ലോക്ഡൗൺ കാലത്ത് മലിനീകരണത്തിന്റെ തോത് വളരെ കുറവായിരുന്നുവെങ്കിലും ഡിസംബർ അടങ്ങിയ ശൈത്യ മാസങ്ങളിൽ മലിനീകരണം കൂടിയതായിട്ടാണ് കണ്ടെത്തിയത്.
ഡൽഹിയിലെ വായുമലിനീകരണവും അവിടെ വാഹനങ്ങൾക്ക് ഒറ്റയക്ക, ഇരട്ടയക്ക നമ്പർ നിയന്ത്രണവും ഏർപ്പെടുത്തിയത് നമുക്ക് ഓർമ്മയുളളതാണ്. രാജ്യത്ത് തന്നെ വായുമലിനീകരണം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന ഒരിടം കൂടിയാണ് തലസ്ഥാനം. ഇപ്പോൾ ഇതാ കേരളം അടക്കമുളള തെക്കൻ സംസ്ഥാനങ്ങളും വായുമലിനീകരണത്തിലേക്ക് നീങ്ങുന്നതായിട്ടാണ് റിപ്പോർട്ട്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ) മലിനീകരണ നിയന്ത്രണ വിഭാഗത്തിന്റെയും കാലാവസ്ഥ വകുപ്പിന്റെയും സഹകരണത്തോടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിൽ കൊല്ലവും കണ്ണൂരുമാണ് വായുമലിനീകരണത്തിലേക്ക് നീങ്ങുന്ന ജില്ലകൾ.
ലോക്ഡൗൺ കാലത്ത് മലിനീകരണത്തിന്റെ തോത് വളരെ കുറവായിരുന്നുവെങ്കിലും ഡിസംബർ അടങ്ങിയ ശൈത്യ മാസങ്ങളിൽ മലിനീകരണം കൂടിയതായിട്ടാണ് കണ്ടെത്തിയത്. കോഴിക്കോട്, കൊച്ചി, തൃശൂർ, തിരുവനന്തപുരം എന്നിങ്ങനെ ആറ് നഗരങ്ങളിലാണ് പഠനം നടത്തിയത്. ശൈത്യകാലത്ത് തിരുവനന്തപുരത്തെ സ്ഥിതി മോശമായി. നവംബറിൽ പടക്കം പൊട്ടിക്കലിന്റെ ഫലമായി കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഒരു ഘനയടി വായുവിലെ 2.5 മൈക്രോൺ പൊടിയുടെ അളവ് ചില മണിക്കൂറുകളിൽ ദേശീയ ശരാശരിയുടെ 114 മടങ്ങ് അധികമായി. 2020 ഡിസംബർ 27ന് അവസാനിച്ച ആഴ്ചയിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വായുഗുണനിലവാരം ഏറ്റവും കുറഞ്ഞ നിലയിൽ എത്തി.
തെക്കൻ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവയും ശുദ്ധവായുവിനായി കർമ പദ്ധതികൾ ആവിഷ്കരിക്കണമെന്നും സിഎസ്ഇ റിപ്പോർട്ടിൽ പറയുന്നു. രണ്ടര മൈക്രോൺ മാത്രമുള്ള കണങ്ങളുടെ സാന്നിധ്യം വായുവിൽ വർധിക്കുന്നത് ഹൃദയാരോഗ്യത്തെയും ശ്വാസകോശ ആരോഗ്യത്തെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും ആസ്മയ്ക്കുളള സാധ്യത വർധിപ്പിക്കുമെന്നുമാണ് മുന്നറിയിപ്പ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!