ഇന്ത്യയുടെ കോവാക്സിന്: വിദേശരാജ്യങ്ങള്‍ക്ക് താല്പര്യമില്ലേ?
കോവാക്സിന് അതിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല എന്നത് ഒരു കാരണമായി വിലയിരുത്തുന്നു.
കൊവിഡ് പ്രതിസന്ധിക്കിടയില്‍ വാക്സിന് നയതന്ത്രത്തിലൂടെ ഇന്ത്യ ലോകരാജ്യങ്ങളുടെ ശ്രദ്ധനേടിയെങ്കിലും ഇന്ത്യയുടെ വാക്സിനോട് വിദേശികള്‍ക്ക് താല്പര്യം കുറവാണോ?. എന്തുകൊണ്ടായിരിക്കും?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് ഹൈദരാബാദിലെ ഭാരത് ബയോടെകിന്റെ കോവാക്സിന്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനേകയും ചേര്‍ന്ന് വികസിപ്പിച്ച് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് കൂടി ഇന്ത്യയില്‍നിന്നുള്ള വാക്സിന് ആണ്. ഈ രണ്ട് വാക്സിനുകളും രാജ്യത്ത് വിതരണം ചെയ്യുന്നത് പോലെ വിദേശരാജ്യങ്ങളിലേക്കും ലഭ്യമാക്കാനാണ് പദ്ധതി.
തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്സിന്റെ കാര്യത്തിലാണ് വിദേശരാജ്യങ്ങള്‍ക്ക് താല്പര്യം കുറവ്. വാക്സിന് സൗജന്യമായി എത്തിക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത്ര താല്പര്യം മറ്റ് രാജ്യങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ല.
ലോകത്ത് മുഴുവന്‍ രാജ്യങ്ങള്‍ക്കും ആവശ്യമായതിന്റെ 70 ശതമാനം നല്കാന് ഇന്ത്യ തയ്യാറാമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നത്. രണ്ട് വാക്സിനുകള്‍ 14 രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിച്ചതായും അദ്ദേഹം അറിയിക്കുകയുണ്ടായി. അതുവഴി ലോകത്തെ വാക്സിന് വിതരണത്തിന്റെഹബ്ബ് ആക്കിമാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഏഴ് രാജ്യങ്ങള്‍ക്ക് ഇന്ത്യ ധനസഹായത്തോടെ കോവാക്സിന് നിര്‍മാണത്തിന്റെ സഹായം വാഗ്ദാനം ചെയ്തു. 8.10 ലക്ഷം ഡോസ് വാക്സിന് ഉണ്ടാക്കാനായിരുന്നു പദ്ധതി. മ്യാമന്മറിനുള്ള രണ്ട് ലക്ഷം വാക്സിന് മാത്രമാണ് ഉത്പാദിപ്പിച്ചതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കോവാക്സിന് മ്യാന്മര്, മംഗോളിയ, ഒമാന്‍, ബഹ്റൈന്‍ ഫിലിപ്പൈന്‍സ് മാലദ്വീപ്, മൗറീഷ്യസ് എന്നീരാജ്യങ്ങള്ക്കായിരുന്നു സൗജന്യമായി ആദ്യഘട്ടത്തില്‍ അയച്ചുകൊടുത്തത്.
8.10 ലക്ഷം വാക്സിന് വിദേശകാര്യ മന്ത്രാലയം നേരിട്ട് വാങ്ങുമെന്ന് ജനുവരി 15ന് ഭാരത് ബയോടെകിനെ അറിയിച്ചിരുന്നു. അതിന്റെ സംഭരണം ജനുവരി 22നകം തുടങ്ങുമെന്നും അറിയിക്കുകയുണ്ടായി. 64.7 ലക്ഷം വാക്സിന് വിദേശരാജ്യങ്ങള്‍ക്ക് ഗ്രാന്റായി നല്‍കിയതായി കേന്ദ്ര വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 165 ലക്ഷം ഡോസ് വാസ്കിന് വാണിജ്യാടിസ്ഥാനത്തിലും നല്‍കിയതായി അറിയിച്ചു.
ഇങ്ങനെ സൗജന്യമായി നല്കിയ 64.7 ലക്ഷം വാക്സിന് ഡോസുകളില്‍ രണ്ട് ലക്ഷം മത്രമേ ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച കോവാക്സിന് വരുന്നുള്ളൂ. മറ്റെല്ലാം ഓക്സ്ഫോര്‍ഡ് വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവീഷീല്‍ഡ് ആയിരുന്നു.
ഏത് വാക്സിന് വേണം എന്ന് തീരുമാനിക്കുന്നത് അതാത് രാജ്യങ്ങളാണ്. അവര്‍ ഏറെയും താല്പര്യപ്പെടുന്നത് ഓക്സ്ഫോര്‍ഡ് വാക്സിന് ആയ കോവിഷീല്‍ഡ് ആണ്.
എന്തുകൊണ്ട് കോവാക്സിനോട് വിമുഖത?
കോവാക്സിന് അതിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല എന്നത് ഒരു കാരണമായി വിലയിരുത്തുന്നു. ഇന്ത്യയില്‍ 25,800 വോളന്റിയര്‍മാരെ ഉള്‍പ്പെടുത്തിയാണ് കോവാക്സിന് മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. ഇത് 2020 നവംബറില്‍ തുടങ്ങുകയും ചെയ്തു. ഇതില്‍ 25,000 ത്തോളം വോളന്റിയര്‍മാര്‍ക്ക് രണ്ട് ഡോസുകളും വാക്സിന് ലഭിച്ചു. ഈ ട്രയലിന്റെ അന്തിമഫലം ലഭിക്കുമ്പോള്‍ മാത്രമേ വാക്സിന് എത്രത്തോളം ഫലപ്രദമാണെന്ന് വ്യക്തമാക്കാന്‍ കഴിയുകയുള്ളൂ. മറ്റ് രാജ്യങ്ങള്‍ക്ക് കോവാക്സിനോടുള്ള താല്പര്യമില്ലായ്ക്ക് പ്രധാന കാരണം ഇതാണെന്ന് അനുമാനിക്കുന്നു.
വാക്സിന് ഫലപ്രാപ്തിയെ കുറിച്ച് ഭാരത് ബയോടെകിന് സംശയങ്ങളൊന്നുമില്ല. അതിന്റെ പ്രതിരോധ ശേഷിയെയും സുരക്ഷയെയും കുറിച്ചുള്ള ഉറപ്പുകള്‍ ഭാരത് ബയോടെക് ഇതിനകം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാകുന്നതോടെ ഇതില്‍ വ്യക്തത വരും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!