അന്ന് ഇന്ത്യ ക്രിക്കറ്റ് വേൾഡ് കപ്പ് നേടിയത് 28 വർഷത്തിന് ശേഷം, ഇന്ന് അർജന്റീനയും; സച്ചിനെ പോലെ അവസാനം മെസിക്കും കിരീടം
ലോകക്രിക്കറ്റിലെ സൂപ്പർതാരമായി ആഘോഷിക്കപ്പെടുമ്പോഴും വേൾഡ് കപ്പ് നേട്ടത്തിന് കരിയറിന്റെ അവസാനം വരെ കാത്തിരിക്കേണ്ടി വന്ന സച്ചിനൊപ്പമാണ് മെസിയെയും താരതമ്യപ്പെടുത്തുന്നത്.
കോപ്പയിൽ അർജന്റീന കിരീടം നേടിയതിന് ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ വിജയവുമായി ഏറെ സമാനതകള്‍. കപിലിന്റെ ചെകുത്താൻമാർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ കിരീടം നേടുന്നതിനായി ഇന്ത്യയ്ക്ക് പിന്നീട് 28 വർഷങ്ങൾ വേണ്ടി വന്നിരുന്നു. അതുപോലെയാണ് അർജന്റീനയുടെ കിരീട നേട്ടവും. ലോകക്രിക്കറ്റിലെ സൂപ്പർതാരമായി ആഘോഷിക്കപ്പെടുമ്പോഴും വേൾഡ് കപ്പ് നേട്ടത്തിന് കരിയറിന്റെ അവസാനം വരെ കാത്തിരിക്കേണ്ടി വന്ന സച്ചിനെപ്പോലെയായി മെസിയും. ക്ലബ്ബുകൾക്കായി കിരീട നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും മെസിക്ക് ഒരു അന്താരാഷ്ട്ര കിരീടത്തിനായി 16 വർഷം കാത്തിരിക്കേണ്ടി വന്നു. സച്ചിന് വേള്‍ഡ് കപ്പിനായി 22 വര്‍ഷവും.

അർജന്റീന 1993ൽ കോപ്പ അമേരിക്ക നേടുമ്പോഴും ഇന്ത്യ 1983ൽ ഏകദിന ക്രിക്കറ്റ് കിരീടം സ്വന്തമാക്കുമ്പോഴും ഇന്ത്യയിൽ കളർ ടെലിവിഷനുകൾ പ്രചാരത്തിൽ എത്തിയിരുന്നില്ല. അർജന്റീന ടീമിനെ എതിരാളികൾ ഇതുവരെ പരിഹസിച്ചിരുന്നത് കളർടിവി വന്നതിന് ശേഷം ഒരു കപ്പെങ്കിലും നേടിയിട്ടുണ്ടോ എന്നായിരുന്നു. അതുപോലെ ലോകം മുഴുവൻ അറിയപ്പെടുന്ന, ഒരുവിധപ്പെട്ട റെക്കോഡുകൾ എല്ലാം നേടിയിരുന്ന ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർക്ക് ലോക കിരീടം സ്വന്തമാക്കാനായി ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയതിന് ശേഷം 22 വർഷങ്ങൾ വേണ്ടി വന്നു.
1989ൽ നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ ലോകകപ്പ് കിരീടം നേടിയതിന് ശേഷമുളള തൊട്ട് അടുത്ത വർഷം 2012 മാർച്ചിൽ ഏകദിനത്തിൽ നിന്നും വിരമിക്കുകയും ചെയ്തു. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവുമധികം സെഞ്ചുറികള്‍, ഏകദിനത്തില്‍ ആദ്യമായി ഡബിള്‍ സെഞ്ചുറി, അന്താരാഷ്ട്ര തലത്തില്‍ കരിയറില്‍ നൂറ് സെഞ്ചുറികള്‍ നേടിയ താരം എന്നിങ്ങനെ നിരവധി റെക്കോഡുകളായിരുന്നു സച്ചിന് സ്വന്തമാക്കിയത്.

ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലെ ലോർഡ്സിൽ 1983ൽ നടന്ന ഫൈനലിൽ അന്നത്തെ മികച്ച ടീമായിരുന്ന വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാണ് കപിൽദേവിന്റെ നേതൃത്വത്തിലുളള ഇന്ത്യൻ ടീം ആദ്യമായി ലോകകിരീടം സ്വന്തമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റൺസിന് പുറത്തായെങ്കിലും വിൻഡീസിനെ 140 റൺസിന് എറിഞ്ഞ് ഒതുക്കുകയായിരുന്നു. 18 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ മീഡിയം പേസറായ റോജർ ബിന്നിയായിരുന്നു അന്ന് ടൂർണമെന്റിലെ ലീഡിങ് വിക്കറ്റ് ടേക്കർ. ഈ ലോകകപ്പ് വിജയമാണ് ഇന്ത്യയിൽ വലിയ രീതിയിൽ ക്രിക്കറ്റ് വളരാനുളള ആവേശം നിറച്ചത്.

ആ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി കാലഘട്ടത്തിൽ നിന്ന് ഇന്ത്യ രണ്ടാമതൊരു ഏകദിന കിരീടം നേടുന്നത് 2011ൽ മഹേന്ദ്രസിങ് ധോണി നായകനായ ഇന്ത്യൻ ടീമിലൂടെയാണ്. ഇന്ന് അർജന്റീനയുടെ വിജയം ആഘോഷിക്കുന്നത് പോലെ 28 വർഷങ്ങൾക്ക് ശേഷം. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ 18 റൺസിനും സേവാഗ് പൂജ്യത്തിനും പുറത്തായെങ്കിലും ഗംഭീറും പിന്നീട് എത്തിയ നായകൻ ധോണിയും ചേർന്ന് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയെ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിച്ചു. ജന്മനാട് കൂടിയായ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സ്വന്തമാക്കിയ ആ വിജയത്തെ തന്റെ ക്രിക്കറ്റ് ജീവിതത്തിലെ മഹത്തായ ദിവസമെന്നാണ് സച്ചിൻ വിശേഷിപ്പിച്ചത്. ക്രിക്കറ്റ് ഇതിഹാസത്തിന് ടീം ഇന്ത്യയുടെ സമ്മാനം കൂടിയായിരുന്നു ആ വിജയം.

അതുപോലൊരു വിജയമാണ് ഇന്ന് എയ്ഞ്ചൽ ഡീ മരിയയുടെ ഗോളിലൂടെ അർജന്റീന മെസിക്കായി സ്വന്തമാക്കിയതും. വേൾഡ് കപ്പും കോപ്പയും അടക്കം നാല് ഫൈനലുകൾ കളിച്ചിട്ടും അന്താരാഷ്ട്ര കിരീടം മാത്രം മെസിക്ക് അന്യമായിരുന്നു. ലോക ഫുട്ബോളിന്റെ നെറുകയിൽ നിൽക്കവെ 34ാം വയസിൽ ഒടുവിൽ ആ കിരീടവും മെസിയിലേക്ക് എത്തി.
ടൂര്‍ണമെന്റില്‍ മെസി നാല് ഗോളുകള്‍ നേടുകയും അഞ്ച് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. കൂടാതെ അര്‍ജന്റീന നേടിയ ഒന്‍പത് ഗോളുകളിലും മെസിയുടെ സ്പര്‍ശം ഉണ്ടായിരുന്നു. കോപ്പയിലെ താരമായും മെസി തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആറ് കോപ്പ അമേരിക്കയില്‍ നിന്നായി 13 ഗോളാണ് ഇതുവരെ മെസി അടിച്ചത്. കൂടാതെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയായി മെസി. ചിലിക്കായി 34 മത്സരങ്ങൾ കളിച്ച സെര്‍ജിയോ ലിവിങ്സ്റ്റണിനൊപ്പമാണ് മെസി ഈ റെക്കോഡ് പങ്കിടുന്നത്. അർജന്റീനയ്ക്കായി 150 മത്സരങ്ങളിൽ നിന്നായി 76 ഗോളുകൾ നേടിയ മെസി ഖത്തര്‍ ലോകകപ്പിലും ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇന്ന് ബ്രസീലിനെതിരെ ജയിക്കുന്നതിന് മുന്‍പ് 1993ൽ ഇക്വഡോറിൽ നടന്ന കോപ്പ ഫൈനലിലാണ് അർജന്റീന ഒരു കിരീടം നേടിയത്. മറഡോണയ്ക്ക് ശേഷം ഏറെ ആരാധകരുണ്ടായിരുന്ന, ബാറ്റിഗോൾ എന്നറിയപ്പെട്ടിരുന്ന 24കാരനായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട ആയിരുന്നു മെക്സിക്കോയ്ക്ക് എതിരെ അർജന്റീനയുടെ വിജയശിൽപ്പി. ഫൈനൽ മത്സരത്തിൽ ബാറ്റിസ്റ്റ്യൂട്ട രണ്ട് ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ മടക്കാനെ മെക്സിക്കോയ്ക്ക് സാധിച്ചുളളൂ.

ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!