ഇളവുകളിലെ കടുംപിടിത്തം സാധാരണക്കാർക്ക് തിരിച്ചടിയാകുമ്പോള്‍
സാമ്പത്തിക പ്രതിസന്ധിയും വിവിധ തൊഴിൽ മേഖലകളിലെ തിരിച്ചടിയും തൊഴിൽ നഷ്ടവും മൂലം രണ്ടാം തരംഗത്തിന് ശേഷമുളള കഴിഞ്ഞ 38 ദിവസത്തിൽ കേരളത്തിൽ 16 ആത്മഹത്യകളാണ് സംഭവിച്ചത്.
വാരാന്ത്യ ലോക്ഡൗണും നിയന്ത്രണങ്ങളും ഇനിയും പിൻവലിക്കാത്തതിനെ തുടർന്ന് ഇപ്പോഴും കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം സ്തംഭിച്ചിരിക്കുകയാണ്. ദുരിതങ്ങളാകട്ടെ തുടരുകയും ചെയ്യുന്നു. രണ്ടാം തരംഗത്തിലെ ലോക്ഡൗണിന് ശേഷം ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഏറ്റവും നിരാശരായതും ചെറുകിട കച്ചവടക്കാർ അടങ്ങുന്ന സമൂഹത്തിലെ സാധാരണക്കാരാണ്. പഞ്ചായത്ത് തലത്തിൽ ടിപിആർ പ്രകാരം നിയന്ത്രണങ്ങൾ തുടർന്നതോടെ ജീവിതഭാരവും സാമ്പത്തിക പ്രതിസന്ധിയും ഏറെ തളർത്തി കളഞ്ഞു വലിയൊരു വിഭാഗം ജനങ്ങളെ.
സാമ്പത്തിക പ്രതിസന്ധിയും വിവിധ തൊഴിൽ മേഖലകളിലെ തിരിച്ചടിയും തൊഴിൽ നഷ്ടവും മൂലം കഴിഞ്ഞ 38 ദിവസത്തിൽ കേരളത്തിൽ 16 ആത്മഹത്യകളാണ് സംഭവിച്ചത്. 2021 ജൂൺ 21നാണ് തിരുവനന്തപുരം നന്തൻകോടിലെ സ്വർണ പണിക്കാരനായ മനോജ് കുമാറും (45 വയസ്) ഭാര്യ രഞ്ജുവും (38 വയസ്) മകൾ അമൃതയും (16 വയസ്) അടങ്ങുന്ന കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നത്. തൊഴിൽ നഷ്ടവും സാമ്പത്തിക പ്രശ്നങ്ങളുമാണ് കുടുംബം ഒന്നാകെ ജീവിതമൊടുക്കുന്നതിലേക്ക് ഇവരെ പ്രേരിപ്പിച്ചത്.
അന്ന് മുതൽ ഇന്ന് ജൂലൈ 30 വരെ ആത്മഹത്യ ചെയ്തവരുടെ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഇവരെല്ലാം വിവിധ ജില്ലകളിൽ വ്യത്യസ്തമായ തൊഴിൽ മേഖലകളിൽ ജോലിക്കാരായും ബസ് ഉടമകളായും കൃഷിക്കാരായുമൊക്കെ പണിയെടുത്തിരുന്നവരാണ്. പൊതുവായി എല്ലാവരുടെയും മരണത്തിന് പ്രത്യക്ഷ കാരണമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ മേഖലയിലെ അനിശ്ചിതത്വങ്ങളുമാണ്. കൂടുതൽ വിശദമായി പരിശോധിക്കുമ്പോൾ മനസിലാകുന്നതാകട്ടെ, തുടർച്ചയായ ലോക്ഡൗണും അടച്ചിടലുകളുമാണ് മിഡിൽ ക്ലാസിന് താഴെയെന്ന് കണക്കാക്കാവുന്ന ഇവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയത്.

പാലക്കാട് വെണ്ണക്കരയിൽ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തിയിരുന്ന പൊന്നുമണി (59 വയസ്) ജൂലൈ 17നാണ് ആത്മഹത്യ ചെയ്യുന്നത്. 2020 മാർച്ച് മുതൽ കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഏറ്റവുമധികം കഷ്ടത അനുഭവിച്ച വിഭാഗങ്ങളിലൊന്നാണ് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമകളും അതിലെ തൊഴിലാളികളും. ഉത്സവങ്ങളും മറ്റ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടികളായിരുന്നു ഇവരുടെ പ്രധാന വരുമാന മാർഗം. കൊവിഡിന് മുൻപുളള പോലെ പൊതുചടങ്ങുകളും ആഘോഷങ്ങളും സംഘടിപ്പിക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. കൂടാതെ ഇനിയും എത്രനാൾ തരംഗങ്ങൾ ആവർത്തിക്കുമെന്നും അറിയില്ല. ഇത്തരം അനിശ്ചിതാവസ്ഥകൾ ബിസിനസിനെയും കൂടെയുളളവരെയും ബാധിക്കുന്നതോടെ മാനസികമായി തളർന്നുപോയവരാണ് ഇതിലേറെയും. ആത്മഹത്യകളുടെ പൊതുകാരണങ്ങളിലൊന്ന് ബിസിനസിലെ നഷ്ടവും സാമ്പത്തിക ബാധ്യതകളുമാണ്.
ഈ പാൻഡെമിക് കാലം പ്രത്യേകതരം കൊവിഡ് ദരിദ്രരെ സൃഷ്ടിക്കുന്നുവെന്നാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ മാനസികാരോഗ്യ വിഭാഗത്തിലെ സീനിയർ ഡോക്ടറായ സി.ജെ ജോണിന്റെ വിലയിരുത്തൽ. കൊവിഡിന് മുൻപ് പലരും തരക്കേടില്ലാത്ത വിധം വരുമാനമുളള ആളുകളും കച്ചവടം ചെയ്ത് ജീവിക്കുന്നവരുമൊക്കെ ആയിരുന്നു. കൊവിഡും അടച്ചിടലുമൊക്കെ വന്നതോട് കൂടി, ആദ്യമൊക്കെ ഉടൻ ശരിയാകും എന്നുളള പ്രതീക്ഷയിലാണ് എല്ലാവരും നടന്നത്. ഇതിങ്ങനെ നീണ്ടുപോകുമ്പോൾ, ആ ഒരു പ്രതീക്ഷയ്ക്ക് മങ്ങലേൽക്കുന്നു. ഇത് മാനസിക പ്രയാസത്തിലേക്ക് നയിക്കുന്നു. ഇങ്ങനെ വരുമ്പോൾ പിടിച്ചുനിൽക്കണേൽ മനസിന് അത്രമേൽ ശക്തി വേണം. കാരണം ഒരുവശത്ത് കടബാധ്യതകൾ, വരുമാനം ഇല്ലായ്മ, നേരത്തെ ജീവിച്ച ജീവിതശൈലി മാറി ദുരിതങ്ങൾ നിറയുന്നത് ഇതെല്ലാം സമ്മർദ്ദത്തിലേക്ക് നയിക്കും. ഒപ്പം ഇത്തരം കാര്യങ്ങളെ നേരിടാതെ ഒളിച്ചോടാം എന്ന വ്യക്തിത്വത്തിലെ ഘടകങ്ങളും മറ്റ് രോഗാവസ്ഥകൾ ഉണ്ടെങ്കിൽ അതും ചേരുമ്പോൾ ആത്മഹത്യയാണ് മാർഗമെന്ന് ചിലർ ചിന്തിക്കും. അതാണ് തുടർച്ചയായുളള ഇത്തരം ആത്മഹത്യകൾക്ക് പിന്നിലെന്നാണ് താൻ കരുതുന്നതെന്ന് സി.ജെ ജോൺ ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു.
ജൂലൈ 19നും ജൂലൈ 22നുമായി ഇടുക്കിയിലും തിരുവനന്തപുരത്തും നടന്ന രണ്ട് ആത്മഹത്യകളുണ്ട്. ഒന്ന് അടിമാലിയിൽ ബേക്കറി നടത്തിയിരുന്ന വിനോദ് (52 വയസ്). രണ്ടാമത്തേത് മലയൻ കീഴിൽ സ്റ്റേഷനറി കട നടത്തിയിരുന്ന എസ് വിജയകുമാറിന്റേത് (56 വയസ്). കടയിലെ കച്ചവടം ഇല്ലായ്മയും നഷ്ടം നേരിട്ടതും കടബാധ്യതകളുമാണ് വിജയകുമാറിനെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചത്. ബിസിനസിൽ ഉണ്ടായ നഷ്ടവും പണം കടം വാങ്ങിയവരിൽ നിന്നുളള സമ്മർദ്ദവുമാണ് വിനോദിന്റെ ആത്മഹത്യയ്ക്ക് കാരണം. നമ്മുടെ പാക്കേജുകൾ ഒന്നും ശരിയായ വിധത്തിൽ അല്ലെന്നാണ് കൊവിഡിലെ ഇങ്ങനെയുളള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സാമ്പത്തിക വിദഗ്ധനായ ജോസ് സെബാസ്റ്റ്യന്റെ നിരീക്ഷണം.

വികസിത രാജ്യങ്ങളിലൊക്കെ 1,000 ഡോളറിന് മുകളിലാണ് കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ അക്കൗണ്ടുകളിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. നമ്മുടെ ഇവിടെയും ആ രീതിയില്‍ നല്കാന് കഴിയുന്ന വെല്‍ത്ത് ഉണ്ട്. പക്ഷേ ആ വെല്‍ത്ത്, സര്‍ക്കാര്‍ സമാഹരിക്കുന്ന വിഭവങ്ങളെ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരും കൊണ്ടുപോകുകയാണ്. ഇടത്തരക്കാരിലേക്ക് സർക്കാരിന്റെ പണം നേരിട്ട് എത്തുന്നില്ല.
വ്യാപാരികള്‍ക്ക് പലിശ നിരക്കിൽ കുറവ് വരുത്തും വാടക കുറവ് വരുത്തും എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഇല്ല. അതാണ് പ്രധാന പ്രശ്നം. ഇത് സർക്കാർ മനസിലാക്കാത്തത് എന്തുകൊണ്ടാണ്? ജനങ്ങളുടെ കണ്ണില്‍ ഇവർ പൊടിയിടുകയാണ്. പലിശ നിരക്ക് കുറച്ചു,നിങ്ങൾ പോയി ലോൺ എടുക്കൂ എന്നാണ് പറയുന്നത്. ഈ ലോണ്‍ എടുക്കാനുളള കോണ്‍ഫിഡന്‍സ് ആളുകള്‍ക്ക് ഇല്ല. കാരണം ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഇല്ല, കട തുറന്നിട്ട് കാര്യമില്ല, എല്ലാ ദിവസവും കട തുറക്കാൻ പറ്റാത്തതും മറ്റ് ജോലിക്കുമുളള നിയന്ത്രണങ്ങൾ. അപ്പോൾ ചെയ്യേണ്ടത് എന്താണ്? ദിവസവേതനക്കാരായ ഓട്ടോ, ബസ്, ടാക്സി തൊഴിലാളികൾ അടക്കം കൂലിപ്പണിക്കാർ, സാധാരണ കലാകാരന്മാർ, മറ്റ് ജോലി ചെയ്യുന്നവർ എന്നിങ്ങനെ തൊഴില്‍ നഷ്ടപ്പെട്ട എല്ലാവര്ക്കും ഒരു മാസം ഏറ്റവും കുറഞ്ഞത് 5,000 രൂപ വീതം സര്‍ക്കാര്‍ കൊടുക്കുകയാണെങ്കില്‍ അത് ഉടന്‍ തന്നെ വിപണിയില്‍ എത്തും. ഒറ്റപ്പൈസ നിക്ഷേപമായി അതില്‍ നിന്ന് ആരും മാറ്റുകയില്ല. കാരണം ഈ ആള്‍ക്കാരുടെ ഒക്കെ വീടുകളില്‍ അഞ്ഞൂറ് തരത്തിലുളള ആവശ്യങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുകയാണ്. അങ്ങനെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ജോസ് സെബാസ്റ്റ്യൻ പറഞ്ഞു.
വിനോദ്, വിജയകുമാർ, മനോജ് കുമാർ എന്നിങ്ങനെ വിവിധ ജില്ലകളിലായി ആത്മഹത്യ ചെയ്തവരുടെ സാമ്പത്തിക നിലയെ ഉലച്ചുകളഞ്ഞത് കൊവിഡിലെ നിയന്ത്രണങ്ങളാണ്. ടിപിആർ തരംതിരിച്ചുളള നിയന്ത്രണങ്ങൾ, നമ്മുടെ കൊവിഡ് ടെസ്റ്റിങ് രീതി എന്നിവ അശാസ്ത്രീയമാണെന്ന് ആരോഗ്യ വിദഗ്ധർ മുതൽ വ്യാപാരികൾ വരെ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് ആഴ്ചകൾക്കുളളിൽ നടന്ന ഇത്രയേറെ ആത്മഹത്യകളും അവരുടെ ചുറ്റുപാടുകളും മനസിലാക്കി തരുന്നത് ഇളവുകളിലെ സർക്കാരിന്റെ ഈ കടുംപിടുത്തം തിരിച്ചടിയാകുന്നത് കേരളത്തിലെ സാധാരണ ജനങ്ങൾക്കാണെന്നാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!