കേരളത്തിൽ ഷൂട്ടിംഗിന് അനുമതിയില്ല, ബ്രോ ഡാഡി ഷൂട്ട് തെലങ്കാനയിലേക്ക്; വേദനയോടെയാണ് പോകുന്നതെന്ന് ആന്റണി പെരുമ്പാവൂർ
ഏഴോളം സിനിമകൾ കേരളത്തിന് വെളിയിൽ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് നീക്കം. മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് ഇതിൽ പ്രധാനം. ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് പൃഥ്വിരാജ്, ജിത്തു ജോസഫ് എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത്.
കേരളത്തിൽ കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് അടച്ചിട്ട തിയറ്ററുകളും നിർത്തിവെച്ച ഷൂട്ടിംഗുകളും വീണ്ടും തുടങ്ങാൻ അനുമതി നൽകാത്തതിനെ തുടർന്ന് മലയാള സിനിമകളുടെ ഷൂട്ടിങ് മറ്റ് സംസ്ഥാനങ്ങളിലേക്ക്. കേരളം ലൊക്കേഷനായി തീരുമാനിച്ച മോഹൻലാൽ, ജിത്തു ജോസഫ് ചിത്രങ്ങളാണ് തമിഴ്നാട്, കർണാടക, തെലങ്കാന എന്നിവിടങ്ങളിലേക്ക് മാറ്റുന്നത്. ഈ ചിത്രങ്ങൾ അടക്കം ഏഴോളം സിനിമകൾ കേരളത്തിന് വെളിയിൽ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് നീക്കം. മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് ഇതിൽ പ്രധാനം. ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് പൃഥ്വിരാജ്, ജിത്തു ജോസഫ് എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത്. നാളെ ഹൈദരാബാദിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് അറിയിച്ചത്.
കേരളത്തിൽ തന്നെ ഷൂട്ടിംഗ് നടത്താൻ പരമാവധി ശ്രമിച്ചു. എന്നാൽ ഒരു വഴിയുമില്ലാതെയാണ് അവസാനം ഹൈദരാബാദിലേക്ക് ഷൂട്ടിംഗ് മാറ്റേണ്ടി വന്നത്. ബ്രോ ഡാഡി കൂടാതെ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിൻ്റെ ഷൂട്ടിംഗും കേരളത്തിൽ പ്ലാൻ ചെയ്തിരുന്നു. ഇതിനായി ഇടുക്കിയിൽ വലിയൊരു സെറ്റും ഇട്ടു. നിലവിലെ സാഹചര്യത്തിൽ ഈ സിനിമയുടെ ഷൂട്ടിംഗും കേരളത്തിന് പുറത്തേക്ക് മാറ്റേണ്ട അവസ്ഥയാണ്.
18 മാസം മുൻപ് സെൻസർ പൂർത്തിയായ ചിത്രമാണ് മരക്കാർ അറബിക്കടലിൻ്റെ സിംഹം. ഈ സിനിമ എന്ന് തീയേറ്ററിലെത്തിക്കാനാവും എന്നറിയില്ല. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങാൻ അനുമതി കാത്ത് ഒരുപാട് കാത്തിരുന്നു. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സിനിമ മന്ത്രി സജി ചെറിയാനേയും എല്ലാം ഇക്കാര്യത്തിൽ നിരന്തരം ബന്ധപ്പെട്ടു. ചിത്രം ഇൻഡോറായി ഷൂട്ട് ചെയ്യാൻ സാധിക്കുമെന്നും അൻപത് പേരെ വച്ചെങ്കിലും ഷൂട്ട് തുടങ്ങാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നിട്ടും ഒരു തീരുമാനം വരാത്ത സാഹചര്യത്തിൽ വലിയ വേദനയോടെയാണ് ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റുന്നത്.
ഇതോടെ ചിത്രത്തിന്റെ ബജറ്റും കൂടും. സാഹചര്യം ഇത്രയും മോശമായ സ്ഥിതിക്ക് ഇനി വേറെ വഴിയില്ല. ഇക്കാര്യത്തിൽ ആരേയും കുറ്റപ്പെടുത്താനില്ല. എങ്കിലും ഇൻഡോർ ഷൂട്ടിംഗിനുള്ള അനുമതി കേരളത്തിൽ കൊടുക്കാമായിരുന്നു എന്ന അഭിപ്രായം തനിക്കുണ്ടെന്നുമാണ് ആന്റണി പെരുമ്പാവൂർ ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്. ടെലിവിഷൻ പരിപാടികൾക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഷൂട്ടിംഗ് നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഈ മാതൃകയിൽ സിനിമ ഷൂട്ടിംഗിനുളള അനുമതി നൽകണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!