മിന്നും ഫോമിലെ മെസി കിരീട വരൾച്ച അവസാനിപ്പിക്കുമോ? 14 വർഷത്തിന് ശേഷം സ്വപ്ന ഫൈനൽ; കണക്കുകൾ പറയുന്നത്
28 തവണ കോപ്പയുടെ ഫൈനലിൽ കളിച്ചിട്ടുളള അർജന്റീന 14 തവണ ചാംപ്യൻമാരായിട്ടുണ്ട്. 1993ലാണ് അർജന്റീന അവസാനമായി കോപ്പയിലെ ചാംപ്യൻമാരായത്.
ബ്രസീലിലെ ഏറെ പ്രശസ്തമായ മാറക്കാന സ്റ്റേഡിയം ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനലിനായി ഒരുങ്ങുകയാണ്. 14 വർഷങ്ങൾക്ക് ശേഷമാണ് കോപ്പയുടെ ചരിത്രത്തിൽ ബ്രസീൽ- അർജന്റീന ഫൈനൽ വീണ്ടുമെത്തുന്നത്. ആവേശകരമായ മത്സരത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് മെസിയുടെ അർജന്റീന സംഘം എത്തുന്നത്. നിലവിലെ ചാംപ്യൻമാരും ആതിഥേയരുമായ ബ്രസീൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. സൂപ്പർ താരവും ക്യാപ്റ്റനുമായിരിക്കെ ദേശീയ ടീമിനായി ഒരു കിരീടം പോലും നേടാനായില്ലെന്ന വിമർശനങ്ങളിൽ നിന്ന് തല ഉയർത്തണമെങ്കിൽ മെസിക്കും സംഘത്തിനും ഇത്തവണ കപ്പ് നേടിയേ മതിയാവുകയുളളൂ.
ടൂർണമെന്റിൽ ഉടനീളം മിന്നുന്ന ഫോമിലാണ് മെസിയുടെ പ്രകടനങ്ങൾ. കളിച്ച ആറ് മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളുകൾ നേടിയ മെസിയാണ് ഗോൾവേട്ടയിലും മുന്നിലുളളത്. ഇത് കൂടാതെ അർജന്റീന നേടിയ മറ്റ് അഞ്ച് ഗോളുകൾ പിറന്നത് മെസിയുടെ പാസുകളിലൂടെയാണ്. മത്സരങ്ങളിൽ ഉടനീളം 20 അവസരങ്ങൾ സൃഷ്ടിച്ച മെസി ക്വാർട്ടറിൽ അടക്കം ഇതുവരെ നാല് മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ചുമായി.

കോപ്പയുടെ ചരിത്രം പരിശോധിച്ചാൽ പത്ത് തവണയാണ് അർജന്റീനയും ബ്രസീലും തമ്മിൽ ഫൈനൽ കളിച്ചിട്ടുളളത്. 1975ന് ശേഷം രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും കിരീടം ബ്രസീലിനായിരുന്നു. 2004ൽ നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകൾ വീതം അടിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീൽ വിജയിച്ചത്. ഏറ്റവും അവസാനം 2007ൽ നടന്ന പോരാട്ടത്തിൽ അർജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. റോബര്‍ട്ടോ അയാളയും റിക്വെല്‍മിയും ലയണല്‍ മെസിയും അടങ്ങിയ സംഘമായിരുന്നു അന്ന് തോൽവി ഏറ്റുവാങ്ങിയത്. എന്നാല്‍ ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ വന്ന ഫൈനലുകൾ പരിശോധിച്ചാൽ ആധിപത്യം അര്‍ജന്റീനയ്ക്കാണ്. ഇരുവരും ഏറ്റുമുട്ടിയ 1921, 1925, 1937, 1945, 1957, 1959, 1991 ഫൈനലുകളില്‍ അര്‍ജന്റീനയ്ക്കായിരുന്നു വിജയം.

കോപ്പയിൽ ഇതുവരെ ഒൻപത് തവണ ചാംപ്യൻമാരായ ബ്രസീൽ പത്താം കിരീടമാണ് ലക്ഷ്യമിടുന്നത്. അവസാനം നടന്ന കോപ്പയിൽ പെറുവിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ബ്രസീൽ കിരീടം ഉയർത്തിയത്. 28 തവണ കോപ്പയുടെ ഫൈനലിൽ കളിച്ചിട്ടുളള അർജന്റീന 14 തവണ ഇതുവരെ ചാംപ്യൻമാരായിട്ടുണ്ട്. 1993ലാണ് അർജന്റീന അവസാനമായി കോപ്പയിലെ ചാംപ്യൻമാരായത്.
കൊളംബിയയ്ക്ക് എതിരായ മത്സരത്തിൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസാണ് അർജന്റീനയുടെ രക്ഷകനായത്. നിശ്ചിത സമയത്ത് ഓരോ ഗോളുകൾ വീതം ഇരുടീമും നേടിയപ്പോൾ മത്സരം പെനാൽറ്റിയിലേക്ക് പോകുകയായിരുന്നു. ഷൂട്ടൗട്ടിൽ മൂന്ന് കൊളംബിയൻ താരങ്ങളുടെ ഷോട്ടുകളാണ് എമിലിയാനോ തട്ടിയകറ്റിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!