നിവിൻ പോളി കട്ട മമ്മൂക്ക ഫാൻ, ബയോപിക്കിൽ മമ്മൂട്ടിയായി തീരുമാനിച്ചിരുന്നത് നിവിനെ; ജൂഡ് ആന്റണി പറയുന്നു
ആ സിനിമ ചെയ്യണോ, വേണ്ടയോ എന്നുളളത് അത് മമ്മൂക്കയുടെ മാത്രം ഇഷ്ടമാണ്. മമ്മൂക്ക അത് നീ ചെയ്തോ എന്ന് പറയുക ആണേല്‍ മാത്രം ഞാന്‍ ചെയ്യും. അതിനുവേണ്ടി കാത്തിരിക്കുകയാണ്.
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രം വരുന്നുവെന്ന് നേരത്തെ മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംവിധായകന് ജൂഡ് ആന്റണി ജോസഫാണ് മമ്മൂട്ടിയുടെ ബയോപിക് ചെയ്യാന്‍ തീരുമാനിച്ചത്. പിന്നീട് അത് പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോയി. ഒരു യെസ് കിട്ടിയാല്‍ അതിന്റെ അടുത്ത ദിവസം ആ ചിത്രം തുടങ്ങുമെന്നും അതിനായി താരങ്ങളെ വരെ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും ജൂഡ് ആന്റണി പറയുന്നു. ഒടിടിയിലൂടെ റിലീസ് ചെയ്ത സാറാസ് എന്ന ചിത്രത്തെക്കുറിച്ച് ഏഷ്യാവില്‍ മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് ആലോചനയിലുളള മറ്റ് പ്രൊജക്റ്റുകളെക്കുറിച്ച് ജൂഡ് വ്യക്തമാക്കുന്നത്.
ജൂഡിന്റെ വാക്കുകള്‍ ഇങ്ങനെ
എന്റെ ആദ്യത്തെ സിനിമയായി ഞാന്‍ ചെയ്യാനിരുന്നതാണ് മമ്മൂട്ടിയുടെ ബയോപിക്. അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന കാലത്താണ് അതിന്റെ വര്‍ക്കുകള്‍ തുടങ്ങിയത്. മമ്മൂക്കയുടെ ആത്മകഥ സിനിമയാക്കാന്‍ വേണ്ടി, മമ്മൂക്കയുടെ ആത്മകഥയിലുളള ഒരു പോര്‍ഷന്‍ ഞാന്‍ ഷൂട്ട് ചെയ്ത് മമ്മൂക്കയെ കാണിച്ചു. മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തു. മമ്മൂക്ക എന്റെ അടുത്ത്, ഇത് ആരാണ് എഴുതുന്നതെന്ന് ചോദിച്ചു. ഞാന്‍ തന്നെയാണെന്ന് മറുപടിയും നല്കി. അങ്ങനെ എഴുതിക്കൊണ്ട് വരാനായി പറഞ്ഞു. ഞാന്‍ എഴുതി കൊണ്ട് ചെന്നു, അപ്പോള്‍ ഇത് മതിയോ എന്ന മമ്മൂക്ക ചോദിച്ചു.
വീണ്ടും ഞാന്‍ അത് മാറ്റി എഴുതി. അപ്പോഴാണ് എനിക്ക് മറ്റൊരു പടം ചെയ്യാനായി അവസരം ഒത്തുവന്നത്. ഒരു ചെറിയ പടം ചെയ്യാന്‍ പോകുകയാണ്, അത് ചെയ്തോട്ടെ എന്ന് മമ്മൂക്കയോട് ചോദിച്ചു. ചെയ്തോളാനും പറഞ്ഞു. അങ്ങനെയാണ് ഓം ശാന്തി ഓശാന ഉണ്ടായത്. അത് ഭയങ്കര വിജയവുമായി. പിന്നീട് മമ്മൂക്കയെ വീണ്ടും കണ്ടു. നീ വലിയ സംവിധായകനായല്ലോടാ, അത് ഇനി വീണ്ടും ചെയ്യണോ എന്ന് മമ്മൂക്ക എന്നോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, സംവിധായകനാകാനുളള ആഗ്രഹം കൊണ്ട് ചെയ്യുന്ന പടം അല്ല ഇതെന്നും എന്റെയൊരു ആഗ്രഹമാണ് അതെന്നും പറഞ്ഞു. അത് നീ ചെയ്തോ, പക്ഷേ ഇപ്പോള്‍ ചെയ്യേണ്ട എന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്. പിന്നെയും വീണ്ടും കണ്ടു. എപ്പോള്‍ കണ്ടാലും മമ്മൂക്ക പറയുന്നത്, അത് നീ ഇപ്പോള്‍ ചെയ്യേണ്ട, കുറച്ച് കഴിയട്ടെ എന്നാണ്.

ഇടക്കാലത്ത് ആരോ മമ്മൂക്കയോട് ആ സിനിമ ഇപ്പോള്‍ ചെയ്യേണ്ട എന്നുപറഞ്ഞ് അങ്ങനെയൊരു പാരവെപ്പ് ആരോ നടത്തിയിട്ടുണ്ടെന്ന് തോന്നുന്നു. കാരണം മമ്മൂക്ക പിന്നീട്, അത് ഇപ്പോള്‍ ചെയ്യേണ്ട, പിന്നെ ചെയ്യാമെന്നാണ് പറയുന്നത്. ആ സിനിമ ചെയ്യണോ, വേണ്ടയോ എന്നുളളത് അത് മമ്മൂക്കയുടെ മാത്രം ഇഷ്ടമാണ്. മമ്മൂക്ക അത് നീ ചെയ്തോ എന്ന് പറയുക ആണേല്‍ മാത്രം ഞാന്‍ ചെയ്യും. അതിനുവേണ്ടി കാത്തിരിക്കുകയാണ്.
മമ്മൂക്ക എപ്പോഴാണോ, നീ അത് ചെയ്തോ എന്ന് പറയുക, അതിന്റെ അടുത്ത ദിവസം തുടങ്ങാന്‍ വേണ്ടി ഒരു വലിയ ടീം തന്നെ ഓള്‍റെഡി സെറ്റാക്കി വെച്ചിട്ടുണ്ട്. അതിലെ ടീം അംഗങ്ങളുടെ പേര് പറയുന്നില്ല, കാരണം അവരുടെ അടുത്തും ഇതുപോലെ ചോദ്യങ്ങള്‍ വന്നുതുടങ്ങും. നിവിന്‍ പോളിയെ ആയിരുന്നു അതിലെ ലീഡ് റോളില്‍ മമ്മൂക്കയായി അഭിനയിക്കാന്‍ കണ്ടുവെച്ചിരുന്നത്.

മമ്മൂക്കയായി അഭിനയിക്കാന്‍ നിവിന്‍ പോളിക്കും ആഗ്രഹമുണ്ട്. മമ്മൂക്കയുടെ കട്ടഫാന് കൂടിയാണ് നിവിന്‍. ഇക്കാര്യം ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞിരുന്നു. അത് നിങ്ങളുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. സംവിധായകനാണ് ആരാണ് ആ വേഷം ചെയ്യേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. അതുകൊണ്ട് നിങ്ങള്‍ അതുപോലെ തന്നെ തീരുമാനിച്ച് പോകാനാണ് മമ്മൂക്ക അന്ന് പറഞ്ഞത്. അതിന് ഇന്നും ഒരു മാറ്റം മമ്മൂക്ക വരുത്തിയിട്ടില്ല. മമ്മൂക്ക തന്ന വാക്ക് അത് കൃത്യമായി ആലോചിച്ച് പറഞ്ഞതാണ്. ഇനി ആ സിനിമ എപ്പോള്‍ സംഭവിക്കുമെന്ന് അറിയില്ല. നോക്കാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!