ഭിന്നശേഷിയുള്ളവർ അനുഭവിക്കുന്ന 'ഡിജിറ്റൽ ഗ്യാപ്' പരിഹരിക്കാനായോ?
കോവിഡ് കാലത്ത് മലയാളികൾ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സാമൂഹിക ഇടപഴകലിനും വേണ്ടി ആശ്രയിച്ചത് ഡിജിറ്റൽ ഉപകാരണങ്ങളെയാണ്. പക്ഷെ നിലവിൽ ഭിന്നശേഷിയുള്ളവർ അനുഭവിക്കുന്ന 'ഡിജിറ്റൽ ഗ്യാപ്' എങ്ങനെയാണ് രൂക്ഷമായത് എന്ന് ഭിന്നശേഷിയുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രജാഹിത ഫൗണ്ടേഷൻ കോ ഫൗണ്ടർ അജയ് ബാലചന്ദ്രൻ വിശദീകരിക്കുന്നു.
1. കോവിഡ് കാലത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ ഡിജിറ്റൽ ആയി മാറി. പക്ഷെ ഭിന്നശേഷിയുള്ളവർ നേരിടുന്ന ഡിജിറ്റൽ ഗ്യാപ് പരിഹരിക്കാൻ ഈ കാലയളവിൽ നമുക്ക് കഴിഞ്ഞോ?
ഭിന്നശേഷിക്കാരായ വ്യക്തികൾ നേരിടുന്ന ഡിജിറ്റൽ ഗ്യാപ്പ് പൂർണ്ണമായിട്ടും പരിഹരിക്കപ്പെട്ടു എന്ന് പറയാൻ കഴിയില്ല കാരണം, ഇപ്പോള് കാഴ്ചവൈകല്യമുള്ളവർക്ക് ആണെന്നുണ്ടെങ്കിൽ പല പ്രോഗ്രാമുകളുടെ വിവരങ്ങളും, സ്കീമുകളെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളായും- നിർദ്ദേശങ്ങൾ പിഡിഎഫ് ആയും വരുമ്പോൾ വായിക്കാൻ പറ്റാതെ അവസ്ഥ വരികയും, ആപ്പ് നോട്ടിഫിക്കേഷൻസ് വായിക്കാൻ പറ്റാതെ വരികയും ഒക്കെ ചെയ്തിട്ടുണ്ട് ഈ കോവിഡ് കാലത്ത്. കാഴ്ച വൈകല്യമുള്ളവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനോടൊപ്പം, കേൾവി പരിമിതികൾ ഉള്ളവർക്ക് നിർദേശങ്ങൾ വീഡിയോകൾ ആയി വരുമ്പോൾ, എന്താണ് അതിൽ പറയുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നുണ്ട്. ഇംഗ്ലീഷ് വീഡിയോ ആണെങ്കിൽ ചിലപ്പോൾ ഓട്ടോമാറ്റിക് സബ്ടൈറ്റിൽ കണ്ടേക്കും, പക്ഷേ മലയാളം വീഡിയോ ആണെങ്കിൽ അതും ഉണ്ടാകാറില്ല. പല സന്ദർഭങ്ങളിലും വ്യക്തമായ സബ്ടൈറ്റിലുകൾ ഉള്ള വീഡിയോകൾ ലഭിക്കുന്നത് കുറവായിരുന്നു.
ശാരീരിക പരിമിതി ഉള്ളവർക്ക്, ചലന വൈകല്യം ഉള്ള വ്യക്തികൾക്ക് കാര്യങ്ങൾ സ്വയം മാനേജ് ചെയ്യാനുള്ള നിർദ്ദേശങ്ങൾ പലപ്പോഴും ലഭിച്ചിരുന്നില്ല. മാനസിക പരിമിതി ഉള്ളവർക്ക് ഇൻഡിവിജ്വൽ കെയർ പൂർണമായും നൽകാൻ സാധിച്ചിട്ടില്ല. നിർദ്ദേശങ്ങൾ മാതാപിതാക്കളിൽ എത്തിക്കാനും ബുദ്ധിമുട്ടുകൾ നേരിടുന്നു. മഹാമാരിയുടെ കാലത്ത് വിവരങ്ങൾ എങ്ങനെ ആക്സസിബിൾ ആക്കാം എന്നതിനെക്കുറിച്ച് ഒട്ടേറെ പഠനങ്ങൾ ഇനിയും നടക്കേണ്ടതുണ്ട്. നമ്മൾ ഇപ്പോൾ അതിൻറെ ആദ്യപടി മാത്രമാണ് കടന്നിട്ടുള്ളത്. ഏതായാലും ഒട്ടേറെ ആളുകളും സംഘടനകളും ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കി വിവരങ്ങൾ കുറെക്കൂടെ ആക്സസിബിൾ ആക്കാൻ ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന്: നിലവിൽ കുട്ടിക്ക് പഠിക്കാനും പരീക്ഷ എഴുതാനും എല്ലാം കഴിയുന്നുണ്ടോ എന്ന് ഓൺലൈനായി തന്നെ നിരീക്ഷിക്കുന്ന സംവിധാനങ്ങൾ വന്നിട്ടുണ്ട്. ഇതോടൊപ്പം പല സാമൂഹിക ചടങ്ങുകളും ഓൺലൈൻ ആയി. ഇത് ഭിന്നശേഷിയുള്ള വ്യക്തികൾക്കും ഇല്ലാത്ത വ്യക്തികൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന ചടങ്ങുകൾ ആയി മാറുന്നു. അത് കാണാനും ആസ്വദിക്കാനും തുല്യ അവസരം കിട്ടുന്നു. അത് ഇതിൻറെ ഒരു പോസിറ്റീവ് വശമാണ്.
2. ഭിന്നശേഷിയുള്ളവർക്ക് ലഭിക്കേണ്ട ആരോഗ്യസംരക്ഷണത്തിൽ ഡിജിറ്റൽ ഗ്യാപ് സൃഷ്ടിച്ച പ്രശ്നങ്ങൾ എന്തൊക്കെയാണ്?
ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ട ആരോഗ്യ സംരക്ഷണത്തിൽ 'ഡിജിറ്റൽ ഗ്യാപ്പ്' സൃഷ്ടിച്ച ചില പ്രശ്നങ്ങളുണ്ട്. പ്രധാനമായിട്ടും പറയുകയാണെങ്കിൽ ഓൺലൈൻ ചികിത്സ നല്ല രീതിയിൽ വ്യക്തികളിലേക്ക് എത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു പക്ഷേ പലർക്കും അതെങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് പൂർണ്ണമായ അവയർനസ് ഉണ്ടായിരുന്നില്ല. കയ്യിലുള്ള മൊബൈൽ ഫോൺ വെച്ച് ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും നല്ല സ്പീഡ് ഉള്ള ഇൻറർനെറ്റ് കിട്ടാനും അങ്ങനെ പല സാങ്കേതികമായിട്ടുള്ള പ്രശ്നങ്ങൾ ആണ് ഭിന്നശേഷിയുള്ളവർ നേരിട്ടത്. ആപ്പ് എങ്ങനെ ഉപയോഗിക്കണം എന്ന് പലർക്കും അറിയില്ല. ചിലർക്ക് അവരുടെ ഫോണിൽ ആ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള സംവിധാനം ഇല്ല. ഓൺലൈനായി ചികിത്സ എങ്ങനെ നേടാം എന്നതിനെ കുറിച്ച് അവബോധം കൊടുക്കേണ്ടിയിരുന്നതാണ്.
ഇത് കൂടാതെ ഫിസിയോതെറാപ്പി എന്നത് ഫിസിക്കൽ ആയി ചെയ്യേണ്ടതുണ്ട്. ഓൺലൈൻ ആയിട്ട് ഒരു വ്യക്തി വീഡിയോ കോൾ വഴി വന്നിട്ട് ഈ രീതിയിലുള്ള എക്സസൈസ് പറഞ്ഞുകൊടുക്കാനും അത് ചെയ്യിപ്പിക്കാനും ഉദ്ദേശിക്കുന്ന രീതിയിൽ ചെയ്യാനും ശരീരത്തിൽ ഇഫക്ട് ഉണ്ടാക്കുന്ന രീതിയിൽ ചെയ്യാനും ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഫിസിയോതെറാപ്പി ഓൺലൈനായി ചെയ്യാൻ സാധിക്കില്ല, പക്ഷേ അത് മുടങ്ങി പോകാത്ത രീതിയിൽ തുടരാൻ, വീട്ടിൽ ഇരിക്കുന്നതിനാൽ ഒട്ടും ചെയ്യാതിരിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ, കാര്യങ്ങൾ നടന്നു പോകാൻ ഉള്ള സാഹചര്യമൊരുക്കാൻ മാത്രമേ ഓൺലൈനിലൂടെ കഴിഞ്ഞിട്ടുള്ളൂ. അത് പരമാവധി നടന്നിട്ടുണ്ട്. അത് നിന്ന് പോകരുതെന്ന് ഉറപ്പാക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. വാക്സിൻ രജിസ്ട്രേഷന്റെ കാര്യമാണെങ്കിൽ ആക്സസ്ബിലിറ്റി റിലേറ്റഡ് ഇഷ്യൂസ് ഒരുപാടുണ്ട്. സ്ലോട്ടുകൾ കിട്ടാൻ ബുദ്ധിമുട്ടുണ്ട്. അതാത് ഏരിയകളിലെ ആശാ വർക്കർമാരെ ബന്ധപ്പെട്ടാണ് അത് നടത്തി എടുക്കുന്നത്.
3. ഡിജിറ്റൽ ഗ്യാപ് ഭിന്നശേഷിയുള്ള കുട്ടികളെ, അവരുടെ വിദ്യാഭ്യാസത്തെ എത്ര മാത്രം ബാധിച്ചിട്ടുണ്ട്?
ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ അത് നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട് കാരണം അവരുടെ വിദ്യാഭ്യാസത്തിൽ കൂടുതലും എക്സ്പീരിയൻഷ്യൽ ലേണിങ് ആണ് എഫക്ടീവ് ആയി നൽകാൻ കഴിയുന്നത്. ഓരോ കാര്യങ്ങൾ ചെയ്തു നോക്കിയിട്ടും, ഓരോ കാര്യങ്ങൾ കണ്ടും പഠിക്കുക എന്നുള്ളതാണ് ഐഡിയൽ സിറ്റുവേഷൻ, എന്നാൽ ഈ സാഹചര്യത്തിൽ അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരം കുട്ടികൾ പലപ്പോഴും ഇൻഡിവിജ്വൽ കെയറും ആവശ്യപ്പെടുന്നുണ്ട്. സ്കൂളിലേക്ക് യാത്ര ചെയ്യാനോ ടീച്ചറുടെ അടുത്തിരുന്ന് പഠിക്കാനോ പറ്റാത്ത ഒരു സാഹചര്യം വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കിയിട്ടുണ്ട്. അതിനോടൊപ്പം തന്നെ മറ്റു കുട്ടികളോടൊപ്പം ഇടപഴകാനും, പുറത്തു പോകാനും, പല കാഴ്ചകൾ കാണാനും, സോഷ്യലൈസ് ചെയ്യാനും സാഹചര്യമില്ലാത്ത അവസ്ഥ ഉണ്ടായതും ഒരു വെല്ലുവിളി ആയിരുന്നു.
ഒരു കാരണവശാലും പുറത്തുപോകാൻ പാടില്ലെന്ന് പറയുമ്പോഴും, കോവിഡ് നിർദ്ദേശങ്ങൾ ചിട്ടയായി നടപ്പാക്കാൻ ശ്രമിക്കുമ്പോഴും, കൈ കഴുകാനും, സോപ്പ് ഉപയോഗിക്കാനും, സാനിറ്റൈസർ ഉപയോഗിക്കാനും, മാസ്ക് ധരിക്കാനും, അകലം പാലിക്കാനും- ഈ കാര്യങ്ങളെല്ലാം ഭിന്നശേഷിയുള്ള കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കോവിഡ് കാലഘട്ടത്തോട് ചേർന്ന് ജീവിക്കാൻ സഹായിക്കുക എന്നത് ശ്രമകരമായ ഒരു പ്രവർത്തിയാണ്. മാതാപിതാക്കൾ അതിനായി ഒരുപാട് ശ്രമിക്കുന്നുണ്ട്. പല സാഹചര്യങ്ങളിലും ക്ലാസുകളിൽ ടീച്ചർക്ക് ഒപ്പം മാതാപിതാക്കളും ഇരുന്നിട്ട് ആണ് ക്ലാസുകൾ ഇൻറാക്ടീവ് ആക്കാൻ സാധിക്കുന്നത്. ഒരുമിച്ചിരിക്കാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് അത് ടീച്ചർമാർക്കും കുട്ടികൾക്കും മാതാപിതാക്കൾക്കും വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസത്തിൽ ബ്രേക്ക് വരാതെ നോക്കേണ്ട കാലഘട്ടത്തിൽ.

4. ഡിജിറ്റൽ ആക്സസിബിലിറ്റി നടപ്പാക്കാൻ നമ്മൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
ഡിജിറ്റൽ ആക്സസ്ബിലിറ്റി ഉറപ്പുവരുത്താൻ നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായി പറയുമ്പോൾ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ചലനപരമായ ഭിന്നശേഷിയുള്ള അവസ്ഥയാണ്. അതോടൊപ്പം കേൾവി, അതുപോലെ കാഴ്ച- ഈ മൂന്ന് ഭിന്നശേഷികളാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.
ചലനപരമായ ഭിന്നശേഷിയുള്ളവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഇതാണ്- പുസ്തകങ്ങളും മറ്റും പുറത്തിറക്കുമ്പോൾ ഫിസിക്കൽ ആയ പുസ്തകത്തോട് കൂടെ തന്നെ ഡിജിറ്റൽ കോപ്പി അഥവാ പിഡിഎഫ്- കമ്പ്യൂട്ടർ വഴിയോ മൊബൈൽ വഴിയോ ആക്സസ് ചെയ്യാവുന്ന പുസ്തകങ്ങൾ കൂടെ ഇറക്കുക. അത് അവർക്ക് ഉപകാരപ്രദമായിരിക്കും കമ്പ്യൂട്ടറിലും മൊബൈലിലും പുസ്തകം ലഭിക്കുന്നത് ഉപകാരപ്രദമാണ് കാരണം ഇത്തരം ഉപകരണങ്ങളിൽ ശബ്ദം വഴി കാര്യങ്ങൾ കണ്ട്രോൾ ചെയ്യാൻ സാധിക്കും. ഡിജിറ്റൽ പുസ്തകം ഉണ്ടെങ്കിൽ ചലന പരിമിതി ഉള്ളവർക്ക് പുസ്തകം വായിക്കാൻ സാധിക്കും.
അതുപോലെതന്നെ കേൾവിക്കുറവ് ഉള്ളവർക്ക് വേണ്ടിയിട്ട്, ഒരു കണ്ടൻറ് പുറത്തിറക്കുമ്പോൾ അതിൻറെ വീഡിയോ കണ്ടന്റ് കൂടെ ഇറക്കാൻ ശ്രമിക്കുക. അതിൽ ക്യാപ്ഷൻസ് കൊടുത്താൽ അവർക്ക് വായിക്കാൻ സാധിക്കും. സൈൻ ലാംഗ്വേജ് അതോടൊപ്പം ആഡ് ചെയ്യാൻ കഴിയുമെങ്കിൽ കൂടുതൽ ഫലപ്രദമാകും.
കാഴ്ച പരിമിതിയുള്ളവർക്ക്: സർക്കാർ നിർദ്ദേശങ്ങളും സ്കീമുകളെ പറ്റിയുള്ള വിവരങ്ങളും ചിത്രങ്ങളായി ഇറക്കുമ്പോൾ അത് കാഴ്ച പരിമിതിയുള്ളവർക്ക് സ്ക്രീൻ റീഡർ ഉപയോഗിച്ച് വായിക്കാൻ സാധിക്കില്ല. അതിന് ടെക്സ്റ്റ് വായിക്കാൻ കഴിയും പക്ഷെ ചിത്രത്തിലുള്ള ടെക്സ്റ്റ് വായിക്കാൻ കഴിയില്ല. അതുകൊണ്ട് ഒരു ഇമേജ് ഷെയർ ചെയ്യുമ്പോൾ അതിൻറെ താഴെ ക്യാപ്ഷൻ ആയിട്ട് അതിൻറെ ഉള്ളടക്കം എന്താണെന്ന് കൂടെ കൊടുക്കുന്നത് നന്നായിരിക്കും. ഉള്ളടക്കത്തോടൊപ്പം ഇമേജ് എന്താണ് എന്ന് വിശദീകരിക്കുന്ന വിവരം കൂടെ ഉണ്ടായാൽ നന്നായിരിക്കും.
കൂടുതലായി കണ്ടുവരുന്ന ഭിന്നശേഷികൾ അതായത് ചലനപരമായത്- 20% കേൾവി -കാഴ്ച എന്നിവ 18%; കൂടാതെ മാനസികമായ വെല്ലുവിളികൾ നേരിടുന്നവരും ജനിതക രോഗങ്ങൾ ഉള്ളവരും ഉണ്ട്. അവർക്ക് ഇൻഡിവിജ്വൽ സപ്പോർട്ട് ആവശ്യമാണ്. അവിടെ ആക്സസിബിലിറ്റിക്ക് പുറമേ അത്തരം ആളുകളിലേക്ക് വിവരങ്ങൾ വേണ്ട സമയത്ത്/ കൃത്യമായ സമയത്ത് എത്തിക്കുക എന്നതാണ് വെല്ലുവിളി.
5. ഭിന്നശേഷിയുള്ളവർ ഉപയോഗിക്കുന്ന പല ഡിജിറ്റൽ ഉപകരണങ്ങളും ചെലവേറിയതാണ് എന്ന് വിമർശനം ഉണ്ട്. ഇത് നമുക്ക് എങ്ങനെ മറികടക്കാനാകും?
ഭിന്നശേഷിയുള്ളവർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പലതും ചിലവേറിയതാണ് എന്നതിൻറെ പ്രധാനമായിട്ടുള്ള കാരണം ഈ ഉപകരണങ്ങൾ വളരെയധികം സോഫിസ്റ്റിക്കേറ്റഡ് ആയതാണ് എന്നതുകൊണ്ടാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ഒരേ ഭിന്നശേഷിയുള്ളവർ ആണെങ്കിലും പല വ്യക്തികൾക്ക് പല ആവശ്യങ്ങളാണ് ഉള്ളത്. അതുകൊണ്ട് എല്ലാവരുടെയും ആവശ്യങ്ങൾ മുന്നിൽ കണ്ടു പ്രവർത്തിക്കുന്ന ഉപകരണമാണ് എന്നുണ്ടെങ്കിൽ അതിന് അതിന്റെതായ സങ്കീർണത നിർമ്മാണത്തിലും ഉണ്ടാകും. ഉപയോഗിക്കാനുള്ള എളുപ്പത്തിന് ഉപകരണത്തിന്റെ ഭാഗങ്ങൾക്ക് വരെ ഭാരം കുറഞ്ഞിരിക്കണം എന്നുണ്ട്. പലപ്പോഴും ഇത് നിർമ്മിക്കുന്നത് പുറംരാജ്യങ്ങളിൽ ആണ്. അവിടെ നിന്ന് ഉപകരണങ്ങൾ നമ്മുടെ രാജ്യത്തേക്ക് കൊണ്ടു വരുമ്പോൾ 40 ശതമാനത്തിലധികം കസ്റ്റംസ് ഡ്യൂട്ടി കൊടുക്കണം. അതിപ്പോൾ ഇലക്ട്രിക് വീൽചെയർ ആയാലും ഇംപോർട്ട് ചെയ്തുകഴിഞ്ഞാൽ അതിൻറെ കൂടെ ജിഎസ്ടി യും വരും.
ഇത്രയധികം ചിലവുകൾ വരുമ്പോൾ ഉപകരണങ്ങളുടെ വിലയും കൂടും. തദ്ദേശീയമായി പലതും ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല എന്നത് ഒരു പ്രശ്നം തന്നെയാണ്. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ ഇത്തരം നിർമ്മാണങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ, സർക്കാർ വില സബ്സിഡി കൊടുക്കുകയാണെങ്കിൽ, വിലകുറച്ചു കൊടുക്കാനുള്ള സ്കീമുകൾ അവതരിപ്പിക്കുകയാണെങ്കിൽ അത് ആളുകളിലേക്ക് കൂടുതൽ എത്തും. അത് വില കുറയുന്നതിലേക്ക് നയിക്കും.
6. ഡിജിറ്റൽ ഇൻഫോർമേഷൻ ഭിന്നശേഷിയുള്ളവർക്ക് തടസങ്ങളില്ലാതെ ലഭിക്കാൻ വെബ്സൈറ്റ് ഡിസൈൻ ചെയ്യുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം?
വെബ്സൈറ്റ് ഡിസൈൻ ചെയ്യുന്നവർ അത് ഭിന്നശേഷി സൗഹൃദം ആക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വൾഡ് വൈഡ് വെബ് കൺസോർഷ്യം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരാണ് അതിന്റെ സ്റ്റാൻഡേർഡ് നിർണയിക്കുന്നത്. ഇത് കൂടാതെ വെബ് ആക്സസ്ബിലിറ്റി ഇനിഷ്യേറ്റീവ് എന്ന സംഘടനയും ചില നിർദേശങ്ങൾ നൽകുന്നുണ്ട്. ഈ രണ്ടു സംഘടനകളും ചേർന്ന് അടുത്തിടെ ഒരു ഗൈഡ്ലൈൻ പുറത്തിറക്കിയിരുന്നു: ഡബ്ലിയുസിഎജി 2.0. ഇത് ഒരു വെബ് കണ്ടന്റ് ആക്സസിബിലിറ്റി ഗൈഡ്ലൈൻ ആണ്. ഇത് പ്രകാരം ഒരു വെബ്സൈറ്റ് ഡിസൈൻ ചെയ്യുകയാണെങ്കിൽ അത് പലതരം ഭിന്നശേഷിയുള്ളവർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ആക്സസിബിളാക്കി മാറ്റാൻ കഴിയും.
ചില സാഹചര്യങ്ങളിൽ ഇത് പാലിക്കപ്പെടാതെ വരുമ്പോൾ വെബ്സൈറ്റിൽ ഉള്ള ദൃശ്യങ്ങൾ എന്താണെന്ന് വിവരിക്കാതെ സന്ദർഭങ്ങൾ ഉണ്ടാകും, അതായത് അതിലുള്ള ലിങ്കുകൾ, ചിത്രങ്ങൾ എന്നിവ എന്താണെന്ന് വിശദീകരിക്കുന്ന ടെക്സ്റ്റുകൾ ഉണ്ടാകില്ല. ഇത്തരം ഡിസ്ക്രിപ്ഷൻ ഉള്ള ആൾട്ട്- ടെക്സ്റ്റ് ഉണ്ടെങ്കിലേ സ്ക്രീൻ റീഡർക്ക് അത് വായിച്ചു മനസ്സിലാക്കാൻ സാധിക്കൂ. ലിങ്കിൽ ക്ലിക്ക് ചെയ്താൽ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന വിവരവും ആ ഡിസ്ക്രിപ്ഷൻ ഇൽ വേണം. പുതിയതായി വരുത്തേണ്ട മാറ്റങ്ങളെക്കാൾ നിലവിൽ ഈ ഓപ്ഷനുകൾ ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കണം. വെബ് ഡെവലപ്പർമാർ കുറച്ചുസമയം അതിനായി ചെലവഴിച്ച് അത് ഉറപ്പു വരുത്തിയാൽ മതി. വെബ്സൈറ്റിലെ ചിത്രങ്ങളും ലിങ്കുകളും വിശദീകരിക്കുന്ന വിവരങ്ങൾ അതിൽ ഉണ്ടെന്ന് ഉറപ്പു വരുത്തിയാൽ മതി. ഇതുവഴി ഒരു പരിധിവരെ നമുക്ക് ബേസിക് ആക്സസിബിലിറ്റി ഉറപ്പുവരുത്താൻ കഴിയും
7. ഇൻക്ലൂസീവ് ടെക്നോളോജി നടപ്പാക്കാനാൻ കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരേണ്ട ആവശ്യം ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ ? നിലവിൽ അങ്ങനെ ഒന്ന് ഉണ്ടോ?
ഇൻക്ലൂസീവ് ടെക്നോളജി നടപ്പാക്കാൻ മാനദണ്ഡങ്ങൾ കൊണ്ടുവരേണ്ട ആവശ്യമുണ്ട്. ഒരു സാങ്കേതിക വിദ്യ പൊതുജനങ്ങൾക്കു മുന്നിൽ എത്തിക്കുന്നതിനു മുമ്പുള്ള ടെസ്റ്റിംഗ് സ്റ്റേജിൽ തന്നെ അത് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഉപകാരപ്രദം ആകുമോ, അതിൻറെ ഉപയോഗം അവർക്ക് ആക്സസിബിൾ ആണോ എന്നീ കാര്യങ്ങൾ ടെസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. നിലവിൽ അത്തരം കൃത്യമായ മാനദണ്ഡങ്ങൾ നിലവിൽ ഇല്ലാത്തതും അതിൽ വ്യക്തത ഇല്ലാത്തതും പ്രശ്നമാണ്.
8. ഡിജിറ്റൽ ഗ്യാപ് മൂലം വ്യക്തിപരമായി പ്രശ്നങ്ങൾ നേരിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
ഡിജിറ്റൽ ഗ്യാപ് മൂലം വ്യക്തിപരമായ പ്രശ്നങ്ങൾ തീർച്ചയായും നേരിട്ടിട്ടുണ്ട്. അത് ഇപ്പോഴും നേരിടുന്നുണ്ട്. ഞാൻ വിൻഡോസ് സ്പീച് റെക്കഗ്നിഷൻ സംവിധാനം ഉപയോഗിച്ചാണ് വർക്ക് ചെയ്യുന്നത്. മൗസ് കണ്ട്രോൾ ചെയ്യുന്നതും സ്പീച് റെക്കഗ്നിഷൻ ഉപയോഗിച്ചിട്ടാണ്. വിൻഡോസ് സ്പീച് റെക്കഗ്നിഷൻ സോഫ്റ്റ്വെയറിലെ സ്പീച് എൻജിനിൽ ഇംഗ്ലീഷ് ഭാഷ ഉണ്ട്. പക്ഷേ മലയാളം അതുപോലെ ടൈപ്പ് ചെയ്യുക എന്നത് ശ്രമകരമായ കാര്യമാണ്. നിലവിൽ ടൈപ്പ് ചെയ്യണമെങ്കിൽ ഓരോ അക്ഷരം വീതമേ ടൈപ്പ് ചെയ്യാൻ കഴിയുകയുള്ളൂ. മലയാളം ഇംഗ്ലീഷ് പോലെ എഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ പല കാര്യങ്ങളും സുഗമമാകും. നിലവിൽ അത് ഇല്ലാത്തത് വ്യക്തിപരമായി ഒരു വെല്ലുവിളിയാണ്
9. ഇന്റർനെറ്റ് ഭിന്നശേഷിയുള്ളവർക്ക് കൂടെ തടസങ്ങൾ ഇല്ലാതെ തുറന്നുകൊടുക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹിക മാറ്റങ്ങൾ എന്തൊക്കെയായിരിക്കും?
അത്തരമൊരു സാഹചര്യം വിഭാവനം ചെയ്യേണ്ട ആവശ്യമില്ല, ആ സംവിധാനം നിലവിൽ ഉണ്ട്. സോഷ്യൽ മീഡിയയും ഇൻറർനെറ്റ് വിനോദ സൈറ്റുകളും ഭിന്ന ശേഷിക്കാർക്ക് കൂടി ഉപയോഗിക്കാൻ സൗഹൃദമായ നിലയിലാണ് ഉണ്ടാക്കി വരുന്നത്. പതിയെ അതിൽ ഇൻക്ലൂസീവ്നെസ് ഫീൽ ചെയ്യുന്നുണ്ട്. അത്തരം സാങ്കേതികവിദ്യകൾ തുറന്നുകൊടുക്കുമ്പോൾ പല വിഭാഗങ്ങളിൽ നിന്നുള്ള കോൺട്രിബ്യൂഷൻ ഉണ്ടാകും. അതിൻറെ വളർച്ചയിൽ എല്ലാവരും ഭാഗമാകും. പ്രധാനമായും രണ്ടു മേഖലകളിലാണ് ആക്സസിബിലിറ്റി ഇതുവരെയായിട്ടും കൃത്യമായി വരാത്തത്. ഒന്ന് വിദ്യാഭ്യാസം, രണ്ട് ജോലി. സർക്കാർ ജോലികളോ മറ്റ് വിദ്യാഭ്യാസ അവസരങ്ങളോ ഓൺലൈൻ ആക്കിയിട്ടില്ല. ജെനുവിൻ ആയിട്ടുള്ള ഓൺലൈൻ ജോലികൾ വരികയാണെങ്കിൽ ഭിന്നശേഷിക്കാരുടെ ജീവിതം തന്നെ മാറി മറിയും. അവർക്ക് സാമ്പത്തികമായും സാമൂഹികമായും ജീവിക്കാനുള്ള പിന്തുണ ലഭിക്കുമ്പോൾ അവർക്ക് സമൂഹത്തിന് കൂടുതൽ കോൺട്രിബ്യൂഷൻ ചെയ്യാനും കഴിയും. അത് അവരുടെ ആത്മാഭിമാനത്തെയും വളർത്തും. പെൻഷൻ കൊടുക്കുന്നതിലുപരി അവർ സ്വയംപര്യാപ്തത ഉള്ള ആളുകൾ ആകാൻ ഉള്ള മാർഗങ്ങൾ തുറന്നു കൊടുക്കുകയാണ് വേണ്ടത്. പല കാര്യങ്ങളും ആക്സസിബിൾ ആകുന്നതു വഴി ഇത് നമുക്ക് യാഥാർത്ഥ്യമാക്കാൻ കഴിയും
ടെക്നോളജി കുറെയൊക്കെ തുറന്നുകൊടുത്തത്തിന്റെ ഭാഗമായി എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നമുക്ക് തന്നെ ചുറ്റും കാണാൻ കഴിയും. ആളുകൾ അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. അവരുടെ പ്രശ്നങ്ങൾ ലോകവുമായി പങ്കുവെക്കുന്നുണ്ട്. അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാം മറ്റുള്ളവരും അറിയുന്നുണ്ട്. സാങ്കേതിക വിദ്യയും ഇൻറർനെറ്റും തുറന്നുകൊടുക്കുന്നത് സമൂഹത്തിന് തന്നെയാണ് ഗുണം ചെയ്യുന്നത്.
10. കേരളത്തിൽ ഡിജിറ്റൽ മേഖല ആക്സസിബിൾ ആകുന്നതിന് തടസം നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് തോന്നുന്നു?
ആദ്യത്തെ പ്രശ്നം ഡിസബിലിറ്റി എക്സ്പേർട്സിന്റെ അഭാവം തന്നെയാണ്. ഡിസബിലിറ്റികളെ മനസ്സിലാക്കിക്കൊണ്ട് ഓരോ വ്യക്തികൾക്കും എങ്ങനെ കാര്യങ്ങൾ ആക്സസിബിൾ ആക്കണം എന്ന് മനസ്സിലാക്കിക്കോണ്ട് കാര്യങ്ങൾ ചെയ്യുന്നതിലുള്ള അഭാവം ഒരു പ്രശ്നം തന്നെയാണ്. കേരളത്തിൽ എക്സ്പെർട്സ് വേണം എന്നു പറയുന്നത് ഭാഷയുടെ പ്രാധാന്യം കൂടെ നോക്കിയിട്ടാണ്. പലർക്കും ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. പല ഭിന്നശേഷിക്കാരായ വ്യക്തികളും പ്രാഥമിക വിദ്യാഭ്യാസം മാത്രമേ നേടിയിട്ടുള്ളൂ. കൂടുതൽ കാര്യങ്ങൾ വായിച്ചു മനസ്സിലാക്കാനും, ആ ഭാഷ പ്രയോഗിക്കാനും ബുദ്ധിമുട്ട് നേരിടുന്ന ഒരുപാട് വ്യക്തികളുണ്ട്. ഇൻറർനെറ്റിലെ പല വിവരങ്ങളും ഉള്ളത് ഇംഗ്ലീഷിലാണ്. കാര്യങ്ങൾ വായിച്ചു മനസ്സിലാക്കാനും മറുപടി കൊടുക്കാനും എല്ലാം ബുദ്ധിമുട്ടുണ്ട്.
ചെറിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഓൺലൈൻ ഷോപ്പിങ്ങിന് പോലും ഭാഷയുടെ പ്രശ്നമുണ്ട്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉള്ളവർക്കേ പലതിലേക്കും ഒരു എൻട്രി ലഭിക്കുന്നുള്ളൂ. ഇതിനൊരു പരിഹാരം അല്ലെങ്കിൽ മാറ്റം കൊണ്ടുവരാൻ യുവജനതയ്ക്ക് മാത്രമേ കഴിയൂ. ഒട്ടേറെപ്പേർ സോഷ്യലി കമ്മിറ്റഡ് ആയിട്ടാണ് വർക്ക് ചെയ്യുന്നത്. ഞങ്ങളുടെ വോളണ്ടിയേഴ്സ് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് വേണ്ടി സഹായം ചെയ്യാൻ മുന്നോട്ടു വരാറുണ്ട്. വിവരങ്ങളും സാങ്കേതികവിദ്യകളും പൊതുസ്ഥലങ്ങളും എങ്ങനെ ആക്സസിബിൾ ആക്കാം എന്നതിനെപ്പറ്റി ചർച്ചകളും നടത്തുന്നുണ്ട്. അതിനായുള്ള പരിശ്രമം പല സംഘടനകളും നടത്തുന്നുണ്ട്. ഇതോടൊപ്പം സർക്കാർ സംവിധാനങ്ങൾക്ക് ഒപ്പം ചേർന്ന് പ്രവർത്തിച്ച് ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾ വഴി നമുക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.
About Ajay Balachandran: പന്ത്രണ്ട് വർഷം മുമ്പ് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയിരുന്ന അജയ് ബാലചന്ദ്രൻ അപകടത്തിൽ പെട്ടാണ് നട്ടെല്ലിന് പരിക്കേൽക്കുന്നത്. കഴുത്തിന് താഴേയ്ക്ക് ചലന പരിമിതിയുള്ള അജയ്, ഓൺലൈനിൽ പ്രവർത്തിക്കാൻ വിൻഡോസിന്റെ സ്പീച്ച് റെക്കഗ്നിഷൻ സോഫ്റ്റ്വെയർ ആണ് ഉപയോഗിക്കുന്നത്. എംഎസ്ഡബ്ല്യു ബിരുദധാരിയായ സുഹൃത്ത് സൂരജ് സന്തോഷ് കുമാറിനോടൊപ്പം ചേർന്നാണ് 2019 സെപ്റ്റംബറിൽ ഭിന്നശേഷിയുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ പ്രജാഹിത ഫൗണ്ടേഷൻ സ്ഥാപിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഭിന്നശേഷിയുള്ള കുട്ടികൾ: സമൂഹവും കുടുംബവും ചെയ്യേണ്ട പ്രധാന കാര്യങ്ങൾ
ഭിന്നശേഷി കുട്ടികള് എന്തുകൊണ്ട് കളിയടങ്ങള്ക്ക് പുറത്താകുന്നു? | പദ്മിനി ചെന്നപ്രഗഡ അഭിമുഖം
മൂന്നാം തരംഗം: ഇനിയെങ്കിലും പറയൂ ഭിന്നശേഷിക്കാരുടെ മുന്ഗണനാക്രമം?