കൗമാരക്കാരില്‍ ആത്മഹത്യകൾ വർധിക്കുമ്പോൾ, പ്രതിവിധി എന്ത്?
വീണ്ടുമൊരു സെപ്റ്റംബർ 10. ആത്മഹത്യാ പ്രതിരോധ ദിനമായാണ് ലോകം ഈ ദിവസം ആചരിക്കുന്നത്. കൊവിഡിന് ശേഷം ആത്മഹത്യാ നിരക്ക് വളരെ വർധിച്ചെന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിൽ ഇതിനൊപ്പം ഏവരെയും ആശങ്കപ്പെടുത്തുന്നതാണ് കൗമാരക്കാരുടെ ആത്മഹത്യാ നിരക്ക് ക്രമാതീതമായി വർധിച്ചത്. നിസാര കാര്യങ്ങൾക്ക് രക്ഷാകർത്താക്കളിൽ നിന്നുളള വഴക്കും പിണക്കവും വരെ കൗമാരക്കാരിലെ ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട്.
ഓൺലൈൻ ക്ലാസ് ഇല്ലാത്ത സമയം ഗെയിം കളിക്കാതിരിക്കാൻ മൊബൈൽ വാങ്ങിവെച്ചതിനാണ് ആലപ്പുഴയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും ചാറ്റിങ് വീട്ടിൽ അറിഞ്ഞതിനെ തുടർന്നുമാണ് കാസർകോട് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ 13 വയസുകാരി തൂങ്ങി മരിച്ചത്. സെപ്റ്റംബർ മാസത്തിലെ ആദ്യ ആഴ്ചയിലെ രണ്ട് ദിവസങ്ങളിൽ മാത്രം സംഭവിച്ച കൗമാരക്കാരുടെ ആത്മഹത്യയാണിത്.
കൊവിഡ് കാലത്ത് കേരളത്തിലെ കൗമാരക്കാരുടെ, വിദ്യാർത്ഥികളിലെ ആത്മഹത്യാ നിരക്ക് വലിയ രീതിയിൽ വർധിക്കുകയാണെന്നാണ് ഇതുവരെ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 2020 ജനുവരി മുതല്‍ ഡിസംബർ വരെ മാത്രം 323 കുട്ടികൾ കേരളത്തില്‍ ആത്മഹത്യ ചെയ്തെന്ന് സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ വ്യക്തമാക്കുന്നു. ഇതിൽ കൊവിഡും ലോക്ഡൗണും തുടങ്ങിയ ശേഷമാണ് ആത്മഹത്യകൾ വർധിച്ചത്. 2020 മാർച്ച് 25 മുതൽ 2020 ഒക്ടോബർ വരെ മാത്രം 173 കുട്ടികൾ ആത്മഹത്യ ചെയ്തതായി ഡിജിപി ആർ ശ്രീലേഖയുടെ നേതൃത്വത്തിലുളള അഞ്ചംഗ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുളള കാലയളവിൽ മാത്രം 53 കുട്ടികളാണ് വിവിധ ജില്ലകളിലായി ജീവനൊടുക്കിയത്.

ഓൺലൈൻ പഠനത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ സ്വതന്ത്ര്യമായും സ്വന്തമായും ഉപയോഗിക്കാൻ തുടങ്ങിയ കൗമാരക്കാർക്ക് മുന്നിൽ വിവര സാങ്കേതിക വിദ്യയുടെ വിശാലമായ വാതിൽ തുറന്നതിനൊപ്പം അപകടവഴികളും ഏറെയാണെന്നാണ് സമീപകാലത്തെ വർധിച്ച് വരുന്ന ആത്മഹത്യകൾ മനസിലാക്കി തരുന്നതെന്ന് മാനസികാരോഗ്യ വിദഗ്ധനും തണൽ ആത്മഹത്യാ പ്രതിരോധ കേന്ദ്രം ട്രസ്റ്റ് ചെയർമാനുമായ ഡോ. പി.എൻ സുരേഷ് കുമാർ പറയുന്നു. കൊവിഡ് കാലത്തെ ഓൺലൈൻ പഠനവും മൊബൈലും ടാബും അടക്കമുളള ഡിജിറ്റൽ ഉപകരണങ്ങളുടെ അനായാസ ലഭ്യതയും കുട്ടികളിൽ ഏതൊക്കെ തരത്തിലുളള മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്നും കൗമാരക്കാരിലെ ആത്മഹത്യയെ തടയാൻ എന്താണ് നമുക്ക് ചെയ്യാൻ കഴിയുകയെന്നും ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോട് അനുബന്ധിച്ച് ഡോ. സുരേഷ് കുമാർ വിശദീകരിക്കുകയാണ്.
കൊവിഡും ഡിജിറ്റൽ ലോകവും ഓൺലൈൻ ക്ലാസും
കൊവിഡിന് ശേഷമാണ് ഇത്രയേറെ കുട്ടികള്‍ സ്മാര്‍ട്ട് ഫോണിലേക്കും ഇന്റര്‍നെറ്റിലെ വിവിധ ഗെയിമുകൾക്കും അടിമയായി പോയതെന്ന് നമുക്ക് തീര്‍ച്ചയായും പറയാന്‍ കഴിയും. കാരണം ക്ലാസ് റൂമില്‍ നിന്ന് ഓണ്‍ലൈന്‍ പഠനത്തിലേക്ക് വന്നപ്പോഴാണ് ഭൂരിഭാഗം കുട്ടികൾക്കും വീടുകളിലെ മുതിർന്നവരുടെ മൊബൈലുകൾ ലഭിക്കുന്നത്. കൗമാര കാലഘട്ടം പിന്നിടുന്ന ഘട്ടത്തിലാണ് നേരത്തെ മൊബൈലുകൾ വിദ്യാർത്ഥിക്ക് ലഭിച്ചിരുന്നതെങ്കിൽ ഇന്ന് വളരെ ചെറിയ പ്രായത്തിൽ, കുഞ്ഞായി ഇരിക്കുമ്പോൾ തന്നെ കയ്യിലേക്ക് ഡിജിറ്റല്‍ സാങ്കേതിക വിദ്യ എത്തുകയാണ്. കുഞ്ഞുകുട്ടികള്‍ കരയുമ്പോള്‍, അല്ലേല്‍ അവര്‍ ബഹളം ഉണ്ടാക്കാതെ ഇരിക്കാനായി നമ്മള് ചെയ്യുന്നത് തന്നെ മൊബൈല്‍ കൊടുക്കുകയോ, യു ട്യൂബില്‍ ഏതേലും കാര്‍ട്ടൂണോ, മൃഗങ്ങളുടെ പരിപാടികളോ വെച്ചുകൊടുക്കുകയോ ആണ്. കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ ഡിജിറ്റല്‍ വേള്‍ഡിന് അടിമയാകുന്ന സ്ഥിതി വിശേഷം കൂടിയാണ് ഇതുണ്ടാക്കുന്നത്. അതിന്റെ കൂടെ പഠനം കൂടി പൂർണമായും ഓൺലൈനിലേക്ക് മാറിയപ്പോൾ ഒരു വിഭാഗം കുട്ടികൾക്ക് വിവര സാങ്കേതിക വിദ്യയുടെ മായിക വലയത്തിൽ നിന്ന് പുറത്ത് കടക്കാൻ കഴിയുന്നില്ല.

ഒന്നാം ക്ലാസ് മുതലുളള കുട്ടികള്‍ക്ക് മൊബൈലും ടാബും അടക്കമുളള ഡിജിറ്റൽ ഉപകരണങ്ങളും ഡാറ്റയും ദിവസവും ഉപയോഗിക്കാനായി കിട്ടുകയാണ്. തലച്ചോറിന് ഒരു പാകത എത്താത്ത, പക്വതക്കുറവ് വരാത്ത സമയത്താണ് വിരല്‍ത്തുമ്പില്‍ ഇന്റര്‍നെറ്റിന്റെ വിശാലലോകം തുറന്നുകിട്ടുന്നത്. വിവരസാങ്കേതിക വിദ്യ പുരോഗമിച്ചത് കൊണ്ട് തന്നെ നമുക്ക് ആവശ്യമുളളതും വേണ്ടാത്തതുമായ എല്ലാം അതിലുണ്ടാകും. പോണ് സൈറ്റുകള്‍, ചാറ്റിങ്, ഗെയിംസ്, ഇങ്ങനെ വിര്‍ച്വല്‍ വേള്‍ഡിന്റെ അനന്തസാധ്യതയാണുളളത്. ഒന്ന് കൈ തെറ്റിയാല്‍ ആവശ്യമില്ലാത്ത വിവരങ്ങളിലേക്കുളള പോക്കായിരിക്കും സംഭവിക്കുക. ഇതിനെ നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്നൊരു തലച്ചോറാണെങ്കില്‍ കുഴപ്പമില്ല. മോശം കാര്യങ്ങളാണ്, ഇതിലേക്ക് നമ്മള് പോകരുത്, അതിന് അടിമയാകും എന്ന് ചിന്തിക്കാന്‍ പറ്റാത്ത തലച്ചോറും അതേസമയം തന്നെ കയ്യിലുളള ഡിജിറ്റൽ ഉപകരണങ്ങളിൽ എന്തുചെയ്താലും രഹസ്യമാക്കി വെക്കാന്‍ പറ്റുന്ന സംവിധാനങ്ങളുമാണ് കുട്ടികൾക്ക് മുന്നിലുളളത്. ഏത് സൈറ്റില്‍ പോയി, എന്ത് ചെയ്തു എന്നത് ഹിസ്റ്ററി പരിശോധിച്ചാല്‍ അല്ലാതെ ആരും അറിയില്ലല്ലോ. ഇതുകൊണ്ട് തന്നെ കൗമാരപ്രായക്കാരും കുട്ടികൾ സൗകര്യങ്ങളും സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്യാനുളള സാധ്യത കൂടുതലാണ്.
കേരളത്തിലെ കാര്യം നോക്കുകയാണേല്‍ പ്രതിവര്‍ഷം മുന്നൂറോളം കുട്ടികളാണ് ആത്മഹത്യ ചെയ്യുന്നത്. ആദ്യ ലോക്ഡൗണ്‍ സമയത്ത് മാര്‍ച്ച് 25 മുതല്‍ 2020 ജൂലൈ പത്താം തിയതി വരെ 16 വയസിന് താഴെയുളള 66 കുട്ടികളാണ് കേരളത്തില്‍ പല കാരണങ്ങളാൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊവിഡ് സമയത്ത് കൗമാര ആത്മഹത്യകള്‍ ഇങ്ങനെ കൂടിക്കൊണ്ടിരിക്കുകയാണ്. 2020ന് ശേഷമുളള ആത്മഹത്യകള്‍ നോക്കിയാല്‍ 2018ലും 2019ലും ഒക്കെ കൗമാര ആത്മഹത്യ പൊതുവെ കുറവായിരുന്നു.

ഹോർമോൺ വ്യത്യാസങ്ങളുടെ കൗമാരം
പല തരത്തിലുളള ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്ന കാലഘട്ടം കൂടിയാണ് കൗമാരം. സെക്ഷ്വല്‍ ഹോര്‍മോണ്‍സൊക്കെ വളരെ കൂടുതല്‍ ഉണ്ടാകുന്ന സമയം. എന്നാൽ തന്നെ അവരുടെ തലച്ചോറിന് വികാസം പ്രാപിച്ചിട്ടില്ല, ചിന്താരീതികളൊന്നും പക്വതയിലേക്ക് എത്തിയിട്ടുമില്ല. ഈ ഘട്ടത്തിൽ ഗെയിം കളിക്കാനും അതിന് അഡിക്റ്റാകാനും സോഷ്യൽ മീഡിയ, പോൺ സൈറ്റുകൾ എന്നിവയിലേക്ക് എത്തിപ്പെടാനും സാധ്യതകൾ ഏറെയാണ്. തുടർന്ന് ഇതിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ വിഷാദം, മദ്യപാനം, ലഹരി ഉപയോഗം എന്നി വഴികളിലേക്കും തിരിയും. ഇതെല്ലാം ഒരുവേള ആത്മഹത്യയിലേക്ക് കൗമാരക്കാരെ നയിച്ചേക്കാം.
കൂടാതെ പക്വതയില്ലാത്ത പ്രായത്തില്‍ ഇന്റർനെറ്റിലും ടെലിവിഷനിലും കാണുന്ന ആത്മഹത്യാ രംഗങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നവരും അതില്‍ സ്വാധീനിക്കപ്പെടുന്നവരും ഉണ്ടാകും. തലച്ചോറിന്റെ പക്വത ഇല്ലായ്മ ആണ് ഇത്തരം പ്രശ്നങ്ങൾക്കുളള പ്രധാന കാരണം. കാര്യങ്ങളെ ശരിക്കും അവലോകനം ചെയ്യാനുളള കഴിവില്ലായ്മ, എടുത്തുചാട്ടം, ചെറിയ പ്രശ്നങ്ങളെ പോലും അതിജീവിക്കാന്‍ കഴിയാതെ വരിക, ഇനി എനിക്ക് ജീവിക്കേണ്ട, ആത്മഹത്യ മാത്രമാണ് വഴി എന്ന രീതിയിലേക്കാണ് നമ്മുടെ കുട്ടികൾ പോകുന്നത്. എങ്ങനെ ആത്മഹത്യാ പ്രവണതയിൽ നിന്നും പുതിയ കാലത്തെ ഡിജിറ്റൽ ലോകത്ത് നിന്നും കുട്ടികളെ പിന്തിരിപ്പിക്കാം എന്നുളളത് വലിയ പ്രശ്നമായിക്കൊണ്ടിരിക്കുകയാണ്.
മൊബൈല്‍ കൊടുക്കുകയും വേണം, എന്നാല്‍ പക്ഷേ പഠനം കഴിഞ്ഞാല്‍ തിരികെ വാങ്ങാനും കഴിയില്ല, മാതാപിതാക്കളുടെ ഏറ്റവും വലിയൊരു തലവേദനയാണ് ഇതിപ്പോൾ. മൊബൈല്‍ കൊടുത്തില്ലെങ്കില്‍ പ്രശ്നം, തിരിച്ചുവാങ്ങാന്‍ നോക്കിയാല്‍ പ്രശ്നം. ഇനിയിപ്പോ വഴക്ക് പറഞ്ഞാല്‍ കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുമോ എന്നൊക്കെയുളള ഭയാശങ്കകളാണ് മാതാപിതാക്കൾക്ക്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് മാനസിക പ്രതിരോധ ശക്തി കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. അസുഖങ്ങളെക്കുറിച്ച് പറയുമ്പോള്‍, അതിനെ നേരിടാനുളള രോഗപ്രതിരോധ ശക്തിയില്ലേ, അത്തരത്തിൽ മാനസിക പ്രശ്നങ്ങളെ നേരിടാനുളള സഹനശക്തിയും ക്ഷമാശീലവും കുട്ടികള്‍ക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

പെർമിസീവ് പേരന്റിങ്ങും പ്രൈം ടൈമും
കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്ന് അണുകുടുംബത്തിലേക്ക് മാറുമ്പോള്‍, എന്റെ കുട്ടി ഒരു ബുദ്ധിമുട്ടും അനുഭവിക്കരുത്, ഞാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളൊന്നും എന്റെ കുട്ടിക്ക് ഉണ്ടാകരുത് എന്ന രീതിയിലാണ് ഇന്ന് മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്നത്. എന്റെ കുട്ടി ഒരു അല്ലലും അലട്ടലും അറിയാതെ വേണം ജീവിച്ച് പോകേണ്ടത്, അതിന് വേണ്ടിയിട്ട് ഞാന്‍ എന്തും ചെയ്യും. എന്തുസാധനം വിറ്റിട്ടാണെങ്കിലും അവന് ഞാന്‍ വേണ്ടതെല്ലാം വാങ്ങിച്ച് കൊടുക്കുമെന്ന രീതിയാണ് മിഡിൽ ക്ലാസ് കുടുംബങ്ങളിലൊക്കെ സാധാരണ കാണാറുളളത്. പെര്‍മിസീവ് പേരന്റിംഗ് സ്റ്റൈല്‍ എന്നാണ് ഇതിനെ പറയുന്നത്.
ചെറിയ പ്രായത്തിലൊന്നും ഇതുകൊണ്ട് കുഴപ്പം വരില്ല. ചോദിക്കുന്നതൊക്കെ വാങ്ങിച്ച് കൊടുക്കാന്‍ നമുക്ക് സാധിക്കും. എന്നാല്‍ കുട്ടി വളര്‍ന്ന് വരുന്തോറും അവന്റെ ആവശ്യങ്ങളും കൂടും. പല രക്ഷിതാക്കള്‍ക്കും അതൊന്നും അംഗീകരിച്ച് കൊടുക്കാന്‍ പറ്റാത്ത സാഹചര്യമായിരിക്കും ഉണ്ടാകുക. ആവശ്യപ്പെട്ട കാര്യം രക്ഷകർത്താക്കൾ ചെയ്ത് കൊടുത്തില്ലെങ്കില്‍ കുട്ടികള്‍ രക്ഷിതാക്കളെ നിയന്ത്രിക്കാൻ തുടങ്ങും. പിന്നെ ആവശ്യപ്പെടുന്ന സാധനങ്ങള്‍, സ്മാര്‍ട്ട് ഫോണൊന്നും ലഭിക്കാതെ വരുമ്പോള്‍ വീട് തല്ലി തകര്‍ക്കല്‍, ഞാനിപ്പോ ആത്മഹത്യ ചെയ്യും എന്നൊക്കെയുളള ഭീഷണികൾ പറയുമ്പോള്‍, കുട്ടികള്‍ മാതാപിതാക്കളെ നിയന്ത്രിക്കുന്ന സ്ഥിതി വരും. ആദ്യം പെര്‍മിസിവ് പേരന്റിങ് സ്റ്റൈല്‍ വരും, പിന്നെ കുട്ടികള്‍ പേരന്റ്സിനെ കണ്ട്രോള് ചെയ്യുന്ന ഘട്ടത്തിലേക്ക് എത്തും. അതാണ് ഇപ്പോള്‍ നമ്മള് ചുറ്റുവട്ടത്തൊക്കെ കണ്ടുകൊണ്ടിരിക്കുന്നത്.
സ്മാർട്ട് ഫോൺ, ടാബ് എന്നിങ്ങനെ ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾക്കായി നൽകുമ്പോൾ പഠനാവശ്യത്തിന് മാത്രമായുളള ആപ്പുകളും സാങ്കേതിക വിദ്യയും ലഭ്യമാക്കുന്ന തരത്തിൽ ഇലക്ട്രോണിക് മേഖലയിലെ സാങ്കേതിത വിദഗ്ധര്‍ കൂടി ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പഠനത്തിന് മാത്രമായി സെറ്റ് ചെയ്യാവുന്ന തരത്തില്‍ മൊബൈലുകളെ മാറ്റണം. ഇങ്ങനെ ചെയ്താല്‍ ഒരു പരിധി വരെ നമുക്ക് മൊബൈല്‍ അഡിക്ഷനും കാര്യങ്ങളും ഒഴിവാക്കാന്‍ സാധിക്കും. കുട്ടികള്‍ അവർക്ക് ഇന്ന മോഡൽ ഫോണ്‍ വേണമെന്ന് പറയുമ്പോള്‍ ഭൂരിഭാഗം മാതാപിതാക്കള്‍ക്കും ഇതിനേക്കുറിച്ച് വലിയ ധാരണകളൊന്നും ഇല്ലാത്തവരാണ്. ഇതിനായി ഇവർ ആരെയെങ്കിലും കണ്‍സള്‍ട്ട് ചെയ്യേണ്ടതാണ്.

കുട്ടിയ്ക്ക് പഠനാവിശ്യത്തിന് മാത്രം ഉതകുന്ന സംഗതികൾ ഉളള മൊബൈൽ മാത്രം നൽകിയാൽ മതിയാകും. കൂടാതെ മൊബൈല്‍ കംപ്യൂട്ടര്‍ ലിറ്ററസിയും രക്ഷകർത്താക്കൾക്ക് തീര്‍ച്ചയായും വേണ്ടതാണ്. അതായത് എന്റെ കുട്ടി പഠിക്കുകയാണോ, വേറെ എന്തെങ്കിലും ചെയ്യുകയാണോ എന്ന് നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍, അവന്റെ ഓണ്‍ലൈന്‍ ആക്റ്റിവിറ്റീസ് എന്താണെന്ന് മനസിലാക്കാൻ മാതാപിതാക്കള്‍ എപ്പോഴും ശ്രദ്ധിക്കണം. മറ്റൊന്ന് കുട്ടികളുടെ കൂടെ രക്ഷകർത്താക്കൾ പ്രൈം ടൈം ചെലവഴിക്കുക. നമ്മള് എപ്പോഴും നമ്മുടേതായ ബിസി ലോകത്താണല്ലോ, കുട്ടികള്‍ക്ക് നമ്മള് ഫോണ്‍ കൊടുത്ത് പഠിച്ചോ എന്ന് പറയുന്നതിന് അപ്പുറം കുട്ടി എന്താ ചെയ്യുന്നതെന്ന് കൃത്യമായി അറിഞ്ഞിരിക്കണം.
കുട്ടികളുമായി നല്ല സൗഹൃദം ഉണ്ടാകണം. കുട്ടികള്‍ എന്തൊക്കെ ചെയ്യുന്നു, ആരൊക്കെ ആയി ഇടപെടുന്നു, ഇതെല്ലാം അറിയാന്‍ കഴിയുന്ന ഒരു സുഹൃത്തായി മാറണം. അങ്ങനെ ഫ്രണ്ടിനെ പോലെ ഒരു അരമണിക്കൂര്‍ എങ്കിലും കുട്ടികളുടെ കൂടെ ഇരിക്കാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും പറ്റിയാല്‍ നമ്മളോട് പറയാന്‍ മടിക്കുന്ന പല കാര്യങ്ങളും കുട്ടികള്‍ തുറന്ന് പറയും. കൂടാതെ കുട്ടികളുടെ ഫ്രണ്ട്സുമായും അവരുടെ രക്ഷകർത്താക്കളുമായും നമ്മളൊരു ഫ്രണ്ട്ഷിപ്പ് ഉണ്ടാകണം. കാരണം നമ്മള് എപ്പോഴും വിചാരിക്കും നമ്മുടെ കുട്ടി നല്ല കുട്ടിയാണ്, നല്ല സ്വഭാവമാണ്, അവൻ ആരെയും ഒന്നും ചെയ്യില്ലെന്നാണ് എല്ലാ രക്ഷകർത്താക്കളുടെയും ധാരണ. എന്നാൽ നമ്മുടെ കുട്ടികളെ കുറിച്ച് നല്ല ഐഡിയ കിട്ടുന്നത് അവരുടെ സുഹൃത്തുക്കളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നുമായിരിക്കും.
ഒഴിവാക്കേണ്ട വൈകാരിക പ്രതികരണങ്ങൾ
ഓൺലൈൻ ക്ലാസിൽ കഴിയുന്നതും പഠനവും മറ്റ് ആക്റ്റിവിറ്റീസും ഒരു കോമണ്‍ റൂമിലാക്കുക. ഒരു ബെഡ് റൂമിൽ കുട്ടികളെ മാത്രമായി ഇരുത്താതിരിക്കുക. കൂടാതെ രാത്രി പത്ത് മണിയോ, 11 മണിയോ കഴിഞ്ഞാല്‍ ഡിജിറ്റൽ ഉപകരണങ്ങൾ എല്ലാം പാസ് വേഡിട്ട് നിയന്ത്രിക്കണം. എന്ത് പാസ് വേഡ് ഇട്ടാലും തുറക്കാൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ നന്നായി അറിയുന്നവരാണ് വിദ്യാർത്ഥികൾ. ഫ്രീ ഫയര്‍, പബ്ജി മുതലായ ഗെയിമുകൾ രാത്രി വരെ ഇരുന്ന് കളിക്കുന്നവരാണ് കുട്ടികൾ. ഇത്തരത്തില്‍ നെറ്റ് അഡിക്ഷന്, മൊബൈല്‍ അഡിക്ഷന് എന്നിവ വരുന്നേരം അവരുടെ സ്വഭാവത്തിലൊക്കെ മാറ്റം വരും. അതായത് രാത്രി മുഴുവന്‍ ഉറക്കമിളച്ച് ഇരിക്കുക. നേരം തെറ്റി വൈകിട്ട് എഴുന്നേല്ക്കുക. ഭക്ഷണം കഴിക്കാനുളള താത്പര്യം കുറയുക, എപ്പോഴും റൂമില്‍ ഇരിക്കുക, ഒറ്റയ്ക്ക് ഇരിക്കുക. മറ്റുളളവരുമായുളള സംഭാഷണം കുറയുക, പെട്ടെന്ന് ദേഷ്യം വരിക, ക്ഷീണിക്കുക, കുളിക്കുന്നതിലും മറ്റ് കാര്യങ്ങളിലുമുളള ശ്രദ്ധ കുറയുക, പെട്ടെന്ന് ദേഷ്യം വന്ന് ആത്മഹത്യാ ഭീഷണി മുഴക്കുക മരിച്ച് കളയുമെന്ന് പറയുക ഇങ്ങനെ വിദ്യാർത്ഥികളുടെ സ്വഭാവത്തില്‍ മാറ്റം വരുമ്പോള്‍ തീര്‍ച്ചയായും മടിക്കാതെ ഒരു മാനസികാരോഗ്യ വിദഗ്ധനെയോ, സൈക്കോളജിസ്റ്റിനെയോ, അല്ലേല്‍ കൗണ്‍സിലറെയോ കാണാൻ പോകുക. മടി കാണിക്കാതെ ഏറ്റവും വേഗത്തിൽ തന്നെ പോയി കാണുക.

ഇത്തരത്തിലുളള പ്രശ്നങ്ങള്‍ കാണിക്കുമ്പോള്‍ കുഞ്ഞുങ്ങളോട് വൈകാരികമായി പ്രതികരിക്കരുത്. കാരണം പ്രത്യേകിച്ച് ഇന്നത്തെ തലമുറയിലെ കുട്ടികളോട്, ദേഷ്യത്തില്‍ എടുത്തുചാടി ഭീഷണിപ്പെടുത്തുമ്പോഴാണ് അവർ വാശിക്ക് ആത്മഹത്യയിലേക്കൊക്കെ തിരിയുന്നത്. വളരെ ക്ഷമയോട് കൂടി ശാന്തമായിട്ട് കുട്ടികളുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കുക. അങ്ങനെ കഴിയുന്നില്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടാം.
സർക്കാർ തലത്തിൽ തന്നെ കുട്ടികളിലെ ആത്മഹത്യാ പ്രവണത തടയാനായി നിരവധി സ്ഥാപനങ്ങളുണ്ട്. ആരോഗ്യ വകുപ്പിന്റെ ഒറ്റയ്ക്കല്ലാ ഒപ്പമുണ്ട്, എന്ന പരിപാടിയിലൂടെ ടെലിഫോണ്‍ വഴി സാന്ത്വനം നല്‍കുന്നുണ്ട്. കൂടാതെ കേരള പൊലീസും വിദ്യാർത്ഥികളുടെ പ്രശ്നങ്ങള്‍ എന്താണെന്ന് കേൾക്കാനും അത് കണ്ടുപിടിക്കാനും പരിഹാരം നിർദേശിക്കാനും സജ്ജമാണ്. ഡിജിപി ആർ ശ്രീലേഖയുടെ നേതൃത്വത്തില്‍ സ്റ്റുഡന്റ്സ് കേഡറ്റ് പരിപാടിയുണ്ട്. ചിരി എന്ന പേരില്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ട കുട്ടികളെ അതില്‍ നിന്നും പിന്തിരിപ്പിക്കാനായി അവരുടെ ഹെല്‍പ്പ് ലൈനുണ്ട്. കോഴിക്കോട് തണല്‍ ടെലിഫോണ്‍ ഹെൽപ്പ് ലൈന്‍, എറണാകുളത്ത് മൈത്രി, ഇരിങ്ങാലക്കുട പ്രതീക്ഷ, ഇടുക്കിയിൽ ഉണര്‍വ് എന്നിങ്ങനെയുളള എല്ലാ സംഘടനകളുടെയും സേവനങ്ങളും മുകളിൽ പറഞ്ഞ കാര്യങ്ങൾക്കൊപ്പം പ്രയോജനപ്പെടുത്തിയാൽ കൊവിഡ് കാലത്തുളള കൗമാര ആത്മഹത്യ കുറയ്ക്കുവാന്‍ നമുക്ക് സാധിച്ചേക്കും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!