ജാതി വിവേചനത്തിന്റെ കുലദൈവം: എന്മകജെ പഞ്ചായത്തിലെ ജഡാധരീ ദേവസ്ഥാനത്തെ ദളിത് വിവേചനം
നമ്പര്‍ വണിന്റെയും ജാതിയില്ലാ കേരളത്തെയും കുറിച്ചുള്ള അവകാശവാദങ്ങള്‍ക്ക് മുമ്പിലാണ് ഈ അമ്പലവും അവിടുത്ത ജാതിയമായ വിവേചനവും ചോദ്യ ചിഹ്നമായി അവശേഷിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ എന്മകജെ പഞ്ചായത്ത് നേരത്തെ തന്നെ സംസ്ഥാനത്തും രാജ്യത്തും പല രീതിയില്‍ അറിയപ്പെടുന്ന ഒരു പ്രദേശമാണ്. എന്റോസള്ഫാന് ദുരിതം വിതച്ച പഞ്ചായത്തുകളിലൊന്ന്. നൂറുകണക്കിന് ആളുകള്‍ രാസമാലിന്യത്തിന്റെ കെടുതിയില്‍പ്പെട്ട് ദുരിത ജീവിതം നയിക്കേണ്ടി വന്ന പ്രദേശം. എന്മകജെ എന്നാല്‍ എന്റോസള്ഫാന് ദുരിതം അനുഭവിക്കുന്ന 11 പഞ്ചായത്തുകളില്‍ ഒന്ന് മാത്രമല്ല, അധികം ലോകം അറിയാത്ത ജാതി വിവേചനത്തിന്റെ കഥകൂടി പറയാനുണ്ട് എന്മകജേ പഞ്ചായത്തിന്.
കേരളത്തില്‍ ക്ഷേത്ര പ്രവേശന വിളംമ്പരത്തിന്റെ 90-ാം വര്‍ഷം കഴിഞ്ഞിട്ടും ആ വിപ്ലവകരമായ സാമൂഹ്യ പരിവര്‍ത്തനത്തെ ചെറുത്തുനില്ക്കുന്ന സവര്‍ണ ജാതിവിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണ് ജാതിയ വിവേചനത്തിന്റെ കേന്ദ്രമായി ഇവിടെയുള്ളത്. ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി അടഞ്ഞുകിടക്കുകയാണ് ബദിയാറു ജഡാധാരി ക്ഷേത്രം. കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന ഈ മേഖലയിലെ ജാതി വിവേചനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടപടിക്കൊരുങ്ങുകയാണ് അധികൃതര്‍.
മഞ്ചേശ്വരം താലൂക്കിലാണ് ഈ പ്രദേശം. എന്മകജെ പഞ്ചായത്തിലെ പഡ്രെ ഗ്രാമത്തിലെ പ്രധാന ആരാധനലായമായിരുന്നു ബദിയാറു ജാഡാധാരി ക്ഷേത്രം. പലതരത്തിലുള്ള വിവേചനങ്ങളാണ് ഇവിടെ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ അനുഭവിക്കുന്നത്. ക്ഷേത്രത്തിന്റെ അകത്ത് ഈ വിഭാഗത്തിലുള്ളവര്‍ക്ക് പ്രവേശനം ഇല്ല. ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിന് സവര്‍ണ ജാതി വിഭാഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പ്രത്യേക വഴികളുമാണ്. ദളിത് വിഭാഗത്തില്‍ പെട്ടവര്‍ ക്ഷേത്ര മുറ്റത്ത് നിന്ന് വേണം പ്രാര്‍ത്ഥന നടത്താന്‍.
ശ്രീ ജഡാധാരി ദേവസ്ഥാനത്തേക്കുള്ള പ്രവേശനം ഏതാനും സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ' നേരത്തെ ഒരു കാവായിരുന്നു ഇത്. പിന്നീടാണ് ഇത് ക്ഷേത്രമാക്കി മാറ്റിയത്. അന്നും പക്ഷെ ദളിതര്‍ക്കെതിരായ വിവേചനങ്ങള്‍ നിലനിന്നിരുന്നു. സ്ഥലത്തെ ബ്രാഹ്മണര്‍ക്കായിരുന്നു ഇതിന്റെ നിയന്ത്രണം. അതേ സമയം ഇതിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും മറ്റും നാട്ടുകാരില്‍നിന്ന് പണം പിരിച്ചാണ്. നേരത്തെ തന്നെ സവര്‍ണ വിഭാഗങ്ങള്‍ക്ക് പ്രാമുഖ്യം ഉള്ള പ്രദേശമായിരുന്നു ഇത്. ജാതിയ വിവേചനം മൂലം പല ദളിതരും ഇവിടെനിന്ന് വിട്ടുപോകുകയായിരുന്നു'സാംസ്ക്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സുധീഷ് ചട്ടഞ്ചാല്‍ പറയുന്നു. വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യമാണ് ഇവിടെ ഉല്‍സവവും അന്നദാനവും നടക്കുന്നത്.
ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിന് ബ്രാഹ്മണര്‍ക്കും മറ്റ് സവര്‍ണ വിഭാഗത്തില്‍പ്പെടുന്നവരും പ്രത്യേക പടവുകളിലൂടെയാണ് കയറേണ്ടത്. 15 പടികളുണ്ട്. ഇതിലൂടെ മറ്റ് സമുദായത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനമില്ല. വിവിധ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രത്തിന്റെ മുറ്റത്തേക്കുള്ള വഴി പിന്‍ഭാഗത്തുകൂടെയാണ്. അവര്‍ ആ വഴികയറിവേണം ക്ഷേത്രത്തിന്റെ മുറ്റത്ത് എത്തേണ്ടത്. ക്ഷേത്രത്തിന് വളരെ അകലെ നിന്നുപ്രാര്ത്ഥിക്കാന്.
ജഡാധരി തെയ്യം കെട്ടുന്ന നല്കഡായ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇതുവഴി മാ്ത്രമാണ് പ്രവേശനം ഉള്ളതെന്നതാണ് വൈരുദ്ധ്യം.
മൂന്ന് വര്‍ഷം മുമ്പാണ് ദളിതരുടെ പ്രതിഷേധം ഇവിടെ ഉണ്ടായത്. അതിന് ശേഷം ക്ഷേത്രം എല്ലാ ഭക്തര്‍ക്കുമായി തുറന്നുകൊടുക്കുന്നതിന് പകരം അടച്ചിടുകയായിരുന്നു. അതിന് കാരണമായത് രണ്ട് കാരണങ്ങളാണ്. ആദ്യം ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ സവര്‍ണര്‍ക്ക് സംവരണം ചെയ്ത പടവുകള്‍ കയറി ക്ഷേത്രത്തിലെത്തി. രണ്ട് അവര്‍ അധികൃര്‍ക്ക് പരാതി നല്കി. ഇതാണ് ക്ഷേത്രം നിയന്ത്രിക്കുന്ന ബ്രാഹ്മണ വിഭാഗത്തെ ചൊടിപ്പിച്ചത്. ഇതോടെ എല്ലാവര്ക്കും ക്ഷേത്രം തുറന്നുകൊടുക്കുന്നതിന് പകരം അവര്‍ അത് അടച്ചിടുകയായിരുന്നു.
വിവേചനത്തിനെതിരെ മൂന്ന് വര്‍ഷം മുമ്പ് പ്രദേശത്തെ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ നല്കിയ പരാതിയില്‍ നേരത്തെ പോലീസ് ക്ഷേത്രത്തിന്റെ ഭാരവാഹികളെയും ദളിത് വിഭാഗത്തില്‍പെട്ടവരെയും ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തിരുന്നു. അന്ന് ദളിത് വിഭാഗത്തില്‍പ്പെട്ടവരോട് വിവേചനം കാണിക്കുന്നില്ലെന്ന നിലപാടാണ് സവര്‍ണവിഭാഗത്തില്‍പ്പെട്ടവര്‍ സ്വീകരിച്ചത്. അവര്‍ അതിന് വേണ്ടി ഉന്നയിച്ച വാദം മറാത്തി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനം ഉണ്ടെന്നായിരുന്നു. എന്നാല്‍ ഈ വാദം അംഗീകരിക്കപ്പെട്ടില്ല. അധികൃതര്‍ക്ക് മുന്നില്‍ എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തവര്‍ പക്ഷെ വീണ്ടും വിവേചനപരമായ ആചാരങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു. അതിന് മുമ്പാണ് ദളിത് വിഭാഗത്തില്‍പ്പെട്ട 45 വയസ്സുകാരനായ കൃ്ഷ്ണ മോഹന പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
'2017 ലാണ് ഈ വിവേചനത്തിനെതിരെ നീങ്ങണമെന്ന് തോന്നിയത്. ക്ഷേത്രത്തില്‍നിന്ന് അധികം അകലെയല്ലാതെയാണ് ഞാന്‍ താമസിക്കുന്നത്. വര്‍ഷത്തില്‍ നടക്കുന്ന പരിപാടികളില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരെ തീണ്ടാപാടകലെ നിര്‍ത്തുകയാണ് ചെയ്യുന്നത്. അത് കോലം കെട്ടുന്ന വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും. അവര്‍ക്കും ക്ഷേത്രത്തിന്റെ ഉളളിലേക്ക് പ്രവേശനമില്ല. അത് അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ സവര്ണര്ക്കായുള്ള പടവുകളിലൂടെ ക്ഷേത്രത്തിലേക്ക് കടന്നത്. എന്നാല്‍ അതിന് ശേഷം അവര്‍ ക്ഷേത്രം അടച്ചിടുകയായിരുന്നു. ഇപ്പോള്‍ മുന്ന് വര്‍ഷം കഴിഞ്ഞിട്ടും അത് തുറക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ വീണ്ടും പരാതികൊടുക്കും. ഇപ്പോള്‍ ഈ വിവേചനത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്'
വിലക്ക് ലംഘിച്ച് സവര്‍ണ പടികള്‍ കയറിയ കൃഷ്ണ മോഹന പറയുന്നു. ദളിത് വിഭാഗത്തില്‍പെട്ട മുഗേര സമുദായ അംഗമാണ് കൃഷ്ണമോഹന. ജഡാധരി തെയ്യം കെട്ടിയാടിയ ദിവസമാണ് കൃഷ്ണ മോഹന പ്രതിഷേധിച്ചത്. തെയ്യം തന്നെ ശപിച്ചെന്നും എന്നിട്ടും താന്‍ അവിടെ തന്നെ നിന്നെന്നും കൃഷ്ണ മോഹന പറഞ്ഞു.
തെയ്യം കെട്ടുന്നത് നല്‍ക്കദായ എന്ന വിഭാഗത്തിലെ ദളിതരാണ്. തെയ്യം ക്ഷേത്രത്തിന്റെ ആചാരങ്ങളുടെ ഭാഗമാണെങ്കിലും അത് മുറ്റത്തിന്റെ ഒരു വശത്ത് മാത്രം കെട്ടിയാടാനുള്ള അവകാശം മാത്രമാണ് ഈ വിഭാഗത്തില്പ്പെട്ടവര്ക്കുള്ളത്.
ദളിത് വിഭാഗത്തില്‍പ്പെട്ട നല്‍കദായ, ബൈറ, ആദിവാസി വിഭാഗത്തില്‍പ്പെട്ട കൊറഗ, മായില്ല, പിന്നാക്ക വിഭാഗങ്ങളായ ബില്ലാവ എന്നി വിഭാഗങ്ങള്‍ക്കാണ് ഈ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശനം ഇല്ലാത്തത്. ശ്രീ ജഡാധരി ദേവസ്ഥാനത്തേക്ക് നേരിട്ട് പ്രവേശിക്കുന്ന പടവുകളിലൂടെ കയറി ക്ഷേത്രത്തിന്റെ ഉള്ളില്‍ പ്രവേശിക്കുന്നതിനാണ് ഇവര്‍ക്ക് വിലക്ക്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പിന്നിലൂടെ ഒരു വഴിയാണ് ഒരുക്കിയിരിക്കുന്നത്. അതിലൂടെ കയറി അകലെനിന്ന് വേണം ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍. തെയ്യം കെട്ടിയാടുന്നവര്ക്കുള്ള ആഭരണങ്ങളുമെല്ലാം ഈ ഭാഗത്താണ് സൂക്ഷിച്ചിട്ടുള്ളത്.
ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ നടക്കുന്ന അന്ന ദാനത്തിലാണ് ജാതി വിവേചനം അതിന്റെ എല്ലാ മനുഷ്യത്വമില്ലായ്മയോടും കൂടി നടക്കുന്നത്. ബ്രാഹ്മണ സവര്‍ണ വിഭാഗത്തില്പ്പെട്ടവരല്ലാം കഴിച്ചു കഴിഞ്ഞതിന് ശേഷം മാത്രമാണ് ഇവിടെ ദളിതര്‍ക്ക് ഭക്ഷണം വിളമ്പുക. ഒരോ ജാതിയില്‍പ്പെട്ടവരെയും പ്രത്യേകം വിളിക്കും അപ്പോഴാണ് അവര്‍ക്കുള്ള ഭക്ഷണം വിളമ്പുക. അതും സവര്‍ണരുടെ പന്തിയിലല്ല. കുറച്ച് അകലെയായി.
'സ്കുളുകള്‍ ഉച്ചയ്ക്ക് കഴിഞ്ഞാല്‍ സവര്‍ണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ നേരെ ക്ഷേത്രത്തില്‍ പോയി ഭക്ഷണം കഴിക്കും. എന്നാല്‍ അവരുടെ കൂടെ ക്ലാസില്‍ ഉള്ള ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ഇതിന്റെ അവകാശം ഇല്ല. കാരണം സവര്‍ണ ജാതി വിഭാഗങ്ങള്‍ കഴിച്ചു കഴിഞ്ഞതിന് ശേഷം മാത്രമെ അവര്‍ക്ക് വിളമ്പു. ചിലപ്പോള്‍ രാത്രി 10 മണി കഴിയും. മറ്റു ചിലപ്പോള്‍ പുലര്ച്ചെയുമാകും ഇവര്‍ക്ക് ഭക്ഷണം കിട്ടാന്‍. അപ്പോഴേക്കും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മോശമായിട്ടുണ്ടാകും ' സുധീഷ് ചട്ടഞ്ചാല്‍ പറയുന്നു. ക്ഷേത്രം അടച്ചിടുന്ന വരെ ഇതൊക്കെ നടന്നതാണ്.
ദളിത് വിഭാഗത്തെ ജാതീയമായി അപകീര്‍ത്തിപ്പെടുത്തുകയും വിവേചനത്തോടെ ഇടപഴകുകയും ചെയ്യുന്നുവെന്ന് മാത്രമല്ല, മറിച്ച് ദളിതന്റെ ദൈവത്തെയും ബ്രാഹ്മണര്‍ കൈയടക്കുകയായിരുന്നു എന്ന് കരുതുന്നവരുമുണ്ട്. ജഡാദാരിയെ ബ്രാഹ്മണ സമുദായത്തിന്റെ കുലദൈവം ആണെന്ന് കരുതാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു.
'കീഴാള സംസ്ക്കാരത്തിന്റെ ഭാഗമാണ് ഈ തെയ്യം. അത് പിന്നീട് ബ്രാഹ്മണ്യം കവര്ന്നതാകാനാണ് സാധ്യത' സുധീഷ് കൂട്ടിചേര്‍ക്കുന്നു. തെയ്യം അരങ്ങേറിയ കാലത്തും തെയ്യം കെട്ടിയാടുന്നവരില്നിന്ന് നേരിട്ട് പ്രസാദം വാങ്ങാന്‍ ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവര്‍ കൂട്ടാക്കാറില്ല. ഇത്രയും വിവേചനം നേരിടുമ്പോഴും തെയ്യം ശപിക്കുകയെന്നതിനെ നാട്ടുകാര്‍ ഭയക്കുന്നു. അത് ദുരിതം കൊണ്ടുവരുമെന്ന് ആശങ്കപ്പെടുന്നു. കൃഷ്ണ മോഹന വിലക്കുകള്‍ ലംഘിച്ച് പടികയറിയപ്പോള് അദ്ദേഹത്തെ ശപിച്ചതും ദളിത് വിഭാഗത്തില്‍പ്പെട്ട തെയ്യമായിരുന്നു.
'ഇപ്പോഴും എന്റെ വീട്ടില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതിന് കാരണം ഞാന്‍ പടി കയറി പോയതാണ് എന്ന് പറയുന്നവരുമുണ്ട്' നാട്ടുകാരുടെ വിധേയത്വത്തെ കുറിച്ച് കൃഷ്ണമോഹന വിശദീകരിക്കുന്നു. ക്ഷേത്രം അടച്ചിടാന്‍ കാരണക്കാരന്‍ എന്ന അധിക്ഷേപവും അദ്ദേഹത്തിന് നേരിടേണ്ടി വരുന്നുണ്ട് . അതുകൊണ്ടൊന്നും പക്ഷെ നിത്യ ജോലി ചെയ്ത് ജീവിക്കുന്ന മനുഷ്യന് പിന്മറാന് തയ്യാറല്ല.
സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയ ജാതീയ വിവേചനത്തിനെതിരെ ഉയര്‍ന്നുവരേണ്ട പ്രതിഷേധം ഇവിടെ ഉണ്ടായിട്ടില്ല. എന്മകജേ പഞ്ചായത്ത് യുഡിഎഫിന്റെതാണ്. പഞ്ചായത്തില്‍ ഇടതു പക്ഷത്തിനും ബിജെപിയ്ക്കും അംഗങ്ങളുണ്ട്. എന്നാല്‍ ഇതൊരു രാഷ്ട്രീയ വിഷയമായി ഇതുവരെ ഉയര്‍ന്നു വന്നിട്ടില്ലെന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. നമ്പര്‍ വണിന്റെയും ജാതിയില്ലാ കേരളത്തെയും കുറിച്ചുള്ള അവകാശവാദങ്ങള്‍ക്ക് മുമ്പിലാണ് ഈ അമ്പലവും അവിടുത്ത ജാതിയമായ വിവേചനവും ചോദ്യ ചിഹ്നമായി അവശേഷിക്കുന്നത്. സമീപകാലത്ത് വീണ്ടും ആരംഭിച്ച അന്വേഷണങ്ങള്‍ ഇവിടുത്തെ ജാതി വിവേചനം ഇല്ലാതാക്കുമെന്ന പ്രതീക്ഷിയിലാണ് കൃഷ്ണമോഹന് ഉളളത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ദളിതരുടെ മുടിവെട്ടുന്നതിലും അയിത്തം
ചരിത്രത്തിന്റെ ഏടുകളില്‍ ഈ പ്രമേയം സ്ഥാനം നേടും, മുഖ്യമന്ത്രിയുടെ പ്രസംഗം പൂര്‍ണരൂപം
നൃത്തത്തിന് ജീവിതം സമർപ്പിച്ച ചെറുപ്പക്കാരനെ ഇത്രമേൽ വേദനിപ്പിക്കണോ? സംഗീത നാടക അക്കാദമിക്കെതിരെ സംവിധായകൻ വിനയൻ
ദലിതര്‍ വീട് നിര്‍മ്മിക്കാതിരിക്കാന്‍ പൊതുവഴി അടച്ചെന്ന് പരാതി; മൂന്ന് ആഴ്ചയ്ക്കകം ഭൂമി അളക്കണമെന്ന് പട്ടികജാതി, വര്‍ഗ്ഗ കമ്മിഷന്