രാജ്യത്തെ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ പ്രധാന റോള്‍ വഹിക്കുന്നതാണ് സഹകരണ മേഖല.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സഹകരണ നയം ഉടന്‍ കൊണ്ടുവരുമെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസമുണ്ടായി. ദേശീയ സഹകരണ സമ്മേളനത്തിലായിരുന്നു അമിത്ഷായുടെ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഒരു സഹകരണ മന്ത്രാലയം രൂപീകരിച്ച ശേഷമുള്ള ആദ്യ സമ്മേളനം കൂടിയായിരുന്നു അത്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് തന്നെയാണ് ഈ മന്ത്രാലയത്തിന്റെയും ചുമതല. അതുകൊണ്ടുതന്നെ പുതിയ നയം എന്തായിരിക്കും എന്ന് ഉറ്റുനോക്കുകയാണ് രാജ്യത്ത് സഹകരണ മേഖലയുമായി ചേര്ന്നുനില്ക്കുന്നവര്. കേന്ദ്ര സര്‍ക്കാര്‍ നീക്കം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും ഫെഡറല്‍ ഘടനയെ തകര്‍ക്കുമെന്നും വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. എന്തുകൊണ്ടാണ് പ്രതിപക്ഷവും വിവിധ സംസ്ഥാനങ്ങളും ഈ നീക്കത്തെ എതിര്‍ക്കുന്നത്. വീഡിയോ കാണാം.
വാജ്പേയിയുടെ ഭരണകാലത്ത് 2002ല്‍ പ്രഖ്യാപിച്ച സഹകരണ നയത്തെ അടിസ്ഥാനമാക്കിയായിരിക്കും പുതിയത് രൂപപ്പെടുത്തുക എന്ന സൂചന അമിത് ഷാ നല്‍കിയിട്ടുണ്ട്. പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ച ഘട്ടത്തില്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികളും ചില സംസ്ഥാനങ്ങളും ശക്തമായ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. പുതിയ നയം സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റമുട്ടലായി മാറില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ, സഹകരണ മേഖലയുടെ അധികാരങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ പിടിച്ചെടുക്കുകയാണെന്ന വിമര്‍ശനം വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു.
എന്താണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം?
രാജ്യത്തെ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ പ്രധാന റോള്‍ വഹിക്കുന്നതാണ് സഹകരണ മേഖല. ഇന്ത്യയിലെ 91% ഗ്രാമങ്ങളിലും ഏതെങ്കിലും സഹകരണ സംരഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉണ്ട് എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2024 ഓടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വലുപ്പം അഞ്ചുലക്ഷം കോടി എന്ന നിലയില്‍ ഉയര്‍ത്തുകയെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലക്ഷ്യം. അത് കൈവരിക്കുന്നതിന് സഹകരണ മേഖലയിലെ ഇടപെടല്‍ കൂടി അനിവാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
സഹകരണ മേഖലയില്‍ വലിയ പരിവര്‍ത്തനം ലക്ഷ്യമിടുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നല്കിയ സൂചനകള്‍. കാര്‍ഷികമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍, മത്സ്യ തൊഴിലാളി-ആദിവാസി മേഖലകളില്‍ അവരുടെ ഉത്പന്ന വില്‍പ്പനയ്ക്ക് വിപണി കണ്ടെത്താന്‍ സംവിധാനം, ദേശീയ തലത്തില്‍ പൊതു സേവന കേന്ദ്രം, ദേശീയ സഹകരണ യൂണിവേഴ്സിറ്റി ഇങ്ങനെ ചില സൂചനകള്‍ ഇതിനകം നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ സുതാര്യത ഉറപ്പാക്കാനുള്ളതായിരിക്കും പരിഷ്കാരങ്ങള്‍ എന്നുകൂടി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു.
കേന്ദ്ര-സംസ്ഥാന ഏറ്റമുട്ടല്‍ ആകുമോ?
കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ മേഖലയിലെ ഇടപെടലുകള്‍ രാജ്യത്തെ ഫെഡറല്‍ ഘടനയെ ഉലയ്ക്കും എന്നാതാണ് പ്രധാന വിമര്‍ശനം. അതിന് കാരണങ്ങളുണ്ട്. സംസ്ഥാനങ്ങളിലെ സഹകരണ മേഖലയുടെ നിയന്ത്രണം നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തന്നെയാണ്. ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളുടേത് മാത്രമാണ് നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ അധികാരം. കള്ളപ്പണം പിടിച്ചെടുക്കാനെന്ന പേരില്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയ ഘട്ടത്തില്‍ സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടി നിരീക്ഷണം നടത്തുമെന്ന പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നു. സഹകരണം സംസ്ഥാന പട്ടികയില്പെട്ടതായതിനാല് കേന്ദ്ര സര്‍ക്കാരിന് അത് സാധിച്ചിട്ടില്ല.
2021 ജൂലൈ ആറിനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സഹകരണ മന്ത്രാലയം രൂപീകരിക്കുമെന്ന പ്രഖ്യാപനം നടത്തുന്നത്. വൈകാതെ തന്നെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. രാജ്യത്തെ മുഴുവന്‍ സഹകരണ മേഖലയ്ക്കും ബാധകമാകുന്ന വിധത്തില്‍ ഭരണപരവും നിയമപരവും നയപരവുമായ കാര്യങ്ങളില്‍ ഒരു ഘടന ഈ മന്ത്രാലയം രൂപം കൊടുക്കും എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം.
രാഷ്ട്രീയ താല്പര്യത്തോടെയുള്ള നീക്കം എന്നാണ് ഈ പ്രഖ്യാപനത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് വിമര്‍ശിച്ചത്. ഫെഡറല്‍ ഘടനയെ തകര്‍ക്കും എന്ന് ഇടത് പാര്‍ട്ടികള്‍ വിമര്‍ശിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സഹകരണ മേഖല വളരെ ശക്തമാണ്. പഞ്ചാസാര, പാല്, കൈത്തറി ഉത്പാദനത്തിലും വിതരണ മേഖലയിലും അവയുടെ പ്രവര്‍ത്തനം വ്യാപിച്ചുനില്ക്കുന്നു. ഗ്രാമീണ മേഖലയില്‍ കൃഷി-കാര്‍ഷികേതര മേഖലയിലും സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുണ്ട്.
വലിയ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഇവയുടെ രാഷ്ട്രീയാധികാരം ബിജെപിക്ക് ഇപ്പോള്‍ വലിയതോതില്‍ ഇല്ല. ഇത് പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ താല്പര്യമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നാണ് പ്രതിപക്ഷ വിമര്‍ശനം. മഹാരാഷ്ട്രയില്‍ മാത്രം 21,000 പ്രാഥമിക സഹകരണ സംഘങ്ങളും 31 ജില്ലാ സഹകരണ സംഘങ്ങളും ഉണ്ട്. കേരളത്തിലും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പുറമെ ജില്ലാ സഹകരണ ബാങ്കുകളെ യോജിപ്പിച്ച് കേരള ബാങ്ക് എന്ന വിപുലമായ ഘടനയ്ക്ക് അടുത്തിടെ രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. Multi State Cooperative Societies Act of 2002 അനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ് ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും വലിയ സഹകരണ സംഘങ്ങള്‍. ഈ ഘടനയില്‍ പിടിമുറുക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം എന്നാണ് പ്രതിപക്ഷ ഭയം.
രാജ്യത്ത് ആകെ 1,94,195 പാല് സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 300 സഹകരണ പഞ്ചസാര മില്ലുകളുമുണ്ട്. 2019-20 സാമ്പത്തിക വര്‍ഷം 4.80 കോടി ലിറ്റര്‍ പാല് ഉത്പാദനം നടന്നത് ഈ സംഘങ്ങളുടെ കൂട്ടായ്മയിലൂടെയാണ്. രാജ്യത്തെ പഞ്ചസാര ഉത്പാദനത്തിന്റെ 35%വും സഹകരണ മേഖലയ്ക്ക് കീഴിലാണ്. 95,238 ഗ്രാമീണ സഹകരണ സംഘങ്ങള്‍ രാജ്യത്താകെയുണ്ട് എന്നാണ് 2019-20ലെ നബാര്‍ഡ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കൂടാതെ വിവിധ അര്‍ബന്‍ ബാങ്കുകളുമുണ്ട്.
സുപ്രീം കോടതി എന്ത് പറഞ്ഞു?
ഭരണഘടനാ ഭേദഗതിയിലൂടെ സഹകരണ മേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ നേരത്തെ സുപ്രിം കോടതി തടഞ്ഞിരുന്നു. സഹകരണ മേഖലയ്ക്ക് സംസ്ഥാനങ്ങള്‍ക്കുള്ള പൂര്‍ണാധികാരം ഇല്ലാതാക്കാനുള്ള ഭേദഗതിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. 2012ല്‍ 97ാം ഭേദഗതിയിലൂടെ ഭരണഘടനയില്‍ അവതരിപ്പിച്ച പാര്‍ട്ട് 9 B ഈ ലക്ഷ്യം വെച്ചതായിരുന്നു. സുപ്രീം കോടതി 2021 ജൂലൈയില്‍ ഇത് റദ്ദാക്കി. മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് മാത്രമായി ഈ നിയമം പരിമിതപ്പെടുത്തി. സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തന്നതാണ് ഈ വ്യവസ്ഥ എന്ന് സുപ്രീം കോടതി അസന്നിഗ്ധമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ സഹകരണ നയം ഏവരും ഉറ്റുനോക്കുന്നത്. സുപ്രീംകോടതി വിധിയെ മറികടക്കുന്നതിനുള്ള പുതിയ നിയമ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടോ എന്നതാണ് ഇനി കാണേണ്ടത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഗാന്ധി കുടുംബത്തിന് പ്രതിരോധമൊരുക്കി ക്യാപ്റ്റന്‍; കോണ്‍ഗ്രസ് നേതൃമാറ്റ തര്‍ക്കത്തിലേക്ക് കൂടുതല്‍ പേര്
സ്ഥാനമൊഴിയാമെന്ന് സോണിയ; 23 നേതാക്കളുടെ കത്ത് കോണ്‍ഗ്രസിനെ ഉലയ്ക്കുന്നു
മുന്നില്‍ നിന്ന് മുഖ്യമന്ത്രി; ഇഡി അതിരുവിടുന്നു; കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ ലക്ഷ്യം ആരോപിച്ച് കടുത്ത വിമര്‍ശനവുമായി സര്‍ക്കാര്‍
എന്‍ഡിഎ വിട്ട് ഒട്ടും വൈകിയില്ല; അകാലിദള്‍ നേതാവിന്റെ ഇസെഡ് പ്ലസ് സുരക്ഷ കേന്ദ്രം പിന്‍വലിച്ചു