ലാബ് ലീക്ക് ഗൂഢസിദ്ധാന്തം ഡബ്ല്യുഎച്ച്ഒ വിദഗ്ധരും തള്ളി; യഥാര്‍ഥ ഉറവിടം അകലെ
23 ലക്ഷം പേരെ കൊന്നൊടുക്കിയ ഈ രോഗം വവ്വാലുകളില്‍ നിന്നാണ് ഉത്ഭവിച്ചതെന്നും മറ്റൊരു സസ്തനി വഴി മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ കരുതുന്നു.
കൊറോണ വൈറസിന്റെ ഉത്ഭവം എവിടെനിന്നാണ്. ലോകവ്യാപകമായി മഹാമാരി പടര്‍ന്നപ്പോഴും അത് വലിയ ദുരൂഹതയായി തുടര്‍ന്നു. ചൈന വിവരങ്ങള്‍ മറച്ചുവെച്ചു എന്നായിരുന്നു പ്രധാന ആരോപണം. വുഹാനിലെ ഒരു ലാബില്‍ സൂക്ഷിച്ച വിനാശകാരിയായ വൈറസ് ചോര്‍ന്നതാണ് എന്ന ആരോപണം വരെ അത് ഉയര്‍ന്നു. ഉറവിടം കണ്ടെത്താന്‍ വിദേശവിദഗ്ധരെയും ലോകാരോഗ്യ സംഘടനയെയും ചൈന അനുവദിക്കുന്നില്ലെന്ന വിമര്‍ശനം ഉണ്ടായി. ഒടുവില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ദര്‍ക്ക് ചൈനയില്‍ പരിശോനധയ്ക്കുള്ള അവസരം ലഭിച്ചു.
ലാബ് ലീക്ക് എന്ന ഗൂഢസിദ്ധാന്തത്തെ ലോകാരോഗ്യ സംഘടന വിദഗ്ധരും തള്ളിക്കളഞ്ഞു.
'ലബോറട്ടറി സിദ്ധാന്തത്തിന് എന്തെങ്കിലും സൂചന നല്കുന്ന ഒന്നും വുഹാനില്‍നിന്ന് ലഭിച്ചില്ല. അതുകൊണ്ട് ഭാവിയില്‍ അതേ കുറിച്ചുള്ള പഠനം നടത്താന്‍ നിര്‍ദേശിക്കാവുന്ന എന്തെങ്കിലും അനുമാനങ്ങളുമില്ല.' -പഠനത്തിന് നേതൃത്വം നല്കുന്ന ലോകാരോഗ്യ സംഘടന മേധാവി ബെന്‍ എംബാരെക് വിശദീകരിച്ചു.
ഇത് മാത്രമല്ല, കൊറോണ വൈറസിന്റെ ഒരു പൂര്‍വ ചരിത്രവും കണ്ടെത്താന്‍ സംഘത്തിനായില്ല. 2019 ഡിസംബറിന് മുമ്പ് ചൈനയുടെ സെന്‍ട്രല്‍ വുഹാനില്‍ കൊറോണ വൈറസ് പടര്‍ന്നിരുന്നുവെന്ന് നിര്‍ണ്ണയിക്കാന്‍ മതിയായ തെളിവുകളില്ലെന്നുകൂടി സംഘം വ്യക്തമാക്കി.
'2019 ഡിസംബറിന് മുമ്പുള്ള കാലയളവില്‍ SARS-CoV-2 പടര്ന്നതായ സൂചനകളൊന്നുമില്ല, അത് സ്ഥാപിക്കാനുള്ള മതിയായ തെളിവുകളും ഇല്ല. '- ചൈന ടീം മേധാവി ലിയാങ് വാനിയന്‍ വിശദീകരിച്ചു.
കൊറോണ വൈറസിന് ഒരു പൂര്‍വ ചരിത്രം ഉണ്ടോ, 2019 ഡിസംബറിനേക്കാള്‍ മുമ്പുതന്നെ പ്രചരിക്കുന്നുണ്ടോ, ആരോപണം ഉയര്‍ന്നതുപോലെ ലബോറട്ടറിയില്‍നിന്ന് ലീക്ക് ചെയ്തതാണോ എന്നെല്ലാമായിരുന്നു പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഉത്ഭവം മൃഗങ്ങളില്‍നിന്നാണോ എന്ന് കണ്ടെത്തുന്ന ശ്രമത്തിനും മതിയായ തെളിവുകള്‍ വിദഗ്ധ സംഘത്തിന് ലഭിച്ചില്ല.
ലോകമെമ്പാടുമുള്ള 23 ലക്ഷം പേരെ കൊന്നൊടുക്കിയ ഈ രോഗം വവ്വാലുകളില്‍ നിന്നാണ് ഉത്ഭവിച്ചതെന്നും മറ്റൊരു സസ്തനി വഴി മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ കരുതുന്നു.
ശീതീകരിച്ച ഉത്പന്നങ്ങളില്‍ വളരെ ദൂരം സഞ്ചരിക്കാന്‍ വൈറസിന് കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചതായി വിദഗ്ധര്‍ അറിയിച്ചു. 2019 അവസാനത്തോടെ മധ്യ ചൈനീസ് നഗരമായ വുഹാനില്‍ തിരിച്ചറിയുന്നതിനുമുമ്പ് മറ്റ് പ്രദേശങ്ങളില്‍ പ്രചരിക്കാമായിരുന്നുവെന്നും വാനിയന്‍ പറഞ്ഞു.
ലാബില്‍നിന്നുള്ള ചോര്‍ച്ചയായിരുന്നു പകര്‍ച്ച വ്യാധിക്ക് കാരണമെന്ന ആരോപണം പ്രധാനമായി ഉന്നയിച്ചത് യുഎസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു. അത് യുഎസ്-ചൈന ബന്ധം കൂടുതല്‍ വഷളാക്കുന്നതിനും കാരണമായി. ട്രംപിന്റെ തുടര്‍ പ്രഖ്യാപനങ്ങള്‍ ലോകത്ത് മുഴുവന്‍ ആ ഗൂഢ സിദ്ധാന്തത്തിന് ഏറെ പ്രചാരവും നല്കി.
ജനുവരി 14നാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധര്‍ വുഹാനില്‍ എത്തിയത്. രണ്ടാഴ്ച ക്വാറന്റൈന് ശേഷം ഹുവാനന്‍ സീഫുഡ് മാര്‍ക്കറ്റ്, അണുബാധയുടെ ആദ്യത്തെ ക്ലസ്റ്ററിന്റെ സ്ഥാനം, കൊറോണ വൈറസില്‍ ഉള്‍പ്പെട്ട വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിങ്ങനെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!