വാക്സിൻ മാറി നൽകിയ അബദ്ധത്തിൽ നിന്ന് കണ്ടെത്തലിലേക്ക്, കൊവിഷീൽഡും കൊവാക്സിനും മിക്സ് ചെയ്യുമ്പോൾ
രണ്ട് വ്യത്യസ്ത വാക്സിനുകൾ നൽകുന്നതിൽ സർക്കാരിന്റെ ഔദ്യോഗിക നിർദേശം വരുന്നത് വരെ നിലവിലുളള രീതി തന്നെയാണ് എല്ലാവരും പിന്തുടരേണ്ടത്. വാക്സിൻ മിക്സിങ്ങിനെക്കുറിച്ച് വിശദമായ പഠനങ്ങൾ ഇല്ലാത്തതിനാൽ ഇതിനെ അപകടകരമായ പ്രവണതയെന്നാണ് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥൻ ജൂലൈയിൽ വിശേഷിപ്പിച്ചത്.
ലോകത്ത് കൊവിഡിനെതിരെയുളള പുതിയ പുതിയ വാക്സിനുകളുടെ പരീക്ഷണങ്ങളിലാണ് ശാസ്ത്രലോകം. രണ്ട് വാക്സിനുകൾ മതിയോ?, ഇതിന് ശേഷം ബൂസ്റ്റർ ഡോസ് എടുക്കണോ, ഒറ്റഡോസുളള വാക്സിൻ എടുത്താൽ രോഗ പ്രതിരോധ ശേഷി ഉണ്ടാകുമോ? എന്നിങ്ങനെയുളള ചോദ്യങ്ങൾക്കൊപ്പം ഉയർന്നതാണ് വെവ്വേറെ വാക്സിനുകൾ ഒന്നും രണ്ടും ഡോസായി എടുക്കാൻ കഴിയുമോ എന്ന്. ഇത്തരം ചോദ്യത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനങ്ങൾ പറയുന്നത് കൊവിഷീൽഡും കൊവാക്സിനും ഇടകലർത്തി നൽകുന്നത് കൂടുതൽ ഫലപ്രദമാണെന്നാണ്. ഇത്തരം പഠനത്തിലേക്ക് നീങ്ങാനുളള സാഹചര്യമാകട്ടെ അബദ്ധത്തിൽ സംഭവിച്ചതും.
ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ 2021 മെയ് മാസത്തിൽ 18 ഗ്രാമീണർക്ക് വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെച്ചത് മാറിപ്പോയിരുന്നു. ആദ്യം കൊവിഷീൽഡ് വാക്സിൻ നൽകിയ ഇവർക്ക് പിന്നീട് കൊവാക്സിനാണ് കുത്തിവെച്ചത്. പിന്നീട് ഈ 18 പേരെ മുൻനിർത്തി ഇവരിലെ രോഗപ്രതിരോധ ശേഷിയെക്കുറിച്ച് പൂണെയിലെ നാഷണൽ വൈറോളജി ഇൻസിസ്റ്റ്യൂട്ടും ഐസിഎംആറും ചേർന്ന് പഠനം നടത്തുകയായിരുന്നു. കൊവിഷീല്‍ഡും കൊവാക്സീനും വ്യത്യസ്ത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതാണെങ്കിലും ഇവയുടെ സംയോജനം ഗുണകരമാണെന്നും ദോഷഫലങ്ങൾ ഉണ്ടാക്കുന്നതല്ലെന്നുമാണ് പഠനത്തിൽ കണ്ടെത്തിയത്.
അഡിനോവൈറസ് വെക്ടര്‍ പ്ലാറ്റ് ഫോമിനെ അടിസ്ഥാനമാക്കിയുളള വാക്സിന്റെയും ഹോള്‍ വിറിയണ്‍ ഇനാക്ടിവേറ്റഡ് കൊറോണ വൈറസ് വാക്സിന്റെയും സംയുക്തം നല്‍കുന്നത് സുരക്ഷിതരാക്കുക മാത്രമല്ല പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ രണ്ട് വ്യത്യസ്ത വാക്സിനുകളുടെ ഡോസുകള്‍ ലഭിച്ചവര്‍ക്ക് പ്രതിരോധ ശക്തി കൂടുതലാണ്. ഇത് കൊവിഡ് പ്രതിരോധം ശക്തമാക്കുവാൻ സഹായിക്കും. കൂടാതെ ചില വാക്സിനുകൾ നേരിടുന്ന ക്ഷാമം പരിഹരിക്കുവാനും ഇതുവഴി സാധിക്കുമെന്നുമാണ് പഠനത്തിന്റെ വിലയിരുത്തൽ. അതേസമയം പഠനറിപ്പോർട്ട് ഐസിഎംആർ ഇതുവരെ അവലോകനം ചെയ്തിട്ടില്ല.

2021 ജൂലൈ 30നാണ് വിദഗ്ധ സമിതിയും ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷനും വാക്സീൻ മിക്സ് ചെയ്ത് നല്‍കുന്നതിനെക്കുറിച്ച് പഠിക്കാൻ അനുവാദം നൽകിയത്. ഇത്തരം പരീക്ഷണം നടത്തുന്നതിനായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് അനുമതി തേടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ശുപാര്‍ശ. ഒരു വ്യക്തിക്ക് രണ്ടു വാക്സിനുകളുടെയും ഓരോ ഡോസ് വീതം നല്കാന് കഴിയുമോ എന്ന് തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് പഠനം നടത്തുന്നതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷനിലെ വിദഗ്ധസമിതി പറഞ്ഞിരുന്നു.
അതേസമയം രണ്ട് വ്യത്യസ്ത വാക്സിനുകൾ നൽകുന്നതിൽ സർക്കാരിന്റെ ഔദ്യോഗിക നിർദേശം വരുന്നത് വരെ നിലവിലുളള രീതി തന്നെയാണ് എല്ലാവരും പിന്തുടരേണ്ടത്. വാക്സിൻ മിക്സിങ്ങിനെക്കുറിച്ച് വിശദമായ പഠനങ്ങൾ ഇല്ലാത്തതിനാൽ ഇതിനെ അപകടകരമായ പ്രവണതയെന്നാണ് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥൻ ജൂലൈയിൽ വിശേഷിപ്പിച്ചത്.
ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് രാജ്യത്ത് നിർമ്മിച്ച കൊവാക്സിൻ ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആർ നേരത്തെ പഠനത്തിൽ കണ്ടെത്തിയിരുന്നു. നിലവിൽ രാജ്യത്ത് അഞ്ച് കമ്പനികളുടെ വാക്സിനുകൾക്കാണ് അനുമതി നൽകിയിട്ടുളളത്. അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ ‘ജാൻസെൻ’ എന്ന ഒറ്റ ഡോസ് വാക്സീന് അടിയന്തര ഉപയോഗത്തിനായി കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!