'താനാണോ ശങ്കേഴ്സ് വീക്കിലിയിലെ അഗസ്ത്യ?': ഇംഎംഎസ്സിനെ കൊണ്ട് ചോദിപ്പിച്ച സിപിആര്‍| Media Roots 29
സി. പി രാമചന്ദ്രന്, ഡല്‍ഹി എന്ന മേല്‍ വിലാസത്തില്‍ ഒരു പോസ്റ്റ് കാര്‍ഡ് ഇട്ടാല്‍ അത് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പാര്‍ലമെന്റ് റിപ്പോര്‍ട്ടര്‍ക്ക് ലഭിക്കുന്ന ഒരു കാലമുണ്ടായിരുന്നു.
ഒരു കാലത്ത് ഡല്‍ഹിയില്‍ ഒരു ലജന്‍ഡ് ആയിരുന്ന പത്രപ്രവര്ത്തകന്. ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ഡല്‍ഹിയില്‍ ചെലവഴിച്ച ശേഷം ഹൃദയം നിറയെ പോറലുകളുമായി നാട്ടിലെത്തിയ മനുഷ്യന്. എന്തിനും ഏതിനും മുഖം തിരിച്ചുനിന്ന ഒരു ഏകാന്തപഥികന്. പത്രപ്രവര്‍ത്തകന്റെ ശക്തി കരുത്തുറ്റ തൂലികയും നട്ടെല്ലുമാണെന്ന് തെളിയിച്ച വിപ്ലവകാരിയായ പത്രപ്രവര്ത്തകന്. അതാണ് ചിറ്റേനിപ്പാട്ട് പുത്തന്‍വീട്ടില്‍ രാമചന്ദ്രന് എന്ന സി. പി രാമചന്ദ്രന്. അന്ന് ഫിറോസ് ഗാന്ധി മുതല്‍ എ.ബി വാജിപേയി വരെ ഡല്‍ഹിയിലെ രാഷ്ടീയ വൃത്തങ്ങളില്‍ സിപിആറിന്റെ സൗഹൃദവലയം വിപുലവും ശക്തവുമായിരുന്നു.

ഇന്ത്യയില്‍ അന്ന് ഏറ്റവും വലിയ പണക്കാരനായ കെ. കെ ബിര്‍ളക്കെതിരെ കേസിന് പോയി അദ്ദേഹത്തെ കോടതികയറ്റിയ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു രാമചന്ദ്രന്. ബിര്‍ള എന്ന മനുഷ്യനെതിരെ ഇന്ത്യയിലെ ഒരേയൊരു പൗരന് മാത്രമാണ് കേസുകൊടുത്തിട്ടുള്ളത്.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു മുതല്‍ രാജീവി ഗാന്ധി വരെയുള്ള പ്രധാനമന്ത്രിമാരുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ച പത്രപ്രവര്‍ത്തകനായിരുന്നു രാമചന്ദ്രന്. അധികാരത്തിന്റെ പ്രഭാവങ്ങളത്രയും അടുത്തറിഞ്ഞിട്ടും രാമചന്ദ്രന് ഒരിക്കല്‍പ്പോലും അത് സ്വന്തം നേട്ടത്തിനായി ഉപയോഗപ്പെടുത്തിയില്ല. അവിഹിതമായി ഒരു രൂപ പോലും അദ്ദേഹത്തിന്റെ കൈകളിലൂടെ ഒരിക്കല്‍പ്പോലും കടന്നുപോയിട്ടില്ല. ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള വെല്ലുവിളികളത്രയും മനസ്സിന്റെ പിന്‍ബലം ഒന്നുകൊണ്ടുമാത്രമാണ് സിപിആര്‍ അതിജിവിച്ചത്.

സി. പി രാമചന്ദ്രന്, ഡല്‍ഹി എന്ന മേല്‍ വിലാസത്തില്‍ ഒരു പോസ്റ്റ് കാര്‍ഡ് ഇട്ടാല്‍ അത് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പാര്‍ലമെന്റ് റിപ്പോര്‍ട്ടര്‍ക്ക് ലഭിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ ഒരു ചായക്കടയില്‍ അനാഥനായി മരിച്ചുകിടക്കേണ്ടിവന്ന ചലപതിറാവുവിന്റെ ഓര്‍മ്മയാണ് പാലക്കാട്ടെ പറളിയിലേക്ക് മടങ്ങാന്‍ സിപിആറിനെ പ്രേരിപ്പിച്ചതെന്നാണ് കെ. എ ജോണി 1997ല്‍ ഏപ്രില്‍ 16ലെ മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയത്.
ഒരനാഥനെപ്പോലെ മരിക്കരുതെന്ന് എനിക്ക് നിര്‍ബന്ധമാണ്. സിപിആര്‍ ഒരിക്കല്‍ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് 1986ല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്ന് വിരമിച്ചപ്പോള്‍ എല്ലാവിധ ആഘോഷങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി സിപിആര്‍ പറളിയിലേക്ക് മടങ്ങിയത്. ഭാര്യ ജയബാല വൈദ്യയുമായുള്ള വേര്‍പിരിയലും ഒരു പക്ഷേ, അതിന് കാരണമായിരിക്കാം.

ഒറ്റപ്പാലത്ത് ചിറ്റേനിപ്പാട്ട് കൃഷ്ണന് നായരുടേയും സി.പി ജാനകിയമ്മയുടേയും മകനായി അങ്ങ് ബര്‍മ്മയിലാണ് ജനനം. പിതാവിന് ഇന്നത്തെ മ്യാന്മര് എന്നറിയപ്പെടുന്ന ബര്‍മ്മയിലെ ഒരു സ്ക്കൂള് അധ്യാപകജോലിയായിരുന്നു. ആ സ്ക്കൂളിലാണ് ആദ്യം രാമചന്ദ്രന് പഠിപ്പുതുടങ്ങിയത്. പിന്നിട് ഒറ്റപ്പാലത്തും പാലക്കാട് വിക്ടോറിയാക്കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇതിനിടയിലെപ്പോഴൊ കമ്മ്യൂണിസവും വിപ്ലവചിന്തകളുമൊക്കെ തലയ്ക്കുപിടിച്ചു. അതിനായി സിപിആര്‍ ഓടിനടന്നു. ഒറ്റപ്പാലം റെയില്‍വേസ്റ്റേഷനു തൊട്ടുപിന്നില്‍ അല്പം ഇടത്തോട്ടുമാറി സ്ഥിതിചെയ്യുന്ന ഇരുനില കെട്ടിടമാണ് രാമചന്ദ്രന്റെ ഭവനം. അതാണ് രാമചന്ദ്രനെ സിപിആര്‍ ആക്കിയ ചിറ്റേനിപ്പാട്ട് പുതിയ വീട്.
പവനന് എന്ന പി. വി നാരായണന് നായരുടെ ഭാര്യ ബേബിയുടെ സഹോദരനാണ് സി. പി രാമചന്ദ്രന്. പവനന് ഇദ്ദേഹത്തെ ആദ്യമായി കണ്ട കഥയിങ്ങനെ വിവരിക്കുന്നു! അമ്പതുകളുടെ തുടക്കത്തില്‍ ഒറ്റപ്പാലത്തുനടന്ന സമസ്തകേരള സാഹിത്യപിഷത് സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ പോയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. അതെക്കുറിച്ച് പവനന്റെ തന്നെ വാക്കുകളിങ്ങനെ.
'ഞങ്ങള്‍ തമ്മില്‍ ആദ്യമായി കാണുകയായിരുന്നെങ്കിലും ഇരുവരും കമ്മ്യൂണിസ്റ്റ് കുടുബത്തില്പ്പെട്ടവരായിരുന്നതുകൊണ്ട് പരസ്പരം അതിവേഗം അടുത്തു. അദ്ദേഹം എന്റെ തോളില്‍ കയ്യിട്ടു നെഞ്ചോട് അടുപ്പിച്ച് സഖാവേ, നിങ്ങളുടെ താമസവും ഭക്ഷണവുമൊക്കെ എന്റെ വീട്ടിലാണ്; നമുക്ക് ഇങ്ങോട്ടുപോകാം എന്നുപറഞ്ഞപ്പോള്‍ എനിക്കത് അനുസരിക്കാതിരിക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ല.
ഞങ്ങള്‍ ആ വീട്ടിലെത്തി. വരാന്തയില്‍ കയറിയപ്പോള്‍ ഒരു ചാരുകസേരയില്‍ പഴയ തറവാട്ടമ്മമാരുടെ മുഴുവന്‍ പ്രഭാവവും ആവഹിച്ചെടുത്ത മുഖവുമായി കസേരത്തണ്ടുകളില്‍ രണ്ടുകാലും ഉയര്‍ത്തിവെച്ച് ഒരു കൈയില്‍ പുസ്തകവും മറുകൈയില്‍ വിശറിയുമായി വാര്‍ധക്യത്തിന് വഴങ്ങിക്കൊടുക്കാത്ത ഒരു പ്രൗഢസ്ത്രീ കിടക്കുന്നു. 'എന്റെ അമ്മമ്മയാണ്' എന്റെ ചെവിയില്‍ പറഞ്ഞു.

'ഇതേത് കമ്മ്യൂണിസ്റ്റുകാരനാ?' എന്ന് അവര്‍ പുഞ്ചിരിയോടെ ചോദിച്ചപ്പോള്‍' 'എന്റെ പേര് പവനന്' എന്ന് തൊഴുതുകൊണ്ടുപറഞ്ഞു.
'നിങ്ങളും ഒരു കമ്മ്യൂണിസ്റ്റുകാരനല്ലേ?' 'അതേ' എന്ന് ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
മുത്തശ്ശിയുടെ ഈചോദ്യം അപ്രസക്തമായിരുന്നില്ല. രാമചന്ദ്രനെ അന്വേഷിച്ച് അവിടെ വരുന്നത് അധികവും കമ്മ്യൂണിസ്റ്റുകാരാണ്. എ. കെ ഗോപാലും ഇ. പി ഗോപാലനും കുഞ്ഞുണ്ണിനായരും മറ്റും അവിടെ സ്ഥിരമായി വരാറുണ്ട്. ചിലര്‍ ഒളിവില്‍ കഴിഞ്ഞുകൂടാനും വന്നേക്കും. ഏതാണ്ട് അര ശതാബ്ദത്തോളം പഴക്കമുള്ള സംഭവാണിത്. തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കുതോന്നുന്നു, ഈ തറവാട്ടമ്മയുടെ ഭാവഹാവങ്ങളും തന്റേടവും കൂസലില്ലായ്മയും പ്രതാപവും ഒക്കെത്തന്നയല്ലേ തിരിയില്‍ നിന്നു കത്തിച്ച പന്തം പോലെ, രമചന്ദ്രനിലും പടര്‍ന്നുപിടിച്ചത്?

എന്നാല്‍ വിപ്ലവപാര്‍ട്ടി പ്രസംഗത്തിലും പൊതുയോഗങ്ങളിലുമായി ഒതുങ്ങിപ്പോകുന്നത് യുവാവായ സിപിആറിന് സഹിക്കാന്‍ കഴിഞ്ഞില്ല. തല്ക്കാലം നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് റോയല്‍ ഇന്ത്യന്‍ നേവിയില്‍ മിഡ് ഷിപ്പ്മാനായി ജോലിയില്‍ പ്രവേശിച്ചു. 1942-46 കാലത്ത് ബോംബെയിലായിരുന്നു. നാവീക പരിശീലനത്തിനിടയിലും ദേശസ്നേഹം തലപൊക്കി. കടലിലെ തിരകളേക്കാള്‍ ശക്തിയില്‍ വിപ്ലവചിന്തകള്‍ മനസ്സില്‍ അലയടിക്കാന്‍ തുടങ്ങി. റോയല്‍ നേവിയിലെ ബ്രിട്ടീഷ് ചാര•ാര്‍ രാമചന്ദ്രനെ വട്ടമിടാന്‍ തുടങ്ങി. 46ല്‍ നേവി മുഴുവന്‍ ബ്രിട്ടീഷുകാര്ക്കെതിരായപ്പോള് ഇന്റലിജന്‍സിന്റെ നോട്ടപ്പുള്ളിയായി കഥാനായകന്. അതോടെ റോയല്‍ ഇന്ത്യന്‍ നേവിയോട് വിടപറഞ്ഞു. തുടര്‍ന്ന് രണ്ട് വര്‍ഷം അഹമ്മദ്നഗറിലെ ആര്‍മിയില്‍ പ്രവര്‍ത്തിച്ചു.
അപ്പോഴും വിപ്ലവചിന്തകള്‍ രാമചന്ദ്രനെ വിട്ടൊഴിഞ്ഞിരുന്നില്ല. ഒടുവില്‍ എല്ലാം ഇട്ടെറിഞ്ഞ് 1948ല്‍ കക്ഷി നാട്ടിലേക്ക് വണ്ടികയറി. അക്കാലത്ത് കമ്മ്യൂണിസ്റ്റ് പര്‍ട്ടിയെ നിരോധിച്ചിരുന്നു. പിന്നെ പാര്‍ട്ടിയുടെ ലൈന്‍ മാറി. നെഹ്രു സര്‍ക്കാരിനെ എതിര്‍ക്കുക എന്നതായിരുന്നു ആദ്യത്തെ ലൈന്‍. സാമ്രാജ്യത്ത പിണിയാളരുടെ ഭരണമാണ് നെഹ്രു സര്‍ക്കാരിന്റേതെന്നായിരുന്നു ആദ്യകാലത്തെ ലൈന്‍. 1948 ഓടെ അത് മാറി. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണം എന്ന ലൈനായി.
ആ കാലയളവിലും പാര്‍ട്ടി നിരോധനത്തില്‍ തന്നെയായിരുന്നു. നിരോധനം ലംഘിച്ച് ഒറ്റപ്പാലത്ത് സമരത്തില്‍ പങ്കെടുത്ത രാമചന്ദ്രന് അറസ്റ്റിലായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു തടവ് ശിക്ഷ. കൂടെക്കൂടെ അറസ്റ്റും ജയില്‍ വാസവുമുണ്ടായി. തടവറവാസം വേറിട്ട അനുഭവങ്ങളും സൗഹൃദങ്ങളും നേടാന്‍ ഇടയാക്കി. വായിക്കാന്‍ വേണ്ടുവോളം സമയം. 51 ല്‍ വീണ്ടും പാര്‍ട്ടിലൈന്‍ മാറി. നെഹ്രറൂസര്ക്കാരിനെ എതിര്‍ക്കുന്നതിനു പകരം തെരഞ്ഞെടുപ്പിലൂടെ എതിര്‍ക്കുക എന്ന നയം സ്വീകരിച്ചു. കുറുവടിയും വെട്ടുകത്തിയും ഉപേക്ഷിക്കാമെന്നായി. അപ്പോഴേക്കും പോലീസുകാരുടെ ദ്രോഹം സഹിക്കാനാകാതെ രാമചന്ദ്രന് ബോംബെയ്ക്ക് കടന്നുകളഞ്ഞിരുന്നു.
1952ല്‍ രാജ്യത്ത് ആദ്യ പൊതുതെരഞ്ഞെടുപ്പ് സമാഗതമായപ്പോള്‍ രാഷ്ടീയ തടവുകാരെ മോചിപ്പിച്ചു. എ. കെ ഗോപാലന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. എകെജി തന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി രാമചന്ദ്രനെ കമ്പി അടിച്ചുവിളിപ്പിച്ചു. അതോടെ ബോംബെ വാസം അവസാനിപ്പിച്ച് രാമചന്ദ്രന് നാട്ടിലെത്തി.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയത്തിനൊത്തവണ്ണം ന്യൂസ് ബുള്ളറ്റിന് തയ്യാറാക്കേണ്ട ജോലിയാണ് രാമചന്ദ്രനെ ഏര്‍പ്പിച്ചത്. എകെജിയാണെങ്കില് വായില്‍ തോന്നുന്നതൊക്കെ ഒരു മടിയും കൂടാതെ വിളിച്ചുപറയും. അത് പാര്‍ട്ടി നയത്തിനനുസൃതമാക്കി ന്യൂസ് ബുള്ളറ്റിന് തയ്യാറാക്കണം. അന്നത്തെ ഒട്ടുമിക്ക നേതാക്കന്മാരുമായി സിപിആര്‍ അടുത്തിടപഴകുകയും ഉറ്റ ബന്ധം സ്ഥാപിക്കുകയും ചെയ്തു. സംഭവബഹുലമായ തെരഞ്ഞെടുപ്പു കഴിഞ്ഞു. എകെജി ജയിച്ച് ലോക്സഭാംഗവും പ്രതിപക്ഷ നേതാവുമായി.
അന്ന് മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. കോണ്‍ഗ്രസിനോ, രാജഗോപാലാചിരിക്കൊ അന്ന് സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. ഐക്യമുന്നണിയാണ് അന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്.

പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനവും കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കലും മറ്റുമായി കഴിഞ്ഞു. അതിനിടയില്‍ പാര്‍ട്ടി ആഫീസിലെത്തുന്ന പത്രമാസികകള്‍ മുഴുവന്‍ പല ആവൃത്തി വായിച്ചുകൂട്ടി. ഒരുനാള്‍ എകെജി, രാമചന്ദ്രനെ കണ്ടപ്പോള്‍ എന്താ വിശേഷിച്ച് പരിപാടി എന്നാരാഞ്ഞു. കാര്യമായ പരിപാടികളൊന്നുമില്ലെന്നറിഞ്ഞപ്പോള് ദേശാഭിമാനിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ പത്രപ്രവര്‍ത്തനം തുടങ്ങി. ഇംഗ്ലീഷും മലയാളവും ഒരുപോലെ കൈകാര്യം ചെയ്യുന്ന രാമചന്ദ്രന്റെ കഴിവുകള്‍ കണ്ടറിഞ്ഞ ഇഎംഎസ് രാമചന്ദ്രനൊരു കത്തെഴുതി. ഉടന്‍ ഡെല്‍ഹിയിലേക്ക് ചെല്ലാനായിരുന്നു നിര്‍ദ്ദേശം.
അന്നത്തെ പാര്‍ട്ടിപത്രമായ ക്രോസ് റോഡ് പത്രത്തിന്റെ പാര്‍ലമെന്റ് കറസ്പ്പോണ്ടന്റായ എ. രാഘവന് ബ്ലീറ്റ്സ് വാരികയില്‍ ചേരുകയാണെന്നും അതിനാല്‍ പത്രത്തിന്റെ ഡല്‍ഹി ലേഖകന്‍ ആകണം എന്നതായിരുന്നു ഇഎംഎസിന്റെ ആവശ്യം.
അങ്ങിനെ 1953-ല്‍ ഡല്‍ഹിയിലെത്തി. ക്രോസ് റോഡില്‍ ചേര്‍ന്നു. മികവാര്‍ന്ന ആംഗലേയ ശൈലി, ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ വിമര്‍ശനം, തൊഴിലാളിവര്‍ഗത്തിന് ആശയും ആവേശവും പകരുന്ന ലേഖനങ്ങള്‍, വിപ്ലവചിന്തകളെ തീപിടിപ്പിക്കുന്ന പത്രഭാഷ. അങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ക്രോസ് റോഡ് എല്ലാ അര്‍ത്ഥത്തിലും മികവാര്‍ന്ന ചൈതന്യം തുടിക്കുന്നൊരു പത്രമാക്കി മാറ്റിയെടുത്തു. ഈ പത്രമാണ് പിന്നീട് ന്യൂ എയ്ജ് ആയിമാറിയത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാമചന്ദ്രനിലെ മഹാപ്രതിഭയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളുമായി രാമചന്ദ്രനും യോജിക്കാന്‍ കഴിയാതെ വന്നു. ആയിടെ പ്രസിദ്ധമായ ശങ്കേഴ്സ് വീക്കിലിയില്‍ ഒരു ലേഖനമെഴുതിക്കൊണ്ട് പാട്ടി നേതാക്കളെ ചെറുതായൊന്നു വിമര്‍ശിച്ചു. അഗസ്ത്യ എന്ന തൂലികാനാമത്തിലായിരുന്നു അതെഴുതിയത്. സിപിആറാണിതെഴുതിയതെന്ന് ആരോ ഇഎംഎസിന്റെ ചെവിയിലെത്തിച്ചു. ഇഎംഎസ് ഉടന്‍ രാമചന്ദ്രനെ വിളിപ്പിച്ചു.

'താനാണോ ശങ്കേഴ്സ് വീക്കിലിയിലെ അഗസ്ത്യ..?'
കൂസലില്ലാതെ അത് താന്തന്നെയാമെണന്ന് രാമചന്ദ്രന് പറഞ്ഞു.
ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ ഇങ്ങനെയൊന്നും ഒരു ബൂര്‍ഷ്വാ പത്രത്തില്‍ എഴുതരുതെന്ന് ഇഎംഎസ് പറഞ്ഞു. അപ്പോള്‍പിന്നെ ഇതൊക്കെ ഞാന്‍ എവിടെ എഴുതും? ആരോട് ചോദിക്കും? പാര്‍ട്ടിപത്രത്തില്‍ ഇത്തരം കാര്യം എഴുതാന്‍ അനുവദിക്കുമോ? രാമചന്ദ്രന്റെ ഇത്തരത്തിലുള്ള ചോദ്യങ്ങളോന്നും ഇഎംഎസ് പ്രതീക്ഷിച്ചില്ല. പാര്‍ട്ടി അച്ചടക്കത്തിനെതിരാണ് ഇതെന്നും പുറത്തുപോകേണ്ടിവരുമെന്നും ഇഎംഎസ് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങളോട് പൊരുത്തപ്പെട്ടുപോകാന്‍ അദ്ദേഹം ഏറെ പാടുപെടുന്ന കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ സിപിആര്‍ ധൈര്യമായി പറഞ്ഞു: പുറത്തുപോകാന്‍ റെഡിയാണെന്ന്..! ജനങ്ങള്‍ക്കുവേണ്ടി പടുത്തുയര്‍ത്തിയ പാര്‍ട്ടി ജനവിരുദ്ധമായി തീരുന്നുവെന്ന് മനോവേദനയോടെ അദ്ദേഹം മനസിലാക്കിത്തുടങ്ങിയിരുന്നു. പാര്‍ട്ടിക്കുവേണ്ടി ജനം മാറണമെന്നായാല് അതെങ്ങനെ ശരിയാകുമെന്ന ചിന്ത അദ്ദേഹത്തെ അലട്ടാന്‍ തുടങ്ങിയിരുന്നു. അങ്ങനെ 1955ല്‍ രാമചന്ദ്രനെ പത്രത്തില്‍ നിന്നു പുറത്താക്കി.
അതോടെ കായങ്കുളത്തുകാരന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലി ആയി രാമചന്ദ്രന്റെ ആശ്രയം. അവിടെ ആക്ഷേപഹാസ്യത്തിലൂടെ അതിഭീകരമായ അബദ്ധങ്ങള്‍ തലയിലേറ്റി നില്ക്കുന്ന രാഷ്ടീയ നേതാക്കളേയും സാമൂഹത്തിലെ പൊങ്ങച്ചക്കാരേയും കശക്കിയെറിയന് അദ്ദേഹത്തിനായി.

അതേക്കുറിച്ച് സിപിആര്‍ തന്നെ പറഞ്ഞ വാക്കുകള്‍ കലാകൗമുദിയില്‍ ഒരിക്കല്‍ പത്മനാഭന് നമ്പൂതിരി എഴുതിയ 'മനസ്സില്‍ തീയുമായി ഒരാല്' എന്ന അഭിമുഖത്തില്‍ പറയുന്നതിങ്ങനെ:
'ഭക്ഷണത്തിനുള്ള വക അവിടെനിന്നു കിട്ടുമായിരുന്നു. ശങ്കരപ്പിള്ള കംപ്ളീറ്റ് ഇല്ലിറ്ററേറ്റായിരുന്നു. അയാള്‍ക്ക് വരയ്ക്കുവാന്‍ മാത്രമേ അറിയുമായിരുന്നുള്ളു. മലയാളമോ, ഇംഗ്ലീഷോ അദ്ദേഹത്തിന് കൈകാര്യം ചെയ്യാന്‍ കഴിയില്ലായിരുന്നു. അസിസ്റ്റന്‍ഡ് എഡിറ്റര്‍ തസ്തികയില്‍ എന്നെ നിയമിച്ചു. മാന്‍ ഓഫ് ദ വീക്ക് എന്നൊരു കോളവും ഫ്രീ തിങ്കിംഗ് എന്ന എഡിറ്റോറിയലുമായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. ശങ്കേഴ്സ് വീക്കിലിയില്‍ മടുത്തപ്പോല്‍ എടത്തട്ട നാരായണന് ബോംബെയിലെ ഫ്രീ പ്രസ് ജേണലിലേക്ക് പോയി.'

ജവഹര്‍ലാല്‍ നെഹ്രു ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രഗത്ഭര്‍ സിപിആറിന്റെ എഴുത്തില്‍ ആകൃഷ്ടരായവരാണ്. 'നര്‍മ്മം വിതറുന്ന ഗൗരവമുള്ള കാര്യങ്ങള്‍' എന്നാണ് നെഹ്റു ആ എഴുത്തിനെ വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധിയും അവ നന്നായി ആസ്വദിക്കുകയും ശങ്കേഴിസ് വീക്കിലിയുടെ ഓഫീസിലെത്തി രാമചന്ദ്രനെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. അക്കാലത്തെ ഒട്ടുമിക്ക ലോകനേതാക്കളേയും അവരുടെ ചെയ്തികളേയും ഉള്ളിലിരിപ്പുകളേയും ആക്ഷേപഹാസ്യത്തിലൂടെ തുറന്നുകാട്ടുന്നതില്‍ വിരുതനായിുന്നു സിപിആര്‍. സ്റ്റാലിനും ക്രൂഷ്ചേവും മാവോയും കെന്നഡിയും നിക്സണും കിസിംഗറുമൊക്കെ ശങ്കേഴ്സ് വീക്കിലിയുടെ താളുകളില്‍ തപ്പിത്തടഞ്ഞുകിതക്കുന്ന കാഴ്ച ഏറെ രസകരമായിരുന്നു. മൊറാര്‍ജി ദേശായിയും കാമരാജും ചരണ്‍സിങ്ങും ചന്ദ്രശേഖറും ഇഎംഎസ്സം എകെജിയും ഫാറൂഖ് അബ്ദുള്ളമൊക്കെ പ്രസ്താവനയിറക്കിയാല്‍ പിറ്റേയാഴ്ച സിപിആര്‍ ശങ്കേഴ്സ് വീക്കിലിയില്‍ എന്താണെഴുതിയിരിക്കുന്നതെന്നറിയാന് ആകാംക്ഷയൊടെ കാത്തിരിക്കുമായിരുന്നു.
ഇക്കാലത്തായിരുന്നു രാമചന്ദ്രന്റെ വിവാഹം നടക്കുന്നത്. അക്കഥ അടുത്ത ലക്കത്തില്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!