ചെമ്പന്‍ കൊലുമ്പന്‍ ആദരം, ഇടുക്കിയുടെ അറിയപ്പെടാത്ത ചരിത്രം കണ്ടെത്താന്‍ പദ്ധതി
ഇടുക്കി ജില്ലയ്ക്കു കുടിയേറ്റ കാലം മുതലുള്ള കുറഞ്ഞ കാലത്തെ ചരിത്രം മാത്രമാണുള്ളത് എന്നാണ് പൊതുവിലുള്ള ധാരണ.
ഇടുക്കിയുടെ സാംസ്കാരിക ചരിത്രം പുതുതലമുറയ്ക്കു മുന്നില്‍ തുറന്നുകാട്ടാനുള്ള പദ്ധതിയുമായി ഇടുക്കി ജില്ലാ പഞ്ചായത്ത്. ഇടുക്കി ജില്ലയ്ക്കു കുടിയേറ്റത്തിന്റെ പരിമിതകാല ചരിത്രം മാത്രമാണുതെന്ന പൊതുധാരണ തിരുത്തിക്കുറിച്ച് ചരിത്രാതീത കാലം മുതലുള്ള ഇടുക്കിയുടെ സംസ്കാരം പുനരാവിഷ്കരിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇടുക്കി ഡാമിനു സമീപം സ്ഥാപിക്കുന്ന കൊലുമ്പന്‍ തീയേറ്ററും മ്യൂസിയവും ഇടുക്കിയുടെ അറിയപ്പെടാത്ത ചരിത്രമായിരിക്കും സഞ്ചാരികള്‍ക്കു മുന്നിലെത്തിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറയുന്നു. നന്നങ്ങാടിയുടെ മാതൃകയില്‍ നിര്‍മിക്കുന്ന കൊലുമ്പന്‍ തിയേറ്ററിന് 80 അടി നീളവും 60 അടി വീതിയുമാണുള്ളത്. തിയേറ്ററിന്റെ കവാടത്തില്‍ ഒരു വശത്തു നിന്നു നോക്കിയാല്‍ പെരിയാര്‍ തടാകത്തിന് അഭിമുഖമായി കൈകോര്‍ത്ത് ഇടുക്കി അണക്കെട്ടിലേക്കു ചാഞ്ഞുകിടക്കുന്ന കുറവന്റെയും കുറത്തിയുടെയും ശില്‍പ്പം കാണാനാവും. മറുവശത്തു നിന്നു നോക്കുമ്പോള്‍ ശില്പ്പമാകട്ടെ കുറവന്‍ മലയും കുറത്തിമലയുമാകും. നടുവിലായി ഇടുക്കി ഡാമിന്റെ യഥാര്‍ഥ മാതൃകയും കാണാം. കുറവന്റെയും കുറത്തിയുടെയും ശില്പ്പങ്ങള്ക്കുള്ളില് 400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ടു വലിയ മുറികളുണ്ടാകും.
ഇടുക്കി ജില്ലയിലെ പുരാതന ഗോത്ര സംസ്കാരത്തിന്റെ ബാക്കിപത്രമായി കിട്ടിയിട്ടുള്ള വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനും ചെറിയ ക്ലാസുകള്‍ നടത്താനുമാണ് ഇത് ഉപയോഗിക്കുക. ശില്‍പ്പങ്ങള്‍ക്ക് ഇരുവശത്തുമായി മുകളിലേക്കു കയറാന്‍ പടിക്കെട്ടുകളഉണ്ടാവും ഇതിലൂടെ കയറി അണക്കെട്ടില്‍ അല്‍പ്പം വിശ്രമിക്കാനും ഫോട്ടെയെുക്കാനും സൗകര്യമുണ്ടാവും. കുറവന്റെയും കുറത്തിയുടെയും ശില്‍പ്പങ്ങള്‍ക്കു പിന്നില്‍ 200 മുതല്‍ 300 വരെ ആളുകള്‍ക്ക് ഇരിക്കാവുന്ന തിയേറ്ററാണ്. സീറ്റുകള്‍ക്കു പകരം കല്ബെഞ്ചുകളാവും ഇവിടെ ഇരിപ്പിടങ്ങളായി സ്ഥാപിക്കുക. നന്നങ്ങാടിയുടെ മാതൃകയിലുള്ള കൊലുമ്പന്‍ തിയേറ്ററിന്റെ വാതിലുകള്‍ മുനിയയുടെ മാതൃകയിലായിരിക്കും നിര്‍മിക്കുക. 200 പേര്‍ക്കു സൗകര്യപ്രദമായി ഇരുന്ന് കലാരൂപങ്ങള്‍ ആസ്വദിക്കാവുന്ന തിയേറ്ററില്‍ എല്ലാ ആധുനിക സൗകര്യങ്ങളുണ്ടാകും.
ഡോക്യുമെന്ററികള്‍ ഉള്‍പ്പടെയുള്ള കലാരൂപങ്ങള്‍ ആവിഷ്കരിക്കാനാവുന്ന വിധത്തിലാണ് തിയേറ്ററിന്റെ നിര്‍മാണം. കലാരൂപങ്ങള്‍ മിഴിവേകുന്ന തിയേറ്ററില്‍ കൊലുമ്പന്റെ കൂറ്റന്‍ പ്രതിമയുമുണ്ടാകും. ഇത് ഇടുക്കി ഡാമിന്റെ ചരിത്രം പുതു തലമുറയ്ക്കു മുന്നില്‍ തുറന്നു കാട്ടും. ഇതിനു പുറത്തായി 23 അടി ഉയരത്തില്‍ കുറവന്റെയും കുറത്തിയുടെയും പ്രതിമകളും ഇതിനു നടുവിലായി ഇടുക്കി ഡാമിനെ ബന്ധിപ്പിച്ചിരിക്കുന്നതു പോലെയുമാണ് നിര്‍മാണം.
പെരിയാര്‍ നദിക്ക് ഇരുവത്തുമായുള്ള കുറവന്‍-കുറത്തി മലകളെ ബന്ധിപ്പിച്ചാണ് ഇടുക്കി അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. വനത്തിനുള്ളില്‍ നായാട്ടിനെത്തിയ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ ജെ ജോണിനയും സുഹൃത്ത് എ സി തോമസിനെയും ആദിവാസി മൂപ്പനായിരുന്ന ചെമ്പന്‍ കൊലുമ്പനാണ് മലകള്‍ക്കിടയിലൂടെ ഒഴുകുന്ന പെരിയാറിന്റെ ദൃശ്യം കാണിച്ചുകൊടുത്തത്. ഇതാണ് പിന്നീട് ഇടുക്കി ഡാം എന്ന കേരളത്തിന്റെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി പരിണമിച്ചത്. ഇടുക്കി ഡാം എന്ന ജലവൈദ്യുത പദ്ധതിയുടെ സാക്ഷാത്കാരത്തിലേക്കു നയിച്ച വ്യക്തിക്കുള്ള ആദരമെന്ന നിലയിലാണ് കൊലുമ്പന്‍ തിയേറ്റര്‍ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
രണ്ടു കോടി രൂപ മൊത്തം നിര്‍മാണ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു ജില്ലാ പഞ്ചായത്ത് നിലവിവല്‍ അമ്പതു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് കഴിഞ്ഞ ദിവസം കൊലുമ്പന്‍ തിയേറ്ററിന്റെ നിര്‍മാണം ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയുടെ ചരിത്രവും സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നത് ജില്ലയെ എല്ലാരംഗങ്ങളിലും പൂര്‍ണതയിലെത്തിക്കാന്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇടുക്കിയുടെ ചരിത്രത്തിലെ പ്രധാന കണ്ണിയാണ് ആദിവാസി മൂപ്പനായിരുന്ന കൊലുമ്പന്‍. ആര്‍ച്ച് ഡാമിന്റെ വഴികാട്ടിയാണ് അദ്ദേഹം. വളര്‍ന്നുവരുന്ന ഇടുക്കിയുടെ പശ്ചാത്തലത്തില്‍ കൊലുമ്പന്‍ തിയേറ്റര്‍ പുതിയൊരു അനുഭവമായിരിക്കും സഞ്ചാരികള്‍ക്കു പകരുകയെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലയ്ക്കു കുടിയേറ്റ കാലം മുതലുള്ള കുറഞ്ഞ കാലത്തെ ചരിത്രം മാത്രമാണുള്ളത് എന്നാണ് പൊതുവിലുള്ള ധാരണ. എന്നാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു കണ്ടെത്തിയിട്ടുള്ള വീരക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍, നന്നങ്ങാടികള്‍, മുനിയറകള്‍ എന്നിവ ഇടുക്കി ജില്ലയില്‍ ചരിത്രാതീത കാലം മുതല്‍ ജനവാസമുണ്ടായിരുന്ന പ്രദേശമാണെന്നു തെളിയിക്കുന്നതാണ്. എന്നാല്‍ ഇവിടെ നിന്നു കണ്ടെത്തിയ പൈതൃക അവശിഷ്ടങ്ങള്‍ക്ക് എത്രത്തോളം കാലം പഴക്കമുണ്ടെന്ന തരത്തിലുള്ള ഗൗരവമായ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങള്‍, ശാന്തമ്പാറ മലനിരകള്‍, ചതുരംഗപ്പാറ എന്നിവിടങ്ങളില്‍ നിന്നാണ് അടുത്ത കാലത്തായി പുരാവസ്തുക്കള്‍ കണ്ടെത്തിയിട്ടുള്ളത്. ഉടുമ്പന്‍ചോല ചതുരംഗപ്പാറയില്‍ അടുത്തിടെയാണ് വീരക്കല്ല് കണ്ടെത്തിയത്. വിജയഭേരി മുഴക്കി നില്ക്കുന്ന ആനയുടെ മുകളിലിരിക്കുന്ന വീരകഥാപാത്രമാണ് ആഭരണങ്ങളണിഞ്ഞ് വില്ലും ആയുധങ്ങളുമായി ഇവിടെ പ്രത്യക്ഷപ്പെടുന്നത്. ഒരടിയോളം ഉയരമുള്ള കല്ലില്‍ നിര്‍മിച്ചിട്ടുള്ള ഈ വീരക്കല്ല് അപൂര്‍വ നിര്‍മിതിയാണെന്നും ഇത്തരത്തിലുള്ള പലതരം പുരാവസ്തുക്കല്‍ ജില്ലയുടെ പലഭാഗത്തുനിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
കൊലുമ്പന്‍ തിയേറ്ററും മ്യൂസിയവും ഇടുക്കി ജില്ലയുടെ ചരിത്രാതീത കാലം തുറന്നു കാട്ടുന്ന ഒന്നു കൂടിയായിരിക്കും. കൊലുമ്പന്‍ തിയേറ്റര്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഇടുക്കിയുടെ പാരമ്പര്യവും ചരിത്രവും എളുപ്പത്തില്‍ മനസിവലാക്കാനാവും, ജിജി കെ ഫിലിപ്പ് പറയുന്നു.
കൊലുമ്പന്‍ തിയേറ്ററും മ്യൂസിയവും കൂടി വരുന്നതോടെ ഇടുക്കി ജില്ലയിലെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുമെന്നും അധികൃതര്‍. ഇടുക്കി ഡാമിന്റെ മാതൃകയും സവിശേഷതകളും കൊലുമ്പന്‍ തിയേറ്റര്‍ പരിസരത്തുനിന്ന് മനസിലാക്കിയ ശേഷം അല്‍പ്പം മുന്നോട്ടു സഞ്ചരിച്ചാല്‍ ഇടുക്കി- ചെറുതോണി ഡാമുകള്‍ നേരിട്ടു തന്നെ കാണാനാവും. കൊലുമ്പന്‍ തിയേറ്ററും മ്യൂസിയവും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ദിവസം മുഴുവന്‍ ഇടുക്കിയില്‍ ചെലവഴിക്കാനുള്ള അവസരം കൂടിയാണ് പുതിയ പദ്ധതിയിലൂടെ ലഭ്യമാകുന്നതെന്നും അധികൃതര്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പെട്ടിമുടി ദുരന്തം: ഇടുക്കിയിലെ ഭൂഘടനയില്‍ കേരളത്തിന് പഠിക്കാനുള്ളത്