ശിക്ഷ വിധിക്കുക മറ്റൊരു ബെഞ്ച് ആകില്ല; പ്രശാന്ത് ഭൂഷന്റെ ആവശ്യം സുപ്രീംകോടതി തള്ളി
ശിക്ഷാവിധി സംബന്ധിച്ച വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്നും പ്രശാന്ത് ഭൂഷൺ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷൻ്റെ ഹർജി തള്ളി സുപ്രീം കോടതി. ശിക്ഷാവിധി സംബന്ധിച്ച വാദം മറ്റൊരു ബെഞ്ച് കേൾക്കണമെന്ന പ്രശാന്ത് ഭൂഷൻ്റെ ആവശ്യം കോടതി നിരസിച്ചു. കേസിൽ പുനപരിശോധന ഹർജി സമർപ്പിക്കാൻ ഉദ്ദേശിക്കുന്നതായും ഹർജി സമർപ്പിക്കുന്നതുവരെ ശിക്ഷാവിധി സംബന്ധിച്ച വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്നും പ്രശാന്ത് ഭൂഷൺ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുനപരിശോധന ഹർജി തീരുമാനിക്കുന്നതുവരെ ശിക്ഷ നടപ്പാക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസുമാരായ ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന മൂന്ന് അംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.
കേസിൽ പ്രശാന്ത് ഭൂഷൻ കുറ്റക്കാരനെന്ന് ഇക്കഴിഞ്ഞ 14 ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെക്കെതിരെയും മുൻ ചീഫ് ജസ്റ്റിസുമാർക്കെതിരെയും പ്രശാന്ത് ഭൂഷൺ ട്വിറ്ററിലൂടെ നടത്തിയ പരാമർശത്തിലാണ് കോടതിയുടെ കണ്ടെത്തൽ.
രണ്ട് ട്വീറ്റുകളാണ് കോടതി കോടതിയലക്ഷ്യ കേസിന് ആധാരം. ജൂൺ 27 ന് സുപ്രീം കോടതിയെക്കുറിച്ചും ജൂൺ 29 ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെക്കുറിച്ചും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ ജൂലൈ 22 നാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷന് നോട്ടീസ് നൽകിയത്.
'അടിയന്തരവസ്ഥ പോലും ഇല്ലാതെ എങ്ങനെയാണ് ഇന്ത്യയിൽ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എന്നറിയാൻ ഭാവിയിലെ ചരിത്രകാരന്മാർ കഴിഞ്ഞ ആറ് വർഷ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ അവർ ഈ നാശത്തിൽ സുപ്രീം കോടതിയ്ക്ക് പ്രത്യേക പങ്ക് ഉള്ളതായി രേഖപ്പെടുത്തും. പ്രത്യേകിച്ചും കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാർക്ക്', പ്രശാന്ത് ഭൂഷൺ ഒരു ട്വീറ്റിൽ പറഞ്ഞതിങ്ങനെ.

ലോക്ക് ഡൗണിനിടെ മാസ്കും ഹെൽമെറ്റുമില്ലാതെ ചീഫ് ജസ്റ്റിസ് ബോബ്ഡെ ബിജെപി നേതാവിൻ്റെ ആഡംബര ബൈക്കിലിരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷൻ്റെ മറ്റൊരു ട്വീറ്റ്.

ഇതിൽ ബോബ്ഡെ ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്ന എന്ന് പറഞ്ഞതിൽ ഭൂഷൺ ഖേദം പ്രകടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ബൈക്ക് ഓടിക്കുകയല്ല, ബൈക്കിൽ ഇരിക്കുകയാണ് ചെയ്തെന്നും ഇത് താൻ ശ്രദ്ധിച്ചില്ലെന്നും പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേർത്തിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!