അതായത് പ്ലാസ്റ്റിക് സര്‍ജറിയാണോ, അല്ലയോ ചെയ്തത് എന്നതും അതോ വെറുതെ അവിടെ ഒരു അവയവം തുന്നിക്കൂട്ടുകയാണോ ചെയ്തത് എന്നുമൊക്കെ നമ്മള് അന്വേഷിക്കേണ്ട അത്രയും ഗുരുതരമായിട്ടുളള സാഹചര്യമാണ് നിലവിലുളളത്.
ഒരു ഹോസ്പിറ്റലില്‍ സര്‍ജറിക്ക് അണ്ടര്‍ ഗോ ചെയ്യുന്ന ട്രാന്‍സ് മനുഷ്യരുടെ ഫീഡ് ബാക്കുകള്‍ വെച്ച് മാത്രം ആയിരിക്കണം നമ്മള് ഒരു ഡോക്ടറിന്റെയോ, സ്ഥാപനത്തിന്റെയോ എക്സലന്‍സ് റേറ്റ് ചെയ്യേണ്ടത്. അതിന് റേറ്റിങ് സംവിധാനങ്ങള്‍ ഉണ്ടാകണം, ക്വാളിറ്റി കണ്ട്രോള്സ് ഉണ്ടാകണം. ഇപ്പോള്‍ കുറെ ക്വാളിറ്റി കണ്ട്രോള്, അല്ലെല്‍ അക്രഡിറ്റേഷന് ഫെസിലിറ്റീസുണ്ട്. ഉദാഹരണത്തിന് ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍, നാക് അക്രഡിറ്റേഷന് എന്നൊക്കെ പറഞ്ഞുണ്ട്. അത്തരം സംവിധാനങ്ങളില്‍ ഈ ഒരു കാര്യം കൂടി ട്രാന്‍സ് ഫ്രണ്ട്ലി ആയിട്ടുളള അപ്രോച്ച് ആണോ ആശുപത്രികൾ സ്വീകരിക്കുന്നത് എന്നത് കൂടി അക്രഡിറ്റേഷനുളള മാനദണ്ഡങ്ങളിൽ നമ്മള് ഉള്‍പ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ആശുപത്രികള്‍ക്ക് മാറ്റം വരികയുളളൂ.
4. സംസ്ഥാന സർക്കാർ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ട്രാൻസ് മനുഷ്യർക്ക് രണ്ടുലക്ഷം രൂപ ധനസഹായമാണ് നൽകുന്നത്. പിന്നീട് ഒരു വർഷത്തേക്ക് ഇവർക്ക് വിശ്രമവും പരിചരണവും ആവശ്യമായതിനാൽ സഹായധനമായി 3,000 രൂപയും നൽകുമെന്നാണ് സാമൂഹ്യ നീതി വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഈ തുക മതിയാകുമോ ട്രാൻസ് വിഭാഗത്തിന് ഇത്തരം സർജറിക്കും ശേഷമുളള വിശ്രമ ജീവിതത്തിനും?
ശസ്ത്രക്രിയകൾക്കായി ചെലവാകുന്ന തുക നോക്കുമ്പോൾ ഈ രണ്ടുലക്ഷം രൂപ ഒന്നും അല്ലെന്ന് പറയാം, കാരണം ഈ ജെന്‍ഡര്‍ റീ കണ്‍സ്ട്രക്ഷന്‍ സര്‍ജറി എന്നുപറയുന്നത് ഒരു ഘട്ടത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് അല്ല. ചിലപ്പോള്‍ തുടര്‍ച്ചയായ സര്‍ജറികള്‍ വേണ്ടി വരും. അത് ഒരു അനന്യയുടെ കാര്യത്തില്‍ മാത്രമല്ല, പലരുടെ കാര്യത്തിലും തുടർച്ചയായുളള ഒരുപാട് സര്‍ജറി വേണ്ടിവരും. അതിന് കാരണം വിദഗ്ധരായ ഡോക്ടര്‍മാരുടെ അഭാവമാണ്. അതുകൊണ്ട് ഈ തുക എന്നുപറയുന്നത് ഒന്നുമേ അല്ല. കാരണം ഈ സര്‍ജറി കഴിഞ്ഞ് കുറെനാളത്തേയ്ക്ക് ഇവര്‍ക്ക് അനങ്ങാന്‍ കഴിയില്ല. താമസിക്കാനുളള, ഭക്ഷണത്തിനുളള വകയുണ്ടാകില്ല. അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ വരുന്ന ആളുകളും അതെപോലെയുളള ആളുകളാണ്. അപ്പോള്‍ അതിന് വേണ്ടിയുളള ഒരു റീഹാബിലിറ്റേഷന്‍ ഫെസിലിറ്റി കൂടി നമ്മള്‍ക്ക് വേണ്ടതുണ്ട്. പിന്നെ രണ്ട് ലക്ഷം അപേക്ഷിച്ചാൽ പെട്ടെന്ന് കിട്ടുമോ എന്നുളള കാര്യത്തിലും എനിക്ക് സംശയമുണ്ട്.

5. എസ്ആർഎസ്, ഹോർമോൺ ട്രീറ്റ്മെന്റ്, ബോട്ടം സർജറി ഇതിനൊക്കെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് വലിയ തുകയാണ്. ഇതിന് സർക്കാർ എന്തെങ്കിലും നിരക്ക് നിശ്ചയിച്ചിട്ടുണ്ടോ, എല്ലായിടത്തും ഒരേ നിരക്കാണോ? സർക്കാരിന്റെ ഇടപെടൽ ഇതിൽ വേണ്ടതല്ലേ?സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വല്ലതും ഇതിനായി നിലവിൽ ഉണ്ടോ?
നിരക്ക് നിശ്ചയിച്ചിട്ടില്ല. കാരണം പ്രൈവറ്റ് സെക്റ്റര്‍ എന്ന് പറയുമ്പോള്‍ അറിയാമല്ലോ, നമുക്ക് മെഡിക്കല്‍ ഫീസ് പോലും നിശ്ചയിക്കാന്‍ പറ്റുന്നില്ല. അപ്പോൾ എങ്ങനെയാണ് അവരുടെ ഒരു ട്രീറ്റ്മെന്റ് പ്രോട്ടോക്കോളില്‍ നമ്മുക്ക് കൈ കടത്താന്‍ പറ്റുക? അപ്പോള്‍ അറ്റ്ലീസ്റ്റ് ഇത്തരം സര്‍ജറികളെ ഫോളോ അപ്പ് ചെയ്യാനുളള ഒരു നിയമം എങ്കിലും, നിയമനിര്‍മ്മാണം നടത്താമല്ലോ, അത് സെന്‍ട്രലൈസ്ഡ് ആയിട്ടേ ചെയ്യാനും പറ്റുകയുളളൂ. ഓള്‍റെഡി അതിനൊക്കെ എതിരായിട്ടുളള ട്രാൻസ്ബിൽ കൊണ്ടുവന്ന ഒരു ഭരണകൂടമാണ് കേന്ദ്രത്തിലുളളത്. അതുകൊണ്ട് അതിനുളള ഒരു ഓപ്ഷനും നമ്മള്‍ക്കില്ല. അതിനാൽ സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെ ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്ന രീതിയിലേക്കും നല്ല നിലവാരത്തിലേക്കും മാറണം. പുറം രാജ്യങ്ങളിലേക്ക്, ഒന്നുമില്ലെങ്കില്‍ ഡല്‍ഹിയില്‍ എങ്കിലും വിട്ട്, അവിടെയൊക്കെ നല്ല സെന്റേഴ്സുണ്ട് എന്നാണ് കേട്ടിട്ടുളളത്. അവിടുത്തെ സര്ജറിസൊക്കെ മനസിലാക്കി മികച്ച ട്രെയിനിങ് കൊടുക്കുന്ന രീതിയിലേക്ക് സർക്കാർ സംവിധാനം മാറണം.
കോട്ടയം മെഡിക്കൽ കോളെജിൽ നേരത്തെ ഒരു ട്രാൻസ്ജെൻഡർ ക്ലിനിക്കുണ്ടായിരുന്നു. ഹോർമോൺ ചികിത്സ അടക്കം അവിടെ തുടക്കത്തിൽ ഉണ്ടായിരുന്നു. അത്തരത്തിലുളള ധാരാളം ക്ലിനിക്കുകള്‍ സർക്കാർ തലത്തിൽ എന്തായാലും വേണം. കാരണം സാധാരണ ആളുകൾ എത്ര സെന്‍സിബിളാണ്, ഡോക്ടേഴ്സ് വളരെ നല്ലതാണെന്ന് പറഞ്ഞാല്‍ പോലും, ഞാനൊരു ട്രാന്സ്ജെന്ഡറാണേല്, എന്നോട് സമൂഹം ഇത്രയുംകാലം ഇങ്ങനെയാണ് പെരുമാറിയത് എന്നതുകൊണ്ട് തന്നെ എനിക്ക് ഈ എല്ലാവർക്കും ഇടയിലൂടെ അവർക്കൊപ്പം ചികിത്സ തേടാൻ പേടിയുണ്ടാകും. അങ്ങനെ പോകുന്നവർ പൊയ്ക്കോട്ടെ, പക്ഷേ ഞങ്ങൾക്ക് പ്രത്യേകമായി ചികിത്സാ സൗകര്യവും വേണമെന്ന് വിചാരിക്കുന്ന ഒരു ട്രാന്‍സ്ജെന്‍ഡര്‍ എങ്കിലും ഉണ്ടെങ്കില്‍, അറ്റ്ലീസ്റ്റ് ഒരുഫോണ്‍ കോള്‍ സംവിധാനം എങ്കിലും എത്ര മണിക്കാണ് വരേണ്ടത്, പ്രൈവറ്റായി കാണാൻ കഴിയുക എത്ര മണിക്കാണ് എന്ന് ഇവർക്ക് അറിയാൻ കഴിയുന്ന, അവർക്ക് മാത്രമായുളള ഒരു സംവിധാനം എങ്കിലും നമ്മള് ഉണ്ടാക്കേണ്ടതുണ്ട്.

ചികിത്സയ്ക്കും സഹായധനമായും ഇത്ര രൂപ എന്ന ഫിക്സ് ചെയ്യുന്നത് തന്നെ ശരിയല്ല. 3,000 രൂപ കൊണ്ട് എങ്ങനെയാണ് ഒരാള്‍ ജീവിക്കുക?. അവരുടെ ആവശ്യങ്ങൾ അറിയുകയും പാര്‍പ്പിടം എങ്കിലും സൗജന്യമായി നല്‍കിയിട്ട്, അവിടെ എന്തെങ്കിലും ചെയ്യാനുളള, അവിടുത്തേക്ക് സാധനങ്ങള്‍ എത്തിക്കാനുളള സംവിധാനമാണ് വേണ്ടത്. നമ്മുടെ സമൂഹം ഇങ്ങനെ ആയതുകൊണ്ട് മാത്രം ജോലിക്ക് പോകാന്‍ കഴിയാത്ത, നമ്മള് ഫോണ്‍ ഉപയോഗിക്കുന്നത് പോലെ, ബാക്കിയുളള കാര്യങ്ങൾ ചെയ്യുന്നത് പോലെ, സാധാരണ ജീവിതം നയിക്കാൻ നിഷേധിക്കപ്പെട്ടവരാണ് ഭൂരിഭാഗവും. അതുകൊണ്ട് തന്നെ ഇത്ര തുക മാത്രമെന്ന് ഫിക്സ് ചെയ്യുന്നത് ശരിയല്ല.
6. അനന്യ തന്നെ മരിക്കുന്നതിന് മുൻപായി നിരവധി മാധ്യമങ്ങളിലും, ആരോഗ്യ മന്ത്രിയോട് അടക്കം ശസ്ത്രക്രിയ കഴിഞ്ഞുളള തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. നമ്മുടെ സിസ്റ്റത്തിന്റെ ഓർഗനൈസ്ഡ് ക്രൈം അല്ലേ ഇത്? മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ട്രാൻസ് വിഷയം ഏറ്റെടുക്കാൻ മടികാണിക്കുന്നു എന്നു തോന്നാറുണ്ടോ?
മുഖ്യധാര ആള്‍ക്കാരൊക്കെ ഭയങ്കര ഇടപെടലാണല്ലോ ഇവിടെ നടത്തുന്നത്, അതായത് ട്രാന്‍സ് വിഷയത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് ഇവർ പത്തുവട്ടം പറഞ്ഞാല്‍ അത് വലിയ സംഭവമായി, രണ്ട് വര്‍ഷം മുന്‍പ് മെട്രൊയില്‍ ജോലി കൊടുത്തത് തന്നെയാണ് ഇപ്പോഴും ഉയര്‍ത്തി പിടിക്കുന്നത്. ഇവിടെ ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ ഉണ്ടെന്നും പോളിസിയുണ്ടെന്നും പറയുന്നു. ഇതുവരെ എത്രപേര്‍ മരിച്ചുകഴിഞ്ഞു, എത്രപേര്‍ക്കാണ് വീണ്ടും വീണ്ടും ശാരീരികമായിട്ടുളള അതിക്രമങ്ങള്‍ നേരിടേണ്ടി വന്നു. അതുകൊണ്ട് ദയവുചെയ്ത് ഇവർ ചെയ്യേണ്ടത് ട്രാന്‍സ് വിഭാഗത്തിന് ഇന്നത് ചെയ്തു എന്നുളള വിളിച്ചുപറയൽ എങ്കിലും നിര്‍ത്തണം. ഇത് ഔദാര്യമല്ല, ചെയ്യേണ്ട കടമയാണ് ചെയ്യുന്നത്. അത് വിളിച്ച് പറയേണ്ട യാതൊരു ആവശ്യവും ഇല്ല. അങ്ങനെ വിളിച്ച് പറയേണ്ടത് ഇത്തരം സഹായങ്ങളും സേവനങ്ങളും ലഭിച്ച ആള്‍ക്കാരാണ്. അവര്‍ക്ക് പറയാന്‍ തോന്നുകയാണ് എങ്കില്‍ അവർ പറയട്ടെ. സ്റ്റേറ്റ് എത്ര കൊടുത്താലും തീരാത്ത അത്ര ആഴത്തിലുളള മുറിവുകള്‍ നമ്മുടെ സമൂഹം അവര്‍ക്ക് മേല്‍ ഇതിനകം ഉണ്ടാക്കി വെച്ചിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ലിംഗമാറ്റ ശസ്ത്രക്രിയ: ഇന്ത്യയിൽ ആകെയുളളത് 100ൽ താഴെ വിദഗ്ധർ | ഡോ. സന്ദീപ് വിജയരാഘവൻ അഭിമുഖം- PART 2
ലിംഗമാറ്റ ശസ്ത്രക്രിയയും കേരളവും | ഡോ. സന്ദീപ് വിജയരാഘവൻ അഭിമുഖം- PART 1
പൊലീസിന്റേത് അടക്കം നാല് അന്വേഷണങ്ങൾ, അനന്യയ്ക്ക് നീതി കിട്ടുമോ? ട്രാൻസ് സമൂഹം ചോദിക്കുന്നു
സർജറിക്ക് മുൻപുളള ട്രാൻസ് വുമണിന്റെ മുന്നൊരുക്കങ്ങൾ; താഹിറ അയീസ് | PART 1