വാക്സിനേഷന് തോതില്‍ ഏതാണ് ഇന്ത്യയിലെ മികച്ച അഞ്ച് സംസ്ഥാനങ്ങള്‍, ഏതാണ് ഏറ്റവും മോശം സംസ്ഥാനങ്ങള്‍. കേരളത്തിന്റെ സ്ഥാനം എത്രാമത്?.
കോവിഡ് വാക്സിന് എടുത്തവരുടെ എണ്ണം നോക്കിയാല്‍ ഏതൊക്കെയാണ് ഇന്ത്യയില്‍ കിട്ടിയ വാക്സിന് കൃത്യമായി ഉപയോഗിച്ച സംസ്ഥാനങ്ങള്‍. കണക്കുകള്‍ പരിശോധിച്ചാല്‍ ലക്ഷ്യംവച്ച രീതിയില്‍ വാക്സിന് പൗരന്മാരിലേക്ക് എത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല, കാരണം വാക്സിന് ക്ഷാമം അത്രമേല്‍ പല സംസ്ഥാനങ്ങളേയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ വാക്സിന് നയവും വാക്സിന് കയറ്റുമതിയും വിദേശ വാക്സിന് ഇറക്കുമതിയും എല്ലാം ഇതിന് ആക്കം കൂട്ടി.
ഇനി ആരൊക്കെയാണ് ഒരു പരിധിവരെ ഇതെല്ലാം മറികടന്ന് കോവിഡ് വാക്സിനേഷന് നിരക്കില്‍ മുന്നിലുള്ളത്?. കേരളവും ഡല്‍ഹിയുമാണ് വാക്സിനേഷന്റെ കാര്യത്തില്‍ മുന്‍ പന്തിയിലുള്ളത്. ലക്ഷ്യംവെച്ച കുത്തിവെയ്പ്പില്‍ 22 ശതമാനം മാത്രം കുറവാണ് കേരളത്തിലും ഡല്‍ഹിയിലും രേഖപ്പെടുത്തിയിരിക്കുന്നത്.
പൊതുവില്‍ രാജ്യത്ത് ലഭ്യമായ കണക്കുകളില്‍ നിന്ന് ഇത് വ്യക്തമാണ്. ജനസംഖ്യാനുപാതികമായി നോക്കിയാണ് ഈ കണക്ക് കൂട്ടല്‍. ഇനി മികച്ച വാക്സിനേഷന് നിരക്കില്‍ മൂന്നാം സ്ഥാനത്തുള്ളത് പഞ്ചാബാണ്. 26 ശതമാനമാണ് പഞ്ചാബിലെ കുറഞ്ഞ വാക്സിനേഷന് നിരക്ക്.
നാലാം സ്ഥാനത്ത് കര്‍ണാടകയാണ്, അവിടെ 30 ശതമാനമാണ് വാക്സിനേഷന് നിരക്കില്‍ കുറവുള്ളത്. അഞ്ചാം സ്ഥാനത്ത് ഗുജറാത്താണ്. 37 ശതമാനമാണ് ഇവിടെ കുത്തിവെയ്പ്പ് നിരക്കില്‍ കുറവ്. അപ്പോള്‍ കേരളം, ഡല്‍ഹി, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് വാക്സിനേഷന്റെ കാര്യത്തില്‍ ഇന്ത്യയിലെ മികച്ച അഞ്ച് സംസ്ഥാനങ്ങള്‍.

ഇനി ഏതൊക്കെയാണ് കോവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന ആ അഞ്ച് സംസ്ഥാനങ്ങള്‍? ബിഹാര്‍ ആണ് വാക്സിനേഷന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. 71 ശതമാനം കുറവ് കുത്തിവെയ്പ്പാണ് ബീഹാറില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത്. ബിഹാറിന് തൊട്ട് പിന്നാലെ രാജസ്ഥാനും ബംഗാളുമുണ്ട്. 66 ശതമാനമാണ് ഇവിടെ വാക്സിനേഷന് ഷോര്‍ട്ട് ഫാള്‍. ഉത്തര്‍പ്രദേശില്‍ 64 ശതമാനമാണ് വാക്സിനേഷനില്‍ കുറവ് രേഖപ്പെടുത്തിയത്.
ഡല്‍ഹിക്കൊപ്പം തന്നെ ഓക്സിജന്‍ ക്ഷാമത്തിന്റെ കാര്യത്തില്‍ ഉത്തര്‍പ്രദേശും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ഡല്‍ഹി അതില്‍ നിന്ന് പുറത്തുവന്നപ്പോഴേക്കും ഗംഗയിലേയും യമുനയിലേയും ഒഴുകി നടന്ന മൃതദേഹങ്ങളാണ് യുപിയെ വാര്‍ത്താ കേന്ദ്രമാക്കിയത്. ഈ വിവാദങ്ങള്‍ക്കൊപ്പം വാക്സിനേഷന്റെ കാര്യത്തിലും യുപി പിന്നിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
വാക്സിനേഷന്റെ കാര്യത്തില്‍ മോശം സംസ്ഥാനങ്ങളുടെ പട്ടികയില്‍ ബിഹാര്‍ ഒന്നാമതും രാജസ്ഥാനും ബംഗാളും രണ്ടും മൂന്നും സ്ഥാനങ്ങളിലും ഉത്തര്‍പ്രദേശ് നാലാം സ്ഥാനത്തുമാണ്. ജാര്‍ഖണ്ഡാണ് അഞ്ചാമതുള്ളത്. ജാര്‍ഖണ്ഡില്‍ 62 ശതമാനമാണ് വാക്സിനേഷനില്‍ കുറവുള്ളത്.

രാജ്യത്ത് ഇതുവരെ 36 കോടി വാക്സിനേഷന് കവറേജാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ 11 കോടി രാജ്യത്തെ 18നും 44നും ഇടിയിലുള്ളവര്ക്കാണ് കിട്ടിയിട്ടുള്ളത്. കേരളവും ഡല്‍ഹിയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്ന് മാത്രമാണ് പറയാനാവുക. ലോകരാജ്യങ്ങളെ വെച്ച് നോക്കുമ്പോള്‍ താരതമ്യം ചെയ്യാനാവുന്ന കണക്ക് അല്ല. ഡിസംബറിനുള്ളില്‍ 60 ശതമാനം ആളുകളേയും വാക്സിനേറ്റ് ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്താന്‍ കേരളവും ഡല്‍ഹിയും ഇനിയുമേറെ പരിശ്രമിക്കേണ്ട സ്ഥിതിയാണുള്ളത്.
നിലവില്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യ വെച്ച് നോക്കുമ്പോള്‍ ഉയര്‍ന്ന നിരക്കിലാണ് പ്രതിരോധ കുത്തിവെയ്പ്പ് എന്നതാണ് കേരളത്തിന്റേയും ഡല്ഹിയുടേയുമെല്ലാം മെച്ചം. വാക്സിനേഷന് വേഗത കൈവരിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുന്നുണ്ട്. 40 ലക്ഷത്തോളം പ്രതിദിന വാക്സിനുകളാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇപ്പോള്‍ എടുക്കപ്പെടുന്നത്. കൂടുതല്‍ കൊറോണ വൈറസ് വകഭേദങ്ങള്‍ വരുന്നതിനാല്‍ വാക്സിനേഷന്റെ വേഗത കൂട്ടിയേ മതിയാകൂവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!