കൊവിഡ് കാലങ്ങളിലെ ഞങ്ങൾ, ഇതര സംസ്ഥാന തൊഴിലാളി ജീവിതം പറയുമ്പോൾ
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ 194 ജില്ലകളില്‍ നിന്നാണ് കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്കായി എത്തിയിരിക്കുന്നതെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ.
കൊവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ ദുസഹമായ ജനജീവിതം സാധാരണ ഗതിയിലേക്ക് വന്ന് തുടങ്ങിയിട്ടില്ല. ആദ്യ ലോക്ഡൗണിൽ തന്നെ കേരളത്തിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി നാട് വിടുകയായിരുന്നു സ്വന്തം ഗ്രാമങ്ങളിലേക്ക്. പിന്നീട് ദുരിതങ്ങളിൽ തിരിച്ചെത്താനുളള ശ്രമം ആയിരുന്നു. തിരിച്ചെത്തിയപ്പോഴാകട്ടെ രണ്ടാം തരംഗം. മറ്റൊരു സംസ്ഥാനത്ത് നിന്ന് വന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് എങ്ങനെയായിരുന്നു കേരളത്തിലെ രണ്ട് കൊവിഡ് കാലങ്ങൾ ? ചികിത്സ, വാക്സിൻ, പുറത്ത് കടയിൽ പോകുന്നതിന് വേണ്ട സർട്ടിഫിക്കെറ്റുകൾ ഇതൊക്കെ ഇവർക്ക് ലഭ്യമാണോ?
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ 194 ജില്ലകളില്‍ നിന്നാണ് കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്കായി എത്തിയിരിക്കുന്നതെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. തമിഴ്നാട് ,കര്‍ണാടക, ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍ പ്രദേശ് , പശ്ചിമബംഗാള്‍, അസം എന്നീ എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇതിൽ അഞ്ചിൽ നാലുഭാഗവും തൊഴിലാളികൾ വന്നിരിക്കുന്നത്. കൂടാതെ ജമ്മു കശ്മീരിലെ ബരാമുള്ള, അരുണാചല്‍ പ്രദേശിലെ നാംസായി എന്നിവിടങ്ങളിൽ നിന്നുളളവരും കൊച്ചിയിൽ അടക്കം ജോലി ചെയ്യുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ നിർമ്മാണ പ്രവൃത്തികളും ഹോട്ടൽ ജോലികളും കയർ കമ്പനികളിലും അടക്കം പണിയെടുക്കുന്നുണ്ട്. അവരിൽ ഒരാളായ ആസാം സ്വദേശി ബി.കെ സോനോവാൾ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഗോപി തന്റെ ജീവിതം ഏഷ്യാവിൽ മലയാളത്തോട് പറയുകയാണ്.

ആലപ്പുഴ ജില്ലയിലെ വണ്ടാനത്ത് രണ്ടാം വാർഡിൽ നാലുസെന്റ് എന്നറിയപ്പെടുന്ന പ്രദേശത്തെ കയർ തടുക്ക് കമ്പനിയിലെ ജീവനക്കാരനാണ് ബി.കെ സോനോവാൾ. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് വലിയ മതിൽക്കെട്ടിനുളളിലാണ് കമ്പനി സ്ഥിതി ചെയ്യുന്നതും. കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികളായ ജീവനക്കാരെ കാണാനാണ് വന്നതെന്ന് പറയുമ്പോൾ, ആര് നമ്മുടെ ഗോപിയെയോ എന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. നാട്ടുകാരിൽ ആരോ സോനോവാൾ എന്ന പേര് വിളിക്കാൻ ബുദ്ധിമുട്ടി സ്നേഹത്തോടെ വിളിച്ചുതുടങ്ങിയതാണ് ഗോപിയെന്ന പേര്. ഇപ്പോൾ സോനോവാൾ എല്ലാവർക്കും ഗോപിയാണ്. നല്ല പോലെ മലയാളം സംസാരിക്കാൻ പഠിച്ചു എന്നതാണ് ഗോപിയുമായി പ്രദേശത്തെ യുവാക്കളും സ്ത്രീകളും കുട്ടികളും എളുപ്പത്തിൽ സൗഹൃദമാകുവാൻ കാരണവും. പ്രദേശത്തെ വീടുകളിൽ നടക്കുന്ന കല്യാണം, ഇവിടെയുളള ചെറുപ്പക്കാരുമായുളള ടൂർ, വൈകുന്നേരങ്ങളിലെ വോളിബോൾ കളി എന്നിങ്ങനെ എല്ലായിടത്തും നാട്ടുകാരെ പോലെ ഒരാളായിട്ടാണ് സോനോവാളിനെ കാണാൻ കഴിയുക. എന്താണിതിന്റെ രഹസ്യം എന്നുചോദിച്ചപ്പോൾ സോനോവാൾ പറഞ്ഞത്, എനിക്ക് എല്ലാവരോടും സ്നേഹമാണ്, എല്ലാവരുമായി നല്ല ബന്ധവുമാണ്. അതുകൊണ്ട് അവർ തിരികെ എന്നെയും സ്നേഹിക്കുന്നു.
ഇപ്പോൾ എനിക്ക് 38 വയസായി, പതിനൊന്ന് വർഷം മുൻപാണ് ഞാൻ ആലപ്പുഴയിലേക്ക് വരുന്നത്. കേരളത്തിൽ ആദ്യം ജോലി തേടി എത്തിയത് തിരുവനന്തപുരത്ത് ആയിരുന്നു. ടെക്നോപാർക്കിലെ പവർ ലോൺഡ്രിയിൽ മൂന്നുവർഷം ഞാൻ ജോലിയെടുത്തു. പിന്നീട് കോട്ടയത്ത് നാലുമാസം. അതിനുശേഷമാണ് ഈ കയർ കമ്പനിയിലേക്ക് എത്തിയത്. ആദ്യ ലോക്ഡൗണിന് മുൻപെ ഞാൻ നാട്ടിലായിരുന്നു. അതുകൊണ്ട് ഇവിടെ ജോലിയില്ലാതെ നിൽക്കേണ്ടി വന്നില്ല. ആറുമാസത്തോളം വീട്ടിലായിരുന്നു. അതിനുശേഷമാണ് തിരികെ എത്തിയത്. കൊവിഡിന്റെ പേടി എല്ലാവർക്കും എന്ന പോലെ എനിക്കും ഉണ്ടായിരുന്നു. വന്നാൽ എന്ത് ചെയ്യും എന്നത്?

കമ്പനിയിൽ എനിക്കൊപ്പം നേരത്തെ ഉണ്ടായിരുന്ന സുഹൃത്ത് രണ്ടാം തരംഗത്തിന് മുന്നെ നാട്ടിൽ പോയിട്ട് ഇതുവരെ വന്നിട്ടില്ല. അവിടെ മഴയും വെളളപ്പൊക്കവുമായി കൃഷിയൊക്കെ നശിച്ചു. അടുത്ത കൃഷി കൂടെ കഴിഞ്ഞിട്ടേ അവൻ ഇനി ഇങ്ങോട്ട് വരികയുളളൂ. പിന്നെ രണ്ട് മലയാളികളും മുതലാളിയുമാണ് കമ്പനിയിൽ ഉളളത്. ഞായറാഴ്ച ഒഴിച്ച് എല്ലാദിവസവും കമ്പനിയിൽ ജോലിയുണ്ട്. ഒന്നരമാസം മുൻപാണ് പേടിച്ചപോലെ എനിക്ക് പനി വരുന്നത്. പരിശോധിച്ചപ്പോൾ കൊവിഡ് ആണെന്ന് മനസിലായി. കമ്പനിയോട് ചേർന്ന് തന്നെ താമസിക്കുന്നതിനാൽ ഞാൻ റൂമിൽ ക്വാറന്റൈനിൽ പോയപ്പോൾ മൂന്നാഴ്ചത്തേക്ക് കമ്പനിയും അടച്ചിട്ടു. ഇവിടുത്തെ ആശാവർക്കറായ ലേഖ ചേച്ചി എല്ലാ ദിവസവും വന്ന് കാര്യങ്ങൾ അന്വേഷിക്കുകയും മരുന്ന് കൊണ്ടുതരികയും ചെയ്തു. ഭക്ഷണമൊന്നും ഉണ്ടാക്കേണ്ടി വന്നില്ല. അതും എല്ലാ ദിവസവും ഇവിടെയുളള മലയാളികളായ കൂട്ടുകാരും നാട്ടുകാരും കൊണ്ടുതന്നു. പക്ഷേ ഭക്ഷണമൊന്നും കഴിക്കാൻ തോന്നാത്ത അവസ്ഥയായിരുന്നു. ഇത്ര ദിവസം കഴിഞ്ഞെ പുറത്ത് ഇറങ്ങാവു, ജോലിക്ക് പോകാവൂ എന്നൊക്കെ ആശാവർക്കർ പറഞ്ഞ് തന്നിരുന്നു. എല്ലാ ക്ഷീണവും മാറിയ ശേഷമാണ് കമ്പനി തുറന്നതും ജോലി തുടങ്ങിയതും. കമ്പനിയിലെ മുതലാളിയും നല്ലപോലെ സഹായിച്ചിരുന്നു. എനിക്ക് നല്ല രീതിയിലുളള പെരുമാറ്റവും സ്നേഹവുമാണ് ഇവിടെ നിന്നും ഇതുവരെ ലഭിച്ചിരിക്കുന്നത്.
നാട്ടിൽ കൃഷിപ്പണിയാണ് കൂടുതലുളളത്. വലിയ പഠിപ്പ് ഇല്ലാത്തതിനാൽ വേറെ ജോലിയൊന്നും അവിടെ കിട്ടിയതുമില്ല. അങ്ങനെയാണ് കേരളത്തിലേക്ക് വരുന്നത്. വിവാഹം കഴിഞ്ഞ് ഭാര്യയും മൂന്ന് കുട്ടികളും കൂടി എനിക്കുണ്ട്. അവരെ നേരിൽ കണ്ടിട്ട് ഇപ്പോൾ പതിനൊന്ന് മാസത്തിലേറെയായി. ഒക്ടോബർ 14ന് പോകാനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇതുവരെ വാക്സിൻ ലഭിച്ചിട്ടില്ല. അധികം വൈകാതെ വാക്സിൻ കിട്ടുമെന്നാണ് ആശാവർക്കർ പറഞ്ഞത്. പോകുന്ന സമയത്തും വാക്സിൻ ലഭിച്ചില്ലെങ്കിൽ കൊവിഡ് ടെസ്റ്റ് നടത്തിയിട്ടാകും പോകുക. കന്യാകുമാരി-ദിബ്രുഗർ വിവേക് എക്സ്പ്രസിന് പോകാനായിട്ട് 1,840 രൂപ കൊടുത്ത് സ്ലീപ്പർ ടിക്കറ്റാണ് ബുക്ക് ചെയ്തിരിക്കുന്നത്. ആസാമിലേക്ക് നേരിട്ടുളള ട്രെയിനായത് കൊണ്ടുതന്നെ നാല് ദിവസത്തിന് മുൻപെ എത്തും. ഇവിടെ ജോലി ചെയ്യുക, നാട്ടിലേക്ക് പണം അയക്കുക, സന്തോഷത്തോടെ ജീവിക്കുക ഇതാണ് കരുതുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പായിപ്പാടിന് പിന്നാലെ പെരുമ്പാവൂരും തൊഴിലാളി പ്രതിഷേധം; മന്ത്രി സുനിൽകുമാർ സ്ഥലത്തെത്തി
ലോക് ഡൗൺ ലംഘനം, റോഡ് ഉപരോധം: പായിപ്പാട് കേസിൽ ആദ്യ അറസ്റ്റ്, പിടിയിലായത് ബംഗാൾ സ്വദേശി
പായിപ്പാട്ടെ റോഡ് ഉപരോധം: തൊഴിലാളി ക്യാംപുകളിൽ രാത്രി പൊലീസ് പരിശോധന, 21 മൊബൈൽ പിടിച്ചെടുത്തു
തൊഴിലാളികളുടെ ടിക്കറ്റ് നിരക്കിൽ 85% കേന്ദ്ര സബ്സിഡി; അവകാശവാദവുമായി ബിജെപി