ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി: ക്രിപ്റ്റോ കറന്‍സിയെ നേരിടാനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങള്‍
ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്റ്റോ കറന്‍സികളെയും നിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരിക്കും നിയമം.
ക്രിപ്റ്റോ കറന്‍സികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും സമ്പദ് വ്യവസ്ഥയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതവും പ്രവചനാതീതമാണ്. അത് നേരിടുകയെന്നത് ഓരോ രാജ്യങ്ങളുടെയും വെല്ലുവിളിയും. ആ വഴിയിലുള്ള ഇന്ത്യയുടെ ചിന്തകള്‍ അന്തിമ ഘട്ടത്തിലാണ്.
ബിറ്റ്കോയിന് പോലുള്ള ക്രിപ്റ്റോ കറന്‍സികളെ നിരോധിക്കാനും ഇതിന് പകരം റിസര്‍വ് ബാങ്ക് ഔദ്യോഗികമായി പുതിയ ഡിജിറ്റല്‍ കറന്‍സി തുടങ്ങുന്നതുമാണ് പരിഗണനയില്‍. പ്രത്യേക നിയമനിര്‍മാണം പാര്‍ലമെന്റില്‍ ഇതിനായി നടത്തും. ഈ ആഴ്ച തന്നെ ഇതിന്റെ ചട്ടക്കൂട് പുറത്തിറക്കും എന്നാണ് കരുതുന്നത്. രാജ്യസഭയുടെ വെബ്സൈറ്റില്‍ ഇത് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്റ്റോ കറന്‍സികളെയും നിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരിക്കും നിയമം. എങ്കിലും ക്രിപ്റ്റോകറന്‍സിയുടെ അടിസ്ഥാന സാങ്കേതിക വിദ്യയെയും അതിന്റെ ഉപയോഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഇതില്‍ ഉണ്ടായിരിക്കും.
2019ല്‍ തന്നെ എല്ലാ സ്വകാര്യ ക്രിപ്റ്റോ കറന്‍സികളെയും നിരോധിക്കാന്‍ ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. ഡിജിറ്റല്‍ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും കനത്ത പിഴയും ചുമത്താനും നിര്‍ദേശിക്കുകയുണ്ടായി. ആ സമിതി തന്നെയാണ് രാജ്യത്തെ ഔദ്യോഗിക കറന്‍സിക്ക് സമാനമായി റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ ഡിജിറ്റല്‍ കറന്‍സി കൂടി ആരംഭിക്കുന്നതിന് ശുപാര്‍ശ ചെയ്തത്.
ബിറ്റ്കോയിനോ അല്ലെങ്കില്‍ സമാന ഡിജിറ്റല്‍ കറന്‍സികളിലോ നടത്തുന്ന എല്ലാ ഇടപാടുകളും മൂന്നുമാസത്തിനകം നിര്ത്തിക്കെവെക്കണമെന്ന് 2018 ഏപ്രിലില്‍ റിസര്‍വ് ബാങ്ക് ഉത്തരവിട്ടിരുന്നു. എന്നാല്‍ 2020ല്‍ സുപ്രീം കോടതി ഇത് റദ്ദാക്കി. ക്രിപ്റ്റോ കറന്‍സികള്‍ കൈകാര്യം ചെയ്യാന്‍ ബാങ്കുകളെ സുപ്രിംകോടതി അനുവദിക്കുകയും ചെയ്തു. റിസര്‍വ് ബാങ്കിന്റെ നയം സുപ്രീംകോടതി റദ്ദാക്കിയത് വലിയ തിരിച്ചടിയായിരുന്നു.
ലോകമെങ്ങും പുതിയ ഡിജിറ്റല്‍ കറന്‍സി സംവിധാനത്തെ നിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിന്റെ സാധ്യതയെും നിരോധനങ്ങള്‍ ഉണ്ടാക്കുന്ന മറ്റ് പ്രത്യാഘാതങ്ങളെയും ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിച്ച് ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സികള്‍ എന്ന ആശയത്തിലേക്ക് മാറി ചിന്തിക്കൂന്നത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!