കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് എന്ത് സംഭവിക്കുന്നു?
പരിശോധന രീതിയിലെ പിഴവിലേറെ പ്രതിരോധ മാര്‍ഗങ്ങള്‍ ശീലിക്കുന്നതില്‍ ഉണ്ടായ വീഴ്ചയാണ് രോഗവ്യാപനം ഉയരാന്‍ കാരണമായത് എന്നാണ് പൊതു വിലയിരുത്തല്‍.
രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ എന്ത് സംഭവിക്കുന്നു?. വാക്സിനേഷന് പ്രക്രിയിലേക്ക് രാജ്യം കടന്ന ഘട്ടത്തിലും ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി വ്യാപന നിരക്ക് നിയന്ത്രിക്കാന്‍ കേരളത്തിന് സാധ്യമാകാത്തത് ഈ വലിയ ചോദ്യത്തിലേക്ക് നയിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം അടുത്തുകൊണ്ടിരിക്കെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ ജന സമ്പര്‍ക്കം വരും ദിവസങ്ങളില്‍ പതിവില്‍നിന്ന് കൂടുമ്പോള്‍ സ്ഥിതി ഇപ്പോഴത്തേതില്‍നിന്ന് കൂടുതല്‍ വഷളാകുമോ എന്ന ആശങ്ക ശക്തമാണ്.
'കേരളത്തിന്റെ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പ്, കൃത്യമായ ആസൂത്രണ നടപടികള്‍ എന്നിവ ഏറെ പ്രശംസ നേടിയിട്ടുണ്ട്. പക്ഷേ പാന്‍ഡെമിക്കിന്റെ പുതിയ തരംഗത്തിനെ കുറിച്ചും സംസ്ഥാനത്ത് സൂപ്പര്‍ സ്പ്രഡിനെ കുറിച്ചും ഉത്കണ്ഠയും ആശങ്കയും വര്‍ദ്ധിക്കുന്നു. ഇപ്പോഴത്തെ പ്രവണത തുടരുകയാണെങ്കില്‍, ഫെബ്രുവരി സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാകും. പ്രത്യേകിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രചരണ പരിപാടികള്‍ ആരംഭിക്കുമ്പോള്‍. പോസ്റ്റ് ലോക്ക് ഡൗണ്‍ കാലത്ത് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതോടെ കമ്മ്യൂണിറ്റി വ്യാപനം ഉണ്ടാകുമെന്ന് ഉറപ്പാണ്.'
കോവിഡ് വിദഗ്ധ സമിതി ചെയര്മാന് ഡോ ബി ഇക്ബാല്‍ ഏഷ്യാവില്ലിനോട് പറഞ്ഞു.
2020 ജനുവരി 30നാണ് കേരളത്തിലെ, ഇന്ത്യയിലെ തന്നെ ആദ്യ കേസ് തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൃത്യം ഒരു വര്‍ഷം പിന്നിട്ട് 2021 ജനുവരി അവസാനമായപ്പോള്‍ ആകെ രോഗബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം പിന്നിട്ടു. 3682 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് ജനുവരി 28ന് ആക്ടീവ് കേസുകളുടെ എണ്ണം 72,392 ആയി നിലനില്ക്കുന്നു.
'ഡല്‍ഹി പോലുള്ള നഗരങ്ങളെ വെച്ച് നോക്കിയാല്‍ കേരളത്തില്‍ ലെയിറ്റ് പീക്കാണ് ഉണ്ടായതെന്ന് പറയാം. വളരെ പതുക്കെ ആണ് ഇവിടെ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ വളരെ പെട്ടെന്ന് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചത് കൊണ്ട് തന്നെ മരണനിരക്കും കൂടുതല്‍ ആയിരുന്നു. ആള്‍ക്കൂട്ടം ഉണ്ടാകാവുന്ന രണ്ട് സാഹചര്യങ്ങള്‍ തുടരെ തുടരെ വന്നത് കേരളത്തെ ബാധിച്ചിട്ടുണ്ട്. ഓണത്തിന്റെ തിരക്കുകള്‍ കഴിഞ്ഞപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ പീക്ക് ഉണ്ടായി. അതുകഴിഞ്ഞ് ഉടന്‍ ലോക്കള് ബോഡി ഇലക്ഷനും വന്നു. ഇതൊക്കെ ആണെങ്കിലും ഇപ്പോഴും കേരളത്തെ കൊറോണ അതി കഠിനമായി ബാധിക്കാത്തതിന് കാരണം ആകെ രോഗം ബാധിച്ചവരുടെ എണ്ണം വലിയ തോതില്‍ എത്തിയിട്ടില്ല എന്നതാണ്. എത്രയും പെട്ടെന്ന് പരമാവധി പേരെ വാക്സിനേറ്റ് ചെയ്യുക എന്നതാണ് നമുക്ക് മുന്നിലുള്ള വഴി.
- ഡോ.കെ.പി. അരവിന്ദന് , പത്തോളജി വിഭാഗം മുന്‍ HOD, കോഴിക്കോട് മെഡിക്കല്‍ കൊളേജ്
ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് കേരളം അഭിമുഖീകകരിക്കുന്ന വലിയ വെല്ലുവിളി. ജനുവരി മൂന്നാം വാരത്തില്‍ കേസുകളുടെ എണ്ണം ശരാശരി 6500 മേലെ സ്ഥിരമായി നിന്നു എന്നത് വ്യാപന തോത് കുറയ്ക്കാനായില്ല എന്നതിന്റെ പ്രകടമായ ഉദാഹരണമായിരുന്നു. ജാഗ്രാത നിര്‍ദേശവും പരിശോധന സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന് കോവിഡ് വാര് റൂം വീണ്ടും സജ്ജമായെങ്കിലും അതിന്റെ ഫലം എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാന്‍ ഇനിയും ദിവസങ്ങളെടുക്കും.
'ഇപ്പോള്‍ ഉള്ള രോഗികളുടെ എണ്ണം കുറച്ച് കൂടെ ഫ്ലാറ്റണ് ചെയ്ത് കൊണ്ട് വരാം, അത് ചെയ്യണമെന്ന് ഉണ്ടെങ്കില്‍ കുറേ കൂടേ കര്‍ശനമായ രീതിയില്‍ ഉള്ള നിയന്ത്രണങ്ങള്‍ വേണ്ടി വരും. മാസ്ക് ധരിക്കുന്നതും, അകലം പാലിക്കുന്നതും, ആളുകള്‍ കൂട്ടം കൂടുന്നതും കര്‍ശനമായി നിയന്ത്രിച്ചാല്‍ കുറേ കൂടി എണ്ണം കുറച്ച് കൊണ്ട് വരാന്‍ കഴിയും. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്ര കണ്ട് അത് പ്രയോഗികം ആണെന്ന് അറിയില്ല. പല കാര്യങ്ങള്‍ നമ്മള് ഇപ്പോള്‍ ഇളവ് നല്‍കിയിട്ടുണ്ട്. വാക്സിന് കൂടുതല്‍ പേരിലേക്ക് എത്തുന്ന വരെ എങ്കിലും കൂടുതല്‍ കര്‍ശനമായി നിയന്ത്രണങ്ങള്‍ കൊണ്ട് വരേണ്ടതാണ്. സിനിമ തിയറ്റര്‍ പോലുള്ള സ്ഥലങ്ങള്‍ കൂടുതല്‍ ആളുകൂടി രോഗം പടര്‍ന്നു പിടിക്കാന്‍ സാഹചര്യം ഉള്ള സ്ഥലങ്ങളാണ്. ഇളവ് നല്‍കിയത് അതില്‍ ജോലി നോക്കുന്നവരുടെ സാഹചര്യങ്ങളും കൂടെ കണക്കില്‍ എടുത്താണ്. അത് അറിയാഞ്ഞിട്ടല്ല. പക്ഷേ കുറച്ച് നാളും കൂടെ പിടിച്ച് നില്ക്കാന് നമുക്ക് പറ്റുമെങ്കില്‍ രോഗത്തെ കുറേ കൂടെ നിയന്ത്രണ വിധേയം ആക്കാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്.- ഡോ.കെ.പി. അരവിന്ദന് പറഞ്ഞു.
ഉയര്‍ന്ന പോസിറ്റിവിറ്റി തോതില്‍ മാറ്റമില്ലെന്നതാണ് എല്ലാ പ്രതീക്ഷകള്‍ക്കും മുന്നിലുള്ള കരിനിഴല്‍. പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെ എത്തിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ സര്‍ക്കാര്‍ ലക്ഷ്യമിട്ടുവെങ്കിലും പിന്നിട്ട ആഴ്ചയില്‍ അത് അനുദിനം ഉയരുകയായിരുന്നു. പോസ്റ്റിവിറ്റി നിരക്ക് 12ത്ത് മേലെ നിലനില്‍ക്കുന്നത് സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമല്ലെന്നതിന്ളെ ലക്ഷമണാണ്. ഇത് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തോതുമാണ്. രാജ്യം മുഴുവന്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചിടത്താണ് ഇപ്പോള്‍ നിയന്ത്രണമില്ലാത്ത രീതിയില്‍ വ്യാപന തോത് കൂടിയത്.
ജനുവരി മൂന്നാം ഞായറാഴ്ച സംസ്ഥാനത്ത് 6036 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. 48,378 സാമ്പിളുകള്‍ പരിശോധിച്ചതില്‍നിന്നാണ് ഇത്രയും കേസുകള്‍. ആക്ടീവ് കേസുകളുടെ എണ്ണവും അതിലൂടെ ഉയര്‍ന്ന് 72,891 ആയി മാറി. അതും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തോതിലാണ്. രാജ്യത്താകെയുള്ള ആക്ടീവ് കേസുളില്‍ 39.19 ശതമാനവും കേരളത്തിലാണ് എന്നതാണ് ഇതില്‍ ഭയാനക ചിത്രം. തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ ആക്ടീവ് കേസുകള്‍ രാജ്യത്താകെയുള്ളതിന്റെ 24.45 ശതമാനമാണ്.
അവസാന വാരത്തില്‍ എത്തിയപ്പോഴും ആ സ്ഥിതിയില്‍ മാറ്റമൊന്നും രേഖപ്പെടുത്തിയില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജാഗ്രത പാലിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോവിഡ് വാര് റൂം ഒന്നുകൂടി സജീവമായി. ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷത്തിലേക്ക് ഉയയര്ത്താനുള്ള തീരുമാനം എടുത്തു. ആന്റിജന്‍ ടെസ്റ്റിന് പകരം ആര്‍ടി പിസിആര്‍ ടെസ്റ്റ് തന്നെ നടത്തണമെന്ന നിര്‍ദേശമാണ് ഇതില്‍ ഉയര്‍ന്നുവന്നത്. പരിശോധന രീതിയിലെ പിഴവിലേറെ പ്രതിരോധ മാര്‍ഗങ്ങള്‍ ശീലിക്കുന്നതില്‍ ഉണ്ടായ വീഴ്ചയാണ് രോഗവ്യാപനം ഉയരാന്‍ കാരണമായത് എന്നാണ് പൊതു വിലയിരുത്തല്‍.
ആന്റിജന്‍ ടെസ്റ്റില്‍ കേരളം അമിത വിശ്വാസം പ്രകടിപ്പിച്ചതാണ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെ പോയതെന്നാണ് ഒരു വിലയിരുത്തല്‍. ഇതിന് പകരം ആര്‍ടി പിസിആര്‍ ടെസ്റ്റ് തന്നെ നടത്തണം എന്ന നിര്‍ദേശമാണ് ഉയര്‍ന്നുവരുന്നത്. സംസ്ഥാന സര്‍ക്കാരും ആര്‍ടിപിസിആര്‍ ടെസ്റ്റിലേക്ക് ഊന്നല്‍ കൊടുക്കാന്‍ നിര്‍ദേശിച്ചത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്. ആന്റിജന്‍ ടെസ്റ്റിലെ പിഴവുകള്‍ വൈറസ് വാഹകരെ പുറത്ത് എത്തിക്കുകയും അത് രോഗവ്യാപനം കൂടാന്‍ കാരണമാവകും ചെയ്തു എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
അണ് ലോക്കിങ് ഏറെക്കുറേ പൂര്‍ണമാവുകയും ന്യൂ നോര്‍മല്‍ എന്നതില്നന്ന് മാറി ജനങ്ങള്‍ സാധാരണ രീതിയിലേക്ക് മാറുകയും ചെയ്തതോടെയാണ് ഈ കുത്തനെയുള്ള കുതിപ്പ് എന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സാമൂഹിക നിയന്ത്രണമില്ലാതെ കൊണ്ടാടുക കൂടി ചെയ്തപ്പോള്‍ വ്യാപന തോത് മുമ്പില്ലാത്ത വിധം വലുതായി. ജിം, തിയ്യേറ്ററുകള്‍, നിയന്ത്രിതമായ രീതിയില്‍ സ്കൂള്‍ തുറക്കല്‍, സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചകളിലും പ്രവൃത്തി ദിനമാക്കല്‍ എന്നിങ്ങനെ സ്വാഭാവിക രീതിയിലേക്ക് മാറിത്തുടങ്ങിയതോടെ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയില്‍നിന്ന് ജനങ്ങളും പതിയെ പിന്‍വാങ്ങുന്ന സ്ഥിതിയായി.
തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ സാമൂഹിക അകലം പാലിക്കല്‍ അപ്രസക്തമായിരുന്നു. ഇപ്പോള്‍ അത് ഏറെക്കുറെ സാധാരണവുമായി. കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ ജന സമ്പര്‍ക്കം വരും ദിവസങ്ങളില്‍ പതിവില്‍നിന്ന് കൂടും. വരുന്ന ഏതാനും മാസങ്ങളില്‍ ഇത് വലിയ വെല്ലുവിളിയായി തുടരും.
വാക്സിനേഷന് പ്രക്രിയയുടെ രണ്ടാംഘട്ടം ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും എന്നാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചത്. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടാംഘട്ടത്തില്‍ പ്രതിരോധത്തിന്റെ മുന്‍നിര പോരാളികള്‍ക്കും വാക്സിനേഷന് എന്നതാണ് മാനദണ്ഡം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊവിഡ്: ആഫ്രിക്കയിലെ മരണ നിരക്ക് എങ്ങനെ കുറഞ്ഞു?; അമ്പരപ്പിക്കുന്ന കാരണം തിരക്കി ശാസ്ത്രലോകം
പ്രായവും മറ്റ് രോഗങ്ങളും; കൊവിഡിന് മുന്നില്‍ കേരളത്തിന്റെ വലിയ വെല്ലുവിളി