84 വർഷങ്ങൾക്ക് ശേഷം ബ്രസീലിനെ ഫൈനലിൽ വീഴ്ത്തി, ഇത് അർജന്റീനയുടെ മധുരപ്രതികാരം
ഇരുടീമുകളും ഒരു ഫൈനലിൽ നേർക്കുനേർ പോരാട്ടം നടത്തിയത് ഇത് അഞ്ചാം തവണയാണ്. ഇതിൽ മൂന്ന് എണ്ണത്തിൽ വിജയം ബ്രസീലിനായിരുന്നു. ഇന്നത്തെ വിജയം ഉൾപ്പെടെ ബ്ര-അ പോരിൽ അർജന്റീനയുടെ കിരീട നേട്ടം രണ്ടായി.
ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് അർജന്റീന കിരീടം സ്വന്തമാക്കുമ്പോൾ അവസാനിച്ചത് 28 വർഷത്തെ കാത്തിരിപ്പ്. ഇതിന് മുമ്പ് 1993ൽ ആയിരുന്നു അർജന്റീന കോപ്പയിൽ കിരീടം നേടിയത്. ഇതിനുശേഷം ലോകകപ്പിലും കോപ്പ അമേരിക്കയിലുമായി അഞ്ച് തവണ ഫൈനലിൽ എത്തിയെങ്കിലും അർജന്റീനയ്ക്ക് കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല. കോപ്പയിൽ തന്നെ 2004, 2007 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയെങ്കിലും ബ്രസീലിനോട് കാലിടറി. പിന്നാലെ 2015, 2016 വര്‍ഷങ്ങളിലും ഫൈനലിൽ എത്തിയെങ്കിലും രണ്ടു തവണയും ചിലിയോട് തോറ്റു. കഴിഞ്ഞ വർഷം സെമിഫൈനലിൽ എത്തിയെങ്കിലും ബ്രസീലിനോട് തോൽക്കുകയായിരുന്നു. പെറുവിനെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച ബ്രസീൽ കഴിഞ്ഞ തവണ കീരിടം നേടുകയും ചെയ്തു.

കഴിഞ്ഞ വർഷത്തെ സെമി ഫൈനൽ തോൽവിക്കും ഇതുവരെയുളള ഫൈനലിലെ തോൽവികൾക്കും മധുരപ്രതികാരം കൂടിയാണ് അർജന്റീനയുടെ ഇത്തവണത്തെ വിജയം. 84 വർഷങ്ങൾക്ക് ശേഷമാണ് ബ്രസീലിനെ ഒരു അന്താരാഷ്ട്ര മത്സരത്തിന്റെ ഫൈനലിൽ അർജന്റീനയ്ക്ക് തോൽപ്പിക്കാൻ കഴിഞ്ഞത്.ഇതിന് മുന്‍പ് 1991ലെ കോപ്പയില്‍ അര്‍ജന്റീന വിജയികളും ബ്രസീല്‍ രണ്ടാം സ്ഥാനക്കാരും ആയിരുന്നു. എന്നാല്‍ ഇത് ഗ്രൂപ്പ് തല മത്സരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു വിജയികളെ തീരുമാനിച്ചത്.
കോപ്പ അമേരിക്കയ്ക്ക് മുൻപുളള സൗത്ത് അമേരിക്കൻ ചാംപ്യൻഷിപ്പിൽ 1937 ഫെബ്രുവരി ഒന്നിനായിരുന്നു ഇതിന് മുൻപെ അർജന്റീന ബ്രസീലിനെ ഫൈനലിൽ തോൽപ്പിച്ചത്. അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അന്ന് അർജന്റീനയുടെ വിജയം. ഇത്തവണ സ്വന്തം ഗ്രൗണ്ടിൽ തോൽവി അറിയാതെ 30 മത്സരങ്ങൾ പിന്നിട്ടുവന്ന ബ്രസീലിന്റെ കുതിപ്പ് കൂടിയാണ് അർജന്റീന മാരക്കാനയിലെ ബ്രസീൽ ആരാധകർക്ക് മുന്നിൽ ഇല്ലാതാക്കിയത്. ഇതോടെ 15 കോപ്പ കിരീടങ്ങള്‍ നേടിയ ഉറുഗ്വെയുടെ റെക്കോഡിന് ഒപ്പമെത്തി നീലപ്പട.

ഇരുടീമുകളും ഒരു ഫൈനലിൽ നേർക്കുനേർ പോരാട്ടം നടത്തിയത് ഇത് അഞ്ചാം തവണയാണ്. ഇതിൽ മൂന്ന് എണ്ണത്തിൽ വിജയം ബ്രസീലിനായിരുന്നു. ഇന്നത്തെ വിജയം ഉൾപ്പെടെ ബ്ര-അ പോരിൽ അർജന്റീനയുടെ കിരീട നേട്ടം രണ്ടായി. 2007ലെ കോപ്പ അമേരിക്ക ഫൈനലായിരുന്നു ഇതിന് മുൻപ് കായികലോകത്തെ ആവേശം കൊളളിച്ചത്. അന്ന് 20 വയസുളള ലയണൽ മെസിയും കാർലോസ് ടെവസിനും റിക്വൽമിക്കുമൊപ്പം ടീമിലുണ്ടായിരുന്നു. 3-0ത്തിനായിരുന്നു അന്ന് ബ്രസീൽ വിജയം. ജൂലിയോ ബാപ്റ്റിസ്റ്റ, ഡാനി ആൽവസ് എന്നിവർ ബ്രസീലിനായി ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ അർജന്റീന താരം റോബർട്ടോ അയാളയുടെ സെൽഫ് ഗോളായിരുന്നു.

2019 നവംബറിന് ശേഷം തോൽവി അറിയാതെ 13 അന്താരാഷ്ട്ര മത്സരങ്ങൾ പൂർത്തിയാക്കിയ ബ്രസീലിനെയാണ് ഇന്ന് അർജന്റീന തോൽപ്പിച്ചത്. നേരത്തെ അഞ്ചു തവണ കോപ്പയ്ക്ക് ബ്രസീല്‍ ആതിഥേയത്വം വഹിച്ചിരുന്നു. 1919, 1922, 1949, 1989, 2019 എന്നിങ്ങനെ ആ അഞ്ച് വർഷങ്ങളിലും ചാംപ്യൻമാരായെങ്കിലും ഇത്തവണ അർജന്റീനയ്ക്ക് മുന്നിൽ അടിപതറി. ഹോം ഗ്രൗണ്ടിൽ 30 മത്സരങ്ങൾക്ക് ശേഷമാണ് ബ്രസീൽ പരാജയപ്പെടുന്നത്. ടിറ്റെ പരിശീലക സ്ഥാനം ഏറ്റെടുത്തശേഷം കളിച്ച 61 മത്സരങ്ങളിൽ 42 എണ്ണത്തിലും വിജയിച്ച ബ്രസീലിന് കോപ്പയിലെ കിരീട നഷ്ടം ലോകകപ്പിന് മുന്നോടിയായുളള ഒരുക്കങ്ങളെ ആയിരിക്കും സമ്മർദ്ദത്തിലാക്കുക.

ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!