നൻപൻ ഡാ, കണ്ണീരണിഞ്ഞ നെയ്മറെ നെഞ്ചോട് ചേർത്തുപിടിച്ച് മെസി; പിന്നാലെ കളിയും ചിരിയുമായി താരങ്ങൾ
സ്വന്തം നാട്ടിലെ കലാശപ്പോരാട്ടത്തിന്റെ അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെ ആയിരുന്നു നെയ്മര്‍ കണ്ണീരണിഞ്ഞത്. അര്‍ജന്റീന താരങ്ങള്‍ വിജയാഘോഷം നടത്തവെ സമീപത്ത് കൂടി ജേഴ്സിയില്‍ കണ്ണീര് തുടഞ്ഞുകൊണ്ടാണ് നെയ്മര്‍ നീങ്ങിയത്.
മാരക്കാനയിലെ സ്വപ്ന ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റതിന് പിന്നാലെ കണ്ണീരോടെ ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍. ആശ്വസിപ്പിക്കാന്‍ എത്തിയ അര്‍ജന്റീന നായകനും സുഹൃത്തുമായ മെസിയാകട്ടെ മിനിറ്റുകളോളമാണ് നെയ്മറെ ചേര്‍ത്ത് പിടിച്ച് ആലിംഗനം ചെയ്തത്. സമ്മാനദാനത്തിന് പിന്നാലെ ഇരുവരും സൗഹൃദം പങ്കിട്ട് കളിചിരിയോടെ ഇരിക്കുന്ന ഫോട്ടോകളും പുറത്തുവന്നു. കായികലോകം ഇരുചേരികളായി തിരിയുന്ന മത്സരത്തില്‍ കളിക്കുശേഷമുളള താരങ്ങളുടെ സ്നേഹ,സൗഹൃദ പ്രകടനത്തിന്റെ വീഡിയോയും ഫോട്ടോകളും ഇതോടെ വൈറലാകുകയും ചെയ്തു.

സ്വന്തം നാട്ടിലെ കലാശപ്പോരാട്ടത്തിന്റെ അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെ ആയിരുന്നു നെയ്മര്‍ കണ്ണീരണിഞ്ഞത്. അര്‍ജന്റീന താരങ്ങള്‍ വിജയാഘോഷം നടത്തവെ സമീപത്ത് കൂടി ജേഴ്സിയില്‍ കണ്ണീര് തുടഞ്ഞുകൊണ്ടാണ് നെയ്മര്‍ നീങ്ങിയത്. സഹതാരങ്ങളായ അലിസന്, വിനീസ്യൂസ് ജൂനിയര്‍ എന്നിവര്‍ താരത്തെ ആശ്വസിപ്പിച്ച് എത്തി. തുടര്‍ന്ന് ഗ്രൗണ്ടില്‍ മുട്ടുകുത്തിയെങ്കിലും നെയ്മറിന് കരച്ചില് അവസാനിപ്പിക്കാനായില്ല.

പിന്നാലെ അര്‍ജന്റീന പരിശീലകന് ലയണല്‍ സ്കലോനിയും ആശ്വാസവാക്കുകളുമായി എത്തി. ഇതിനുശേഷമാണ് സുഹൃത്ത് കൂടിയായ മെസി നെയ്മറിന്റെ അരികിലേക്ക് എത്തി ചേര്‍ത്ത് പിടിച്ച് ആലിംഗനം ചെയ്തതും. മെസിയുടെ തോളില്‍ മുഖമമര്‍ത്തി നെയ്മര്‍ കരയുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഇതിനുപിന്നാലെയാണ് സമ്മാനദാനത്തിന് ശേഷമുളള ചിത്രങ്ങള്‍ ട്വിറ്ററിലൂടെ എത്തിയത്. ജേഴ്സി ഇല്ലാതെ സൗഹൃദം പങ്കിട്ട് കളിചിരിയോടെ ഇരിക്കുന്ന നെയ്മറിനെയും മെസിയെയുമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.
This moment is so touching. Neymar and Messi with the tight hugs #CopaAmericaFINAL pic.twitter.com/Ou1tURNunX
— Gravity (@antigravitylite) July 11, 2021
നേരത്തെ ബ്രസീല്‍ ഫൈനലില്‍ കടന്നതിന് പിന്നാലെ നെയ്മര്‍ അര്‍ജന്റീനയെ എതിരാളികളായി കിട്ടണമെന്നും മത്സരത്തില്‍ തങ്ങള്‍ ജയിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന് മെസി മറുപടി നല്കിയതാകട്ടെ, എല്ലാവരും ജയിക്കാനാണ് കളിക്കുന്നത് എന്നായിരുന്നു. അര്‍ജന്റീന-ബ്രസീല്‍ ഫൈനലിന് അപ്പുറം മെസി-നെയ്മര്‍ പോരാട്ടം കൂടിയായി മത്സരത്തെ വിലയിരുത്തിയിരുന്നു.
കഴിഞ്ഞതവണ ബ്രസീല്‍ കപ്പ് നേടിയെങ്കിലും നെയ്മറിന് ഫൈനലില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം മെസി തന്റെ ആദ്യ അന്താരാഷ്ട്ര കിരീടം ഇത്തവണ സ്വന്തമാക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ മെസി നാല് ഗോളുകള്‍ നേടുകയും അഞ്ച് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. കൂടാതെ അര്‍ജന്റീന നേടിയ ഒന്‍പത് ഗോളുകളിലും മെസിയുടെ സ്പര്‍ശം ഉണ്ടായിരുന്നു. ബ്രസീലിനായി ടൂര്‍ണമെന്റില്‍ രണ്ട് ഗോളുകള്‍ നേടിയ നെയ്മറാകട്ടെ മൂന്ന് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്യുകയും ചെയ്തു.

ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!