ഇത്തവണയും ഞങ്ങൾ മൊത്തക്കച്ചവടക്കാരോട് വില തിരക്കി. ഏഴര രൂപയാണ് ഒരു കിലോയ്ക്ക് പരമാവധി അവർ തരാമെന്ന് പറഞ്ഞ വില. കൂടാതെ 100 കിലോയ്ക്ക് 10 കിലോ വീതം അവർക്ക് സൗജന്യമായും കൊടുക്കണം. ചുരുക്കത്തിൽ ഒരു കിന്റ്വല്‍ കപ്പ കൊടുത്താൽ 1,000 രൂപ പോലും കൃഷിക്കാർക്ക് ലഭിക്കില്ല. എറണാകുളത്ത് ഇതേ കപ്പ റോഡരികിൽ തൂക്കി വിൽക്കുന്നത് കിലോ 30 രൂപയ്ക്കാണ്. ആലപ്പുഴയിൽ നൂറ് രൂപയ്ക്ക് നാലും അഞ്ചും കിലോ വീതമാണ്.
കൃഷി നഷ്ടത്തിലായതിന് പുറമെ കൊവിഡിന്റെ നിയന്ത്രണങ്ങൾ ചെറുകിട കച്ചവടക്കാരെയും കൃഷിക്കാരെയും സാരമായി ബാധിച്ചിരിക്കുകയാണ്. പ്രതീക്ഷിക്കുന്ന വില കിട്ടാത്തതും വിപണി സജീവമാകാത്തതും ഏറെ വലയ്ക്കുന്നത് കർഷകരെയാണ്. ഒപ്പം അപ്രതീക്ഷിതമായി പെയ്യുന്ന മഴയും കാറ്റും. ഇതേ അവസ്ഥയിലാണേൽ അടുത്ത സീസണിനെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലെന്നാണ് ചെറുകിട കർഷകർ ഏഷ്യാവില്ലിനോട് വ്യക്തമാക്കുന്നത്. തുടർച്ചയായ നിയന്ത്രണങ്ങൾ എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കുന്ന ഘട്ടം വന്നാലേ, അല്ലെങ്കിൽ ജനങ്ങളുടെ കയ്യിൽ കൂടുതലായി പണം എത്തുന്ന രീതിയിൽ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടായാലേ ഇത്തരം പ്രതിസന്ധികൾ മാറുകയുളളൂവെന്നാണ് സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം. ആലപ്പുഴയിലെ മാരാരിക്കുളത്ത് കൃഷി ചെയ്യുന്ന റിപീഷ്, കോട്ടയത്ത് തലയോലപ്പറമ്പിൽ കൃഷി ചെയ്യുന്ന അജിമോൻ, അമ്പലപ്പുഴയിൽ പച്ചക്കറി കട നടത്തുന്ന സന്തോഷ്, സാമ്പത്തിക മേഖലയിൽ നിന്നുളള ജോസ് സെബാസ്റ്റ്യൻ എന്നിവരാണ് ഏഷ്യാവിൽ മലയാളത്തോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചത്.
മൂന്നുവർഷത്തേക്ക് 80 സെന്റോളം സ്ഥലം പാട്ടത്തിന് എടുത്താണ് റിപീഷ് മാരാരിക്കുളത്ത് കൃഷി ചെയ്യാനിറങ്ങിയത്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കൃഷിയിൽ വിജയിച്ച ധാരാളം യുവ കർഷകരുളളതും, കൃഷിക്ക് നൽകുന്ന പിന്തുണയും ഉപദേശങ്ങളുമൊക്കെയാണ് പാതിരാപ്പളളി സ്വദേശിയായ റിപീഷിനെ മാരാരിക്കുളത്ത് കൃഷി ചെയ്യാനായി എത്തിച്ചത്. കഴിഞ്ഞ വർഷം വെണ്ടയും പയറും പച്ചമുളകും കൃഷി ചെയ്തിട്ട് വലിയ ലാഭമെന്ന് പറയാൻ പറ്റില്ല, എന്നാലും കുഴപ്പം ഇല്ലാത്ത കൃഷിയായിരുന്നു. എന്നാൽ ഇത്തവണ നഷ്ടത്തിലേക്കാണ് പോക്കെന്ന് റിപീഷ് പറയുന്നു. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, പയര്‍ എന്നിങ്ങനെ അഞ്ച് കൂട്ടങ്ങളാണ് കൃഷിയിറക്കിയത്. മൂന്ന് മാസം കൂടിയുണ്ട് പൂർണ വിളവെടുപ്പിന്. പക്ഷേ ഇപ്പോഴത്തെ അവസ്ഥ വെച്ച് ഈ കൃഷി ലാഭകരമാകില്ലെന്നാണ് റിപീഷ് പറയുന്നത്.

മുൻവർഷത്തെ അപേക്ഷിച്ച് ധാരാളം കൃഷിക്കാരുണ്ട് ഇപ്പോൾ. കൂടാതെ ഒരേ സാധനങ്ങൾ കൃഷി ചെയ്യുന്നവരുടെ എണ്ണവും കൂടുതലാണ്. കടകളിൽ നിന്ന് വലിയ വില കിട്ടുന്നില്ല. നമുക്ക് നേരിട്ട് കച്ചവടം ചെയ്ത് മാറ്റാൻ പറ്റാത്ത അത്രയും ഉണ്ടാകും വിളവും. കഴിഞ്ഞ തവണ വെണ്ടയ്ക്ക് ഒക്കെ100 കിലോ ഒരു ദിവസം വിളവെടുപ്പ് വന്നു. അത് അത്രയും നമുക്ക് ഒരു ദിവസം കൊണ്ട് കച്ചവടം ചെയ്ത് മാറ്റാന്‍ പറ്റില്ല. വിറ്റ് തീർക്കേണ്ടതിനാൽ നമ്മള് റോഡ് സൈഡിലെ ചെറുകിട കച്ചവടക്കാരെയാണ് ആശ്രയിക്കുന്നത്. കൃഷിക്കാർക്ക് അതില്‍ നിന്നും വലിയ വില ലഭിക്കില്ല. അത്യാവശം വില ലഭിക്കുന്നത് ആലപ്പുഴ കളക്ട്രേറ്റിലുളള വിൽപ്പന സംവിധാനം വഴിയാണ്. എന്നാലും അത് ലാഭകരമെന്ന് പറയാനും പറ്റില്ല. സ്വന്തമായി സജീവമായ പച്ചക്കറി കട കൂടി ഉണ്ടെങ്കിൽ മാത്രമാണ് വിപണിയിൽ നിന്നും സാധനങ്ങൾക്ക് വില കിട്ടുകയുളളൂ എന്നാണ് രണ്ടുവർഷം കൊണ്ട് താൻ മനസിലാക്കിയതെന്നും റിപീഷ് പറഞ്ഞു.

വാട്സാപ്പ് വഴി പച്ചക്കറി വിൽക്കാനൊരു സംവിധാനം ഉണ്ടാക്കിയിരുന്നു. എന്നാൽ പച്ചമുളക് അടക്കം നൂറ്, ഇരുന്നൂറ് ഗ്രാം വീതമാണ് ഓരോ വീടുകളിലും വേണ്ടത്. നമ്മൾ പത്ത് കിലോയൊക്കെയാണ് ആഴ്ചയിൽ പച്ചമുളക് വിളവെടുത്തത്. പിന്നെ പ്രതീക്ഷിച്ച പോലെ വാട്സാപ്പ് കച്ചവടം കൊണ്ട് നമുക്ക് നേട്ടവും ഉണ്ടായില്ല. ഇത്തവണ നിലമൊരുക്കലും ബാക്കി കാര്യങ്ങളും അടക്കം 30,000 രൂപയിലേറെ ചെലവായി. ഇപ്പോഴാണെങ്കിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യമാണ് കൃഷിത്തോട്ടം നിറയെ. മഴയുളളതിനാൽ എത്ര ഉപ്പ് ഇട്ടാലും അടുത്ത ദിവസവും ഉണ്ടാകും ഒച്ചുകൾ. ഇവിടെ മാർക്കറ്റിൽ നമ്മൾ സാധനങ്ങളുമായി ചെല്ലുമ്പോൾ തമിഴ്നാട്ടിൽ നിന്നും നമ്മൾ കൊടുക്കുന്നതിലും കുറഞ്ഞ തുകയ്ക്ക് വെണ്ടയ്ക്ക ഒക്കെ എത്തും. അന്നേരം നമ്മുടെ സാധനങ്ങൾക്ക് ഡിമാൻഡ് ഇല്ലാതാകുന്നുമുണ്ട്. പാട്ടകാലാവധി ഇനി ഒരു വർഷത്തേക്ക് കൂടിയുണ്ട്. സ്ഥലം എടുത്ത സമയത്ത് ഒന്നര ലക്ഷത്തോളം രൂപ ഇവിടെ സജ്ജീകരണങ്ങൾക്കായി ഒരുക്കിയിരുന്നു. കൃഷിക്ക് സഹായത്തിന് ആളുകളെയും കൂലിക്ക് നിർത്തേണ്ടി വരാറുണ്ട്. കപ്പയും മീനുമെല്ലാം കൂടി ഇനി നോക്കുന്നുണ്ട്. മുടക്ക് മുതൽ തിരിച്ച് പിടിക്കണമെന്നാണ് ആഗ്രഹമെന്നും റിപീഷ് പറയുന്നു.

കോട്ടയം തലയോലപ്പറമ്പ് കോയിക്കലിൽ അജിമോനും സുഹൃത്തുക്കളും ചേർന്ന് 2018-19 കാലത്ത് 50 സെന്റിൽ കുളമെടുത്ത് മീൻകൃഷിയായിരുന്നു ആദ്യം തുടങ്ങിയത്. പ്രളയം വന്നതോടെ ഒന്നരലക്ഷത്തോളം രൂപ മുടക്കിയ ആ കൃഷിയിൽ നിന്ന് 3,5000 രൂപയോളമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ആ കുളത്തിനോട് ചേർന്നുളള ഒരു ഏക്കറോളം സ്ഥലത്ത് വാഴക്കൃഷി ആയിരുന്നു ചെയ്തത്. നാട്ടിലെ സമ്പന്നരായത് കൊണ്ട് തന്നെ സ്ഥല ഉടമ ഈടോ, പാട്ടത്തുകയ്ക്കായോ നിർബന്ധം പിടിച്ചതുമില്ല.
വാഴവിത്ത് കൊണ്ടുവന്നു, ചാണകത്തില്‍ മുക്കി കേടുപാടുകള്‍ തീര്‍ത്തു, പിന്നെ വിത്ത് ഇറക്കാൻ നിലമൊരുക്കി, എല്ലാം കൂടി 45,000 രൂപ മൊത്തമായി. ഓണത്തിനുളള വിളവെടുപ്പ് ലക്ഷ്യമിട്ടാണ് കൃഷി തുടങ്ങിയത്. എന്നാൽ കൊവിഡ് വന്നതോട് കൂടി ഓണവും ആഘോഷവുമൊന്നും നാട്ടിലെങ്ങും ഉണ്ടായില്ല. കൂടാതെ കൃഷി സ്ഥലത്ത് വെളളവും കേറി. അവസാനം കുറഞ്ഞ വിളവ് മാത്രമാണ് കിട്ടിയത്. അതിന് വിലയും ലഭിച്ചില്ല. അതിന് ശേഷമാണ് ഇപ്പോഴുളള കപ്പക്കൃഷിയ്ക്ക് തുടക്കമിടുന്നത്. വാഴയെക്കാൾ ലേബർ ചാർജ് കുറവാണ് കപ്പയ്ക്ക് എന്നുളളതാണ് അതിലേക്ക് ആകർഷിച്ച ഒരു ഘടകം. അങ്ങനെ 1,000 ചുവട് കപ്പ ഇട്ടു. ഒന്നരമാസത്തിൽ ആദ്യത്തെ വളമിട്ടു. പിന്നെ മൂന്ന് മാസം കഴിഞ്ഞപ്പോഴും വളമിട്ടു. ഇപ്പോൾ വിളവെടുപ്പ് നടക്കുകയാണ്. ഇതിനൊപ്പം പറയേണ്ടതാണ് വിപണിയിൽ നിന്ന് മൊത്തക്കച്ചവടക്കാരിൽ നിന്ന് വില കിട്ടാത്തതിന്റെ ബുദ്ധിമുട്ട്.

കഴിഞ്ഞ വർഷം നമ്മുടെ അമ്മാവൻ കൃഷിയിറക്കിയിരുന്നു. അതും 1,000 ചുവട് കപ്പ. അന്ന് വിളവെടുപ്പ് ആയപ്പോൾ തലയോലപറമ്പ് മാർക്കറ്റിൽ പോയി ഹോൾ സെയിലായി എടുക്കുന്നവരോട് ഞാനായിരുന്നു വില അന്വേഷിച്ചത്. അന്ന് അവർ കിലോയ്ക്ക് 15 രൂപ തരാമെന്നാണ് പറഞ്ഞത്. എന്നാൽ അമ്മാവൻ ആ തുകയ്ക്ക് കൊടുക്കുന്നില്ലെന്ന് പറഞ്ഞ് മറ്റുവഴികൾ നോക്കി. ഇത്തവണയും ഞങ്ങൾ മൊത്തക്കച്ചവടക്കാരോട് വില തിരക്കി. ഏഴര രൂപയാണ് ഒരു കിലോയ്ക്ക് പരമാവധി അവർ തരാമെന്ന് പറഞ്ഞ വില. കൂടാതെ 100 കിലോയ്ക്ക് 10 കിലോ വീതം അവർക്ക് സൗജന്യമായും കൊടുക്കണം. ചുരുക്കത്തിൽ ഒരു കിന്റ്വൽ കപ്പ കൊടുത്താൽ 1,000 രൂപ പോലും കൃഷിക്കാർക്ക് ലഭിക്കില്ല.

എറണാകുളത്ത് ഇതേ കപ്പ റോഡരികിൽ തൂക്കി വിൽക്കുന്നത് കിലോ 30 രൂപയ്ക്കാണ്. ആലപ്പുഴയിൽ നൂറ് രൂപയ്ക്ക് നാലും അഞ്ചും കിലോ വീതമാണ് വിൽക്കുന്നത്. ഞങ്ങൾ എന്തായാലും മൊത്തക്കച്ചവടക്കാരുടെ കൊളളയ്ക്ക് കൃഷിമുതൽ കൊടുക്കേണ്ട എന്ന് തീരുമാനിച്ചു. എല്ലാ സുഹൃത്തുക്കളുടെയും ഫേസ്ബുക്ക്, വാട്സാപ്പ് അടക്കം സോഷ്യൽമീഡിയകളിലൂടെ കപ്പ വിൽപ്പനയ്ക്കുളള പരസ്യം കൊടുത്തു. കിലോയ്ക്ക് 12 രൂപ 50 പൈസയ്ക്ക്. അങ്ങനെ നാല് കിലോ കപ്പ 50 രൂപയ്ക്കാണ് വിൽക്കുന്നത്. രാവിലെയും വൈകുന്നേരവും കൃഷിയിടത്തിൽ നിന്ന് തന്നെ വിൽപ്പന നടത്തും. ആൾക്കാരൊക്കെ നല്ല പ്രതികരണമായിരുന്നു. ഇപ്പോഴും വരുന്നുണ്ട് വാങ്ങാനായി ആളുകൾ. ഇനിയും 100 ചുവട് കൂടി വിളവെടുക്കാനുണ്ട്. ഇതുവരെ ചെയ്ത കൃഷിയെല്ലാം പൊട്ടി. ഇത്തവണ ഇതുവരെ ലാഭമെന്നും പറയാറായിട്ടില്ല. അതാണ് അവസ്ഥയെന്നും അജിമോൻ പറഞ്ഞു.
പച്ചക്കറി കട നടത്തുന്ന സന്തോഷിന്റെ അഭിപ്രായത്തിൽ കച്ചവടം വളരെ മോശമാണെന്നാണ്. കാരണം വലിയ ചടങ്ങുകൾ നടന്നാലേ കൂടുതലായി പച്ചക്കറികൾ വിറ്റ് പോകുകയുളളൂ. മുൻപൊക്കെ ഈ സമയമെന്നാൽ കല്യാണ-ഓണ സീസണാണ്. വളരെയേറെ കച്ചവടം നടക്കും. കൊവിഡ് വന്നതോട് കൂടി ആൾക്കൂട്ടമുളള ചടങ്ങുകൾ ഇല്ലാതായില്ലേ? അമ്പലത്തിലെ സമൂഹ സദ്യകൾ ഇല്ലാതായില്ലേ? അഞ്ഞൂറ്, ആയിരം പേരുടെ സദ്യയ്ക്ക് സാധനം എടുക്കുന്നത് പോലെ അല്ലല്ലോ വീട്ടുകാരും ചെറിയ കച്ചവടക്കാരും വന്ന് വാങ്ങുക. ആഘോഷങ്ങളും ആൾക്കൂട്ടവുമൊക്കെ ഇല്ലാതായതാണ് കച്ചവടം കുറയുന്നതിനുളള പ്രധാന കാരണമെന്നും സന്തോഷ് പറയുന്നു.
കൊവിഡ് സൃഷ്ടിച്ച അടച്ചിടലും നിയന്ത്രണങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധനായ ജോസ് സെബാസ്റ്റ്യന്റെ വിലയിരുത്തൽ. ജനങ്ങളുടെ കയ്യിൽ പണമില്ല. വാങ്ങൽശേഷി ഇല്ലാത്തതിനാൽ ഡിമാൻഡും കുറവാണ്. നാട്ടിലെ സാധാരണക്കാരിലേക്ക് നിങ്ങൾ കുറച്ച് പണം കൊടുത്തുനോക്കൂ, വിപണി വലിയ രീതിയിൽ ചലിച്ച് തുടങ്ങും. നൂറ് കണക്കിന് ആവശ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാറ്റിവെച്ചിരിക്കുകയാണ് അവരെല്ലാം.

ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജുകളെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ സര്‍ക്കാര്‍ വ്യാപാരികളോടും ചെറുകിട കച്ചവടക്കാരോടും വ്യവസായികളോടും എല്ലാം റിസ്ക് എടുക്കാനാണ് പറയുന്നത്. നിങ്ങള്‍ ലോണ്‍ എടുത്തോ, കുറഞ്ഞ റേറ്റില്‍ തരാം, തത്കാലത്തേക്ക് നിങ്ങളുടെ കടയുടെ വാടക ഞങ്ങള്‍ ഒഴിവാക്കി തരാം എന്നൊക്കെയാണ് സർക്കാർ പറയുന്നത്. പക്ഷേ ഡിമാന്‍ഡ് വര്‍ധിക്കാതെ, മാര്‍ക്കറ്റില്‍ കോണ്‍ഫിഡന്‍സ് ഇല്ലാതെ ആകുകയാണെങ്കില്‍ പിന്നെ എങ്ങനെയാണ് കച്ചവടക്കാര്‍ ഇതിലോട്ട് ഇറങ്ങുക. ഒരു തരത്തില്‍ ഭയങ്കരമായ ഡിമാന്‍ഡ് ഷോട്ടേജുണ്ട്. നൂറ് കണക്കിന് കടകൾ പൂട്ടിപ്പോയി, ഇനി അതൊന്നും തുറക്കുക പോലുമില്ല. നമ്മുടെ സാമ്പത്തിക രംഗത്ത് അടിമുടി അഴിച്ചുപണി വേണം. യഥാര്‍ത്ഥത്തില്‍ ബൗദ്ധികമായ ലോക്ഡൗണാണ് കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്. കൊവിഡിനെ തുടർന്നുളള ലോക്ഡൗൺ നമുക്ക് പരിഹരിക്കാൻ പറ്റും. എന്നാൽ ഇത് പരിഹരിക്കണേൽ സർക്കാർ തന്നെ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!