ഐസിഎംആറിന്റെ കീഴിലുളള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇന്‍ റീപ്രൊഡക്റ്റീവ് ഹെല്‍ത്തിൽ (ആര്‍ആര്‍എച്ച്) ജനിറ്റിക്സ് ഓഫ് ക്വീർ കമ്മ്യൂണിറ്റി എന്ന വിഷയത്തിൽ റിസർച്ച് നടത്തുകയാണ് സയന്റിസ്റ്റായ സൂരജ്. ഡെമി സെക്ഷ്വാലിറ്റിയും എൽജിബിടിക്യൂഎ പ്ലസ് അടക്കമുളള വിഭാഗങ്ങളെക്കുറിച്ച് സൂരജ് ശാസ്ത്രീയമായി കാര്യങ്ങൾ വിശദീകരിക്കുന്നു.
എൽജിബിടിക്യൂഎ പ്ലസ് സമൂഹത്തിലെ വ്യക്തികളെ ഇന്നും നമ്മളിൽ പലരും അംഗീകരിക്കാൻ മടി കാട്ടുന്നുണ്ട്. കടുത്ത അവഗണനയാണ് വീടുകളിൽ നിന്ന് അടക്കം ഇവർ നേരിടുന്നത്. സ്വയം തിരിച്ചറിയുന്നതും അത് തുറന്ന് പറയുന്നതോടും കൂടി കൂടുതൽ പേരും സമൂഹത്തിൽ ഒറ്റപ്പെടുകയാണ്. ഇപ്പോഴും ഈ കമ്മ്യൂണിറ്റിയിൽ ഏതൊക്കെ തരത്തിൽ വ്യത്യസ്തമായ മനുഷ്യരാണ് അടങ്ങിയിട്ടുളളതെന്ന് പൊതുവേ വലിയ ധാരണയും കൂടുതൽ പേർക്കും ഇല്ല.
അസെക്ഷ്വൽ എന്ന് സ്വയം മനസിലാക്കുകയും പിന്നീട് ഡെമി സെക്ഷ്വാലിറ്റിയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന നിരവധി പേർ ഇന്നുണ്ട്. അത്തരത്തിൽ ഡെമി സെക്ഷ്വാലിറ്റിയാണ് തന്റേതെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് സൂരജ്. ഐസിഎംആറിന്റെ കീഴിലുളള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇന്‍ റീപ്രൊഡക്റ്റീവ് ഹെല്‍ത്തിൽ (ആര്‍ആര്‍എച്ച്) ജനിറ്റിക്സ് ഓഫ് ക്വീർ കമ്മ്യൂണിറ്റി എന്ന വിഷയത്തിൽ റിസർച്ച് നടത്തുകയാണ് സയന്റിസ്റ്റായ സൂരജ്. ഡെമി സെക്ഷ്വാലിറ്റിയും എൽജിബിടിക്യൂഎ പ്ലസ് അടക്കമുളള വിഭാഗങ്ങളെക്കുറിച്ച് ശാസ്ത്രീയമായി സൂരജ് കാര്യങ്ങൾ വിശദീകരിക്കുകയാണ്.
ഡെമി സെക്ഷ്വാലിറ്റിയും ജനിറ്റിക്സ് പഠനവും
വ്യക്തിപരമായ അനുഭവങ്ങളും സയന്സിനോടുളള താത്പര്യവും എൽജിബിടിക്യുഎപ്ലസ് കമ്മ്യൂണിറ്റിയെ സമൂഹം പരിഗണിക്കുന്ന രീതി മാറേണ്ടതുണ്ടെന്നും മുൻനിർത്തിയാണ് ക്വീർ കമ്മ്യൂണിറ്റിയുടെ ജനിറ്റിക്സ് പഠനത്തിലേക്ക് ഞാൻ എത്തുന്നത്. അസെക്ഷ്വല്‍ ആയിട്ടായിരുന്നു ഞാന്‍ എന്നെ തിരിച്ചറിഞ്ഞത്. അന്ന് ആൺകൂട്ടങ്ങളിൽ നിന്ന് അവരുടെ ചർച്ചകളിൽ നിന്നൊക്കെ ഞാൻ ഓടിമാറി. പിന്നീട് കോളെജിൽ ജെന്‍ഡര്‍ റിലേറ്റഡ് ക്ലബ്ബുകള്‍ ഉണ്ടായിരുന്നു. അവിടെ നിന്നാണ് കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നത്.

അസെക്ഷ്വല്‍ ആണെങ്കിൽ പിന്നീട് സെക്ഷ്വല്‍ അട്രാക്ഷന് ഉണ്ടാകില്ല എന്നല്ല, നമ്മള് ഒരാളുമായി ഇമോഷണലി അറ്റാച്ച്ഡ് ആവുക ആണെങ്കില്‍ നമ്മള്‍ക്ക് സെക്ഷ്വല്‍ അട്രാക്ഷന് ഉണ്ടാകും എന്ന് ഞാൻ പിന്നീട് തിരിച്ചറിയുന്നു. എന്റെ പാട്ണറെ കണ്ടെത്തിയ സമയത്ത്, ഒരാളെ കംഫർട്ടായി കിട്ടുന്നേരമാണ് ഇത് വ്യക്തമായി തിരിച്ചറിഞ്ഞത്. അങ്ങനെയാണ് എന്റേത് ഡെമി സെക്ഷ്വാലിറ്റിയാണെന്ന് വ്യക്തമാകുന്നത്. അസെക്ഷ്വലും ഡെമി സെക്ഷ്വലും എല്ലാം ഓരോ തിരിച്ചറിയലുകൾ പോലെയാണ്.
ക്വീർ കമ്മ്യുണിറ്റിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള് എപ്പോഴും കുറെ നിര്‍ദേശങ്ങള്‍, മുന്നറിയിപ്പുകള്‍ എന്നിവ ആളുകൾക്ക് നല്‍കാറുണ്ട്. എനിക്ക് എക്സ്പീരിയന്‍സ് ചെയ്യുന്ന കാര്യമായിരിക്കില്ല മറ്റൊരാള്‍ക്ക് എക്സ്പീരിയന്‍സ് ചെയ്യുക. ഓരോ വ്യക്തികളിലും ഇത് തികച്ചും വ്യത്യാസപ്പെട്ടിരിക്കും. എന്റെ ഡെമി സെക്ഷ്വാലിറ്റി ഞാനാണ് തീരുമാനിക്കുക. മറ്റൊരാളുടേത് അവരായിരിക്കും തീരുമാനിക്കുക, അല്ലാതെ നമ്മുടെ നിർവചനങ്ങളിൽ മാത്രം നിൽക്കുന്നതല്ല അത്. സ്വയം ഡെമി സെക്ഷ്വല്‍ ആണ് എന്നൊരാള്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍, അയാള്‍ക്ക് ഇന്നര്‍ എലമെന്റ്സ് ആഡ് ചെയ്യണമെന്ന് പറയുന്നുണ്ടെങ്കില്‍ നമുക്ക് അത് അംഗീകരിച്ച് കൊടുത്തേ പറ്റുകയുളളൂ. നമ്മുടെ സ്വയം തിരിച്ചറിയലാണത് എന്ന പോയിന്റാണ് ഇതില്‍ പരിഗണിക്കേണ്ടതും ശരിയാകുന്നതും. ഡെമി സെക്ഷ്വാലിറ്റി എന്നത് കറുപ്പും വെളുപ്പും പോലെ തരം തിരിക്കാവുന്നതല്ല, അതൊരു ഗ്രേ ഏരിയ കൂടിയാണ്.
അസെക്ഷ്വാലിറ്റി എന്ന് പറയുമ്പോള്‍, അതില്‍ തന്നെ വെവ്വേറെ കാറ്റഗറികളുണ്ട്. ചില ആളുകള്‍ റൊമാന്റിക് ആയിരിക്കില്ല, പക്ഷേ അവര്‍ സെക്ഷ്വലി ആക്റ്റീവാകും. അങ്ങനെ പല തരത്തിലുണ്ട്. ഡെമി സെക്ഷ്വല്‍ എന്ന് പറയുമ്പോള്‍, അസെക്ഷ്വലിന്റെയും സെക്ഷ്വലി ആക്റ്റീവിന്റെയും ഒരു മിഡിലാണ്. പല വ്യക്തികള്‍ക്കും അത് വ്യത്യാസമായിട്ട് ഉണ്ടാകും. ഞാന്‍ എന്നെ റഫര്‍ ചെയ്യുന്നത്, എനിക്ക് വ്യക്തിപരമായി ഒരു ലൈംഗിക താത്പര്യം ഉണ്ടാകുന്നത്, ഒരു ഇമോഷണല്‍ അട്രാക്ഷന് ഉണ്ടാകുമ്പോഴാണ്. അതാണ് ഡെമി സെക്ഷ്വാലിറ്റി എന്ന ടേം വരുന്നത്. 2006ലാണ് ഡെമി സെക്ഷ്വല്‍ എന്ന വാക്ക് പൊതുവേ ഉയർന്ന് വരുന്നത്. ഒരു സെക്ഷ്വല്‍ അവെയര്‍നെസ് ഫോറം ഉണ്ടായിരുന്നു, അവരായിരുന്നു ഈ ടേം ഉപയോഗിച്ച് തുടങ്ങിയത്. ചരിത്രം പരിശോധിക്കുമ്പോൾ ആ വാക്കിന് മുന്നെയും ഇത്തരം സ്വഭാവ സവിശേഷതയുളള നിരവധി മനുഷ്യര്‍ ഉണ്ടായിട്ടുണ്ട്.

ഹെട്രൊ സെക്ഷ്വല്‍ ആയിട്ടുളള ആളുകളും ഡെമി സെക്ഷ്വല്‍ ആണ്, അതാണ് വസ്തുത. നമ്മള് സെക്ഷ്വല്‍ ഓറിയന്റേഷന്‍ എന്നതിന്റെ കൂടെ തന്നെ ഓള്‍ട്ടര്‍നേറ്റ് സെക്ഷ്വാലിറ്റിയെയും പറയാറുണ്ട്. സ്ട്രെയിറ്റും ഗേയും രണ്ട് എന്‍ഡില്‍ കിടക്കുന്ന ടേംസാണ്. ആ രണ്ടിന്റെയും ഇടയിലുളള സ്പെക്ട്രം ഫുളളും ഈ ഓള്‍ട്ടര്‍നേറ്റ് സെക്ഷ്വാലിറ്റിയില്‍ തന്നെ വരുന്നതാണ്. പല കോംപിനേഷന്‍സ് ഇതില്‍ ഉണ്ടാകും. ഇപ്പോൾ എനിക്ക് വ്യക്തിപരമായി സന്തോഷമുളള കാര്യം ഒരുപാട് ആളുകള്‍ക്ക് ഇത്തരം ഒരു ടേം കേരളത്തിൽ തന്നെ മനസിലാകുന്നുണ്ട് എന്നതാണ്. എന്റെ വ്യക്തിപരമായ അനുഭവം പറയാം, നമ്മള് വര്‍ത്തമാനം പറയുന്ന സമയത്തോ, ഒരു മീറ്റിംഗിലോ, ഡെമി സെക്ഷ്വല്‍ എന്ന് പറയുന്നേരം അവര്‍ ചോദിക്കുന്നത് ബൈ സെക്ഷ്വല്‍ ആണോ എന്നാണ്. അസെക്ഷ്വാലിറ്റിയ്ക്ക് ഒക്കെ ചെറുതെങ്കിലും ഇപ്പോൾ ഒരു സ്വീകാര്യത ലഭിക്കുന്നുണ്ട്.
ഡെമി സെക്ഷ്വാലിറ്റിയും സോഷ്യല്‍ കണ്ടീഷനിംഗും
നമ്മുടെ സെക്ഷ്വാലിറ്റി എന്നത് സോഷ്യല്‍ കണ്ടീഷനിംഗിന്റെ ഭാഗമല്ല. കാരണം അത് പ്രകടിപ്പിച്ചില്ലേൽ പോലും ഉളളിലുളളതാണ്. സൗദി അറേബ്യ പോലുളള ഒരു രാജ്യത്ത് ഗേ ആണെന്ന് പറഞ്ഞ് വരാനും പുറത്തറിയിച്ച് കൊണ്ടുപോകാനും ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ആ വ്യക്തി ആത്യന്തികമായി മാറുന്നില്ല. അത് പുറത്ത് അറിയിക്കുന്നില്ലെന്നേ ഉളളൂ, ആ വ്യക്തി ഗേ ആയി തന്നെ തുടരും. നമ്മള് ബ്ലഡ് ടെസ്റ്റ് ചെയ്താലും ഇല്ലെങ്കിലും നമ്മള്‍ക്ക് നമ്മളുടെ ബ്ലഡ് ഗ്രൂപ്പ് അറിയാം എന്ന് പറയുന്ന മാതിരിയാണ്. ഇവിടെ ആളുകൾ കമ്മിംഗ് ഔട്ട് നടത്തി പുറത്ത് വരുന്നതും അതുകൊണ്ടാണ്. സയന്റിഫിക്കായും സോഷ്യല്‍ സൈക്കോളജി ബേസ് ചെയ്തുമാണ് ഇതിനെ കാണേണ്ടത്.
എല്‍ജിബിടി ഫ്രണ്ട്ലി ആയിട്ടുളള എന്‍വയോണ്‍മെന്റില്‍ വളരുന്നൊരു കുട്ടിക്ക്, അത് തിരിച്ചറിയാൻ അധികം സമയം വേണമെന്നില്ല. അതേസമയം ഹോമോഫോബിക് ആയിട്ടുളള ക്യുര്‍ ഫോബിക് ആയിട്ടുളള ഒരു സൊസൈറ്റിയില്‍ വളരുന്ന ഒരാള്‍ക്ക് അത് മനസിലാകാനുളള ബുദ്ധിമുട്ട് വളരെ കൂടുതലായിരിക്കും. എന്നാൽ തന്നെയും അവർക്ക് അവരുടെ എക്സ്പ്രഷന്‍സ് മൂടിവെക്കാൻ കഴിയില്ല. സെക്ഷ്വാലിറ്റി ഒരിക്കലും നമ്മുടെ എന്‍വയോണ്‍മെന്റല്‍ ഫാക്റ്റേഴ്സുമായി ബന്ധപ്പെട്ടല്ല. സെക്സും ജെന്‍ഡറും സെക്ഷ്വല്‍ ഓറിയന്റേഷനും മൂന്നും മൂന്ന് കാര്യങ്ങളാണ്. മൂന്നും പല കാര്യങ്ങളിലാണ് സെല്‍ഫ് റിയലൈസ് ചെയ്യുക. സ്ട്രെയിറ്റ്, ഡെമി സെക്ഷ്വല്‍ ഉളള ആള്‍ക്കാരുണ്ടെന്ന് പറയുന്നത് പോലെ തന്നെ, മെയില്‍, ഫീ മെയില്‍ ഹോമോ സെക്ഷ്വാലിറ്റി ആള്‍ക്കാരുണ്ട്.

ജീനുകളെക്കുറിച്ചുളള പഠനം
ഐസിഎംആറിന്റെ കീഴിൽ വരുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇന്‍ റീപ്രൊഡക്റ്റീവ് ഹെല്‍ത്ത് (ആര്‍ആര്‍എച്ച്) എന്ന ലാബാണ് ഗവേഷണ കേന്ദ്രം. അവിടെ ഒരു പേഴ്സണല്‍ റിസച്ച് വിംഗ് ഉണ്ട്. ഡോ. ദീപക് മോദി എന്നാണ് എന്റെ സാറിന്റെ പേര്. എന്റെ ഒരു ക്ലോസ് ഫ്രണ്ട് കൂടിയാണ് സാർ. റീ പ്രൊഡക്റ്റീവ് ബയോളജിയുടെ ലാബ് ആയതുകൊണ്ടും സെക്ഷ്വാലിറ്റിയെ ബേസ് ചെയ്തുളള റിസര്‍ച്ചും കാര്യങ്ങളുമാണ് അവിടെ നടക്കുന്നത്. സെക്ഷ്വാലിറ്റി കമ്മ്യൂണിറ്റിയില്‍ ജീനുകളെ കണ്ടുപിടിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. നമുക്ക് അത്, ബേസിക് സയന്റിഫിക് പെര്‍സ്പെക്റ്റീവില്‍ നിന്ന് ആലോചിച്ചാല്‍ നമുക്കത് മനസിലാകും.
മുടി എന്നൊരു ഫീച്ചര്‍ എടുക്കുന്ന സമയത്ത്, എന്റെ മുടിയുടെ കളര്‍, തിക്നെസ്, വേവ്നെസ് ഇതെല്ലാം ഓരോ ഫാക്റ്ററുകളാണ്. ആഴത്തിൽ പഠിക്കുകയാണേല് ഇതിലധികം ഫാക്ചേഴ്സ് കൊണ്ടുവരാന്‍ കഴിയും. ഇതെല്ലാം ഓരോ തരം ജീനുകളാണ്. എനിക്ക് ബ്ലാക്ക് ഹെയറുണ്ട്, നിങ്ങൾക്ക് ബ്ലാക്ക് ഹെയറുണ്ട്. ഇത് തമ്മില്‍ മാച്ചാകും. എന്നാല്‍ നമ്മുടെ മുടിയുടെ തിക്ക്നെസ് വെച്ചുളള ജീനുകള്‍ മാച്ച് ചെയ്യില്ല. അത് വ്യത്യാസപ്പെട്ടിരിക്കും, ചെറിയ ചെറിയ വേരിയേഷന്സാകും ഉണ്ടാകുക. അതുകൊണ്ട് തന്നെ, ഒരാളുടെ സെക്ഷ്വാലിറ്റി തീരുമാനിക്കുന്നത് ഒരു ജീനല്ല, അനവധി ജീനുകളാണ്.
പല ആളുകള്‍ക്കും നിരവധി കാര്യങ്ങളെ അംഗീകരിക്കുന്നതിന് മതം ഒരു തടസമാണെന്നാണ് എന്റെ മനസിലാക്കൽ. മതങ്ങളുടെ ചിട്ടയോട് കൂടിയുളള മതത്തിന്റെ പുസ്തകം ഉണ്ട്, അതിന് പുറത്തുളളതൊന്നും അവര്‍ അംഗീകരിക്കില്ല. ഹോമോ സെക്ഷ്വാലിറ്റിയെ അടക്കം എതിർക്കുന്നതിന് കാരണവും ഇതാണ്. ഒരു സ്ത്രീക്ക് പ്രസവിക്കുക എന്നത് അവരുടെ തീരുമാനം ആയിരിക്കണം. അത് നീ പ്രസവിച്ചേ തീരു എന്ന് നമ്മൾ അടിച്ചേൽപ്പിക്കുകയാണെങ്കിൽ പ്രശ്നമാണ്. ഹോമോ സെക്ഷ്വാലിറ്റി വരുമ്പോൾ കുട്ടികളുടെ കാര്യമാവും ഇവർ ആശങ്കപ്പെടുക. ഹോമോ സെക്ഷ്വലായിട്ടുളള ആളുകള്‍ക്ക് ഹെട്രൊ സെക്ഷ്വല്‍ കുട്ടികള്‍ ഉണ്ടാകും.

ഐസിഎംആറിന്റെ ലാബിലും ആര്ആര്എച്ചിന്റെ ലാബിലും ജെൻഡറും ബ്രെയിനും എന്നതിനെക്കുറിച്ച് ഒരു പഠനം നടന്നിരുന്നു. നമ്മുടെ ബ്രെയിനിന് ഒരു ജെന്‍ഡര്‍ റിയലൈസേഷന് ഉണ്ട്. സാധാരണ ലൈംഗിക താത്പര്യങ്ങളുളള ഒരു പുരുഷന്റെ തലച്ചോറിലെയും ഹോമോ സെക്ഷ്വലായിട്ടുളള സ്ത്രീയുടെ തലച്ചോറിലെയും അമിഗ്ഡാള എന്ന ഭാഗത്തേക്കുളള ബ്ലഡ് ഫ്ളോ ഒരുപോലെ ആയിരിക്കും. അതായത് ഗേ മെന്നിന്റെയും സ്ട്രെയിറ്റ് വുമണിന്റെയും ഇതുപോലെ ആണ്. പലപ്പോഴും നമ്മള് ഇത് തിരിച്ചറിയുന്നത്, നമ്മളത് എക്സ്പ്രസ് ചെയ്യുന്ന അല്ലേൽ ബിഹേവ് ചെയ്യുന്ന സമയത്താണ്. നമ്മുടെ ബ്രെയിനിൽ ഇതെല്ലാം കോഡഡാണ്. അതൊരിക്കലും മാറില്ല.
പുരുഷൻെ ശരീരവും സ്ത്രീയുടെ മനസുമുളള ട്രാൻസ് സമൂഹത്തിലെ മനുഷ്യരുടെ തലച്ചോറ് പരിഗണിച്ചാൽ അവരുടെ തോട്ട് പ്രോസസ് എന്നത് ഫീ മെയിലിന്റേതാകും. ഫിസിക്കൽ ബോഡിയും ജെൻഡറും തമ്മിൽ ഒരു ചേർച്ച ഉണ്ടാകില്ല. ഇത്തരം തിരിച്ചറിവിൽ നിന്നാണ് ശരീരവും മനസും ഒരേ രീതിയിലാകാനായി അവർ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. അതായത് ബ്രെയിനിന്റെ സൈക്കോളജിക്കലും സയന്റിഫിക്കുമായ കോംപിനേഷനാണ് നടക്കുന്നത്. എന്നെ ആണായി ഞാന്‍ തിരിച്ചറിയുന്നുണ്ട്. ഫിസിക്കലി എന്റേത് മെയില്‍ ബോഡി ആയതുകൊണ്ടും മെയില്‍ ഫീച്ചേഴ്സ് ആയതുകൊണ്ടും എന്റെ തോട്ട് പ്രോസസ് മെയിലിന്റേതാണ്, അങ്ങനെ വരാനുളള കാരണം ജനിച്ചപ്പോഴുളള കോഡഡ് ജീനുകളാണ്. രണ്ടും അലൈന്‍ ചെയ്തുളള കോംപിനേഷനാണ് എനിക്കുളളത്. ഇത്തരത്തിൽ ചേരുന്നതും ചേരാത്തതുമായ നിരവധി കോംപിനേഷനുകളുണ്ട് മനുഷ്യർക്കിടയിൽ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!