'ഈ മാസം കടലില്‍ പോകാനായത് നാല് ദിവസം', കാലാവസ്ഥ വ്യതിയാന ദുരിതം പേറി 'കേരളത്തിന്റെ സ്വന്തം സൈനികര്‍'
പണിയും പണവും ഇല്ലാതെ മാസങ്ങളായുള്ള അനിശ്ചിതത്വത്തിലാണ് മത്സ്യ മേഖല. കടല്‍ ക്ഷോഭവും കാറ്റും മഴയും മൂലം കടലില്‍ മത്സ്യബന്ധനത്തിന് പോവാന്‍ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ വരവിലും കുട്ടനാട് വീണ്ടും വെള്ളക്കെട്ടിലായപ്പോള്‍ പറഞ്ഞും പറയാതെയും രക്ഷക്കെത്തിയത് മത്സ്യത്തൊഴിലാളികള്‍. വലിയഴീക്കല്‍ മുതല്‍ അന്ധകാരനഴി വരെയുള്ള പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളുമായെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാ പ്രവര്‍ത്തനത്തിനും നേതൃത്വം നല്കി. അഞ്ചും ആറും ദിവസം കുട്ടനാട്ടിലെ വെള്ളത്തില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും, ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കാനുമെല്ലാം മുന്‍കൈയെടുത്ത് നിന്നു. വെള്ളമിറങ്ങുന്നത വരെ കാവല്‍ക്കാരായും രക്ഷകരായും അവിടെ തങ്ങി. ഇതുപോലെ ഇടുക്കി ഡാം തുറക്കുന്നതിന്റെ ഭാഗമായും പുഴ കവിഞ്ഞ് ഒഴുകിയപ്പോഴുമെല്ലാം ആലുവപ്പുഴയിലേക്കും മറ്റ് ഭാഗങ്ങളിലേക്കും നൂറ് കണക്കിന് മത്സ്യത്തൊഴിലാളികള്‍ എത്തി. ഇതാണ് കേരളത്തിലെ ഒട്ടുമിക്ക പ്രദേശത്തെ സ്ഥിതിയും.
മത്സ്യഫെഡില്‍ നിന്നോ ഫിഷറീസ് ഓഫീസില്‍ നിന്നോ ഒരു വിളി വന്നാല്‍ ഉടന്‍ വള്ളങ്ങള്‍ ലോറിയിലും മറ്റും കയറ്റി ദുരിതബാധിത പ്രദേശങ്ങളിലെത്തുന്ന കേരളത്തിന്റെ 'രക്ഷാ സൈന്യം'. 2018 മഹാ പ്രളയത്തില്‍ ആരുടേയും പ്രേരണയില്ലാതെ ജീവന് പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് നിരവധി പ്രശംസകള്‍ തേടി എത്തി. മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികള്‍ക്ക് 'ബിഗ് സല്യൂട്ട്' നല്കി. പിന്നീടിങ്ങോട്ട് വെള്ളക്കെട്ടിലായ പ്രദേശങ്ങളില്‍ രക്ഷകരായി എത്തുന്നവരാണിവര്‍. 'ഒരാള്‍ പോലും അപകടത്തില്‍ പെടാതെ രക്ഷിക്കാന്‍ ഞങ്ങളുണ്ട്. ഒന്നും പ്രതീക്ഷിച്ചല്ല ഇറങ്ങുന്നത്. ഞങ്ങള്‍ക്ക് ഇതുകൊണ്ട് മെച്ചമുണ്ടായിട്ടല്ല. ആപത്തില്‍ പെട്ടിരിക്കുന്നവരെ രക്ഷിക്കുക എന്നത് മനുഷ്യര്‍ മനുഷ്യരോട് ചെയ്യേണ്ട കടമയാണ്. അതിന് ഞങ്ങളുണ്ട്. ഒരു മടിയുമില്ലാതെ ഞങ്ങള്‍ വന്ന് നില്ക്കും.' മത്സ്യത്തൊഴിലാളിയായ പ്രബീഷിന്റെ വാക്കുകള്‍ ഒരു സമൂഹത്തിന് നല്കുന്ന ഉറപ്പുകൂടിയാണ്.

എന്നാല്‍ ദുരന്തങ്ങളില്‍ രക്ഷകരാവുന്ന, എല്ലാവരും പ്രശംസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം എങ്ങനെയാണ് മുന്നോട്ട് പോവുന്നത്? മാറി വരുന്ന കാലാവസ്ഥയും തൊഴില്‍ സാഹചര്യവും അവരുടെ ജീവിതത്തെ ഏത് തരത്തിലാണ് മാറ്റിയിരിക്കുന്നത്? 'ആര്‍ക്കും അതറിയണ്ട. ഞങ്ങള്‍ എല്ലാവര്‍ക്കുമായി എത്തും. പക്ഷെ ഞങ്ങള്‍ക്ക് ഒരു ആവശ്യം വന്നാല്‍, വിഷമമുണ്ടായാല്‍ ആരുമുണ്ടാവില്ല. മത്സ്യത്തൊഴിലാളി രക്ഷകനാണെന്ന് അഭിമാനത്തോടെ പറയുന്നവര്‍ക്ക് അവന്റെ വീട്ടില്‍ അടുപ്പെരിയുന്നുണ്ടോ എന്ന് ആര്‍ക്കും അറിയണ്ട..' പ്രബീഷ് പറഞ്ഞു നിര്‍ത്തി.
'മത്സ്യത്തൊഴിലാളികള്‍ക്കുള്ള പ്രത്യേക മുന്നറിയിപ്പ്- കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല'- യെല്ലോ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ സാധാരണ മലയാളിക്ക് പഴകിപ്പോയ മഴക്കണക്കായി മാറുമ്പോള്‍ അത്തരം അലേര്‍ട്ടുകളും കടലില്‍ പോവരുതെന്ന ഈ മുന്നറിയുപ്പുമാണ് മത്സ്യത്തൊഴിലാളികളുടെ ഇന്നത്തെ ജീവിതത്തെ തീരുമാനിക്കുന്നത്. 2017ലെ ഓഖി ചുഴലിക്കാറ്റിന് ശേഷം പ്രകൃതിക്ഷോഭങ്ങളുടേയും ജോലിക്ക് പോകരുതെന്ന മുന്നറിയുപ്പുകളുടേയും കാലമായിരുന്നു കടലോര ജനതക്ക്. എന്നാല്‍ ഈ വര്‍ഷം ഇവര്‍ ആഴക്കടല്‍ കണ്ട ദിനങ്ങള്‍ തന്നെ കുറവ്. 'ഈ മുന്നറിയിപ്പ് കിട്ടിയാല്‍ കഞ്ഞിക്കലത്തില്‍ രണ്ടിടങ്ങഴി അരി വീഴുന്നതിന് പകരം ഒരിടങ്ങഴിയേ വീഴൂ. പക്ഷേ ഈ വര്‍ഷം ഈ മുന്നറിയിപ്പ് കിട്ടാത്ത സമയമേ ഉണ്ടായിട്ടില്ല എന്ന് പറയാം. ഏപ്രില്‍ മാസം മുതല്‍ തുടങ്ങി ഇപ്പോ വരേക്കും അത് തന്നെ. ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് കടലില്‍ പോവരുതെന്ന് വീണ്ടും മുന്നറിയിപ്പ് വന്നിരിക്കുകയാണ്.' ഷിനോയ് പറയുമ്പോള്‍ മനസ്സിലുള്ള അസ്വസ്ഥത പ്രകടമായിരുന്നു.
അറബിക്കടലിന്റെ ഭാവം മാറിയതോടെ തുടര്‍ച്ചയായി എത്തുന്ന ചുഴലിക്കാറ്റുകളും, ന്യൂനമര്‍ദ്ദങ്ങളും, കാലംതെറ്റി പെയ്യുന്ന അതിതീവ്ര മഴ, ഇടക്കിടെ വീശിയടിക്കുന്ന അതിശക്തമായ കാറ്റ്... 'കാറ്റും കോളും നിറഞ്ഞ കാലം. ഇങ്ങനെയൊരു കടലിനെ ഞങ്ങള്‍ കണ്ടിട്ടേയില്ല. ഈ മാസം ആകെ നാല് ദിവസമാണ് കടലില്‍ പണിക്കിറങ്ങിയത്. ഒരു മാസം വറുതിയിലായാല്‍ അടുത്ത മാസം അതിനെ അതിജീവിക്കാമെന്ന ധൈര്യം ഇത്രയും കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ അതും ഇല്ല. കടലില്‍ ബോട്ടിറക്കാനേ പറ്റുന്നില്ല. പിന്നെ എങ്ങനെ വറുതിയില്‍ നിന്ന് കേറും.' ഷിനോയ് തുടര്‍ന്നു.
പണിയും പണവും ഇല്ലാതെ മാസങ്ങളായുള്ള അനിശ്ചിതത്വത്തിലാണ് മത്സ്യ മേഖല. കടല്‍ ക്ഷോഭവും കാറ്റും മഴയും മൂലം കടലില്‍ മത്സ്യബന്ധനത്തിന് പോവാന്‍ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല. 'നല്ല കോള്‍' കിട്ടേണ്ട മണ്‍സൂണ്‍ കാലത്ത് തീരത്ത് അടുക്കി വച്ചിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും നോക്കി നെടുവീര്‍പ്പിടുകയാണ് മത്സ്യത്തൊഴിലാളികള്‍. സീസണ് ലക്ഷ്യമിട്ട് വള്ളങ്ങളുടെ അറ്റകുറ്റ പണികള്‍ തീര്‍ത്തും വലകളും എഞ്ചിനുകളും കേടുപാടുകള്‍ തീര്ത്തുമെല്ലാം തയ്യാറായിരുന്ന തീരനിവാസികള്‍ മീന്‍പിടിക്കാന്‍ പോവാന്‍ കഴിയാതായതോടെ ദുരിതത്തിലായി. പലരും പലിശയ്ക്ക് കടമെടുത്തും ബ്ലേഡ് പലിശക്കാരില്‍ നിന്ന് വാങ്ങിയും ബാക്കിയുണ്ടായിരുന്ന സ്വര്‍ണ്ണം വിറ്റും പണയപ്പെടുത്തിയുമെല്ലാമാണ് വള്ളവും വലയും ഒരുക്കാനുള്ള ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയത്. തൊഴിലില്ലാതായതോടെ കടം വീട്ടാനോ, നിത്യ ജീവിതം മുന്നോട്ട് കൊണ്ടുപോവാനോ പോലും ബുദ്ധിമുട്ടുകയാണ് ഇവര്‍. തൊഴിലാളിയായ ജയന് കുന്നേല്‍ പറയുന്നു 'മരണവും ജീവിതവും മുന്നില്‍ കണ്ടുള്ള ജീവിതമാണ്.
കടലില്‍ പോയാല്‍ ജീവന് പോവും, പോവാതിരുന്നാല്‍ പട്ടിണി കിടക്കണം. വളരെ പ്രതീക്ഷയോടെയാണ് ഈ വര്‍ഷവും എല്ലാം ഒരുക്കിയത്. ഒന്നും രണ്ടും ലക്ഷം കടം വാങ്ങിയാണ് വള്ളവും ബോട്ടും എല്ലാം ഒരുക്കിയത്. എന്നാലോ, ആഴ്ചയിലാഴ്ചയില് കടലില്‍ പോവരുതെന്ന മുന്നറിയിപ്പാണ് കിട്ടുന്നത്. പേടിച്ച് പോവാനും പറ്റാത്ത് അവസ്ഥ.' മത്സ്യത്തൊഴിലാളിയായ അബ്ദുറഹ്മാന് പറയുന്നു. തൊഴിലില്ലാതായി പട്ടിണിയിലേക്ക് കടന്നപ്പോള്‍ പലരും മറ്റ് ജോലികള്‍ക്ക് പോയി തുടങ്ങി. കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കും, മറ്റ് കൂലിപ്പണിക്കുമെല്ലാം പോയി വരുമാനം കണ്ടെത്തുന്നവരാണ് പലരും. 'പണിയില്ലാതാവുമ്പോള്‍ വേറെന്തു ചെയ്യാനാണ്? ഏത് പണിക്ക് പോയാലും ഞങ്ങടെ കുലത്തൊഴില്‍ ചെയ്യുന്നത്ര സന്തോഷവും തൃപ്തിയും ഒന്നിലും കിട്ടില്ല. പക്ഷേ റേഷന്‍ അരികൊണ്ട് മാത്രം കാര്യം നടക്കില്ലല്ലോ. ഒരു കിലോ ചാളയ്ക്ക് 300 രൂപയാണ് വില. അത് ഞങ്ങളും കാശ് കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. ഇപ്പോഴുള്ളത്. കടലില്‍ പോവുമ്പോ കറിക്ക് വേറൊന്നും അന്വേഷിക്കണ്ട. വീട്ടിലെ പെണ്ണുങ്ങള് ജോലിക്ക് പോവുന്നത് കൊണ്ടാണ് കഞ്ഞികുടിച്ചെങ്കിലും ജീവിക്കുന്നത്. ഏജന്‍സികള്‍ വഴിയുള്ള വീട്ടുപണിക്കും ഓഫീസുകളിലെ ക്ലീനിങ് ജോലിക്കും മറ്റും പോയി അവര്‍ കൊണ്ടുവരുന്ന ചെറിയ വരുമാനമാണ് കടപ്പുറത്തെ പല കുടുംബങ്ങളേയും പട്ടിണിയില്‍ നിന്ന് രക്ഷിക്കുന്നത്. മീനൊന്നും വാങ്ങാനുള്ള കാശില്ലാത്തത് കൊണ്ട് എന്തേലുമൊക്കെ ഒപ്പിച്ച് ഒരു വിധം ആഹാരം കഴിച്ച് പോവുന്നു. മത്സ്യത്തൊഴിലാളിക്ക് മത്സ്യങ്ങള്‍ അന്യമാവുന്ന അവസ്ഥയാണ്.'
വിദ്യാഭ്യാസ ചെലവുകളും, വിവാഹ ചെലവുകളുമൊന്നും താങ്ങാനാവാത്ത സ്ഥിതിയിലാണ് ഭൂരിഭാഗം പേരും. കോവിഡ് കാലത്ത് മത്സ്യബന്ധനം നിരോധിച്ചപ്പോള്‍ ജീവിതം വഴിമുട്ടിയെങ്കിലും പിന്നീട് പ്രതീക്ഷയുണര്‍ത്തുന്ന വിധം തൊഴില്‍ സാഹചര്യം മാറിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങള്‍ ഇവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ തക്കം മുതലെടുക്ക് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ മത്സ്യമേഖലില് പെരുകുന്നതായാണ് ആരോപണം. ഒരു മേഖലയില്‍ തന്നെ അഞ്ചോ ആറോ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും ഇവര്‍ പറയുന്നു. സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ചൂഷണം തിരിച്ചറിഞ്ഞിട്ടും നിസ്സഹായരായ മത്സ്യത്തൊഴിലാളികള്‍ കൊള്ളപ്പലിശയ്ക്ക് തങ്ങളെ തന്നെ പണയം വക്കുകയാണ്.

'കാലാകാലങ്ങളായി കടം പേറി ജീവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. എന്നാലും പണിക്ക് പോയി കാശ് കിട്ടുമ്പോള്‍ അത് തിരിച്ചടക്കും പണയം വച്ചതെല്ലാം തിരിച്ചെടുക്കും. പണിയുണ്ടാവും എന്ന പ്രതീക്ഷയിലാണ് കടം വാങ്ങുന്നതും. പക്ഷേ ഇപ്പോള്‍ തീരനിവാസികള്‍ക്കിടയില്‍ വലിയ കൊള്ള നടക്കുകയാണ്. അഞ്ചോ ആറോ മൈക്രോ ഫിനാന്‍സ് സംവിധാനങ്ങളുണ്ട്. ഒന്നില്‍ നിന്ന് കടമെടുത്ത് മറ്റേതില്‍ അടക്കും. അങ്ങനെ കടം മേടിച്ച് കടം തീര്‍ത്ത് പിന്നേയും കടം മേടിച്ച്... അങ്ങനെ പോവുകയാണ് മത്സ്യത്തൊഴിലാളികള്‍. പലിശക്കാരുടെ വലിയ ശൃംഖലയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ് ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളും. ചെറിയ മീനിട്ട് വലിയ മീനുകളെ പിടിക്കാനാണ് പലിശക്കാരും ഉദ്ദേശിച്ചിരിക്കുന്നത്. തിരിച്ചടവിന് വേറെ വഴിയെന്തുണ്ട്? കാറ്റ്, മഴ എന്നൊക്കെ പറഞ്ഞ് ഞങ്ങളെ കടലിലേക്ക് ഇറക്കില്ല. ഞങ്ങളുടെ സുരക്ഷിതത്വമാണ് അവര്‍ പറയുന്നത്. അത് അംഗീകരിക്കുന്നു. പക്ഷേ അതോടെ മുഴു പട്ടിണിയിലായ ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലേ?' സൈജു വില്‍സണ്‍ ചോദിച്ചു.
തീരപ്രദേശത്തെ ഭൂമിയ്ക്ക് ബാങ്കുകളില്‍ നിന്ന് വായ്പ നല്‍കുന്നില്ല എന്നതും പലിശക്കാരുടെ കയ്യിലേക്ക് മത്സ്യത്തൊഴിലാളികളെ എത്തിക്കുന്നു. പട്ടയ രേഖകള്‍ ഉണ്ടായാലും അത് ഈടായി സ്വീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറല്ല. 'അതുകൊണ്ട് വട്ടപ്പലിശക്കാരുടെ കഴുത്തറപ്പിന് ഞങ്ങള്‍ നിന്നുകൊടുക്കുന്നു. അടച്ചാലും അടച്ചാലും തീരാത്ത കടങ്ങളാണ് ഞങ്ങളുടെ സമ്പാദ്യം.' ജയന് തുടര്‍ന്നു.
ജന നിബിഡമായിരുന്ന ഹാര്‍ബറുകള്‍ പലപ്പോഴും ആളൊഴിഞ്ഞ മട്ടാണ്. യന്ത്രവല്‍കൃത ബോട്ടുകളും ഇന്‍ബോര്‍ഡ് എഞ്ചിന് ഘടിപ്പിച്ച വള്ളങ്ങളും ഔട്ട് ബോര്‍ഡ് എഞ്ചിന് ഘടിപ്പിച്ച വള്ളങ്ങളും എഞ്ചിന് ഘടിപ്പിക്കാത്ത വള്ളങ്ങളും എല്ലാം കടലിലെ തിര ഒതുങ്ങുന്നതും കാത്ത് ഇരിപ്പാണ്. തീരശോഷണവും കടലാക്രമണവും പതിവായ കേരളത്തിലെ തീരങ്ങളില്‍ ജീവിതം സംരക്ഷിക്കുന്നതിന് പാടുപെടുകയാണ് തീരനിവാസികള്‍. ഇതിന് പുറമെ മത്സ്യ ലഭ്യതയില്‍ കാര്യമായ കുറവാണ് സംഭവിച്ചിട്ടുള്ളത്. കടലില്‍ മീന്‍ പിടിക്കാന്‍ പോവുന്ന ദിവസങ്ങളില്‍ പോലും വെറും കയ്യോടെ മടങ്ങേണ്ടി വരാറുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതുണ്ടാക്കുന്ന പ്രതിസന്ധികള്‍ പോലും മറികടക്കാനാവാതെ വിഷമിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇരട്ടി പ്രഹരമാവുകയാണ് കാലാവസ്ഥാ മാറ്റങ്ങള്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
സംസ്ഥാനത്ത് ഇന്ന് മൂന്നുപേർക്ക് കോവിഡ് 19
പശ്ചിമഘട്ടത്തിലെ ഒരു പ്രദേശവും സുരക്ഷിതമല്ല
ന്യൂനമർദ്ദം: മഴ ശക്തമാകുന്നു, അഞ്ചുദിവസം തുടരും; വടക്കൻ കേരളത്തിലേക്ക് വ്യാപിക്കുന്നു
നമ്മുടെ കാലവസ്ഥയ്ക്ക് എന്താണ് സംഭവിക്കുന്നത്?