അർജന്റീന കുപ്പായത്തിലെ 16 വർഷങ്ങൾ, അഞ്ച് ഫൈനലുകൾ, ഒടുവിൽ കിരീടം; ടൂർണമെന്റിലെ താരമായി മെസി
ഇത്തവണ കോപ്പയിൽ അർജന്റീനയുടെ വിജയക്കുതിപ്പിന് നേതൃത്വം നൽകിയത് 34കാരനായ മെസിയായിരുന്നു. അർജന്റീന അടിച്ച 11 ഗോളുകളിൽ ഒമ്പത് ഗോളുകളിലും മെസിയുടെ സ്പർശമുണ്ട്. കൂടാതെ നാലുഗോളുകൾ മെസി അടിച്ചു.
ഒടുവിൽ കിരീടം, ആനന്ദാശ്രു. ഒരിക്കൽ പെനാൽറ്റി നഷ്ടത്തിന്റെയും നിരാശയുടെയും വക്കിൽ നിന്ന് അർജന്റീന കുപ്പായത്തിനോട് വിടപറഞ്ഞ ശേഷം തിരിച്ചെത്തിയ മെസി വർഷങ്ങൾ നീണ്ട ആ കാത്തിരിപ്പിനും വിമർശനങ്ങൾക്കും മറുപടിയായി ആദ്യ അന്താരാഷ്ട്ര കിരീടം നേടിയപ്പോൾ കണ്ണീരൊഴുകുകയായിരുന്നു. ഗ്രൗണ്ടിൽ മുട്ടുകുത്തിയിരുന്ന മെസിയുടെ മുഖത്ത് നിന്ന് കണ്ണീർ ഒഴുകുമ്പോൾ ചുറ്റും കൂടിയ അർജന്റീന താരങ്ങൾ കാൽപ്പന്ത് കളിയിലെ മിശിഹയെ പൊക്കിയെടുത്ത് വാനിലേക്ക് ഉയർത്തി. 28 വര്‍ഷത്തിന് ശേഷം അര്‍ജന്റീന കാത്തിരുന്ന വിജയാഘോഷം.

2005 ആഗസ്റ്റ് 17ന് ഹംഗറിക്കെതിരെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ച മെസിക്ക് പിന്നീട് ഒരു വർഷം കഴിഞ്ഞ് ആറാമത്തെ മത്സരത്തിലാണ് ക്രൊയേഷ്യക്കെതിരെ തന്റെ ആദ്യ ഗോൾ കണ്ടെത്താനായത്. കളിക്കളത്തിൽ അരങ്ങേറിയിട്ട് വരുന്ന ആഗസ്റ്റിൽ 16 വർഷം പൂർത്തിയാക്കവെ ഇപ്പോൾ ആദ്യമായി കോപ്പയിലൂടെ ആദ്യ കിരീട നേട്ടവും. ഏറ്റവും കൂടുതൽ ഗോൾ നേടി, കൂടുതൽ ഗോളുകൾക്ക് വഴിതുറന്ന്, ടൂർണമെന്റിലെ മികച്ച താരവുമായിട്ടാണ് നായകൻ കൂടിയായ മെസി മാരക്കാനയിൽ നിന്ന് കപ്പുമായി അർജന്റീനയിലേക്ക് മടങ്ങുന്നത്.

നാല് വട്ടം കപ്പിനും ചുണ്ടിനും ഇടയില്‍ നിരാശനായി കളിക്കളം വിടേണ്ടി വന്ന മെസിക്ക് ബ്രസീലിനെ തോൽപ്പിച്ച് തന്നെ കിരീടം നേടിക്കൊടുക്കാൻ സാധിച്ച സന്തോഷത്തിലാണ് അർജന്റീന ടീമും. 2007ലെ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽവി, പിന്നീട് 2014 ലോകകപ്പിൽ ഫൈനലിൽ ജർമ്മനിയോട് 1-0ന് തോൽവി, 2015 കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് ഷൂട്ടൗട്ടിൽ തോൽവി, 2016ലെ കോപ്പയിലും ചിലിയോട് ഷൂട്ടൗട്ടിൽ തോൽവി. ഇങ്ങനെ നാല് തവണയാണ് അന്താരാഷ്ട്ര മത്സരങ്ങളുടെ ഫൈനലിൽ കപ്പിനും ചുണ്ടിനും ഇടയിൽ മെസിക്കും സംഘത്തിനും കാലിടറിയത്.

ഈ നാല് മത്സരങ്ങളിലും ഇന്നത്തെ ഫൈനലിലും അടക്കം മെസിക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതേസമയം ഇത്തവണ കോപ്പയിൽ അർജന്റീനയുടെ വിജയക്കുതിപ്പിന് നേതൃത്വം നൽകിയത് 34കാരനായ മെസിയായിരുന്നു. അർജന്റീന അടിച്ച 11 ഗോളുകളിൽ ഒമ്പത് ഗോളുകളിലും മെസിയുടെ സ്പർശമുണ്ട്. കൂടാതെ നാലുഗോളുകൾ മെസി അടിച്ചു. മൂന്ന് മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ച് ആയതിന് പുറമെ ടൂർണമെന്റിലെ താരമായും ഇത്തവണ മെസി തിരഞ്ഞെടുക്കപ്പെട്ടു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!